Wednesday 07 June 2023 05:01 PM IST

‘അവസരം ചോദിച്ചെത്തിയപ്പോൾ പ്രമുഖ സംവിധായകൻ പറഞ്ഞ മറുപടി, ഓർക്കുമ്പോൾ ഇന്നും വെറുപ്പാണ്’: ശ്രുതി ശരണ്യം

V.G. Nakul

Sub- Editor

sruthy-saranyam

മനസ്സ് ഏറെ മുറിപ്പെട്ട ഒരു വൈകുന്നേരം ശ്രുതി ശരണ്യം തീരുമാനിച്ചു, ‘ഞാൻ ഇനി മലയാള സിനിമയിൽ ഉണ്ടാകില്ല’. 2008 മുതൽ മൂന്നുവർഷം സഹസംവിധായിക ആകാനുള്ള അവസരം തേടിയുള്ള അലച്ചിലായിരുന്നു. ഒരിടത്തും അവസരം കിട്ടിയില്ലെന്നു മാത്രമല്ല, ചില മോശം അനുഭവങ്ങൾ നേരിടേണ്ടിയും വന്നു.

തുടർന്നുള്ള അഞ്ചു വർഷം ശ്രുതി മറ്റൊരു ലോകത്തായിരുന്നു. കുടുംബവും കുട്ടികളും പഠനവും വിദേശജോലിയുമൊക്കെയായി മുന്നോട്ടു പോയി.

ക്രിയേറ്റിവ് ജോലി എന്ന മോഹം ഉള്ളിൽ അരുവി പോലെയിളകി. മഴയിൽ കരുത്താർജിച്ച പോലെ അതൊരു ദിവസം കുതിച്ചൊഴുകാൻ തുടങ്ങി. ബ്രിട്ടനിലെ ജോലിയുടെ വലിയ ശമ്പളത്തിന്റെ അക്കങ്ങൾ അതിൽ മാഞ്ഞു. ജോലി രാജി വച്ചു നാട്ടിലെത്തി. ആ യാത്രയാണു ‘ബി 32 മുതൽ 44 വരെ’ എന്ന സിനിമയിൽ എത്തി നിൽക്കുന്നത്.

‌‘‘തിരികെയെത്തുമ്പോൾ ഒരു കാര്യം മനസ്സിൽ തീരുമാനിച്ചിരുന്നു. അവസരം തേടി നടക്കുന്ന പഴയ പരിപാടി ഇനിയില്ല. ‘ബാലേ’ എന്ന മ്യൂസിക് വിഡിയോ ചെയ്തു. ആത്മസുഹൃത്തായ സംഗീത സംവിധായകൻ സുദീപ് പാലനാടുമായി ചേർന്നു ‘ചാരുലത’, ‘ചിരുത’ എന്നിവയുൾപ്പടെ ശ്രദ്ധേയമായ പാട്ടുകൾ ചെയ്തു. അതോടെ ഡോക്യുമെന്ററി, പരസ്യചിത്രങ്ങൾ, മ്യൂസിക് വിഡിയോസ് എന്നിങ്ങനെ അവസരങ്ങൾ വന്നു തുടങ്ങി. കൃത്യമായ വരുമാനവും കിട്ടി. ഞാൻ കാട്ടിയത് മണ്ടത്തരമല്ലെന്ന് തെളിയിക്കണമായിരുന്നു. അതായിരുന്നു എനിക്ക് മുന്നിലുള്ള വെല്ലുവിളി. അതിനിടയിൽ സിനിമയ്ക്കു വേണ്ടി സമയം മാറ്റിവയ്ക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.

2021 ൽ, സിനിമാമേഖലയിൽ സ്ത്രീ സാന്നിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ‘ഫിലിംസ് ഡയറക്റ്റഡ് ബൈ വുമൺ’ എന്ന പദ്ധതി മുന്നോട്ടു കൊണ്ടുവന്നപ്പോഴാണ് ഒന്നു ശ്രമിച്ചാലോ എന്നു തോന്നുന്നത്. ഒരുപാട് കഥകൾക്കിടയിൽ നിന്നാണ് എന്റെ കഥയും മറ്റൊരാളുടെ കഥയും ആ വർഷം തിരഞ്ഞെടുക്കപ്പെടുന്നത്. അങ്ങനെ ‘ബി 32 മുതൽ 44 വരെ’ സംഭവിച്ചു.’’ ശ്രുതി ശരണ്യം പറയുന്നു.

എല്ലാം മതിയാക്കിയുള്ള മടക്കം

‘‘തൃശൂർ ജില്ലയിലെ ചെറുതുരുത്തിക്കടുത്ത് ആറ്റൂരാണു നാട്. അച്ഛൻ ബാങ്ക് ഉദ്യേഗസ്ഥനും അമ്മ ആകാശവാണിയിൽ വോയിസ് ആർട്ടിസ്റ്റുമായിരുന്നു. അനിയനുണ്ട്. ശ്രുതി ശരണ്യത്തിലെ ‘ശരണ്യം’ വീട്ടുപേരാണ്.

ഭരതന്റെയും പത്മരാജന്റെയും കെ.ജി. ജോർ‌ജിന്റെയുമൊക്കെ സിനിമകളായിരുന്നു കുട്ടിക്കാലത്ത് കണ്ടിരുന്നത്. അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്ന് കണ്ട ആ സിനിമകൾ അന്ന് ഉൾക്കൊള്ളാനായിരുന്നില്ല. പക്ഷേ, ഇന്നാണ് അതിന്റെ മൂല്യം മനസ്സിലാകുന്നത്. ഏതൊക്കെയോ തരത്തിൽ അതെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ്, കൊമേഴ്സിൽ ഡിഗ്രി കഴിഞ്ഞ്, ആദ്യ മാസ്റ്റേഴ്സ് ഡിഗ്രിക്ക് മാസ് കമ്യൂണിക്കേഷന്‍ (ഡോക്യുമെന്ററി ഫിലിം മേക്കിങ്) തിരഞ്ഞെടുത്തത്.

പഠനം കഴിഞ്ഞു ചാനലുകളിൽ പ്രവർത്തിച്ചു. പിന്നീട് ബെംഗളൂരുവിലെ പ്രൊഡക്‌ഷൻ ഹൗസിൽ അസിസ്റ്റന്റ് പ്രൊഡ്യൂസറായി ചേർന്നു. ആഡ് ഫിംലിസും കോർപ്പറേറ്റ് ഫിലിംസും ചെയ്തു. അതിനിടെ സിനിമയിൽ സഹസംവിധായിക ആകുക എന്ന ലക്ഷ്യത്തോടെയാണ് ബെംഗളൂരു വിട്ടു നാട്ടിലെത്തിയത്. പക്ഷേ, ഇവിടുത്തെ മോശം അനുഭവങ്ങളിൽ മനസ്സു മടുത്തു. അവസരം ചോദിച്ചു ചെന്നപ്പോൾ ഒരു പ്രമുഖ സംവിധായകൻ പറഞ്ഞ മറുപടി ഇന്നും വെറുപ്പോടെയാണ് ഒാർക്കുന്നത്. ആ ദിവസം വൈകുന്നേരം ഒരു കാര്യമുറപ്പിച്ചു. സിനിമ എനിക്ക് ശരിയാകില്ല. അ ങ്ങനെ വീണ്ടും ബെംഗളൂരുവിലേക്കു പോയി. ഭർത്താവ് സുഭാഷിന് അന്ന് അവിടെയായിരുന്നു ജോലി.

2011 മുതൽ 2016 വരെ ഒരു ബ്രേക്ക് എടുത്തു. അതിനിടെ ഇരട്ടക്കുട്ടികൾ ഹമിറും ആഹിറും പിറന്നു. ഏറെ വൈകാതെ മക്കളെ നാട്ടിൽ അച്ഛനെയും അമ്മയെയും ഏൽപിച്ചു ഞങ്ങൾ ബ്രിട്ടനിലേക്ക് പോയി. അവിടെയെത്തിയ ശേഷം ഞാൻ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയിൽ എംബിഎ എടുത്തു.

ഒരുപാട് കഷ്ടപ്പെട്ടു നേടിയ ജോലി രാജി വച്ചപ്പോൾ വീട്ടിൽ നിന്നു പോലും എതിർപ്പുണ്ടായിരുന്നു. എങ്കിലും സ്വയമൊരു ബോധ്യം വന്നിരുന്നു. എനിക്ക് ഓഫിസ് ജോലികൾ പറ്റില്ല, ക്രിയേറ്റീവ് കാര്യങ്ങൾക്കായി നിർമിക്കപ്പെട്ട ആളാണു ഞാൻ എന്ന തിരിച്ചറിവിലായിരുന്നു മടക്കം.

sruthy-2

ആത്മാംശമുള്ള കഥാപാത്രങ്ങൾ

സ്ത്രീ എന്ന നിലയിൽ, സ്പർശമായും നോട്ടമായും അവഹേളനങ്ങളായുമൊക്കെ, എന്റെ ശരീരം കൊണ്ട് ഞാൻ അനുഭവിച്ചിട്ടുള്ള അരക്ഷിതാവസ്ഥകള്‍ സിനിമയ്ക്ക് ആധാരമായിട്ടുണ്ട്. 12 ദിവസം കൊണ്ട് തിരക്കഥ പൂർത്തിയാക്കി. സർക്കാർ ഇങ്ങനെയൊരു ശ്രമം നടത്തുമ്പോൾ, അതിൽ പങ്കാളിയാകുന്ന എനിക്കു സമാന മനസ്സുള്ള മറ്റ് സ്ത്രീകളെക്കൂടി ഒപ്പം നിർത്താനാകണം എന്ന ആഗ്രഹത്തോടെയാണു സിനിമയുടെ പിന്നണിയിലും സ്ത്രീകളെ കൂടുതലായി ഉൾപ്പെടുത്തിയത്.

ഈ സിനിമയ്ക്ക് ഏറ്റവും യോജിച്ച പേരാണ് ‘ബി 32 മുതൽ 44 വരെ’. ‘ബി’ എന്നത് ബോഡി, ബ്രസ്റ്റ്, ബിലോങ്, ബീയിങ് തുടങ്ങി പലതിനെയും അടയാളപ്പെടുത്തുന്നു.

കുടുംബം എന്ന കരുത്ത്

എന്നെ ഏറ്റവുമധികം പിന്തുണയ്ക്കുന്ന ഒരാൾ പങ്കാളി സുഭാഷാണ്. അദ്ദേഹം യുകെയിൽ എൻജിനീയറാണ്. എംബിഎ കോച്ചിങ് സെന്ററിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. സുഭാഷ് അവിടുത്തെ ഏറ്റവും മികച്ച വിദ്യാർഥിയും ഞാൻ ഏറ്റവും മോശം വിദ്യാർഥിയും. ഞങ്ങൾ അകന്ന ബന്ധുക്കളാണെന്ന് പിന്നീടു മനസ്സിലായി. ഒരു ദിവസം, ‘ഞാൻ ശ്രുതിയെ വിവാഹം കഴിച്ചോട്ടേ’ എന്ന് സുഭാഷ് ചോദിച്ചു. 2005 ൽ ആയിരുന്നു വിവാഹം.

ഞങ്ങളുടെ ചർച്ചകളിൽ കൂടുതലും സംഗീതവും പുസ്തകങ്ങളുമാണ്. മക്കൾക്കു പേരിട്ടപ്പോഴും രണ്ടു രാഗങ്ങളുടെ പേരാണു തിരഞ്ഞെടുത്തത് – ഹമിർ, ആഹിർ. 2012 ൽ ആണു കുഞ്ഞുങ്ങൾ ജനിച്ചത്. പതിയെ മതി കുട്ടികൾ എന്നായിരുന്നു തീരുമാനം. വിവാഹം കഴിക്കുന്നത് കുട്ടികൾ ഉണ്ടാകാൻ മാത്രമല്ല. വിവാഹം തന്നെ വേണമെന്നില്ല, രണ്ടു പേർ ഒന്നിച്ചു ജീവിക്കാനാഗ്രഹിക്കുന്നു, പ ങ്കാളികളാകുന്നു. പങ്കാളിത്തം കുഞ്ഞുങ്ങളുണ്ടാകാനുള്ള ഒരു ലൈസൻസ് അല്ലല്ലോ. അതിനപ്പുറം അതിനു ജീവിതത്തിൽ പല പല ലക്ഷ്യങ്ങളുണ്ട്.’’

വി ജി നകുൽ