Tuesday 16 May 2023 04:58 PM IST : By സ്വന്തം ലേഖകൻ

‘‘വിലാസം ‘നമ്പർ 10 ഡൗണിങ് സ്‌ട്രീറ്റ് ’; പകച്ചുപോയി ഇമിഗ്രേഷൻ ഓഫീസർ’’; സുധ മൂർത്തി

sudha-murty-family-cover സുധ മൂർത്തി, നാരായണ മൂർത്തി, സുധ, അക്ഷത മൂര്‍ത്തി, ഋഷി സുനക്

എഴുത്തുകാരിയും ജീവകാരുണ്യപ്രവർത്തകയുമായ സുധാമൂർത്തിയും സഹോദരിയും യാത്രയ്ക്കിടെ ലണ്ടനിൽ എത്തുന്നു. എവിടെയാണ് താമസമെന്ന് ഇമിഗ്രേഷൻ ഫോമിൽ വ്യക്തമാക്കണമെന്ന ഉദ്യോഗസ്ഥൻ. മകനും മകളും ലണ്ടനിലുണ്ട്. എന്നാൽ, രണ്ടു പേരുടേയും പൂർണമായ വിലാസം ഓർമ കിട്ടിയില്ല. മകളുടെ വിലാസത്തന്റെ ഓർമയുള്ള ഭാഗം ഫോമിൽ കുറിച്ചു, ‘നമ്പർ 10 ഡൗണിങ് സ്‌ട്രീറ്റ്’.

സുധ മൂർത്തി എഴുതിയ ലണ്ടൻ വിലാസം കണ്ടു പകച്ചുപോയ ഇമിഗ്രേഷൻ ഓഫീസർ ചോദിച്ചു, ‘‘നിങ്ങളെന്താ തമാശ പറയുകയാണോ?’’ തന്റെ മകൾ അക്ഷത മൂര്‍ത്തിയുടെ ഭര്‍ത്താവാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നു പറഞ്ഞത് വിശ്വസിക്കാൻ ആ ഉദ്യോഗസ്ഥൻ സമയമെടുത്തു എന്ന് സുധ മൂർത്തി ‘ദ് കപിൽ ശർമ്മ ഷോ’യിൽ പറഞ്ഞു.

‘‘എന്റെ മരുമകന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണെന്നത് പറഞ്ഞാൽ പലപ്പോഴും വിശ്വസിക്കാൻ പാടാണ്. ലളിതമായി കഴിയുന്ന എഴുപത്തിരണ്ടുകാരിയായ ഞാൻ, മരുമകൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണെന്ന് പറഞ്ഞാൽ എങ്ങനെ മറ്റുള്ളവർ വിശ്വസിക്കും", സുധാ മൂർത്തി ‘ദ് കപിൽ ശർമ്മ ഷോ’യിൽ പറഞ്ഞു. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മക്കളാണ് അക്ഷത മൂര്‍ത്തിയും റോഹൻ മൂർത്തിയും.