Wednesday 07 June 2023 11:05 AM IST : By സ്വന്തം ലേഖകൻ

ആ സംഭവം ഹൃദയം തകർത്തെന്ന് സുധി ഒരിക്കൽ വെളിപ്പെടുത്തി: ചിരിയില്ലാതെ മാഞ്ഞുപോയ കലാകാരൻ

sudhi-kollam-june-7

ചിരിയും നാടും പേരിനൊപ്പം ചേർത്ത കൊല്ലം സുധിയുടെ വേർപാട് ഇനിയും വിശ്വസിക്കാനാകാതെ കൊല്ലത്തെ ബന്ധുക്കളും സുഹൃത്തുക്കളും. എപ്പോഴും എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടിരുന്ന സുധിയെ ഒടുവിൽ ചുണ്ടിൽ ചിരിയില്ലാത്ത കണ്ട് സുഹൃത്തുക്കൾ തേങ്ങലടക്കി. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ച് വേദനകളെല്ലാം മനസ്സിലൊതുക്കി സ്വയം ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചുമായിരുന്നു സുധിയുടെ ജീവിതം. 

സുധിയും മൂന്നു സഹോദരങ്ങളും ജനിച്ചതു കൊച്ചിയിലാണ്. എങ്കിലും വളർന്നതും പേരെടുത്തതും കൊല്ലത്തു വന്നതിനു ശേഷം. നഗരത്തിലെ വാളത്തുംഗൽ ബോയ്സ് സ്കൂളിലെ വേദികളിൽ നിന്നാണ് ചിരിയുടെ ലോകത്തേക്കു യാത്രയുടെ തുടക്കം. ആദ്യം പാട്ടിലാണു വേദി കീഴടക്കിയത്. പിന്നീടു പാട്ടിനൊപ്പം ഹാസ്യവും വഴങ്ങുമെന്നു തെളിയിച്ചു. 

സഹോദരൻ സുനിലും സുധിക്കൊപ്പം പരിപാടികൾ അവതരിപ്പിക്കാൻ കൂടുമായിരുന്നു. ക്ലബ്ബുകളുടെ മത്സരങ്ങൾക്കൊക്കെ പങ്കെടുക്കും. മക്കൾക്കു പിന്തുണയുമായി കൂടെ പിതാവ് ശിവദാസ് എന്നുമുണ്ടായിരുന്നു. ‘മത്സരം ഏതായാലും ഞങ്ങളുടെ സംഘത്തിനാകും എല്ലാം സമ്മാനങ്ങളും; അവനാണു ഹീറോ. സമ്മാനവുമായി ആഘോഷപൂർവമാണ് നാട്ടിലേക്കു വരുന്നത്. പാടാനുള്ള അച്ഛന്റെ കഴിവാണ് അവനു കിട്ടിയത്. സ്കിറ്റ് അവതരിപ്പിക്കാനുള്ള സാഹചര്യങ്ങളും മറ്റും പറഞ്ഞു തരുന്നതെല്ലാം അച്ഛനാണ്. പിതാവു മരിച്ചതിനു ശേഷം ജീവിതപ്രാരബ്ധങ്ങൾ വർധിച്ചതോടെ ഞാൻ വേദിവിട്ടു, അവൻ അവിടെ തന്നെ തുടർന്നു’ – സുനിൽ പറഞ്ഞു. സഹോദരി സിബി; ഇളയ സഹോദരൻ സുഭാഷ് ചെറുപ്പത്തിലേ മരിച്ചു.  

2 ദിവസം കഴിഞ്ഞു വരുമെന്ന് മിനിഞ്ഞാന്ന് ഉറപ്പു തന്നിരുന്നു; അവൻ ഇനി വരില്ലല്ലോ – അമ്മ ഗോമതിയുടെ കണ്ണീരിൽ കുതിർന്ന സങ്കടം. റവന്യു വിഭാഗത്തിൽ ജോലിക്കാരനായിരുന്നു പിതാവ് ശിവദാസ്. സ്ഥലംമാറ്റമായതോടെ കുടുംബം കൊച്ചിയിൽ നിന്നു കൊല്ലം നഗരത്തിലേക്ക് എത്തി. ചായക്കടമുക്കിന് അടുത്തു വീടു വാങ്ങി. 

ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണു സുധി വളർന്നത്. ഷോബി തിലകന്റെ സംഘത്തിനൊപ്പമാണ് ആദ്യകാലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചത്. വിവിധ ചാനലുകളിൽ ഹാസ്യപരിപാടി അവതരിപ്പിച്ചതിലൂടെയാണ് കൊല്ലം സുധിയെ ലോകം അറിഞ്ഞത്. അങ്ങനെയാണ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതും. 16 വർഷം മുൻപായിരുന്നു ആദ്യവിവാഹം, അതും പ്രണയിച്ച്. ആ ദാമ്പത്യം അധികകാലം നീണ്ടില്ല. മകൻ രാഹുൽദാസിന് ഒന്നര വയസ്സായപ്പോൾ മകനെയും സുധിയെയും ഉപേക്ഷിച്ച് അവർ പോയി. ആ സംഭവം ഹൃദയം തകർത്തെന്ന് സുധി തന്നെ ഒരു ചാനൽ ഇന്റർവ്യൂവിൽ വെളിപ്പെടുത്തി. 

ചാനലിൽ ഇക്കഥ പറയുന്നതിനു മുൻപു അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കു മാത്രമാണു സുധിയുടെ ജീവിതകഥ അറിയാമായിരുന്നത്. പിന്നീട് കൈക്കുഞ്ഞുമായി വേദികളിൽ പോയി. മകനെ പിന്നണിയിൽ ഉറക്കിക്കിടത്തി സുധി വേദികളിൽ നാട്ടുകാരെ ചിരിപ്പിച്ചു. 4 വർഷം മുൻപാണ് രേണുവിനെ വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ ഋതുൽ എന്ന മകനുമുണ്ട്. സന്തോഷത്തോടെ ജീവിച്ചു തുടങ്ങിയപ്പോഴാണ് അപകടത്തിന്റെ രൂപത്തിൽ മരണവുമായി വിധിയെത്തിയത്. വളർച്ചയ്ക്കുള്ള വളവും വെള്ളവും നൽകിയത് കൊല്ലമാണെന്ന് സുധി എപ്പോഴും പറയുമായിരുന്നു; അതുകൊണ്ടാകാം പേരിനൊപ്പം കൊല്ലത്തെയും ചേർത്തു വച്ചതെന്നാണ് സുഹൃത്തുക്കളുടെ പക്ഷം.