Wednesday 30 November 2022 04:04 PM IST : By സ്വന്തം ലേഖകൻ

മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തണം; എട്ടു വർഷമായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി ഒരമ്മ, അധികൃതര്‍ക്കു മുന്നില്‍ കണ്ണീരോടെ സുകുമാരി

mother-crisis44466

മകളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ശരിയായി രേഖപ്പെടുത്തി കിട്ടാൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങി ഒരു വീട്ടമ്മ. കേളകം ചെട്ടിയാംപറമ്പ് നരിക്കടവിലെ പി.എൻ. സുകുമാരിയാണ് എട്ടു വർഷമായി അധികൃതർക്കു മുന്നിൽ അലയുന്നത്. ആവശ്യമായ രേഖകളെല്ലാം നൽകിയിട്ടും അധികൃതർ അനുകൂല നിലപാടെടുക്കുന്നില്ലെന്നു സുകുമാരി പറയുന്നു. കലക്ടർക്കു പരാതി നൽകിയിട്ടും നടപടിയില്ലാതായതോടെ കലക്ടറേറ്റിനു മുന്നിൽ ഒറ്റയാൾ സമരം നടത്തി ഈ വീട്ടമ്മ. പത്താം ക്ലാസിൽ പഠിക്കുന്ന മകൾക്ക് ഇപ്പോൾ സർട്ടിഫിക്കറ്റിൽ ശരിയായ പേരു വന്നില്ലെങ്കിൽ പിന്നീടു പ്രശ്നമാകും.

കുട്ടിയുടെ ഭാവി ഓർത്തെങ്കിലും രേഖ ശരിയാക്കി തരാൻ ദയയുണ്ടാകണം എന്നാണ് സുകുമാരി കണ്ണീരോടെ അധികൃതരോട് അപേക്ഷിക്കുന്നത്. 2006 ൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവിച്ച മകളുടെ ജനന റജിസ്റ്ററിൽ പിതാവിന്റെ പേര് സോമൻ എന്നതിനു പകരം ജോഷി വേലു പി എന്നും മാതാവിന്റെ പേര് സുകുമാരി എന്നതിനു പകരം കുമാരി പി.എ. എന്നുമാണ് ആശുപത്രി അധികൃതർ തെറ്റായി രേഖപ്പെടുത്തിയത്. അന്നു മുതൽ തുടങ്ങുന്നു സുകുമാരിയുടെ പെടാപ്പാട്.

കഴിഞ്ഞ 8 വർഷമായി ഇവർ കയറി ഇറങ്ങാത്ത ഓഫിസുകളില്ല. ഇതിനിടെ 2017 നവംബർ 4നു സോമൻ മരണപ്പെട്ടു. യാതൊരു കാരണവശാലും തിരുത്തിയ സർട്ടിഫിക്കറ്റ് നൽകില്ലെന്നു വാശിപിടിക്കുകയാണ് തലശ്ശേരി ജനന–മരണ റജിസ്ട്രാറെന്നും മരിച്ചുപോയ ഭർത്താവ് പഠിച്ച സ്കൂളിൽ നിന്ന് അവരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമാണ് റജിസ്ട്രാറുടെ നിലപാടെന്നും സുകുമാരി പറയുന്നു. മകളുടെ ആധാർ കാർഡിൽ ഉൾപ്പെടെ പിതാവിന്റെ പേര് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കേളകം പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വില്ലേജ് ഓഫിസറുടെ വൺ ആൻ‍ഡ് സെയിം സർട്ടിഫിക്കറ്റ്, ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് എന്നിവയിലും സോമൻ എന്നു തന്നെയാണ് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ കഴിഞ്ഞ 8 വർഷത്തിനുള്ളിൽ തലശ്ശേരി ജനന–മരണ റജിസ്ട്രാർ, തലശ്ശേരി സബ് കലക്ടർ, കലക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. വഴികളെല്ലാം അടഞ്ഞതോടെയാണ് കലക്ടറേറ്റിനു മുന്നിൽ സുകുമാരിയുടെ സമരം.

Tags:
  • Spotlight