Friday 02 June 2023 03:42 PM IST : By ശ്യാമ

‘ഒരു മൂലയ്ക്ക് ഒതുങ്ങി നിന്നെങ്കിലും ഇട്ടിരുന്ന പോളിസ്റ്റർ ചുരിദാറിലേക്കു തീ പടർന്ന് ഉരുകിപ്പിടിച്ചു’; പൊള്ളുന്ന അനുഭവം പങ്കുവച്ച് സൂസൻ തോമസ്

crisis-face456 ഫോട്ടോ: സജി നൈനാൻ

പൊള്ളലേറ്റ ഒരാൾ മോഡലിങ് ചെയ്യുന്നു, ജോലി ചെയ്യുന്നു എന്നൊക്കെ കാര്യമായി പറയും. പക്ഷേ, അവർ വിവാഹം എന്ന സ്വപ്നം പങ്കുവയ്ക്കുമ്പോൾ ഒപ്പം നിൽക്കുന്നവർ പോലും പല സംശയങ്ങളും മുന്നിലേക്കിടും. വിവാഹം, പ്രണയം എന്നതൊക്കെ മുഖം നോക്കി ചെയ്യേണ്ടതല്ല എന്നു പറയുന്നവർ കുറച്ചെങ്കിലും ഉണ്ട് എന്നും സമ്മതിക്കുന്നു. പക്ഷേ, ‘നോർമലൈസ്’ ചെയ്തു വച്ച ഉടലാകൃതിയിൽ നിന്ന് അൽപമൊന്നു മാറിയാൽ സ്നേഹത്തിനു പകരം മിക്കവാറും ഇടങ്ങളിൽ ‘സിംപതി നോട്ടങ്ങൾ’  ആണു വന്നു നിറയുക. അതുകൊണ്ടു തന്നെയാണു കുമളി സ്വദേശി സൂസന്റെ കല്യാണം വായിക്കപ്പെടേണ്ടത്. ഇതും നോർമലൈസ് ചെയ്യപ്പെടേണ്ടത്.

ഞാൻ എന്നെ വാർത്തെടുത്തു

‘‘പൊള്ളലേറ്റ് ആദ്യ സമയത്തു ഞാൻ ഇങ്ങനെയായിരുന്നില്ല. അങ്ങനെയൊരു അപകടം എനിക്കു സംഭവിച്ചു എന്ന് അംഗീകരിക്കാൻ തന്നെ പ്രയാസം. രണ്ടു വർഷത്തോളം വീട്ടിനുള്ളിൽ നിന്നു പുറത്തിറങ്ങിയില്ല. ഒരു സ്പൂൺ പോലും സ്വയം എടുക്കാൻ പറ്റാത്ത അവസ്ഥ. അത്രയും നാൾ വീട്ടിൽ തന്നെ കഴിഞ്ഞ ശേഷം സ്വയം വന്ന ചിന്തയിലൂടെയാണ് എനിക്ക് മാറ്റം വേണം എന്ന് തോന്നിയത്.

ചെറിയ ജോലികൾ  ചെയ്യാൻ തുടങ്ങി. ആദ്യം ബുദ്ധിമുട്ടിയെങ്കിലും ഓരോ കുഞ്ഞു കാര്യങ്ങളും എനിക്കു ചെയ്യാൻ പറ്റും എന്നു മനസ്സിലാക്കിയതു വലിയ സന്തോഷമായിരുന്നു. തുടക്കത്തിൽ സ്പൂൺ എടുക്കാൻ പറ്റുന്നതു പോലും ആഘോഷമായി തോന്നി.

എന്റെ കാര്യങ്ങളെങ്കിലും സ്വയം ചെയ്യണം എന്നു മാത്രമായിരുന്നു അന്നത്തെ ആഗ്രഹം. പിന്നീടാണു വീടിനു പുറത്തേക്ക് ഇറങ്ങുന്നത്. സുഗന്ധ വ്യഞ്ജനങ്ങളുടെ പാക്കിങ് മുതൽ തൊഴിലുറപ്പു ജോലി വരെ ചെയ്തു. പതിയെ മനസ്സിനു ധൈര്യം കിട്ടിത്തുടങ്ങി. പരിഹാസങ്ങൾ വന്നിട്ടുണ്ട്. അതൊക്കെ തരണം ചെയ്യാൻ പഠിച്ചു. അതിനു ശേഷമാണ് ഇഷ്ടങ്ങളെ ഓരോന്നായി തിരികെ പിടിക്കുന്നത്. ചാച്ചനും അമ്മയ്ക്കും ഞങ്ങൾ ആറു മക്കളായിരുന്നു. നാലു പെണ്ണും രണ്ടാണും. ഞാനാണ് ഏറ്റവും ഇളയത്.  പത്തു വരെയേ പഠിച്ചിട്ടുള്ളു, അന്നു പഠിക്കാനൊന്നും വല്യ താൽപര്യമില്ല. ചെറിയ ജോലികളൊക്കെ ചെയ്തു. ഒപ്പം അടുത്തുള്ള കുമളി അട്ടപ്പള്ളം ഡോൺ ബോസ്കോ ഏയ്ഞ്ചൽ വാലി  ധ്യാന കേന്ദ്രത്തിൽ പ്രേഷിത വേലയ്ക്കും (സേവനം) പോകുമായിരുന്നു. അവിടെ ധ്യാനത്തിനു വരുന്നവർക്കുള്ള ഭക്ഷണമൊരുക്കുക, അവരെ സഹായിക്കുക ഒക്കെയായിരുന്നു ജോലി. എല്ലാവർക്കും എന്നെ ഇഷ്ടമായിരുന്നു. അവിടുത്തെ അടുക്കളയിൽ നിന്നു ഗ്യാസ് ലീക്കായി പൊള്ളലേറ്റതാണ്. 2006 മേയ് 18നാണ് ആ അപകടം നടന്നത്.

IMGL2178

തീപടർന്നതും പുറത്തേക്കിറങ്ങാൻ നോക്കുമ്പോൾ വാതിലിലൊക്കെ തീ ആളിക്കത്തുന്നു. ഒരു മൂലയ്ക്ക് ഒതുങ്ങി നിന്നെങ്കിലും  ഇട്ടിരുന്ന പോളിസ്റ്റർ ചുരിദാറിലേക്കു തീ പടർന്ന് ഉരുകിപ്പിടിച്ചു.  അധികം വൈകാതെ തന്നെ ആളുകൾ എത്തി രക്ഷിച്ചു.’’

വേദനകൾ അവസാനിക്കുന്നില്ല

‘‘25 ശതമാനം മാത്രമേ പൊള്ളലുണ്ടായിരുന്നുള്ളൂ.  തുടക്കത്തില്‍ പോയ ആശുപത്രിയിലെ ചികിൽസാ പാളിച്ച കാരണം അത് ഗുരുതരമായി മാറി. വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്നു. മുഖം വികൃതമായി. മൂക്കൊക്കെ ഇല്ലാതായ പോലെയായിരുന്നു. ആശുപത്രിയിൽ ഒപ്പം നിന്ന് എല്ലാ കാര്യങ്ങളും ചെയ്തു തന്ന രണ്ട് സുഹൃത്തുക്കളുണ്ട് – ജിയോയും ശ്രീരഞ്ജിനിയും. അവരെ എപ്പോഴും ഓർക്കും.

അന്നു തൊട്ടു കുറേ സർജറികൾ ചെയ്തു. കാലിൽ നിന്നും വയറിൽ നിന്നും ചർമം എടുത്തിട്ടാണു സർജറികൾ മിക്കതും ചെയ്യുന്നത്. അതു ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനു സഹായിച്ചു.  എറണാകുളം അമൃത ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ്, ചെന്നൈ വിജയ ആശുപത്രിയിലൊക്കെ പോയിട്ടുണ്ട്. ‘വനിത ഓൺലൈനി’ൽ എന്റെ ജീവിതകഥ വന്ന ശേഷമാണ് അവസാനത്തെ സർജറി ചെയ്തത്, ഒന്നര വർഷം മുൻപു കോയമ്പത്തൂർ ഗംഗയിൽ വച്ച്. അവർ മുഴുവൻ സർജറിയും ചെയ്യാം എന്നാണു പറഞ്ഞത്. രണ്ട് സർജറികൾ ഇതിനോടകം ചെയ്തു. കുറേ മാറ്റങ്ങൾ വന്നു. ഇനി കല്യാണം കഴിഞ്ഞു രണ്ട് മാസത്തിനു ശേഷം വീണ്ടും വരാൻ പറഞ്ഞിട്ടുണ്ട്. മുഖത്തൊന്നും ഇനിയും ഒന്നും ചെയ്യണമെന്നില്ല. വലതു കൈ സർജറി ചെയ്യണമെന്നുണ്ട്. ഓര്‍ക്കുമ്പോൾ മടിയുമുണ്ട്.   

IMGL2352

സ്വപ്നങ്ങൾക്ക് പിറകേ

പണ്ടേ കുറച്ച് പാടും. ടിക് ടോക്കിൽ നേരം പോക്കിനായി പാട്ടു പാടി ഇട്ടിരുന്നു. പ്ലാസ്റ്റിക് വർക്ക്, ആഭരണ നിർമാണം, പെറ്റിക്കോട്ട് തയ്ക്കുക തുടങ്ങിയ കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്യും. അതിനിടയ്ക്കായിരുന്നു പാടുന്നത്. പാട്ട് പഠിക്കണം എന്നതൊരു വല്യ സ്വപ്നമാണ്. ഓർഗൻ വായിക്കാനും താൽപര്യമുണ്ട്. ചെറുതായി പടം വരച്ചിരുന്നു. പിന്നെ പാട്ടെഴുതി, ഒരു കഥ എഴുതി, ആൽബത്തിൽ പാടി... അപ്പോ മനസ്സിൽ തോന്നുന്നതു ചെയ്യും അത്ര തന്നെ.

സിനിമയിൽ ഒരു പാട്ട് പാടണമെന്നും ആഗ്രഹമുണ്ട്. സിനിമയിൽ അഭിനയിക്കാനുള്ള അവസരവും വന്നതാണ്. ഫോട്ടോയും അയച്ചു കൊടുത്തു. പക്ഷേ, പിന്നീട് അത് മാറിപ്പോയി. കാറും ബൈക്കും ഓടിക്കാൻ പഠിക്കണം– അതു  വലിയൊരു ആഗ്രഹമാണ്. അതു ഭർത്താവ് പഠിപ്പിക്കാമെന്ന് ഏറ്റിട്ടുണ്ട്. പത്ത് എഴുതി ജയിച്ചു കൂടുതൽ പഠിക്കണമെന്നുമുണ്ട്. മോഡലിങ്ങിനുള്ള അവസരം കട്ടപ്പനയിലെ ബ്രൈഡൽ മേക്കോവർ ചെയ്യുന്നതിനിടെ ഷംന മാം വഴിയാണു വന്നത്. ഒരിക്കലെങ്കിലും റാംപിൽ ഒന്നു കയറണമെന്നൊരാഗ്രഹം പറഞ്ഞിരുന്നു. ഷംന മാം വഴി നടൻ ഷിയാസ് കരീമിനൊപ്പം റാംപ് വാക് ചെയ്തു. അതാണു തുടക്കം.

പിന്നീടാണു വൈറലായ ഫോട്ടോഷൂട്ട് ചെയ്തത്. സേ വ് ദി ഡേറ്റ് തീമിലുള്ള ഷൂട്ട് ആയിരുന്നു. അതിലൂടെ പറയാനുദ്ദേശിച്ച സന്ദേശം എന്റെ ജീവിതം വഴി പ്രാവർത്തികമായി. സമൂഹം പറയുന്ന സൗന്ദര്യത്തിന്റെ അളവുകോലിൽ ഉള്ളവർക്ക് മാത്രമുള്ളതല്ലല്ലോ വിവാഹം.’’

കല്യാണം

‘‘ഫെയ്സ്ബുക് വഴിയാണു ഞാൻ കണ്ണൂർ സ്വദേശി സന്ദീപിനെ പരിചയപ്പെടുന്നത്. കുറച്ചു നാൾ കഴിഞ്ഞ് എന്നോട് വിവാഹം ചെയ്യാൻ ഇഷ്ടമാണെന്നു പറഞ്ഞു. ഫെയ്ക്കാണെന്നാണ് ആദ്യം ഓർത്തത്.  

സന്ദീപിന്റെ ചേച്ചിയും എന്റെ വിഡിയോസ് കണ്ടിട്ടുണ്ട്. ചേച്ചി പറഞ്ഞിട്ടാണ് എന്നോടു കല്യാണക്കാര്യം ചോദിക്കുന്നത്. വീട്ടിൽ വന്നു ചോദിച്ചോ എന്നായിരുന്നു എന്റെ മറുപടി. അങ്ങനെ അവർ വീട്ടിൽ വന്നു. ചാച്ചനും അമ്മയ്ക്കും ഒക്കെ ആളെ ഇഷ്ടപ്പെട്ടു.

സന്ദീപ് നല്ല മനുഷ്യനാണ്. എന്നെ എല്ലാ കാര്യത്തിനും സപ്പോർട്ട് ചെയ്യുന്ന ആളാണെന്നും  തോന്നി. അദ്ദേഹം  ഹോട്ടൽ മാനേജ്മെന്റ് രംഗത്തു ജോലി ചെയ്യുകയായിരുന്നു. അച്ഛനു വയ്യാതെ വന്നപ്പോൾ വീട്ടിലേക്കു വന്നതാണ്. ഇപ്പോൾ തൽക്കാലത്തേക്കു  കൊറിയർ ജോലിക്കു പോകുന്നുണ്ട്. ടിപ്പർ ഓടിക്കാറുമുണ്ട്. ഏപ്രിൽ 20ന്  ഇരിട്ടിയിൽ വച്ചായിരുന്നു കല്യാണം. എന്റെ വലിയൊരു സ്വപ്നമാണു സത്യമായി തീർന്നത്. ’’

Tags:
  • Spotlight