Saturday 04 February 2023 09:16 AM IST : By സ്വന്തം ലേഖകൻ

തുമ്പിക്കയ്യിൽ കഴുത്തു ഞെരിഞ്ഞു, പ്രാണനായി പിടച്ചിൽ... രാജനെ മകൾ വലിച്ചെടുത്തു, ജീവിതത്തിലേക്ക്

rajan

തുമ്പിക്കയ്യിൽ കഴുത്തമരുമ്പോൾ മരണത്തെ മുന്നിൽ കണ്ടു രാജൻ. എന്നാൽ അടുത്തുണ്ടായിരുന്ന മകൾ ഗായത്രി സമചിത്തത കൈവിടാതെ അച്ഛനെ വലിച്ചെടുത്തു ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്നു. കൊമ്പൻ കാശിനാഥനാണ് വില്ലനായത്. കൊളത്തൂർ വീടിന്റെ മുന്നിലെ പറമ്പിൽ കെട്ടിയിരുന്ന ആനയ്ക്ക് വീടിന്റെ വരാന്തയിൽ നിന്നു ഭക്ഷണം കൊടുക്കുകയായിരുന്നു രാജൻ. പാപ്പാനെ കൂടാതെ രാജന്റെ ഭാര്യ സുമയും ബിരുദ വിദ്യാർഥിനിയായ മകൾ ഗായത്രിയും അടുത്തുണ്ടായിരുന്നു.

പെട്ടെന്ന് പ്രകോപനമൊന്നുമില്ലാതെ ആന രാജന്റെ കഴുത്തിൽ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിക്കുകയായിരുന്നു. ഒരുപാട് ആനകളുമായി ഇടപഴകിയിട്ടുള്ള രാജൻ മരണം മുന്നിൽകണ്ടപ്പോഴും പതറാതെ മുന്നിലെ രണ്ടര അടി ഉയരമുള്ള തിണ്ണയിൽ കമിഴ്ന്നു കിടന്നു. ഈ സമയം ആനയുടെ പിടി തെല്ലൊന്ന് അയഞ്ഞു. കൃത്യസമയത്തു തന്നെ ഗായത്രി അച്ഛനെ തിണ്ണയിൽ നിന്ന് വലിച്ചു താഴെ ഇറയത്തേക്കിട്ടു. സുമയും ഒപ്പംകൂടി. തിണ്ണയുടെ മറവിൽ കിടന്നിരുന്ന രാജനെ കാണാത്ത ദേഷ്യത്തിൽ ആന ഇറയത്തെ ആട്ടുകസേര തല്ലിത്തകർത്തു.

ഇതിലും രോഷം തീരാഞ്ഞ കൊമ്പൻ പാപ്പാൻ പറഞ്ഞത് അനുസരിക്കാതെ ഒറ്റയ്ക്കു റോഡിലൂടെ നടന്ന് ആളൊഴിഞ്ഞ പറമ്പിൽ കയറി നിന്നു. പിന്നീട് പാപ്പാന്മാർ ആനയെ ഇവിടെ നിന്നു കൊണ്ടുപോയി. വിശാലമായ തണലും തെളിഞ്ഞ വെള്ളവും കിട്ടുന്നതിനാൽ രാജന്റെ വീടിനു മുന്നിലെ പറമ്പിൽ സ്ഥിരമായി ആനകളെ കെട്ടാറുണ്ട്. സംസ്ഥാനത്തെ പേരെടുത്ത കൊമ്പൻമാരെല്ലാം ഇവിടെയെത്തിയിട്ടുണ്ട്.

More