Thursday 06 April 2023 12:47 PM IST : By സ്വന്തം ലേഖകൻ

‘ദേഹത്തേക്ക് വെള്ളം വീഴുന്നപോലെ തോന്നി, തല പൊക്കുമ്പോഴേക്കും തീ പടർന്നിരുന്നു; ഓടുക മാത്രമായിരുന്നു രക്ഷ!’; ഓർമകൾ മായാതെ റുബി

rubby66777

കാഞ്ഞങ്ങാട് എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീ കൊളുത്തിയ സംഭവം നേരിട്ടു കണ്ടതിന്റെ ഞെട്ടിലിലാണ് കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എം. റുബി. കണ്ണടച്ചു തുറക്കും മുൻപ് അഗ്നിവലയത്തിന്റെ പെട്ടതിന്റെ നടുക്കുന്ന ഓർമകൾ ഇപ്പോഴും വിട്ടുപോയിട്ടില്ലെന്നും റുബി ഓർക്കുന്നു. കണ്ണൂർ സർവകലാശാല സെക്‌ഷൻ ഓഫിസറായി ജോലി ചെയ്യുന്ന റുബി പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ പങ്കെടുക്കാൻ കൊച്ചിയിലേക്ക് പോയതായിരുന്നു. 

റുബിയുടെ വാക്കുകളിലേക്ക്..

കണ്ണൂർ എൻജിനീയറിങ് കോളജിലെ നാലാമത്തെ ബാച്ച് ആണ് ഞങ്ങളുടേത്. എല്ലാ വർഷവും കണ്ണൂരാണ് സംഗമം നടത്താറ്. ഇത്തവണ കൊച്ചിയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. തിരിച്ചു വരുന്ന വഴിയാണ് സംഭവം. ഡി വണ്ണിലാണ് ഞങ്ങൾ ഉണ്ടായിരുന്നത്. വാതിലിന് അടുത്തുള്ള അ‍ഞ്ചാമത്തെ സീറ്റിലാണ് ഞാൻ ഇരുന്നത്. കോഴിക്കോട് കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ ദേഹത്തേക്ക് എന്തോ വെള്ളം വീഴുന്ന പോലെ തോന്നി. 

എന്താണെന്ന് നോക്കിയപ്പോഴേക്കും തീ കത്തി കഴിഞ്ഞിരുന്നു. പിന്നീട് മറുഭാഗത്തേക്കുള്ള ഓട്ടമായിരുന്നു. ആരാണ് തീയിട്ടതെന്നോ എന്താണ് സംഭവിച്ചതെന്നോ കണ്ടില്ല. എന്റെ മുൻപിലുണ്ടായിരുന്നവർക്ക് നന്നായി പൊള്ളലേറ്റു. അനിൽ കുമാർ, അദ്ദേഹത്തിന്റെ ഭാര്യ, കുട്ടി, പ്രിൻസ്, അദ്ദേഹത്തിന്റെ ഭാര്യ എന്നിവർക്കാണ് പൊള്ളലേറ്റത്. എനിക്ക് അപ്പോൾ അത്രയധികം ഉണ്ടായിരുന്നില്ല. അവർക്ക് വെള്ളം കൊടുത്തും പരിചരിച്ചും പുറത്തെത്തിക്കാനാണ് ഞാൻ ശ്രമിച്ചത്. ബാക്കിയൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. 

കൂട്ടുകാർ കൂടെയുണ്ടായിരുന്നെങ്കിലും അവരുടെ അടുത്ത് വരെ ഞാൻ പോയില്ല. തല പൊക്കുമ്പോഴേക്കും തീ പടർന്നിരുന്നു. പിന്നെ ഒന്നും കാണാൻ ഉണ്ടായിരുന്നില്ല. പിന്നീട് മറുഭാഗത്തേക്ക് ഓടുക മാത്രമേ രക്ഷയുണ്ടായിരുന്നുള്ളൂ. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു. വിശ്രമത്തിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് വന്നത്.

Tags:
  • Spotlight