Thursday 09 March 2023 12:44 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ പോയാലും ഒരുപിടി നന്മ തുടരും’; കുട്ടികളുടെ സ്വന്തം കലക്ടർ മാമൻ മടങ്ങുന്നു, വി ആർ കൃഷ്ണതേജ ഇനി തൃശൂർ കലക്ടര്‍

krishnatheja56787898

ഏഴു മാസം കൊണ്ടു ജനകീയമായ പ്രവർത്തനങ്ങളിലൂടെ ആലപ്പുഴ ജില്ലയ്ക്കു പ്രിയപ്പെട്ടവനായ കലക്ടർ വി.ആർ. കൃഷ്ണതേജ ശനിയാഴ്ച ചുമതലയൊഴിയും. അവസാനം ഒപ്പിടുക ജില്ലയിൽ കോവിഡ് അനാഥരാക്കിയ 293ാമത്തെ കുട്ടിക്കു സ്കോളർഷിപ്പ് അനുവദിക്കുന്ന ഫയലിൽ. തൃശൂർ കലക്ടറായി ഏതാനും ദിവസത്തിനു ശേഷം അദ്ദേഹം ചുമതലയേൽക്കും.

പ്രളയ കാലത്ത് ജില്ലയിൽ സബ് കലക്ടറായിരുന്ന കൃഷ്ണതേജ പാവങ്ങളെ സഹായിക്കുന്ന പദ്ധതിയിലൂടെ ഒട്ടേറെപ്പേർക്കു തുണയായി. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പശുക്കളെയും ആടുകളെയും വള്ളവും വലയും മറ്റും നൽകുന്ന അയാം ഫോർ ആലപ്പി എന്ന പദ്ധതിയിലൂടെയായിരുന്നു അത്.

കുറച്ചു പേർക്കു വീടുകൾ നിർമിച്ചു നൽകുകയും ചെയ്തു. ജന്മനാട്ടിലെയും കേരളത്തിലെയും ബന്ധങ്ങൾ വഴി അതിനായി അദ്ദേഹം പണം കണ്ടെത്തി. കലക്ടറായുള്ള വരവിൽ വി ആർ ഫോർ ആലപ്പി എന്ന പേരിൽ പദ്ധതി വിപുലമാക്കി. പ്രധാനമായും ശ്രദ്ധിച്ചത് കോവിഡ് മൂലം അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസത്തിലാണ്.

പ്രഫഷനൽ വിദ്യാഭ്യാസത്തിന് അവസരമുണ്ടായിട്ടും പണമില്ലാത്തതിനാൽ പഠനം മുടങ്ങുന്ന അവസ്ഥയിലായ ഒട്ടേറെ കുട്ടികളെ സഹായിച്ചു. ഇല്ലായ്മകൾ അറിയിച്ച പലർക്കും തൊഴിൽ സംരംഭമുണ്ടാക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഒരുപിടി നന്മ എന്ന പേരിൽ സ്കൂൾ കുട്ടികളിലൂടെ നടപ്പാക്കിയ പദ്ധതിയാണ് കൃഷ്ണ തേജയുടെ ഏറ്റവും പുതിയ ഉദ്യമം.

ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളെ സഹായിക്കാൻ കുട്ടികളിലൂടെയുള്ള ശ്രമമായിരുന്നു അത്. എണ്ണൂറോളം സ്കൂളുകളിലെ കുട്ടികൾ അതിൽ കൈകോർത്തു. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളുമൊക്കെ കുട്ടികൾ ശേഖരിച്ചു. ആവശ്യക്കാർ അവ സ്കൂളുകളിലെത്തി സ്വീകരിച്ചു. കിടപ്പുരോഗികൾക്ക് അവ വീടുകളിലെത്തിച്ചു.

താൻ പോയാലും ഒരുപിടി നന്മ തുടരുമെന്നാണ് കൃഷ്ണ തേജ പറയുന്നത്. കോവിഡ് കാലത്ത് കുട്ടികളുടെ ആശങ്കകൾ നീക്കാൻ സമൂഹമാധ്യമ കുറിപ്പുകളുമായി അദ്ദേഹം കുട്ടികൾക്കു കലക്ടർ മാമനായി. കലക്ടറെ കാണാനും ആവശ്യങ്ങൾ പറയാനുമായി എത്തുന്ന കുട്ടികൾ മിക്ക ദിവസവും കലക്ടറേറ്റിലെ കാഴ്ചയായിരുന്നു.

വലിയ ഉത്തരവാദിത്തമെന്ന് നിയുക്ത കലക്ടർ

ടൂറിസം, കൃഷി മേഖലകളിൽ വലിയ സംഭാവന നൽകുന്ന ആലപ്പുഴയുടെ കലക്ടർ എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് നിയുക്ത കലക്ടർ ഹരിത വി.കുമാർ പറഞ്ഞു. വിസ്തൃതി കുറഞ്ഞ ജില്ലയായതിനാൽ ഭരണപരമായ സൗകര്യമുണ്ടെങ്കിലും ആലപ്പുഴയുടെ പ്രാധാന്യം മനസ്സിലാക്കി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.

Tags:
  • Spotlight
  • Inspirational Story