Friday 03 February 2023 12:09 PM IST : By സ്വന്തം ലേഖകൻ

വെഞ്ഞാറമൂടിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിത്തം; അപകടത്തിനു മുൻപ് വാഹനം ചില ‘ലക്ഷണങ്ങൾ’ കാണിക്കാറുണ്ട്!

car-venjaraa34554

നിരത്തിൽ വാഹനങ്ങൾക്ക് തീപിടിക്കുന്ന വാർത്തകൾ പതിവാകുന്നു. കണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ചതിന് പിന്നാലെ തിരുവനന്തപുരം വെഞ്ഞാറമൂടിലും കാറിന് തീപിടിച്ചിരിക്കുന്നു. ഇന്ന് രാവിലെ വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്.

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട കാർ ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചു.

വാഹനത്തിന് തീപിടിച്ചാൽ എന്തു ചെയ്യണം

വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽനിന്നു സുരക്ഷിത അകലം പാലിക്കുക എന്നതാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം. തീ കെടുത്താൻ ശ്രമിച്ചാൽ ജീവഹാനി വരെ സംഭവിച്ചേക്കാം.

തീ പിടിക്കാനുള്ള കാരണങ്ങൾ 

എളുപ്പത്തിൽ തീ പിടിക്കാവുന്ന രീതിയിലല്ല വാഹനങ്ങൾ നിർമിക്കുന്നത്. എന്നിരുന്നാലും വാഹനത്തിലെ യാത്രക്കാരന്റെയോ ഡ്രൈവറുടെയോ അശ്രദ്ധ, കൈപ്പിഴവ്, സാങ്കേതിക തകരാർ എന്നിവ തീപിടിത്തത്തിനു കാരണമായേക്കാം. ഇലക്ട്രിക്കൽ തകരാർ ആണ് മറ്റൊരു പ്രധാന കാരണം. വാഹനങ്ങളുടെ ഇലക്ട്രിക്കൽ പാർട്ടുകളിൽ വരുത്തുന്ന മോഡിഫിക്കേഷനും അപകടങ്ങള്‍ക്കു വഴിവച്ചേക്കാം.

പലപ്പോഴും വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം ‘ഷോർട്ട് സർക്യൂട്ട്’ ആണ്. അതു സംഭവിക്കുന്നതിനു മുൻപ് വാഹനം ചില ‘രോഗലക്ഷണങ്ങൾ’ കാണിക്കാറുണ്ട്. മിക്കവാറും സന്ദർഭങ്ങളിൽ ‘ഫ്യൂസ്’ എരിഞ്ഞമരുന്നു. സ്വാഭാവികമായും ഫ്യൂസ് എരിഞ്ഞമർന്നതിന്റെ കാരണം മനസ്സിലാക്കി, അവിടെയാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. പക്ഷേ, പലപ്പോഴും സമയക്കുറവുകൊണ്ട് എല്ലാവരും ‘സ്വയം ചികിൽസ’ ആരംഭിക്കുന്നു. ഫ്യൂസ് മാറ്റി വാഹനം ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുവാൻ നോക്കുമ്പോൾ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ അംഗീകൃത സർവീസ് സെന്ററുമായി ബന്ധപ്പെടാതെ ഇത്തരം ജോലികൾ സ്വയം ചെയ്യാതിരിക്കുന്നതാണ് ഉചിതം.

സീൽ പൊട്ടിയതോ കൃത്യമല്ലാത്തതോ ആയ വയറിങ്ങും ഷോർട്ട് സർക്യൂട്ടിനു കാരണമാകാം. എൻജിൽ ഓയിൽ, ഇന്ധനം എന്നിവ പോലെ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ ചോർച്ചയും അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഫ്യൂവൽ ഇൻജക്ടർ, ഫ്യൂവൽ പ്രെഷർ റെഗുലേറ്റർ എന്നിവയിലുണ്ടാകുന്ന തകരാർ മൂലം ഇന്ധനം ലീക്കാകാം. ഇത്തരത്തിൽ ചോരുന്ന ഇന്ധനം ഇഗ്നീഷ്യൻ‌ സോഴ്സുമായി ചേർന്നാൽ പെട്ടെന്നു തീപിടിക്കും. ശരിയായി കണക്ട് െചയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ, തുടങ്ങി സ്റ്റീരിയോ പോലും ചിലപ്പോൾ തീപിടുത്തത്തിനു കാരണമായേക്കാം.

ചിലപ്പോഴൊക്കെ വാഹനത്തിൽനിന്നു പ്ലാസ്റ്റിക്കോ റബറോ കത്തിയ മണം വരും. ഇത് അവഗണിക്കാതെ, വാഹനം എൻജിൻ ഓഫാക്കി നിർത്തി ഇറങ്ങി ദൂരെമാറിനിന്ന് സർവീസ് സെന്ററുമായി ബന്ധപ്പെടുക. ‌അടിയന്തര സാഹചര്യങ്ങളിൽ പരിഭ്രമം തോന്നാമെങ്കിലും സമചിത്തതയോടെ സാഹചര്യങ്ങളെ നേരിടുന്നത്, വാഹനം മുഴുവനായും കത്തിയമർന്നാലും യാത്രക്കാരെ രക്ഷിക്കും. 

എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്. വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്. കൃത്യമായ മെയിന്റനൻസ് വാഹനങ്ങൾക്കു നൽകണം. മികച്ചൊരു മെക്കാനിക്കിന് മാത്രമേ വാഹനത്തിന്റെ ശരിയായ അവസ്ഥ മനസ്സിലാക്കാൻ കഴിയൂ. ചിലപ്പോൾ വാഹനത്തിന്റെ ഇലക്ട്രിക്കൽ പാർട്ടുകൾ മാറ്റേണ്ടതുണ്ടാകും. മറ്റു ചിലപ്പോൾ നാം നിസ്സാരം എന്നു കരുതി അവഗണിക്കുന്ന കാര്യങ്ങളായിരിക്കും വലിയ അപകടത്തിലേക്ക് വഴിതെളിക്കുക. 

വാഹനത്തിനു തീ പിടിച്ചാൽ 

വാഹനത്തിൽ തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തിൽനിന്നു സുരക്ഷിത അകലം പാലിക്കുക. ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. കാരണം വാഹനത്തിന്റെ ഘടകങ്ങളിൽ തീ പിടിക്കുന്നതുമൂലം വിഷമയമായ വായു പ്രവഹിക്കാം, അത് നിങ്ങളുടെ ജീവനു തന്നെ അപകടം വരുത്താം. ബോണറ്റിനകത്താണു തീപിടിക്കുന്നതെങ്കിൽ ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. അതു തീ കൂടുതൽ പടരാൻ കാരണമാകും. ഓക്‌സിജനുമായി കൂടുതൽ സമ്പർക്കത്തിലെത്തുന്നതാണ് ഇതിനു കാരണം.

Tags:
  • Spotlight