Wednesday 07 June 2023 12:48 PM IST : By സ്വന്തം ലേഖകൻ

കാട്ടുപന്നിയുടെ ഇടിയേറ്റ് ബൈക്കിൽ നിന്നു തെറിച്ചുവീണു, മറ്റൊരു കാട്ടുപന്നി വലതു കൈപ്പത്തി കുത്തിക്കീറി; പരുക്കേറ്റ് യാത്രക്കാരൻ

wild-boar56

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്നു വീണ ബൈക്ക് യാത്രക്കാരനെ തൊട്ടുപിന്നാലെയെത്തിയ മറ്റൊരു കാട്ടുപന്നിയും ആക്രമിച്ചു. ആക്രമണത്തിൽ സാരമായി പരുക്കേറ്റ യാത്രക്കാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ. നടവയൽ നെല്ലിയമ്പം കോളനിയിലെ രാജേഷിനാണു (49) പരുക്കേറ്റത്. മുട്ടിൽ ആശുപത്രിയിൽ ചികിത്സയിലുള്ള മകനെ കാണാൻ പോകുന്നതിനിടെ പനമരം ബീനാച്ചി റോഡിൽ ചിങ്ങോട് കവലയ്ക്ക് സമീപം തിങ്കൾ രാത്രി 7 ഓടേയാണു സംഭവം.

കാട്ടുപന്നികളുടെ ആക്രമണത്തിൽ കൈകാലുകൾക്കും തലയ്ക്കും പരുക്കേറ്റ് രക്തത്തിൽ കുളിച്ചു കിടന്ന ഇദ്ദേഹത്തെ നാട്ടുകാർ കേണിച്ചിറ സ്വകാര്യ ആശുപത്രിയിലും ഇവിടെ നിന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലും എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സകൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.

സമീപത്തെ കൃഷിയിടത്തിൽ നിന്നു ചാടിയ കാട്ടുപന്നിയുടെ ഇടിയേറ്റ് ബൈക്കിൽ നിന്നു തെറിച്ചു വീണ ഇദ്ദേഹത്തെ തൊട്ടുപിന്നാലെ എത്തിയ പന്നി ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച ഇദ്ദേഹത്തിന്റെ വലതു കൈപ്പത്തി കാട്ടുപന്നി കുത്തിക്കീറി. പിന്നീട് എന്താണ് ഉണ്ടായതെന്ന് അറിയില്ലെന്നു രാജേഷ് പറഞ്ഞതായി നാട്ടുകാർ പറഞ്ഞു.

ഇതിനു മുൻപും ഈ ഭാഗത്തു വച്ച് പത്തോളം ബൈക്ക് യാത്രക്കാർക്കു കാട്ടുപന്നി കുറുകെ ചാടി അപകടമുണ്ടായതായി നാട്ടുകാർ പറയുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയായി പ്രധാന റോഡുകളിലൂടെ തലങ്ങും വിലങ്ങും ഓടുന്ന കാട്ടുപന്നികളെയെങ്കിലും നിയന്ത്രിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഇതിന് 3 കിലോമീറ്ററപ്പുറമാണു കാട്ടുപന്നിക്കൂട്ടം തൊഴിലുറപ്പ് തൊഴിലാളിയെ ആക്രമിച്ചത്.

Tags:
  • Spotlight