Monday 13 March 2023 02:25 PM IST : By സ്വന്തം ലേഖകൻ

ആയിരക്കണക്കിനാളുകൾ അന്ന് ആ വിഷപ്പുകയിൽ ശ്വാസംമുട്ടിയൊടുങ്ങി.... ഇന്നോ? ബ്രഹ്മപുരം പഠിപ്പിക്കുന്നത്

air-pollution

രാസവ്യവസായത്തിലെ ഹിരോഷിമ ദുരന്തം എന്നു ലോകം വിശേഷിപ്പിച്ച ഭോപ്പാൽ ദുരന്തം പുറംതള്ളിയ വിഷപ്പുക രണ്ടായിരത്തിയഞ്ഞൂറോളം പേരെ തൽക്ഷണം കൊന്നൊടുക്കിയത് 1984 ഡിസംബർ രണ്ട് അർദ്ധരാത്രിയാണ്. രണ്ടു ലക്ഷത്തോളം പേരുടെ ശ്വാസകോശം തകരാറിലാക്കിയ രാസവിപത്തിന്റെ തിക്തഫലം ഇന്നും ഭോപ്പാലിലും പരിസരത്തുമുള്ള ആയിരങ്ങൾ അനുഭവിക്കുന്നു. തലമുറകൾക്കപ്പുറം നീണ്ടുനിൽക്കുന്ന വിപത്ത് അർത്ഥത്തിലാണ് ഭോപ്പാൽ ദുരന്തത്തെ എന്ന ഹിരോഷിമാ ദുരന്തവുമായി ചേർത്തു വായിക്കുന്നത്. ശ്വാസകോശ വിദഗ്ദരുടെ സംഘടനയായ അക്കാദമി ഓഫ് പൾമണറി & ക്രിട്ടിക്കൽ കെയർ മെഡിസിനും (എ.പി.സി.സി.എം), അതിന്റെ പൊതുജനാരോഗ്യ വിഭാഗമായ ലങ് കെയർ ഫൗണ്ടേഷനും ചേർന്ന് ഡിസംബർ രണ്ട് ശ്വാസ കോശാരോഗ്യ ദിനമായി ആചരിക്കുന്നതിനു പിന്നിലെ സാംഗത്യവും ഇതു തന്നെ.

ഭോപ്പാൽ ദുരന്തത്തിനു 37 വർഷം തികയുന്ന 2021 ൽ ശ്വാസകോശരോഗ്യം മുഖ്യം കരുതാം. കാവലാളാകാം (Lung Health: Our Concern) എന്നതാണ് ദിനാചരണത്തിന്റെ മുദ്രാവാക്യം. ശ്വാസകോശം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ പ്പറ്റിയുള്ള അവബോധം പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഈ ദിനം കൊണ്ടു ലക്ഷ്യമിടുന്നത്. ജീവിതത്തിന്റെ തുടക്കവും അവസാനവും നിർണയിക്കുന്ന അവയവം. ഒരു സെക്കൻഡു പോലും വിശ്രമമില്ലാതെയുള്ള പ്രവർത്തനം എന്നിട്ടും നാം ഈ അവയവത്തിനു അർഹമായ സംരക്ഷണം കൊടുക്കുന്നുണ്ടോ?

ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ (സി.ഒ.പി.ഡി), ന്യൂമോണിയ, ശ്വാസകോശ അർബുദം ക്ഷയം ശ്വാസകോശങ്ങൾ ദ്രവിച്ചു പോകുന്ന ഇന്റർസ്റ്റിഷ്യൽ ശ്വാസകോശ രോഗങ്ങൾ, ആസ്മ തുടങ്ങിയവ എത്രയോ മരണങ്ങൾക്കു കാരണമാകുന്നു. അതിലെത്രയോ മടങ്ങു ആളുകൾ ഈ രോഗങ്ങളുമായി മല്ലിട്ടു ജീവിയ്ക്കുന്നു. ശ്വാസകോശങ്ങളുടെ പ്രാധാന്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലമാണിത്. കോവിഡ് 19 മഹാമാരി അതു വിളിച്ചോതുന്നു. എന്നാൽ ഇന്നും നാം ഇതു വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടുണ്ടോ? ഇല്ല എന്നതാണുത്തരം ലോകത്തെ മരണകാരണങ്ങളിൽ മൂന്നാമതു നിൽക്കുന്ന സി.ഒ.പി.ഡി ഇന്നും അവഗണിക്കപ്പെട്ട

രോഗാവസ്ഥയാണ്. പതിമൂന്നു സെക്കന്റിൽ ഒരാളുടെ മരണത്തിനു വഴിവെക്കുന്ന ന്യൂമോണിയയുടെ പ്രാധാന്യം തിരിച്ചറിയാൻ കോവിഡ് കാലം വരേണ്ടിവന്നു. ശ്വാസകോശങ്ങൾ ദ്രവിച്ചു പോകുന്ന ഇന്റർസ്റ്റിഷ്യൽ ശ്വാസകോശ രോഗങ്ങളെ ക്കുറിച്ച് പൊതു സമൂഹം കേട്ടിരിക്കാൻ തന്നെ ഇടയില്ല. അർബുദങ്ങൾക്കിടയിലെ ഒന്നാം നമ്പർ കൊലയാളിയായ ശ്വാസകോശാർബുദം തടയാനുള്ള പദ്ധതികളും നമ്മുടെ ആരോഗ്യ മുൻഗണനകളിലില്ല.

ഈ രോഗങ്ങൾക്കൊക്കെ പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. എന്നാൽ വർധിച്ചുവരുന്ന വായു മലിനീകരണം ഇവയ്ക്കൊക്കെ കാരണമാകുകയോ അല്ലെങ്കിൽ അവ അധികരിക്കാൻ ഇടയാക്കുകയോ ചെയ്യുന്നു.

അന്തരീക്ഷമലിനീകരണം എങ്ങനെ തടയാം എന്നതിനെപ്പറ്റി ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. മലിനീകരണ വസ്തുക്കൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നതു തടയാൻ സംസ്ഥാന - ദേശീയാടിസ്ഥാനത്തിലും അന്തർദേശീയാടിസ്ഥാനത്തിലുമുള്ള ശ്രമങ്ങൾ അനിവാര്യമാണ്. സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളാണ് ഇക്കാര്യത്തിൽ ഏറെ പ്രധാനം.എങ്കിലും ചില കരുതലുകളിലൂടെ അന്തരീക്ഷം കൂടുതൽ മലിനപ്പെടാതെ നോക്കാൻ നമുക്കും സാധിക്കും. അൽപദൂരയാത്രയ്ക്ക് നടത്തം ശീലമാക്കുക, സൈക്കിൾ യാത്രകൾക്ക് കൂടുതൽ പ്രചാരം നൽകുക, കഴിവതും യാത്രകൾക്ക് പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുക, മരങ്ങൾ വച്ചു പിടിപ്പിക്കുക, ക്ലോറോഫുറോ കാർബണുകൾ പുറംതള്ളുന്ന ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നിവ അവയിൽ ചിലതാണ്.

വായു ഗുണനിലവാര സൂചിക (Air Quality Index) വായു മലിനീകരണത്തിന്റെ അളവു കോലായി ഉപയോഗിക്കുന്നു. വായുവിൽ കലർന്നു ചേർന്നിട്ടുള്ള വിവിധ രാസഘടകങ്ങളുടെയും കണികകളുടെയും സാന്ദ്രത അടിസ്ഥാനമാക്കി പൂജ്യം മുതൽ അഞ്ഞൂറു വരെയാണ് ഇത് രേഖപ്പെടുത്തുന്നത്. സൂചിക പൂജ്യം.മുതല്‍ 50 വരെയുള്ള നഗരങ്ങള്‍ ലോ റിസ്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുക. 51മുതല്‍ 100വരെ നേരിയതോതില്‍ മാത്രം ശ്വസനത്തിന് തടസ്സം വരുന്ന ഇടങ്ങളാണ്. ഈ രണ്ടു വിഭാഗങ്ങളിലും മറ്റു മുന്‍കരുതലിന്റെ ആവശ്യമില്ല. 101 മുതല്‍ 200വരെ സൂചിക ഉള്ളയിടങ്ങളിൽ മറ്റു അസുഖങ്ങള്‍ ഉള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും.ഈ രണ്ടു വിഭാഗങ്ങളിലും മറ്റു മുന്‍കരുതലിന്റെ ആവശ്യമില്ല.

സൂചിക നാനൂറ് കടന്നു കഴിഞ്ഞാൽ ജീവിതം ആരോഗ്യവാൻമാർക്കു പോലും ദുസ്സഹമാകും.

കേരളത്തിലെ സ്ഥിതി താരതമ്യേന മെച്ചമാണ്.വായുമലിനീകരണ നില 45 മാത്രമുള്ള തിരുവനന്തപുരം നഗരമാണ് സംസ്ഥാനത്ത് ഒന്നാമത്. കണ്ണൂര്‍- 50, തൃശൂര്‍- 52, കോഴിക്കോട്- 53, എറണാകുളം- 58 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു നഗരങ്ങളിലെ വായു മലിനീകരണ നില.

ദില്ലിയിലും പരിസരനഗരങ്ങളുമാണ് ഏറ്റവും കൂടുതല്‍ വായുമലിനീകരണം ഉള്ള നഗരങ്ങള്‍. ഡല്‍ഹിയില്‍ 394, സമീപ നഗരങ്ങളായ ഫരീദാബാദില്‍ 400, നോയിഡ - 334, ഗ്രേറ്റര്‍ നോയിഡ- 298, ഗാസിയാബാദ്- 361, ഗുരുഗ്രാം- 325, മനേസര്‍- 310, മീററ്റ്- 316, മുസാഫര്‍നഗര്‍- 341, സോണിപറ്റ്- 306 എന്നിങ്ങനെയാണ് വായു മലിനീകരണത്തിന്റെ തോത്.

അന്തരീക്ഷമലിനീകരണത്തിനു തടയിടാൻ കഴിഞ്ഞില്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ നാമെല്ലാവരും അതിൻറെ തിക്തഫലങ്ങൾക്കു ഇരയാവേണ്ടി വരും എന്നതിൽ സംശയമില്ല. എല്ലാവരും സുരക്ഷിത രാവും വരെ ആരും സുരക്ഷിതരല്ല (No one is safe until everyone is safe )എന്ന പഴമൊഴി ഏറെ പ്രസക്തമാണ്. പ്രത്യേകിച്ചും ഈ കോവിഡ് കാലഘട്ടത്തിൽ ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ഓരോ കോശങ്ങൾക്കും ശുദ്ധവായു എത്തിച്ചുകൊടുക്കുന്നത് ശ്വാസകോശങ്ങളാണ് എന്നതുകൊണ്ടുതന്നെ ശ്വാസകോശ ആരോഗ്യം മുഖ്യം കരുതാം കാവലാളാകാം എന്ന സന്ദേശത്തിന് കാലിക പ്രസക്തി ഏറെയാണ്. ഡിസംബർ 2 നമ്മെ ഓർമ്മിപ്പിക്കുന്നതും ശ്വാസകോശങ്ങൾ സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യം തന്നെ.

ഡോ.പി.എസ്.ഷാജഹാൻ,

പ്രസിഡണ്ട് , അക്കാദമി ഓഫ് പൾമണറി & ക്രിട്ടിക്കൽ കെയർ മെഡിസിൻ (എ.പി.സി.സി.എം)

Tags:
  • Manorama Arogyam
  • Health Tips