Thursday 15 December 2022 12:32 PM IST

‘വണ്ണം കൂടിയവരുണ്ടാകും, കുറഞ്ഞവരുണ്ടാകും, അതു നോക്കി ആളുകളെ വിധിക്കാൻ പാടില്ല’: ഇഷ്ടങ്ങൾ, നിലപാടുകൾ: അപർണ പറയുന്നു

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

aparna-bala-skin-care

അഭിനേത്രി എന്നു മാത്രമായി അപർണ ബാലമുരളിയെ അടയാളപ്പെടുത്താനാകില്ല. മാധുര്യമുള്ള ആലാപനത്താൽ യുവഹൃദയങ്ങളിലിടം നേടിയഗായിക, അഴകാർന്ന ചുവടുവയ്പുകളിൽ അനുഗൃഹീതയായ നർത്തകി... ലാളിത്യമുള്ളൊരു പുഞ്ചിരിയിലൂടെ അപർണ മനസ്സുകളിലേക്കു പെട്ടെന്നു നടന്നുകയറും.

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ‘ജിംസി’ യായാണ് അപർണയുടെ സൂപ്പർ എൻട്രി എങ്കിലും അഭിനയമെന്ന ജന്മസിദ്ധിയ്ക്കു ജീവഭാവം പകർന്ന് എത്രയെത്ര കഥാപാത്രങ്ങൾ.

‘സൂരറൈ പോട്രിൽ’ ബൊമ്മി യായി അപർണ ജ്വലിച്ചു നിന്നപ്പോൾ തമിഴകത്തും ഈ തൃശൂരുകാരിയുടെ അഭിനയവൈഭവത്തിന് ആരാധകരേറി. തിരക്കൊഴിയുന്ന നേരങ്ങളിൽ സൗന്ദര്യസംരക്ഷണത്തിലും അപർണ ഏറെ ശ്രദ്ധിക്കാറുണ്ട്.

Natural Care for skin

‘‘ വല്യമ്മ കുറച്ചു സൗന്ദര്യ പൊടിക്കൈകൾ പറഞ്ഞു തന്നിട്ടുണ്ട്. കടലമാവു കൊണ്ടും ചെറുപയറു പൊടി കൊണ്ടും മുഖം കഴുകുക...അങ്ങനെ. പതിവായി ഇതൊ ന്നും ചെയ്യാറില്ല. എന്നാൽ ഇടയ്ക്ക് ചെയ്യാറുണ്ട് ’’– അപർണ മനസ്സു തുറക്കുന്നു. പ്രകൃതിയിൽ നിന്നുള്ള മറ്റു ചില സൗന്ദര്യക്കൂട്ടുകളും അപർണയ്ക്കിഷ്ടമാണ്.

‘‘ ഇടയ്ക്ക് തക്കാളി മുറിച്ചു മുഖത്തു സ്ക്രബ് ചെയ്യാറുണ്ട്. ഒാറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചത് വെള്ളമോ, റോസ് വാട്ടറോ ചേർത്തു മുഖത്തു പായ്ക്കായി പുരട്ടും. ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകിക്കളയും. നാച്വറൽ ആണെങ്കിലും എല്ലാ സൗന്ദര്യക്കൂട്ടുകളും എന്റെ സ്കിന്നിനു ചേരില്ല. അതു പ്രത്യേകം ശ്രദ്ധിക്കും’’. പൊതുവെ ഷൂട്ട് കഴിഞ്ഞുള്ള സമയത്താണ് അപർണ സ്കിൻ കെയർ ചെയ്യാറുള്ളത്.

Coconut oil For Face

‘‘മേക്കപ് അലർജിയൊന്നും ഉണ്ടായിട്ടില്ല എങ്കിലും പൊതുവെ മേക്കപ് അങ്ങനെ ചേരാത്ത ചർമമാണ് എന്റേതെന്നു പറയാം. ചർമത്തിനു യോജിക്കുന്ന മേക്കപ് പ്രൊഡക്റ്റുകൾ ഉപയോഗിക്കുമെന്നല്ലാതെ ഒരു പ്രത്യേക ബ്രാൻഡ് മാത്രം ഉപയോഗിക്കും എന്ന നിർബന്ധമില്ല.

ഒായിലി സ്കിൻ ആണ് എന്റേത്. വെളിച്ചെണ്ണ മുഖത്ത് അധികമായി പുരട്ടിയാൽ മുഖത്തു കുരുക്കൾ വരും. അതുകൊണ്ട് മേക്കപ് മാറ്റാൻ വെളിച്ചെണ്ണ ഉപയോഗിക്കാറില്ല. മേക്കപ് റിമൂവറാണ് ഉപയോഗിക്കുന്നത്. പണ്ട് ഡാൻസിന്റെ മേക്കപ്പു മാറ്റുന്നതിനൊക്കെ വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു. വെളിച്ചെണ്ണ നല്ലതാണെന്നാണു കേട്ടിട്ടുള്ളത്. ഇടയ്ക്ക് വെളിച്ചെണ്ണ കൊണ്ട് മുഖം ഒന്നു മസാജ് ചെയ്യാറുണ്ട്. അത് ഒരു ഫ്രഷ് ഫീൽ തരും. മുഖം നല്ല ഫ്രഷായിരിക്കും. വിർജിൻ കോക്കനട്ട് ഒായിലൊക്കെയാണ് ഇതിനുപയോഗിക്കുന്നത്. നല്ല ശുദ്ധമായ വെളിച്ചെണ്ണ സുഹൃത്തുക്കൾ തരാറുമുണ്ട് ’’.

aparna-bala-beauty

Special Hair Massage

‘‘ഫ്രീയായിരിക്കുന്ന സമയത്ത് മുടിയിലും തലയോടിലും എണ്ണ തേയ്ക്കും. മസാജ് ചെയ്യും. അങ്ങനെ കുറച്ചു സമയം ഇരിക്കും. വെളിച്ചെണ്ണയിൽ കറിവേപ്പില ഇട്ടു കാച്ചിയാണ് ഈ സ്പെഷൽ എണ്ണ തയാറാക്കുന്നത്. ഈ എണ്ണ ഇഫക്ടീവായി തോന്നിയിട്ടുണ്ട് ’’ – അപർണ പറയുന്നു. ഹെയർ

പായ്ക്കുകളൊന്നും അപർണ ഉപയോഗിക്കാറില്ല.

Moisturizer @ Night

രാത്രി കിടക്കുമ്പോൾ മുഖത്ത് ഒരു മോയ്സ്ചറൈസർ അപർണ പുരട്ടാറുണ്ട്. ഒരു ഡോക്ടർ നിർദേശിച്ച മോയ്സ്ചറൈസർ ആണിത്. പുറത്തു പോകുമ്പോൾ മറക്കാതെ സൺസ്ക്രീനും ഉപയോഗിക്കും.

‘‘ പാർലറിൽ പോകുന്നതു വളരെ കുറവാണ്. അത്യാവശ്യമെങ്കിൽ മാത്രം പോകും. അത് ടാൻ റിമൂവൽ പായ്ക്ക് ഇടുന്നതിനു വേണ്ടിയാണ്. ടാൻ മാറ്റുന്നതിനു വേണ്ടി വീട്ടിൽ ഒാട്സ് പൊടിച്ചതും ഉപയോഗിക്കാറുണ്ട് ’’– അപർണ പറയുന്നു.

No Conscious Eating

ഡയറ്റിൽ അധികം ശ്രദ്ധിക്കാറില്ല അപർണ. ‘‘ ഇടയ്ക്ക് ഫ്രൂട്ട്സും വെജിറ്റബിൾസും കഴിക്കും. ധാരാളം വെള്ളം കുടിക്കാൻ എല്ലാവരും പറയാറുണ്ട്. കഴിയുന്നത്ര വെള്ളം കുടിക്കും. ചോറ് ഒരുപാടിഷ്ടമാണ്. തൈരു കൂടിയുണ്ടെങ്കിൽ കൂടുതലിഷ്ടം. നോൺവെജു കഴിക്കും. ബീഫ്, ചില പ്രത്യേക വിഭാഗം

മീനുകൾ ഇവയൊക്കെ ഇഷ്ടമാണ്. ആഹാരം ഹെൽത്തിയാക്കണമെന്നാണ് പ്രധാനമായും ആഗ്രഹിക്കുന്നത്. അല്ലാതെ ആഹാരം നിയന്ത്രിച്ച് പട്ടിണി കിടന്നാൽ നമ്മുടെ ആരോഗ്യം നഷ്ടമാകും’’.

My Beauty Concept

‘‘ സൗന്ദര്യത്തെക്കുറിച്ചു പറയുമ്പോൾ, നല്ല വ്യക്തി ആയിരുക്കുക എന്നതാണ് പ്രധാനം.വണ്ണം കൂടിയവരുണ്ടാകും, ചിലർ വണ്ണം കുറഞ്ഞവരാകും. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളും ഇഷ്ടങ്ങളുമാണ്. അതു നോക്കി ഒരാളെ വിധിക്കാൻ പറ്റില്ല’’.

‘‘എനിക്കിപ്പോൾ ഒരിത്തിരി വണ്ണം കൂടിയിട്ടുണ്ട്. ഇേപ്പാൾ എല്ലാവരുടെയും പ്രധാന ചോദ്യം വണ്ണം കൂടിയോ എന്നാണ്. അധികഭാരം കുറയ്ക്കുന്നതിനായി ഡയറ്റു ചെയ്യാൻ ഇടയ്ക്ക് ശ്രമിച്ചിട്ടുണ്ട്. അതു പ്രായോഗികമായി ശരിയായിട്ടില്ല. ’’ സാധിക്കുമ്പോൾ യോഗയും വർക് ഒൗട്ടുമൊക്കെ അപർണ ചെയ്യുന്നുണ്ട്.

‘‘ ചില ദിവസങ്ങളിൽ നന്നായി ഉറങ്ങാൻ പറ്റും. ചില ദിവസങ്ങളിൽ ഉറക്കം കുറയും. സ്ട്രെസ് ഉള്ളപ്പോ ൾ വെബ്സീരീസ് കാണാനിഷ്ടമാണ്... അപർണ പുഞ്ചിരിക്കുന്നു.