Tuesday 22 February 2022 02:11 PM IST : By ഡോ. ആശ ബിജു

35 കഴിഞ്ഞപ്പോഴേക്കും ചർമം മങ്ങി വരണ്ടുതുടങ്ങിയോ? ചർമത്തെ എന്നും ചെറുപ്പമാക്കിനിർത്താൻ ഇതാ വഴികൾ

dewr32435

ചർമം പ്രായത്തിന്റെയും ആരോഗ്യത്തിന്റെയും കണ്ണാടിയാണ് എന്നു പറയുന്നതിൽ അതിശയോക്തി ഒട്ടുമില്ല. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുക, ശരീരത്തിന് ദോഷകരമായിട്ടുള്ള എല്ലാവിധ ബാഹ്യ ഇടപെടലുകളിൽ നിന്നും സംരക്ഷണം നൽകുക എന്നതാണ് ചർമത്തിന്റെ ധർമം. പോഷകാഹാരക്കുറവു മുതൽ കരൾ രോഗം വരെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും ചർമത്തിലൂെട വെളിപ്പെടാറുണ്ട്.

ഏറുന്ന പ്രായം ചർമത്തിൽ വരുത്തുന്ന മാറ്റങ്ങളും അതുപോലെ പ്രകടമാകും. പ്രായമേറുന്തോറും ചർമത്തിലെ കോശങ്ങളുെട നവീകരണ പ്രക്രിയയുെട വേഗവും തോതും കുറഞ്ഞു വരുന്നതാണ് പ്രായം ചർമത്തിൽ പ്രകടമാകുന്നതിന്റെ അടിസ്ഥാന കാരണം. ഈ തോതിനെ കുറയ്ക്കാനോ, മറ്റു മാർഗങ്ങളിലൂെട അതിനെ മറച്ചു പിടിക്കാനോ പരിവർത്തനപ്പെടുത്താനോ കഴിഞ്ഞാൽ പ്രായമേറുന്ന ചർമ ലക്ഷണങ്ങളെ മറികടക്കാം.

ചർമത്തിലെ വരൾച്ച കൂടുന്നതു മുതൽ ചർമം ചുളിയുക, ചർമത്തിലെ നിറം മാറ്റം തുടങ്ങിയവയാണ് ചർമത്തിൽ പ്രായാധിക്യം പ്രകടമാക്കുന്ന പ്രധാന ലക്ഷണങ്ങൾ.

മുഖത്ത് പ്രായം വരുന്ന വഴി

ചർമത്തിനു പ്രായമേറാൻ തുടങ്ങുന്നത് മധ്യവയസ്സിനു ശേഷമല്ല, വേണ്ട മുൻകരുതലുകളെടുത്തില്ലെങ്കിൽ 25 കഴിയുമ്പോൾ തന്നെ ചർമത്തിന്റെ പ്രായം നമുക്കു മുൻപേ നടക്കാൻ തുടങ്ങും. ക്ഷീണിച്ച രൂപവും മങ്ങിയ ചർമവും ഏറ്റവും പ്രകടമാകുന്നത് മുഖത്താണ്. ചിലപ്പോൾ കണ്ണിനു താഴെയുള്ള പൊള്ളൽ പാടിനു സമാനമായ അടയാളം നമ്മെ അലട്ടാൻ തുടങ്ങും. ചർമത്തിന്റെ പ്രായമാകൽ പ്രക്രിയ ആരംഭിച്ചതിന്റെ ആദ്യ സൂചനയാണത്.

30–35 വയസ്സാകുമ്പോൾ തന്നെ ചർമത്തിനു മാർദ്ദവവും ഇലാസ്തികതയുമൊക്കെ നൽകുന്ന കൊളാജനും ഇലാസ്റ്റിനുമൊക്കെ തകരാറിലാവാൻ തുടങ്ങുന്നതിനാൽ പ്രായം വിളിച്ചോതുന്ന ചർമത്തിലെ രേഖകൾ തെളിഞ്ഞുകിടക്കാൻ തുടങ്ങും. 35–40 വയസ്സാകുമ്പോഴേക്കും മാഞ്ഞുപോകാത്ത വരകളായി ഇവ രൂപപ്പെട്ടുകഴിയും. ഇതിനോടൊപ്പം ചർമത്തിലെ നിറം മാറ്റം, വരൾച്ച, മുഖത്തു പലവിധ ടോണുകൾ എന്നിവയും രൂപപ്പെട്ടുകഴിഞ്ഞിരിക്കും. ചർമം നേർത്ത് വരണ്ടതായും മാറുന്നു.

40–50 വയസ്സെത്തുമ്പോൾ മുഖത്തെ കൊഴുപ്പ് ഗണ്യമായി കുറയുന്നു. ഇത് മൂലം പ്രായം കൂടുതൽ തോന്നിക്കുന്നു. പ്രായമേറുമ്പോൾ, കൊഴുപ്പ് താഴേക്കു നീങ്ങാൻ തുടങ്ങുന്നു. ഇത് കവിൾത്തടങ്ങൾ ഉൾവലിയുന്നതിലേക്കും നയിക്കും.

50കളിലും 60കളിലും അതിനുശേഷവും ശരീരത്തിലും ചര്‍മത്തിനടിയിലും കൊഴുപ്പിന്റെ വിതരണത്തിലുണ്ടാകുന്ന മാറ്റത്തിനു പുറമെ ശോഷണം(Resorption) മൂലം താടിയെല്ലുകൾ ചുരുങ്ങുക, നെറ്റിയുടെ ഇരുവശവും ഉൾവലിയുക, കവിളുകൾ പരന്നതാവുക തുടങ്ങിയവ സംഭവിക്കുന്നതോടെ പ്രായാധിക്യമോ വാർധക്യമോ തിരുത്താനാവാത്തവിധം മുഖത്തും പ്രകടമായിക്കഴിയും.

തിരുത്താം ലക്ഷണങ്ങൾ

ഘട്ടംഘട്ടമായി ചർമത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചു അവബോധമുണ്ടെങ്കിൽ നിങ്ങളുടെ സൗന്ദര്യം പഴയപടി ആക്കാനോ പ്രായാധിക്യം പ്രകടമാക്കുന്ന പ്രക്രിയകൾക്ക് കാലതാമസം വരുത്താനോ കഴിയും.

ചർമോപരിതലത്തിൽ മാത്രമല്ല, അതിനു താഴെയും സംഭവിക്കുന്ന മാറ്റങ്ങളുെട ഫലം കൂടിയാണ് ചർമപ്രശ്നങ്ങളുെട യഥാർഥ കാരണം. അതുകൊണ്ടുതന്നെ ചർമത്തിന്റെ ഉപരിതലത്തെ പരിചരിച്ചാൽ മാത്രം പ്രായമേറുന്ന ലക്ഷണങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കാനാവില്ല.

പരിഹാരം ആഴത്തിൽ

ചർമത്തിന്റെ കനം കുറയുന്നതും ചുളിവുകളുമാണ് പരിഹരിക്കേണ്ട ഒരു പ്രധാന പ്രശ്നം. കണ്ണുകൾക്ക് താഴെയും വായുെട വശങ്ങളിലും നെറ്റിയിലും മറ്റും വരകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. ഈ സമയം കൊളാജൻ ബൂസ്റ്റിങ് ക്രീമുകൾ, അമിനോ ആസിഡുകൾ, ഫാറ്റി ആസിഡ് സപ്ലിമെന്റുകൾ എന്നിവ ഉപയോഗിക്കാം. റേഡിയോ ഫ്രീക്വൻസി, മെഡിക്കൽ ഗ്രേഡ് പിലിങ്, മൈക്രോ നീഡ്‌ലിങ്, ബോട്ടോക്സ്, പിആർപി തുടങ്ങിയ ചികിത്സാ ഓപ്ഷനുകളും നിങ്ങളുടെ യൗവനഭംഗി തിരിച്ചുപിടിക്കുന്നതിനായി കോസ്മറ്റോളജിയിൽ വൈദഗ്ധ്യമുള്ള ഡോക്ടർക്ക് നൽകാനാകും.

മുഖവും കഴുത്തും വലിഞ്ഞുതൂങ്ങൽ

കൂടുതൽ പ്രായമാകുമ്പോള്‍ മുഖം ചുളുങ്ങി തുടങ്ങുന്നു. അതായത് മൂക്കിന്റെ അറ്റം, താടി, വായ, കൺപോളകൾ പുരികങ്ങൾ എന്നിവ ഇടിഞ്ഞു തൂങ്ങുന്നു. കൊഴുപ്പ് മുഖത്തിന്റെ താഴ്ഭാഗത്തു വൻതോതിൽ അടിയുന്നു. ഇത് പ്രായാധിക്യത്തിന്റെ മുഖ്യലക്ഷണമായി കാണാറുണ്ട്. എന്നാൽ ഒട്ടിപ്പോയ ഭാഗങ്ങളിൽ ചർമത്തിനടിയിലേക്ക് ‘ഡെർമ ഫില്ലറുകൾ’ വച്ച് ഈ പ്രശ്നം പരിഹരിക്കാനാവും.

മുഖത്തെയും കഴുത്തിലെയും ചില പേശികൾ ചുരുങ്ങിപ്പോകുന്നത് പ്രായാധിക്യം എടുത്തുകാണിക്കും. അത് ഒഴിവാക്കാൻ ബന്ധപ്പെട്ട പേശികളിലേക്ക് ബോട്ടോക്സിന്റെ ചെറിയ കുത്തിവയ്പുതന്നെ മതിയാകും. പുരികത്തിന്റെ ആകൃതിയും മൂക്കിന്റെ അഗ്രവും ബോട്ടോക്സ് ഉപയോഗിച്ച് ശരിയാക്കാം. ‘പ്ലാറ്റിസ്മ’ എന്ന് വിളിക്കപ്പെടുന്ന പേശികളിലേക്ക് ബോട്ടോക്സ് കുത്തിവയ്പുകൾ മൂലം നിങ്ങളുടെ മുഖം താഴേക്ക് തൂങ്ങുന്നതിൽ നിന്നും സംരക്ഷിക്കുന്നു. പ്രായമേറുമ്പോൾ ചുണ്ടുകൾ വരളുന്നതും സാധാരണമാണ്. ചുണ്ടുകളിൽ നന്നായി ഈപ്പം നിലനിർത്താനുള്ള മാർഗങ്ങളും പരിഗണിക്കണം.

‘മിസോതെറപ്പി’ പോലെ പുതിയ ചികിത്സാമാർഗങ്ങളിലൂെട ചർമത്തെ കൂടുതൽ സുരക്ഷിതമായി, യൗവനയുക്തമാക്കാൻ സഹായിക്കും. മരുന്നുകൾ ഉപയോഗിച്ചുതന്നെ ചർമം മുറുക്കാനുള്ള വിവിധ രീതികളും ഇന്നു ലഭ്യമാണ്. കൈകൾ ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ ചികിത്സാ രീതികളിലൂെട ചർമ യൗവനം വീണ്ടെടുക്കാം.

പെട്ടെന്നു ഭാരം കുറയ്ക്കരുത്

പൊടുന്നനെ ശരീരഭാരം അമിതമായി കുറയ്ക്കുന്നത് ചർമത്തിന്റെ പ്രായം കൂട്ടും. ആവശ്യമായ ഫാറ്റി ഓയിൽ സപ്ലിമെന്റുകൾ കഴിക്കുന്നതും ഗുണം ചെയ്യും. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ പോലും കോസ്മെറ്റിക് ഫിസിഷന് അവ പരിഹരിക്കാനുള്ള പല മാർഗങ്ങളും നിർദേശിക്കാനാകും. അല്ലാതെ അനാരോഗ്യകരവുമായ വണ്ണം കുറയ്ക്കൽ മാർഗങ്ങൾ തേടരുത്.

പഞ്ചസാര കൂടുതലുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് ഒഴിവാക്കുക, ഉപ്പ് കുറയ്ക്കുക, പുകവലി, മദ്യപാനം ഉപേക്ഷിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നതും ചർമം യൗവനയുക്തമായി നിലനിൽക്കാൻ സഹായിക്കും. ചർമ സൗന്ദര്യം നിലനിർത്തുന്നതിന് പതിവ് പരിചരണവും പ്രയത്നവും ആവശ്യമാണ്. സൗന്ദര്യ ശാസ്ത്രശാഖ വളരെയേറെ പുരോഗമിച്ചതിനാൽ കൃത്യമായ ചികിത്സാരീതിയിലൂടെ ഏത് പ്രായക്കാരിലും നഷ്ടപ്പെട്ട മുഖസൗന്ദര്യവും ശരീരസൗന്ദര്യവും വീണ്ടെടുത്തു നൽകാൻ വൈദഗ്ദ്ധ്യം നേടിയ ഒരു ഡോക്ടർക്ക് കഴിയും.

ചർമത്തിലെ ഈർപ്പം നഷ്ടപ്പെടാൻ തുടങ്ങുമ്പോഴാണ് ചർമം മങ്ങിയതും വരണ്ടതുമായി മാറുന്നത്. കൂടാതെ ചർമത്തിലെ നിര്‍ജ്ജീവ കോശങ്ങൾ എളുപ്പത്തിൽ പൊഴിഞ്ഞുപോകാതെയും വരും. ഇത് ചർമം കൂടുതല്‍ ഇരുണ്ടതാക്കി മാറ്റുന്നു. സൂര്യപ്രകാശം ഈ മാറ്റങ്ങളെ വഷളാക്കുന്നു. ഇത്തരം മാറ്റങ്ങളെ പ്രതിരോധിക്കാനായി പതിവായി സൺ സ്ക്രീൻ ഉപയോഗിക്കണം. ഹൈലൂറോണിക് ആസിഡ്, വൈറ്റമിൻ സി, അടങ്ങിയ മോയിസ്ചറൈസറുകളും നൈറ്റ് ക്രീമുകളും പതിവായി ഉപയോഗിച്ചാൽ നല്ല ഫലം ചെയ്യും. ഒമേഗÐ3 സപ്ലിമെന്റുകൾ കഴിക്കുന്നതും നല്ലതാണ്. മതിയായ ഉറക്കം, വ്യായാമം സമീകൃതാഹാരം എന്നിവ തീർച്ചയായും ആവശ്യമാണ്.

ഡോ. ആശാ ബിജു

കൺസൽറ്റന്റ് ഏസ്തെറ്റിക് ഫിസിഷൻ

& കോസ്മെറ്റിക് ലേസർ സർജൻ,

വോ ഫാക്ടർ മെഡികോസ്മെറ്റിക് സ്കിൻ & ലേസർ സെന്റർ,

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Beauty Tips