Friday 05 August 2022 06:33 PM IST : By സ്വന്തം ലേഖകൻ

താരൻ ഒരു ശല്യമാണോ?

dandruff3545

ജീവിതത്തിൽ ഒരിക്കലെങ്കിലും താരനുമായി ബന്ധപ്പെട്ട പ്രശ്നം അഭിമുഖീകരിക്കാത്തവർ വിരളമായിരിക്കും. ആശങ്കപ്പെടേണ്ട രോഗാവസ്ഥ അല്ലെങ്കിൽ കൂടിയും പലപ്പോഴും താരന്റെ ശല്യം നമ്മുടെ ആത്മവിശ്വാസത്തെ കെടുത്തിക്കളയും. സർവസാധാരണമായ പ്രശ്നം ആയതുകൊണ്ടു തന്നെ താരനെക്കുറിച്ചു വളരെയേറെ തെറ്റിദ്ധാരണകളുംജനമനസ്സുകളിൽ വേരുറപ്പിച്ചിട്ടുണ്ട്.

എന്താണ് താരൻ?

നമ്മുടെ ചർമ്മത്തിനു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്. അതിൽ ഏറ്റവും മുകളിലത്തെ ഭാഗമായ എപ്പിഡെർമിസിനെ (epidermis) ശരീരം തുടർച്ചയായി പുതുക്കിക്കൊണ്ടിരിക്കും. പഴയ കോശങ്ങൾ ചർമത്തിന്റെ ഉപരിതലത്തിലേക്കു നീങ്ങുകയും പുറന്തള്ളപ്പെടുകയും ചെയ്യും. ഇങ്ങനെ ദിവസേന പുറന്തള്ളപ്പെടുന്ന മൃതകോശങ്ങൾ കുളിക്കുമ്പോഴും മറ്റും നമ്മൾ പോലും അറിയാതെ നീക്കപ്പെടുന്നു. എന്നാൽ ചില അവസരങ്ങളിൽ ഇങ്ങനെയുണ്ടാകുന്ന മൃതകോശങ്ങളുടെ അളവു കൂടുകയോ, അവ വളരെ വേഗത്തിൽ ഉണ്ടാകുകയോ ചെയ്യും. അതോടൊപ്പം ചൊറിച്ചിൽ, നീറ്റൽ തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകാം. ശിരോചർമത്തിലെ ഈ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ നാം അതിനെ താരൻ എന്നു വിളിക്കും. ചെറിയ അളവിൽ വരണ്ട പൊടിപോലെയുള്ള താരൻ മുതൽ വളരെയധികം കട്ടിയുള്ള പൊറ്റ പോലെ ശിരോചർമത്തിലും മുടിയിലും പറ്റിപ്പിടിച്ചിരിക്കുന്ന താരൻ വരെ ഉണ്ടാകാം.

എല്ലാത്തരം താരനുവേണ്ടിയും ഒരേ ചികിത്സയല്ല നല്‍കുന്നത്. ഏറ്റവും കൂടുതലായി കാണപ്പെടുന്ന താരൻ സെബോറിക് ഡെർമറ്റൈറ്റിസ് (Seborrhoeic Dermatitis) എന്ന രോഗാവസ്ഥയാണ്. ഇതു പൊതുവെ പ്രായ പൂർത്തിയായവരിലാണു കാണപ്പെടുന്നതെങ്കിലും നവജാതശിശുക്കളിലും ചെറിയ തോതിൽ ഉണ്ടാകാം.

താരൻ ചർമരോഗമാകുമ്പോൾ

സെബോറിക് ഡെർമറ്റൈറ്റിസ് ഉണ്ടാകാനുള്ള കാരണം കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും സാധാരണയായി എല്ലാവരുടെയും തൊലിപ്പുറത്തുള്ള ഒരു തരം ഫംഗസിന് (പൂപ്പൽ) താരനണ്ടാക്കുന്നതിൽ വലിയ പങ്കുണ്ട്. ചർമത്തിലെ എണ്ണമയം ഉണ്ടാക്കുന്ന സ്നേഹഗ്രന്ഥികൾ (Sebaceous glands) കൂടുതലായി കണപ്പെടുന്ന ഭാഗങ്ങളായ മുഖം, ശിരോചർമം, നെഞ്ചിന്റെയും മുതുകിന്റെയും മുകൾ ഭാഗം എന്നിവിടങ്ങളിലാണ് ഈ ഫംഗസ് കൂടുതലായി കാണപ്പെടുന്നത്. സ്നേഹഗ്രന്ഥികളിൽ നിന്നുണ്ടാകുന്ന സ്രവത്തിലെ (Sebum) കൊഴുപ്പുമായി പ്രതിപ്രവർത്തിച്ച് ഈ ഫംഗസ് ഉണ്ടാക്കുന്ന ചില ഫാറ്റി ആസിഡുകൾ ചർമത്തിൽ ചുവന്ന പാടുകളും താരനും ചൊറിച്ചിലും ഉണ്ടാക്കുന്നു. ഈ ഗ്രന്ഥികൾ കൂടുതൽ പ്രവർത്തനക്ഷമമാകുന്നതു പ്രായപൂർത്തിയാകുന്നതോടെ ആയതിനാലാണ് സെബോറിക് ഡെർമറ്റൈറ്റിസും ഈ പ്രായക്കാരിൽ ഉണ്ടാകുന്നത്. ചില മരുന്നുകൾ പ്രത്യേകിച്ചു ജന്നിക്ക് (Epilepsy) നൽകുന്നവ താരൻ വർദ്ധിപ്പിക്കാറുണ്ട്.. എന്തെങ്കിലും രോഗകാരണത്താൽ വളരെയധികം ദിവസം കുളിക്കാതിരുന്നാൽ ഈ ഫംഗസിന്റെ പ്രവർത്തനം വർധിച്ച് താരൻ കൂടുകയും ചെയ്യും.

ഗ്ലൈസീമിക് ഇൻഡക്സ് കൂടിയ ഭക്ഷണം (ചോക്കലേറ്റ്, സംസ്കരിച്ച ധാന്യപ്പൊടി തുടങ്ങിയവ) കൂടുതലായി കഴിച്ചാൽ താരൻ കൂടാം.

ചിലപ്പോൾ നവജാതശിശുക്കളിൽ താരൻ കാണാറുണ്ട്. അമ്മയുടെ ശരീരത്തിൽ നിന്നു കുഞ്ഞിലെത്തുന്ന ഹോർമോണുകളാണ് ഇതുണ്ടാക്കുന്നത്. സാധാരണഗതിയിൽ പ്രത്യേകിച്ചൊരു ചികിത്സയും ആറുമാസത്തിനുള്ളിൽ ഈ താരൻ നിശേഷം ഇല്ലാതാകും.

സോറിയാസിസും താരനും

സെബോറിക് ഡെർമറ്റൈറ്റിസ് കഴിഞ്ഞാൽ, കൂടുതൽ പേരിലും താരനുണ്ടാക്കുന്ന രോഗമാണ് സോറിയാസ് (Psoriasis). സെബോറിക് ഡർമറ്റൈറ്റിസിൽ നിന്നും വ്യത്യസ്തമായി സോറിയായിസ് ഉള്ളവരിൽ ശല്ക്കങ്ങൾ കൂടുതലായിരിക്കുകയും പൊറ്റപിടിച്ചിരിക്കുകയും ശിരോചർമത്തിൽ ഒട്ടാകെ കാണുന്നതിനു പകരം ചില കാരണങ്ങളിൽ മാത്രം കൂടുതലായും കാണും. മിക്കപ്പോഴും വെള്ളിപോലെ വെളുത്ത നിറത്തിലാണ് ഈ ശൽക്കങ്ങൾ കാണുന്നത്. ചിലരിൽ സോറിയാസിസ് ശിരോചർമത്തെ മാത്രം ബാധിക്കുന്നുവെങ്കിൽ മറ്റു ചിലരിൽ ശരീരത്തിലെ ഇതരഭാഗങ്ങളിലും ശൽക്കങ്ങളോടുകൂടിയ ചുവന്ന തടിച്ച പാടുകൾ ഉണ്ടാകാറുണ്ട്.

രക്താദിസമ്മർദത്തിന്റെ ചികിത്സയ്ക്കുപയോഗി

ക്കുന്ന ചിലതരം മരന്നുകൾ സോറിയാസിസിന്റെ കാഠിന്യം കൂട്ടാറുണ്ട്. മാനസിക സമ്മർദം അനുഭവിക്കുന്നവരിലും സോറിയാസിസ് രൂക്ഷമാകാം.

ശിരോചർമത്തെ ബാധിക്കുന്ന സോറിയാസിസ് ചികിത്സിക്കാൻ ചർമകോശങ്ങളുടെ വേഗത്തിലുള്ള വർധന കുറയ്ക്കുന്ന കോൾടാർ അടങ്ങിയ ഷാംപൂ ആണു പ്രധാനമായും ഉപയോഗിക്കുന്നത്, കട്ടികൂടിയ ശൽക്കങ്ങളെ ഇളക്കിക്കളയുന്ന മരുന്നുകളും അവ ഫലിക്കാത്തവർക്ക് ഉള്ളിൽ കഴിക്കുന്ന മരുന്നുകളും നൽകാറുണ്ട്. സോറിയായിസ് രോഗികൾക്ക് ഒമേഗ3 ഫാറ്റി ആസിഡഡ് അടങ്ങിയ ആഹാരവും (പ്രധാനമായും ചില മത്സ്യങ്ങൾ) ഗുളികകളും സഹായകമാകാറുണ്ട്. അതോടൊപ്പം അധികം മാനസിക സമ്മർദമുണ്ടാകാതെ നോക്കുന്നതും അസുഖത്തെ നിയന്ത്രിച്ചു നിർത്താൻ ഉപകരിക്കും.

ശിരോചർമ്മത്തെ ബാധിക്കുന്ന ഡെർമറ്റോഫൈറ്റ് (Dermatophyte) വിഭാഗത്തിൽ പെടുന്ന ഫംഗസ് ബാധയും താരന്റെ ശല്യം രൂക്ഷമാക്കും. ഈ രോഗമുണ്ടാകുമ്പോൾ ചൊറിച്ചിലിനും താരനും ഒപ്പം വട്ടത്തിൽ മുടി കൊഴിഞ്ഞും പോകാറുണ്ട്.

ഹെയർ ഡൈ സ്ഥിരമായി ഉപയോഗിക്കുന്ന ചിലരിൽ പൊടി പോലെയുള്ള താരൻ ഉണ്ടാകാറുണ്ട്. വളരെ വീര്യമേറിയ ഷാംപൂ സ്ഥിരമായി ഉപയോഗിച്ചാലും ഇങ്ങനെയുണ്ടാകാം.

താരന് എണ്ണ പുരട്ടാമോ?

കുളിക്കുന്നതിനു മുമ്പു ശിരസ്സിൽ ചെറിയ അളവിൽ എണ്ണ പുരട്ടാം. മാത്രവുമല്ല കുളി കഴിഞ്ഞതിനു ശേഷമുള്ള എണ്ണ ഒഴിവാക്കണം. ചിലർക്കു താരനോടൊപ്പം ചെറിയ തോതിൽ മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. താരനുവേണ്ടിയുള്ള ചികിത്സ കൊണ്ടുതന്നെ മിക്കവാറും മുടികൊഴിച്ചിലും കുറയും. അപൂർവം ചിലർക്ക് താരന്റെ ചികിത്സക്കുപയോഗിക്കുന്ന ലേപനങ്ങൾ മുടികൊഴിച്ചിൽ ഉണ്ടാക്കാമെങ്കിലും ക്രമേണ അതു ഭേദമാകും.

താരൻ ശല്യം ഒഴിവാക്കാൻ

‌ആദ്യമായി നാം മനസ്സിലാക്കേണ്ടത്, താരനെതിരെയുള്ള ചികിത്സ കുറച്ചു നാൾ സ്ഥിരമായി ചെയ്യേണ്ടിവരും എന്നതാണ്. പൊടിപോലെയുള്ള താരൻ നീക്കം ചെയ്യാൻ മിക്കപ്പോഴും പ്രത്യേക മരുന്നുകൾ ചേർന്നിട്ടില്ലാത്ത (Non-medicated) ഷാംപൂ മതിയാകും. ഷാംപൂ തെരഞ്ഞെടുക്കുമ്പോൾ വീര്യമേറിയവ (Detergent അടങ്ങിയവ) ഒഴിവാക്കാൻ ശ്രദ്ധിക്കണം. അതു കൂടാെത ഒരു നല്ല ഹെയർ കണ്ടീഷണർ ഷാംപൂ ഉപയോഗിച്ചതിനുശേഷം മുടിയിൽ നിർബന്ധമായി പുരട്ടി കഴുകണം. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തലയോട്ടി കഴുകുന്നതാണു നല്ലത്. ഓർക്കുക – ഷാംപൂ ശീരോചർമത്തിനുള്ളതും കണ്ടീഷനർ മുടിക്കുള്ളതുമാണ്.

സെബോറിക് ഡെർമറ്റൈറ്റിസിന്റെ ചികിത്സയ്ക്കു ആന്റി ഫംഗൽ മരുന്നുകളടങ്ങിയ ഷാംപൂവാണ് ഉപയോഗിക്കുന്നത്. താരൻ കൂടുതലായി ഉള്ളവർക്ക് തുടക്കത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മരുന്നുപയോഗിക്കാം. ക്രമേണ മരുന്നിന്റെ ഉപയോഗം ആഴ്ചയിലൊരിക്കലോ, രണ്ടാഴ്ചയിലോരിക്കലോ ആയി മിതപ്പെടുത്താം. ചൊറിച്ചിൽ അധികമുണ്ടെങ്കിൽ സ്റ്റീറോയ്ഡ് അടങ്ങിയ ലേപനങ്ങൾ കുറച്ചു ദിവസത്തേക്ക് ഉപയോഗിക്കേണ്ടതായി വരും.

Tags:
  • Manorama Arogyam