Thursday 22 September 2022 03:27 PM IST

തൊണ്ണൂറിൽ നിന്നും അറുപത്തിയഞ്ചിലേക്ക് സൂപ്പർ ജമ്പ്; ഒറ്റയടിക്ക് ദേവി ചന്ദന വണ്ണം കുറച്ചത് ഇങ്ങനെ; ചിത്രങ്ങൾ

Asha Thomas

Senior Sub Editor, Manorama Arogyam

devi

ഭാര്യ സീരിയൽ തുടങ്ങിയ സമയത്ത് ദേവിചന്ദന ഒരു ഒന്നൊന്നര വില്ലത്തിയായിരുന്നു. നല്ല തണ്ടും തടിയുമുള്ള, ഏതു മരുമകളും മുട്ടാൻ മടിക്കുന്ന അമ്മായി അമ്മ. പോകപ്പോകെ അമ്മായി അമ്മയ്ക്കു വന്ന മാറ്റം കണ്ട് പ്രേക്ഷകർ മൂക്കത്തുവിരൽവച്ചു. 90 കിലോയിൽ നിറഞ്ഞുനിന്ന അമ്മായി അമ്മ മെലിഞ്ഞൊതുങ്ങി ചെറുപ്പക്കാരിയായിരിക്കുന്നു.

‘‘ അവർക്കു ഷുഗറാണ്. ഇനി മധുരമിട്ടൊന്നും കൊടുക്കരുത് എന്നൊരു ഡയലോ ഗ് തിരുകി സംവിധായകൻ പ്രേക്ഷകരുടെ ആശയക്കുഴപ്പം പരിഹരിച്ചു. പക്ഷേ എനിക്ക് ഫ്രീയായി ഒരു ഉപദേശം കൂടി തന്നു. ‘കൂടുതൽ മെലിഞ്ഞാൽ ഇനി അമ്മയും അമ്മായിഅമ്മയുമൊന്നും ആയി അഭിനയിക്കാൻ പറ്റില്ല കേട്ടോ’എന്ന്. ’’ഒരു പൊട്ടിച്ചിരിക്ക് തിരികൊളുത്തി വണ്ണം കുറച്ചതിനേക്കുറിച്ച് ദേവിചന്ദന സംസാരിച്ചു തുടങ്ങി.

വർക് ഔട്ട് വിഡിയോ

‘‘നടൻ രാജേഷ് ഹെബ്ബാർ ഫെയ്സ് ബുക്കിൽ നടത്തിയ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് ഞാനിട്ട വർക് ഔട്ട് വിഡിയോ വൈറലായതോടെയാണ് വണ്ണം കുറച്ചതാണെന്ന് ആളുകൾക്ക് മനസ്സിലായത്. അതുവരെ ഷുഗറിനു കഴിക്കുന്നത് ഗുളികയാണോ ഇൻസുലിനാണോ എന്നായിരുന്നു ചോദ്യം. എന്താ ഇത്ര മനഃപ്രയാസം, ഭർത്താവു കൂടെയില്ലേ? എന്നു ചോദിച്ചവരുമുണ്ട് കേട്ടോ... (വീണ്ടും പൊട്ടിച്ചിരി).

കല്യാണം കഴിഞ്ഞാണ് ഞാൻ തടിച്ചുതുടങ്ങിയത്. പഠിക്കുന്ന കാലത്ത് ഡാൻസും പാട്ടുമൊക്കെയായി മുഴുവൻ സമയ കലാകാരിയായിരുന്നു. അന്ന് നന്നേ മെലിഞ്ഞിട്ടാണ്. സീരിയലായാലും സിനിമയായാലും പ്രായത്തേക്കാൾ മുതിർന്ന കഥാപാത്രങ്ങളേയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് ഈ വണ്ണമൊരു പ്രശ്നമായി തോന്നിയിട്ടേയില്ല. നൃത്തവും അഭിനയവുമൊക്കെയായി ഒഴുക്കിലങ്ങു പോകുമ്പോൾ ഒാരോരുത്തരായി പറഞ്ഞുതുടങ്ങി വണ്ണം കൂടുന്നല്ലോ എന്ന്.

d1

ആയിടയ്ക്കാണ് നീന്തൽ പഠിക്കാൻ സാഹചര്യം ഒത്തുവന്നത്. പണ്ടുമുതലേയുള്ള ആഗ്രഹമാണ് നീന്തൽ പഠിക്കണമെന്നത്. കൊച്ചിയിലെ സെന്ററിൽ നീന്തൽ പഠിക്കുന്ന സമയത്ത് ഫിറ്റ്നസ് പ്രേമികളായ കുറേ സുഹൃത്തുക്കളുണ്ടായി. അവരാണ് പറഞ്ഞത് ശരീരഭാരം കുറച്ചാൽ കൂടുതൽ നന്നായി നീന്താമെന്ന്.

ജിമ്മിൽ പോയപ്പോൾ

അങ്ങനെ ഇടപ്പള്ളിയിൽ ഒരു ജിമ്മിൽ പോകാൻ തുടങ്ങി. ഭാരമെടുക്കുന്നതുൾപ്പെടെയുള്ള വ്യായാമങ്ങളാണ് ചെയ്തിരുന്നത്. മുൻപ് പലതവണ ജിമ്മിൽ പോയിരുന്നെങ്കിലും ഷൂട്ടിങ് തിരക്കുമൂലം തുടരാൻ പറ്റിയിരുന്നില്ല. പക്ഷേ, പുതിയ സെന്ററിലെ സമയം വളരെ ഫ്ലെക്സിബിൾ ആയിരുന്നു. എപ്പോഴാണോ ഫ്രീ ആകുന്നത് ആ സമയത്തു പോയി ചെയ്യാം. എന്റെ ഭർത്താവ് കിഷോറും അവിടെ തന്നെയായിരുന്നു വർക് ഔട്ട് ചെയ്തിരുന്നത്. അതും സൗകര്യമായി.വണ്ണം കുറയ്ക്കുന്നത് നന്നായി വിയർത്തുതന്നെയാകണമെന്ന് എനിക്കുണ്ടായിരുന്നു.

ആദ്യ വർഷം ഒന്നോ രണ്ടോ കിലോയാണ് കുറഞ്ഞത്. ആർക്കാണെങ്കിലും നിർത്തി പോകാൻ തോന്നും. പക്ഷേ, ഞാൻ ക്ഷമകെട്ടില്ല. ഡയറ്റിങ് തുടങ്ങി. രാത്രി വളരെ വൈകി വയറുനിറയെ കഴിക്കുന്ന ശീലമുണ്ടായിരുന്നു.പ്രഭാതഭക്ഷണം കഴിക്കുകയുമില്ല. ആ ശീലം മാറ്റി, ഭക്ഷണം കൃത്യസമയത്ത് കഴിച്ചുതുടങ്ങി.

ഞാൻ സ്വതവേ സസ്യഭുക്കാണ്. അതുകൊണ്ട് ഡയറ്റിൽ വലിയ മാറ്റമൊന്നും വേണ്ടിവന്നില്ല. പനീർ, എണ്ണമയമുള്ളതും വറുത്തതുമായ ഭ ക്ഷണം എന്നിവ കുറച്ചു. ചോക്ലേറ്റ് ജീവനായിരുന്നു. വിദേശത്തൊക്കെ പോയാൽ ആദ്യം വാങ്ങുക ചോക്ലേറ്റാണ്. കഷ്ടപ്പെട്ടാണെങ്കിലും അ തും ഒഴിവാക്കി. അരിഭക്ഷണം തീരെ കഴിക്കാതാ യി. രാവിലെ ഒാട്സ് അല്ലെങ്കിൽ കോൺ ഫ്ലേക്സ്. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തി, കറി. ഇടനേരങ്ങളിൽ വിശപ്പുതോന്നിയാൽ സാലഡോ ഡ്രൈ ഫ്രൂട്സോ കഴിക്കും. പണ്ടു തൊട്ടേ ചായ, കാപ്പി, പാല് ഇവെയാന്നും കുടിക്കുന്ന ശീലമില്ല. രാത്രിഭക്ഷണം സാലഡാണ്. ചിലപ്പോൾ ചപ്പാത്തി കഴിക്കും. 5,6 മാസം ഭയങ്കര പ്രശ്നമായിരുന്നു. പക്ഷേ ബുദ്ധിമുട്ടി തന്നെ അത് നേരിട്ടു. എല്ലാവർക്കും വണ്ണം കുറയ്ക്കാമെങ്കിൽ എന്തുകൊണ്ട് എനിക്കും കുറച്ചുകൂടാ എന്നു വാശിപിടിച്ചു.

d2

ലൊക്കേഷനിലും വർക് ഔട്ടിനേക്കുറിച്ചാണ് സംസാരം. കൂടെ അഭിനയിക്കുന്നവരും മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്. ഡാൻസ് പരിശീലനവും കൂടിയായപ്പോൾ രണ്ടര വർഷംകൊണ്ട് 25 കിലോ കുറഞ്ഞു. ഇപ്പോൾ പഴയ ദേവിയായെന്ന് പണ്ടു കണ്ടിട്ടുള്ളവരൊക്കെ പറയും.

വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവരോട് ഒ ന്നേ പറയാനുള്ളൂ. ഹെൽതിയായി വണ്ണം കുറയ്ക്കണമെങ്കിൽ നല്ല ക്ഷമ വേണം. കുറുക്കുവഴികൾ ഇല്ലേയില്ല.