Monday 31 October 2022 03:42 PM IST : By സ്വന്തം ലേഖകൻ

ഹെന്നയ്ക്കൊപ്പം ബീറ്റ്റൂട്ട് ചേർത്താൽ മുടിയ്ക്ക് കടുംനിറം കിട്ടും; നരയെ ഓടിക്കാൻ ഹെന്ന, ഉപയോ​ഗിക്കേണ്ട രീതി അറിയാം

henna445666vhnjj

നീളം കുറഞ്ഞാലും മുടിക്ക് കരുത്തും ആരോഗ്യവും ഉണ്ടാകണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ഇതിന് ഒരു ഉത്തമ ഉപാധിയാണ് ഹെന്ന. മുടികൊഴിച്ചിൽ, താരൻ ഇവയെ ഒരു പരിധി വരെ തടയാൻ ഹെന്ന സഹായിക്കും. തലയോട്ടിയ്ക്കും മുടിക്കും ആരോഗ്യം നിലനിർത്തുകയും തണുപ്പ് പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഹെന്ന മുടിക്കു മുകളിൽ അൾട്രാ വയലറ്റ് പ്രൊട്ടക്ഷൻ ആയി സഹായിക്കുന്നു. മാർക്കറ്റിൽ ലഭ്യമായ ഹെന്നകളിൽ മിക്കവയിലും കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് വീട്ടിൽ തന്നെ പൊടിച്ചുണ്ടാക്കി ഹെന്ന ചെയ്യാവുന്നതാണ്.

ഹെന്നയുടെ ഗുണങ്ങൾ

∙ മുടികൊഴിച്ചിൽ, താരൻ ഇവയെ ഒരു പരിധി വരെ തടയുന്നു

∙ തലയോട്ടിക്ക് തണുപ്പ് പ്രദാനം ചെയ്യുന്നു

∙ മുടിക്ക് പൊലിപ്പം തോന്നാൻ സഹായിക്കുന്നു

∙ മുടി വളരാൻ സഹായിക്കുന്നു

∙ മുടിക്കും തലയോട്ടിക്കും ആരോഗ്യം പ്രദാനം ചെയ്യുന്നു

∙ തൈര്, ഒലിവ് ഓയിൽ എന്നിവ ചേർത്ത് തലയോട്ടിയിൽ പിടിപ്പിക്കുന്നത് നല്ലൊരു കണ്ടീഷനറാണ്

∙ മുടിയുടെ നര ഒഴിവാക്കാനും ഇത് ഉത്തമോപാധിയാണ്. നരച്ച മുടിയുടെ നിറം ഇതുവഴി മാറിക്കിട്ടും.

ദോഷങ്ങൾ

∙ തുമ്മൽ പോലുള്ള അലർജി ഉള്ളവർ ഹെന്ന ഉപയോഗിക്കാതിരിക്കുന്നതാകും നല്ലത്.

∙ തണുപ്പ് കൂടുമ്പോൾ ചിലരിൽ ചിലതരം തടിപ്പുകൾ വരാൻ സാധ്യതയുണ്ട്.

∙ കെമിക്കലുകൾ അടങ്ങിയ ഹെന്ന ആണെങ്കിൽ അലർജി ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

ഹെന്ന ഉപയോ​ഗിക്കേണ്ട രീതി

∙ ഹെന്നപ്പൊടിക്കൊപ്പം മുടിയുടെ ​ഗുണത്തിന് ആവശ്യാനുസരണം പലതരം വസ്തുക്കൾ ചേർക്കാം. മുടിക്ക് നിറം കിട്ടാൻ തേയിലപ്പൊടി, തണുപ്പു കിട്ടാൻ ഉണക്കനെല്ലിക്കാപ്പൊടി, മൃദുവാകാൻ തൈര്, താരനും പേനും അകറ്റാൻ ഷിക്കാക്കായി, കണ്ടീഷനിങ്ങിന് മുട്ടയുടെ വെള്ള എന്നിവ ചേർക്കാം. 

∙ റെഡ്ഡിഷ് ബ്രൗൺ നിറമാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ ഹെന്നയുടെ കൂടെ അൽപം നാരാങ്ങാനീരും തൈരും തേയിലവെള്ളം തിളപ്പിച്ചാറിയതും ചേർത്ത് പേസ്റ്റ് തയാറാക്കുക. 

∙ ഹെന്നയും ബ്ലാക്ക് കോഫിയും കുഴമ്പു രൂപത്തിലാക്കി മുടിയിൽ 3-4 മണിക്കൂർ പുരട്ടി വയ്ക്കുക.

∙ ബർ​ഗണ്ടി ഷേയ്ഡാണ് വേണ്ടതെങ്കിൽ അൽപം ബീറ്റ്റൂട്ട് ജ്യൂസ് ചേർത്ത് ഹെന്ന പേസ്റ്റ് തയാറാക്കുക.

∙ കൂടുതൽ കടുത്ത ഷേഡ് കിട്ടാൻ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ രണ്ടു ചെറിയ സ്പൂൺ ബ്ലാക് ടീ പൊടി ചേർത്ത് ഒരു കപ്പാക്കി തിളപ്പിച്ചെടുക്കുക. അതിനുശേഷം ഇത് തണുപ്പിക്കാൻ വയ്ക്കുക. ഒരു ബീറ്റ്റൂട്ട് ചെറുതായി നുറുക്കി രണ്ടു കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു കപ്പാക്കി കുറുക്കിയെടുത്ത് ഇതും ആറാൻ വെയ്ക്കുക. രണ്ടും തണുത്തു കഴിഞ്ഞാൽ അരിച്ചെടുത്ത് മികസ് ചെയ്യുക. ഒരു കപ്പ് ഹെന്ന പൗഡർ, മുട്ടയുടെ വെള്ള, ചെറിയ സ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതെ ആറു മണിക്കൂർ അടച്ചു സൂക്ഷിച്ചശേഷം തലയിൽ പുരട്ടാം. നാലു മണിക്കൂർ ഇത് തലയിൽ സൂക്ഷിച്ചാൽ മുടിക്ക് നല്ല നിറം കിട്ടും. 

Tags:
  • Glam Up