Thursday 03 February 2022 12:58 PM IST : By മനോരമ ആരോഗ്യം ആർകൈവ്

എണ്ണയിൽ കുളിച്ചതുപോലാണോ മുഖം? ശരിയാക്കാൻ ഈ ടിപ്സ് പരീക്ഷിക്കാം

vu656

‘എണ്ണയിൽ കുളിച്ചതുപോലെയുണ്ടല്ലോ നിന്റെ മുഖം’ എന്നു കേട്ടുമടുത്തോ? മുഖത്ത് അധികമായുള്ള എണ്ണമയം നീക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ടിപ്സ് ഇതാ.

∙ പഞ്ചസാരയും രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരും കലർത്തി അതുകൊണ്ട് മുഖം മൃദുവായി ഉരച്ച് കഴുകുക. ഇതും മുഖത്ത് അധികമായുള്ള എണ്ണമയം നീക്കും.

∙ ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ച് അതിൽ രണ്ടു മൂന്നു തുള്ളി നാരങ്ങാനീര് കൂടി കലർത്തി മുഖത്തു പുരട്ടിവയ്ക്കുക. ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകിക്കളയാം. എണ്ണമയം നീങ്ങി മുഖം വൃത്തിയാകും. എണ്ണമയമുള്ള ചർമം ഉള്ളവർ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പായ്ക്കും സ്ക്രബും ഉപയോഗിക്കുക.

∙ തുളസിലയും ആര്യവേപ്പിലയും ഇട്ട് വെള്ളം തിളപ്പിച്ച് അതിന്റെ ആവി മുഖത്തുകൊള്ളുക. ഇത് മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കും എണ്ണയും നീക്കും. എണ്ണമയമുള്ള ചർമം ഉള്ളവരിൽ മുഖക്കുരു വരുന്നത് തടയാനും ഈ ആവികൊള്ളൽ സഹായിക്കും.

∙ യാത്ര പോകുമ്പോഴോ ജോലിക്കു പോകുമ്പോഴോ ഒക്കെ കയ്യിൽ ഒരു ബ്ലോട്ടിങ് പേപ്പർ കരുതുക. അധികമായി പുറത്തേക്കുവരുന്ന എണ്ണമയം ഒപ്പിക്കളയാം.

∙ ഇടയ്ക്കിടെ ശുദ്ധജലം കൊണ്ട് മുഖം കഴുകാം. പ്രത്യേകിച്ച് വ്യായാമത്തിനു ശേഷവും യാത്രകൾക്കു ശേഷവുമൊക്കെ.

∙ വാസ്‌ലിൻ, കോക്കോ ബട്ടർ പോലെയുള്ള ക്രീമിയായതും കട്ടിയുള്ളതുമായ ഉൽപന്നങ്ങൾ ഉപയോഗിക്കരുത്.

∙ എണ്ണമയമുള്ള ചർമം ഉള്ളവർ നിർബന്ധമായും ദിവസവും ഉറങ്ങുന്നതിനു മുൻപ് വളരെ ശ്രദ്ധയോടെ മേക്കപ് നീക്കണം. എന്നിട്ട് അതെങ്കിലും ടോണർ ഉപയോഗിച്ച് ടോൺ ചെയ്യണം. തുടർന്ന് മോയിസ്ചറൈസ് ചെയ്യണം. എണ്ണമയമുള്ള ചർമം ഉള്ളവർ വാട്ടർ ബേസ്ഡ് ആയ മോയിസ്ചറൈസർ ഉപയോഗിക്കുന്നതാകും നല്ലത്. സ്പ്രേ മോയിസ്ചറൈസറും ഉപയോഗിക്കാം.

വിവരങ്ങൾക്ക് കടപ്പാട്

‍ോ. റീമാ പത്മകുമാർ, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Beauty Tips