Tuesday 27 September 2022 11:07 AM IST

സിക്സ് പായ്ക്കിനോ, ബോഡിക്കോ വേണ്ടിയല്ല ഈ അധ്വാനം: ചിട്ടയായ ജീവിതം: അരവിന്ദ് വേണുഗോപാലിന്റെ ഫിറ്റ്നസ് രഹസ്യം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

aravindsinger23

“നഗുമോ ഒാ മു ഗനലേ നി നാ ജാലി തെലിസി

നനു ബ്രോവാ രാധാ ശ്രീ രഘുവരാ നി...

‘ഹൃദയം’ എന്ന ചിത്രത്തിൽ ഈ ത്യാഗരാജ കീർത്തനം കേട്ടിരിക്കുമ്പോൾ നമ്മുടെ ഹൃദയങ്ങളിൽ ആനന്ദത്തിന്റെ മഴ പെയ്യിക്കുന്നത് ആ ഗായകന്റെ സ്വരമാധുരിയാണ്. ആ യുവഗായകൻ മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയ ഗായകൻ ജി. വേണുഗോപാലിന്റെ പുത്രൻ അരവിന്ദ് വേണുഗോപാൽ. തമിഴിലും കന്നഡയിലും മലയാളത്തിലും പുതിയ പാട്ടുകളുമായി അരവിന്ദ് തിരക്കിലാണ്. തിരക്കിനിടയിലും സ്വരശുദ്ധിയിലും ആരോഗ്യസംരക്ഷണത്തിലും ഏറെ ശ്രദ്ധയുണ്ട് അരവിന്ദിന് .

വ്യായാമം ഗൗരവമായി കാണുന്നുണ്ടോ?

എനിക്ക് ചിട്ടപ്പെടുത്തിയ ദിനചര്യകൾ ഇഷ്ടമാണ്. കൃത്യസമയത്ത് ഉണരുക, ഉറങ്ങുക, ഭക്ഷണം കഴിക്കുക അങ്ങനെ ചിട്ടയോടെ ജീവിക്കുന്നതാണ് ഇഷ്ടം. വ്യായാമം ചെയ്യുന്നുണ്ട്. കുറേ വർഷങ്ങളായി കൃത്യമായി ബാഡ്മിന്റൻ കളിക്കുന്നുണ്ട്. രാവിലെ 7-9 മണി വരെ കളിക്കും. അതുകൊണ്ട് രാവിലെ ആറേകാലോടെ ഉണരും. കുറച്ചു മാസങ്ങളായി ഇതേ സമയത്ത് ജിമ്മിലും പോകുന്നുണ്ട്. വർക്ഔട്ടുകളും ചെയ്യുന്നുണ്ട്. നല്ല ബോഡിക്കോ, സിക്സ് പായ്ക്കിനോ വേണ്ടിയല്ല ഇതു ചെയ്യുന്നത്. ഇത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.

മൂന്നുവർഷത്തോളമായി ഞാൻ  റെഗുലർ വർക്ഔട്ട് ചെയ്യുന്നുണ്ട്. കുറഞ്ഞത് 45 മിനിറ്റു മുതൽ ഒരു മണിക്കൂർ വരെ ചെയ്യും.
ഹൈ ഇന്റൻസിറ്റി ഇന്റർവൽ ട്രെയിനിങ് (high intensity interval training ) എന്നൊരു വർക്ഔട്ടാണ് പ്രിഫർ ചെയ്യുന്നത്. ഇപ്പോൾ തിരുവനന്തപുരത്ത് ഒരു ജിമ്മിൽ പോകുന്നുണ്ട്. അവിടെ ഒരു വേവ് പ്രോഗ്രാം എന്നു പറയാം - കെറ്റിൽ ബെൽസ്, അസോൾട്ട് ബൈക്സ്... ഇതെല്ലാം അതിലുണ്ട്. കാർഡിയോ, വെയ്റ്റ് ഇവ തുല്യമായി ചെയ്യുന്ന സിസ്റ്റമാണ്. കഴിയുന്നിടത്തോളം ഒരാഴ്ചയിൽ നാലു ദിവസം വ്യയാമത്തിനു മാറ്റി വയ്ക്കും. ഷോകൾക്കും മറ്റുമായി യാത്രകൾ കൂടുന്ന സമയത്ത് വ്യായാമം ഒന്നു കുറയും.

ഗായകനെന്ന നിലയിൽ ആഹാരക്രമീകരണം?

ഞാൻ നോൺ വെജിറ്റേറിയനാണ്. എല്ലാത്തരം നോൺവെജ് ആഹാരവും ഇഷ്ടമാണ് -ചിക്കൻ, ഫിഷ്, മട്ടൻ, ബീഫ് അങ്ങനെയെല്ലാം. പൊതുവെ ഭക്ഷണത്തോടു നല്ല ഇഷ്ടമാണ്. തണുത്തതും ചൂടുള്ളതുമെല്ലാം കഴിക്കും. എന്നാൽ റിക്കോ‍ഡിങ്ങോ, ഷോയോ ഉണ്ടെങ്കിൽ അതിനു രണ്ടു ദിവസം മുൻപ് തണുത്ത ആഹാരവും കൂടുതൽ എരിവുള്ളവയും ഒഴിവാക്കും.ഉദാ. വെള്ളിയാഴ്ച ആണ് റിക്കോഡിങ് എങ്കിൽ ബുധനാഴ്ച മുതൽ തണുത്ത പാനീയങ്ങളും ഐസ്ക്രീമും ഒഴിവാക്കും. അല്ലാതെ റെഗുലർ ആയി ഡയറ്റും കാര്യങ്ങളും ഇല്ല. തണുത്തതെന്തെങ്കിലും കഴിച്ചതിനു ശേഷം ഉപ്പുവെള്ളം കൊണ്ടു ഗാർഗിൾ ചെയ്യാറുണ്ട്. റിക്കോഡിങ്ങിനു പോകുമ്പോൾ ഇളംചൂടുവെള്ളത്തിൽ തേൻ ചേർത്ത് ഫ്ളാസ്കിൽ കൊണ്ടു പോകും. ഇടയ്ക്കു കുടിക്കാനാണ്.

ഞാൻ നോൺ വെജിറ്റേറിയനായതുകൊണ്ട് മാംസത്തിലൂടെ കൂടുതൽ പ്രോട്ടീൻ ലഭിക്കുന്നു. അതു ബാലൻസു ചെയ്യാൻ പച്ചക്കറികൾ കഴിക്കും. അമിതമായി കഴിക്കരുത്. വിശപ്പുമാറിക്കഴിഞ്ഞ് ഒരു എക്സ്ട്രാ സെർവിങ്ങിനു പോകുന്നത് ഒഴിവാക്കണം എന്നാണു ഞാൻ വിശ്വസിക്കുന്നത്. രാവിലെ അമ്മ ഉണ്ടാക്കുന്ന ഇഡ്‌ലി/ദോശയാണിഷ്ടം. ചട്നിയോ സാമ്പാറോ കൂടെ കഴിക്കും. അതാണ് ഏറ്റവും ഇഷ്ടമുള്ള പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് ചോറും മീൻ കറിയും. വെണ്ടയ്ക്ക/ബീൻസ് തോരന്‍ ഏറെ ഇഷ്ടമാണ്.

ഒരു കപ്പ് ചോറും പച്ചക്കറികളും മീൻകറിയും ആയിരിക്കും ഉച്ചഭക്ഷണം. രാത്രി ചപ്പാത്തി Ð വെജിറ്റബിൾ കറി /പനീർ... അങ്ങനെ അമ്മ ഉണ്ടാക്കുന്നതു കഴിക്കും. പുറത്തു പോയാലും ഈ രീതിയിൽ കഴിക്കും. ഇംഗ്ലിഷ് ബ്രേക് ഫാസ്റ്റ് എനിക്ക് ഇഷ്ടമാണ് . സോസേജസ് Ð എഗ്സ് അങ്ങനെ...

സമ്മർദം കുറയ്ക്കുന്നത് എങ്ങനെയാണ് ?
പണ്ടു മുതലേ എന്റെ സ്ട്രെസ് ബസ്റ്റർ സംഗീതം തന്നെയാണ്. ആ സമയത്ത് ഇഷ്ടം തോന്നുന്ന പാട്ട് വീണ്ടും വീണ്ടും കേൾക്കും. അത് എന്നെ ശാന്തതയിലെത്തിക്കും. 10Ðാം ക്ലാസ്സിലെ ബോഡ് എക്സാം ദിവസങ്ങളിലും പാട്ടു കേട്ടിട്ടാണു പോയിരുന്നത്. പാട്ടു കേൾക്കുമ്പോൾ പൊസിറ്റീവ് എനർജി നിറയും.

ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നത് ?

റുട്ടീൻ ഹെൽത് ചെക്കപ്പുകൾ ചെയ്യാറുണ്ട്. മറ്റ് ആ രോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല. സപ്ലിമെന്റ്സ് ആവശ്യമെങ്കിൽ കഴിക്കും.

∙ ‍സന്തോഷത്തെ നിർവചിക്കാമോ?

ഭാവിയെക്കുറിച്ച് അധികം വേവലാതിപ്പെടാതെ, ക ഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ച് സമ്മർദപ്പെടാതെ ഇന്നിൽ, ഈ നിമിഷത്തിൽ ജീവിക്കുക.

ജീവിതം പഠിപ്പിച്ച പ്രധാന പാഠം എന്താണ്?

എന്തു ചെയ്താലും നൂറുശതമാനം പ്രതിബദ്ധത വേണം. അതേക്കുറിച്ചു ബോധ്യം വേണം. സത്യസന്ധതയും പുലർത്തണം. എന്തു ചെയ്താലും സത്യസന്ധമായ കാര്യങ്ങൾക്കു വേണ്ടിയായിരിക്കണം. ഇതു പറഞ്ഞു തന്നത് അച്ഛനാണ്.

Tags:
  • Manorama Arogyam
  • Celebrity Fitness