Monday 14 February 2022 05:03 PM IST : By മനോരമ ആരോഗ്യം ആർകൈവ്

കാരറ്റും കാപ്സിക്കവും നാരകവിഭാഗത്തിലുള്ള പഴങ്ങളും: കണ്ണിന്റെ സൗന്ദര്യത്തിന് കഴിക്കേണ്ടതറിയാം

eye233

കണ്ണിന്റെ അഴകിനും ആരോഗ്യത്തിനും ഒമേഗാ 3 ഫാറ്റി ആസിഡ്, ല്യൂട്ടിൻ, സിങ്ക്, ബീറ്റാകരോട്ടിൻ, വൈറ്റമിനുകൾ, സിയാസാന്തീൻ എന്നീ പോഷകങ്ങൾ വേണം.

മീൻ

സാൽമൺ (കോര), ട്യൂണ (ചൂര), മണി അയല മുതലായ മീനുകൾ ആഴ്ചയിൽ 3,4 ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മീനുകളുടെ ഗുണം നിൽക്കണമെങ്കി ൽ കറിവയ്ക്കുകയോ ഗ്രില്ലിൽ ബ്രോസ്റ്റ് ചെയ്യുകയോ ആണ് നന്ന്. വറുത്താൽ ഫാറ്റി ആസിഡുകൾ നശിക്കും.

മുട്ട

കണ്ണിന്റെ ആരോഗ്യത്തിന് മുട്ട അത്യന്താപേക്ഷിതമാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ വൈറ്റമിൻ എ, ല്യൂട്ടീൻ, സിയാസാന്തിൻ, സിങ്ക് ഇവയുണ്ട്. ഇവ ഏജ് റിലേറ്റഡ് മസ്ക്യുലാർ ഡീജനറേഷൻ, തിമിരം ഇവയിൽ നിന്ന് കണ്ണിനെ സംരക്ഷിക്കും. ഇവ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്താം.

നട്സ്

ബദാം, പീനട്ട്, കശുവണ്ടി, സൂര്യകാന്തിവിത്തുകൾ ഇവ ഉൾപ്പെടെ ഒരുപിടി നട്സ് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്താം. കാലറി കൂടുതലായതുകൊണ്ട് കൂടുതൽ അളവിൽ കഴിക്കരുത്. വൈറ്റമിൻ ഇ, എ ഇവയുടെ കലവറയാണ് നട്സ്.

പാലും തൈരും

150ml പാലും അരകപ്പ് തൈരും ആഹാരത്തിൽ ഉൾപ്പെടുത്താം. ഇത് വൈറ്റമിൻ എ, സിങ്ക് എന്നിവ നൽകുന്നു.

പച്ചിലകൾ

കാബേജ്, ബ്രോക്കോളി, സ്പിനച്ച് ഇവയിൽ ഏതെങ്കിലും 150 ഗ്രാം ദിവസവും കഴിക്കുന്നതു നല്ലതാണ്. കരോട്ടിൻ കിട്ടാൻ കാരറ്റ്, പപ്പായ, മത്തങ്ങ, മധുരക്കിഴങ്ങ്, കാപ്സിക്കം (പല കളറിലും ലഭ്യമാണ്) റെഡ് പെപ്പർ ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവയിൽ ല്യൂട്ടീൻ, വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.

പഴവർഗങ്ങൾ

ഓറഞ്ച്, മാങ്ങാ, ഗ്രേപ്പ് ഫ്രൂട്ട്, നാരങ്ങ എന്നിങ്ങനെയുള്ള നാരക വിഭാഗത്തിലെ പഴവർഗങ്ങൾ വൈറ്റമിൻ സി, ഇ ഇവയെല്ലാം നൽകുന്നു. ഇവയിൽ ആന്റിഓക്സിഡന്റ് ധാരാളമുണ്ട്. പഴങ്ങളും പച്ചക്കറികളും ചൂടാക്കുമ്പോൾ വൈറ്റമിൻ സി നഷ്ടപ്പടുന്നതുകൊണ്ട്,സാലഡ് രൂപത്തിലും അധികം പാകം ചെയ്യാതെയും കഴിക്കാൻ ശ്രദ്ധിക്കുക. ദിവസവും ഒരു പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. സാലഡ് ഡ്രസിങ് ആയി ഒലീവ് ഓയിൽ ഉപയോഗിച്ചാൽ നന്ന്.

മാംസവും കോഴിയിറച്ചിയും

സിങ്കും വൈറ്റമിൻ എയും കിട്ടാൻ, ബീഫ്, പോർക്ക്, കോഴി ഇവ 100 ഗ്രാം ഡയറ്റിൽ ഉൾപ്പെടുത്തുക.

വെള്ളം

ധാരാളം വെള്ളം കുടിക്കുക, കണ്ണിന്റെ വരൾച്ച തടയാനും നിർജലീകരണം തടയാനും വെള്ളം കുടിക്കണം.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ആഹാരങ്ങൾ ഉദാ. സ്വീറ്റ് ബ്രഡ്, ബേക്കറി ഉൽപന്നങ്ങൾ, പായ്ക്ക്ഡ് ഫൂഡ്സ്, സൂപ്പുകൾ, ടൊമാറ്റോ സോസ്, കാൻഡ് ഫൂഡ്സ്, മധുരപാനീയങ്ങൾ, മദ്യം, കഫീൻ ഇവയിലെ ഉപ്പ്, പ്രിസർവേറ്റീവുകൾ എന്നിവ കണ്ണിന് വീക്കം ഉണ്ടാകാം. ഇവ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

Tags:
  • Manorama Arogyam
  • Beauty Tips