Thursday 09 March 2023 05:22 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

ആദ്യഘട്ടത്തിലേ തിരിച്ചറിയാം, വൃക്കമാറ്റിവയ്ക്കൽ ഒഴിവാക്കാം: ഇന്നു ലോക വൃക്കാരോഗ്യ ദിനം

kidney4555

മനുഷ്യന്റെ ശരീരത്തിലെ പ്രധാന വിസര്‍ജ്ജന അവയവങ്ങളായ വൃക്കകള്‍ നട്ടെല്ലിന്റെ ഇരുഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. പയര്‍ മണിയുടെ ആകൃതിയില്‍ ഏതാണ്ട് 150 ഗ്രാം തൂക്കം മാത്രം വരുന്ന വൃക്കകള്‍ മനുഷ്യശരീരത്തിലെ രക്തത്തിലെ മാലിന്യം അരിച്ചെടുത്ത് മൂത്രരൂപത്തില്‍ പുറം തള്ളുന്ന ജോലിയില്‍ നിരന്തരം ഏര്‍പ്പെട്ടിരിക്കുന്നു. ശരീര കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന, ശരീരത്തിന് ആവശ്യമില്ലാത്ത ആസിഡുകള്‍ പുറംതള്ളുക, രക്തസമ്മര്‍ദം സാധാരണനിലയിലാക്കുന്നവ അടക്കമുള്ള ചില ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുക, എല്ലുകള്‍ക്കു ശക്തി നല്‍കുന്ന ജീവകം -വൈറ്റമിന്‍ ഡി ഉല്‍പാദനം, ചുവന്ന രക്താണുക്കളുടെ ഉല്‍പാദനം നിയന്ത്രിക്കുക, രക്തത്തില്‍ ജലം, ഉപ്പ്, ലവണങ്ങളായ സോഡിയം, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ സന്തുലനം നിലനിര്‍ത്തുക തുടങ്ങിയ സങ്കീര്‍ണ്ണമായ ജോലികളേറെയുണ്ട് വൃക്കകള്‍ക്കു ചെയ്തു തീര്‍ക്കാന്‍. ഓരോ നെഫ്രോണിലും രക്തക്കുഴലുകള്‍ കൊണ്ടുള്ള ഫില്‍റ്ററിങ് യൂണിറ്റ് അടങ്ങിയിട്ടുണ്ട്. ദശലക്ഷത്തോളം പ്രവര്‍ത്തനയൂണിറ്റുകള്‍ അടങ്ങിയതാണ് ഓരോ വൃക്കയും.

'എല്ലാവര്‍ക്കും വൃക്കാരോഗ്യം-അപ്രതീക്ഷിതമായതിന് തയ്യാറെടുക്കുക, ദുര്‍ബലരെ പിന്തുണയ്ക്കുക' എന്ന സന്ദേശവുമായാണ് ഈ വര്‍ഷം വൃക്കദിനം ആചരിക്കപ്പെടുന്നത്. വൃക്കസംരക്ഷണത്തിന്റ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുന്നതിനാണ് ലോക വൃക്കദിനമായി മാര്‍ച്ച് മാസത്തിലെ രണ്ടാം വ്യാഴാഴ്ച ആചരിക്കുന്നത്. 2023-ല്‍ മാര്‍ച്ച് ഒമ്പതിനാണ് ദിനാചരണം. ഇന്റര്‍നാഷനല്‍ സൊസൈറ്റി ഓഫ് നെഫ്രോളജി (ഐ.എസ്.എന്‍.), ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് കിഡ്നി ഫൗണ്ടേഷന്‍സ് (ഐ.എഫ്.കെ.എഫ്.) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വൃക്കദിനം ആചരിക്കുന്നത്.

വൃക്കകള്‍ക്ക് പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുമ്പോള്‍, സ്തംഭനമുണ്ടാകുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചു പോകുന്നു. ഇതോടെ മുഖത്തും കാലുകളിലും നീര്‍ക്കെട്ട്, വിശപ്പില്ലായ്മ, ഛര്‍ദ്ദി, ക്ഷീണം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടു വരുന്നു. മറ്റൊന്ന് ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ രക്താതി സമ്മര്‍ദ്ദവും പ്രധാന ലക്ഷണങ്ങളില്‍ പെടും.

വൃക്കരോഗത്തിന്റെ ആദ്യഘട്ടങ്ങള്‍ ഭക്ഷണം നിയന്ത്രിച്ചും മരുന്നുകള്‍ കഴിച്ചും രോഗം നിയന്ത്രിച്ചു കൊണ്ടു പോകാന്‍ സാധിക്കും. കുറച്ചു കാലം കഴിഞ്ഞ് വൃക്കകളുടെ അവസ്ഥ കൂടുതല്‍ മോശമാകുമ്പോള്‍ വൃക്ക സ്തംഭനം അഥവാ കിഡ്‌നി ഫെയ്‌ലിയര്‍ എന്ന അവസ്ഥയിലേക്ക് നീങ്ങും.

അക്യൂട്ട് കിഡ്‌നി ഫെയ്‌ലിയര്‍

താല്‍ക്കാലികമായ വൃക്കസ്തംഭനവും- അക്യൂട്ട് കിഡ്‌നി ഫെയ്‌ലിയര്‍, സ്ഥിരമായ വൃക്കസ്തംഭനവും - ക്രോണിക് കിഡ്‌നി ഫെയ്‌ലിയര്‍ - ഉണ്ട്. വളരെ പെട്ടെന്ന് സംഭവിക്കുന്ന, കുറച്ചു ദിവസങ്ങള്‍ക്കുള്ളിലോ മാസങ്ങള്‍ക്കുള്ളിലോ കാണപ്പെടുന്ന വൃക്കസ്തംഭനമാണ് അക്യൂട്ട് കിഡ്‌നി ഫെയ്‌ലിയര്‍. അണുബാധയാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. മലേരിയ, ഡെങ്കിപ്പനി, തുടങ്ങിയവ മൂലം ഉണ്ടാകുന്ന അണുബാധകള്‍ രോഗകാരണമായി വരുന്നു. ചില പ്രത്യേക മരുന്നുകള്‍ ഉപയോഗിച്ചാലും അത് വൃക്ക സ്തംഭനത്തിന് കാരണമായേക്കാം. ഇത്തരത്തില്‍ അക്യൂട്ട് കിഡ്‌നി ഫെയ്‌ലിയര്‍ സംഭവിച്ചവര്‍ കൃത്യമായ ചികിത്സയെടുത്താല്‍ രോഗാവസ്ഥ മാറുകയും വൃക്കകളുടെ പ്രവര്‍ത്തനം തിരികെയെത്തുകയും ചെയ്യാം.

ക്രോണിക് കിഡ്‌നി ഫെയ്‌ലിയര്‍

സ്ഥായിയായ വൃക്ക സ്തംഭനം അഥവാ ക്രോണിക് കിഡ്‌നി ഫെയ്‌ലിയര്‍

കിഡ്നി കേടുവരികയും രക്തത്തിലെ മാലിന്യം വേര്‍തിരിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഈയൊരു രോഗാവസ്ഥ രൂക്ഷമാകുമ്പോള്‍ വൃക്ക പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകും.

പ്രമേഹ രോഗമാണ് ഈ രോഗത്തിന്റെ പ്രധാന വില്ലന്‍. കൂടാതെ ഹൈപ്പര്‍ ടെന്‍ഷന്‍, ഇടയ്ക്കിടെയുണ്ടാകുന്ന വൃക്കയിലെ അണുബാധ, കല്ലുകള്‍, ജന്മനാല്‍ വൃക്കകള്‍ക്ക് സംഭവിക്കുന്ന രോഗങ്ങള്‍ എന്നിവയാണ് ക്രോണിക് കിഡ്‌നി ഫെയ്‌ലിയറിന്റെ മറ്റു കാരണങ്ങള്‍. കുറഞ്ഞ കാത്സ്യം, ഉയര്‍ന്ന തോതിലുള്ള പൊട്ടാസ്യം, ഫോസ്ഫറസ്, വിശപ്പ് കുറവ്, വിഷാദരോഗം തുടങ്ങിയവയാണ് ക്രോണിക് കിഡ്നി ഡിസീസിന്റെ മറ്റു ലക്ഷണങ്ങള്‍. വൃക്കയുടെ പ്രവര്‍ത്തനം ശരിയാംവണ്ണം നടക്കാതെ വരുമ്പോള്‍ രക്തത്തില്‍ മാലിന്യത്തിന്റെ തോത് കൂടി നീര് നിറയും. ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഇത് വഴിവെക്കും.

ഡയാലിസിസ്

ഈ രോഗികള്‍ക്കു മുന്നില്‍ രണ്ടു ചികിത്സാ രീതികളാണ് ഇപ്പോഴുള്ളത്. ഡയലാസിസിസ്, അല്ലെങ്കില്‍ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ അഥവാ കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍. ഡയാലിസിസ് രണ്ടു വിധമുണ്ട്. ശരീരത്തിലുള്ള രക്തം സൂചിയിലൂടെ പുറത്തെടുത്ത് ആര്‍ട്ടിഫിഷ്യല്‍ കിഡ്‌നി എന്ന സംവിധാനത്തിലൂടെ ശുദ്ധീകരിച്ച് ശരീരത്തിലേക്ക് തിരിച്ചു കയറ്റുന്ന രീതിയാണ് ഹീമോ ഡയാലിസിസ്. രോഗിയുടെ തന്നെ വയറ്റിനകത്തുള്ള പെരിറ്റോണിയല്‍ മെംബ്രെയ്ന്‍ ഉപയോഗിച്ചുള്ള പെരിറ്റോണിയല്‍ ഡയാലിസിസ് ആണ് മറ്റൊരു രീതി.

വൃക്ക മാറ്റിവയ്ക്കല്‍

രോഗികളെ സംബന്ധിച്ചിടത്തോളം ഡയാലിസിസിസിനെക്കാള്‍ അഭികാമ്യമായത് വൃക്ക മാറ്റിവയ്ക്കലാണ്. എന്നാല്‍ അതിന് സ്വന്തം കുടുംബത്തില്‍ നിന്നോ മറ്റോ അനുയോജ്യമായ വൃക്ക ദാതാവിനെ ലഭിക്കുക എന്നതാണ് പ്രധാനം. അതേ സമയം മറ്റ് അവയവങ്ങളെല്ലാം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഏറ്റവും ഫലപ്രദമായി ചെയ്യാന്‍ കഴിയുക. ആറു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ശസ്ത്രക്രിയയാണിത്. അമിതമായ രീതിയില്‍ വേദനാ സംഹാരികള്‍ ഉപയോഗിക്കുന്നതും സമീപകാലത്ത് കൂടുതല്‍ പേരെ കടുത്ത രോഗാവസ്ഥയിലേക്ക് തള്ളിവിടുന്നുണ്ട്.

ശസ്ത്രക്രിയ ചെയ്താലും വൃക്കയുടെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ ചില പ്രത്യേകം മരുന്നുകള്‍ കഴിക്കേണ്ടതുണ്ടാകും. ഡയാലിസിസിനു പകരം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തവര്‍ക്ക് അവരുടെ തുടര്‍ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടു പോകാന്‍ ഒരു പരിധിവരെ സാധിക്കും. ക്രോണിക് കിഡ്‌നി രോഗ ബാധിതരായ എല്ലാരോഗികളുടെയും കിഡ്നി പ്രവര്‍ത്തനരഹിതമാകണമെന്നില്ല. 90 ശതമാനം വരെയും പ്രവര്‍ത്തനം ഇല്ലാതെയാകുന്ന അവസ്ഥയുണ്ടാകാം. ഇത്തരത്തില്‍ 90 ശതമാനവും പ്രവര്‍ത്തനം നിലയ്ക്കുന്ന സാഹചര്യത്തിലാണ് മരുന്നുകള്‍ കൊണ്ടു മാത്രമുള്ള ചികിത്സയ്ക്കു പകരം ഡയാലിസിസിലേക്ക് നീങ്ങേണ്ടി വരുന്നത്. രോഗം പൂര്‍ണമായും സുഖപ്പെടുത്താനാകില്ലെങ്കിലും, ശരിയായ ചികിത്സയിലൂടെ ഗുരുതരമാകുന്നത് പ്രതിരോധിക്കാന്‍ സാധിക്കും.

മറ്റേതൊരു രോഗം പോലെയും രോഗം നേരത്തെ കണ്ടുപിടിക്കുകയെന്നതാണ് വൃക്കകളുടെ കാര്യത്തിലും പ്രധാനം. പ്രമേഹം, രക്തസമ്മര്‍ദം, ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍, കുടുംബത്തില്‍ സി.കെ.ഡി. രോഗബാധിതര്‍ ഉള്ളവര്‍/ ഉണ്ടായിരുന്നവര്‍ തുടങ്ങിയവര്‍ രോഗസാധ്യതയുണ്ടോയെന്ന് അറിയാന്‍ പരിശോധനയ്ക്ക് വിധേയരാകുന്നത് ഉചിതമാകും.

മറ്റു വൃക്കരോഗങ്ങള്‍

വൃക്ക അടക്കമുള്ള അവയവങ്ങളില്‍ കുമിളകള്‍ നിറയുന്ന പോളിസിസ്റ്റിക് കിഡ്നി ഡിസീസ്, വൃക്കകളില്‍ പ്രോട്ടീന്‍ അടിഞ്ഞുകൂടി, രക്തത്തെ അരിക്കുന്ന ചെറു അരിപ്പകളെ (ഗ്ലോമറൂലി) തകരാറിലാക്കുന്ന രോഗം -ഐജിഎ നെഫ്രോപതി (IgA Nephropathy), വൃക്കകളിലെ ചെറുഅരിപ്പകള്‍ക്ക് ക്ഷതം സംഭവിച്ച് മാലിന്യവും ജലാംശവും വേര്‍തിരിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥ- ഗ്ലോമറൂലോ നെഫ്രൈറ്റിസ്, ശരീരത്തിന്റെ പ്രതിരോധകോശങ്ങളെ നശിപ്പിക്കുന്ന ഓട്ടോ ഇമ്യൂണ്‍ ഡിസീസുകളില്‍പെട്ട ലൂപസ് നെഫ്രൈറ്റിസ്, രക്തക്കുഴലുകളില്‍ രക്തം ചെറുകട്ടകളായി മാറി, വൃക്ക അടക്കമുള്ള അവയവങ്ങളിലേക്ക് രക്തയോട്ടം തടയുന്ന രോഗം - എടിപിക്കല്‍ ഹീമോലിറ്റിക് യൂറീമിക് സിന്‍ഡ്രോം, സിസ്റ്റൈന്‍ എന്ന രാസവസ്തു ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന അപൂര്‍വ രോഗാവസ്ഥ-സിസ്റ്റിനോസിസ് തുടങ്ങിയവയെല്ലാം വൃക്കകളെ ബാധിക്കുന്ന രോഗങ്ങളാണ്. വൃക്കകളുടെ ഏതൊരു രോഗാവസ്ഥയും ക്രോണിക് കിഡ്‌നി ഡിസീസ് ആയി പരിണമിച്ചേക്കാം.

വൃക്കകളെ സംരക്ഷിക്കാന്‍:

ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കുക. പഴങ്ങള്‍, പച്ചക്കറി, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞതോ തീരെ ഇല്ലാത്തതോ ആയ പാലും പാലുല്‍പന്നങ്ങളും തുടങ്ങിയ ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തുക. ഉപ്പ്, പഞ്ചസാര നിയന്ത്രണം വരുത്തുക. ദിനേന അരമണിക്കൂര്‍ നേരമെങ്കിലും വ്യായാമം ശീലമാക്കുക. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള വ്യായാമങ്ങള്‍ മാത്രം ചെയ്യാന്‍ ശ്രദ്ധിക്കുക. അനുയോജ്യമായ ശരീരഭാരം നിലനിര്‍ത്തുക. നന്നായി ഉറങ്ങുക. ദിവസം ശരാശരി എട്ടു മണിക്കൂറെങ്കിലും ഉറക്കം പതിവാക്കുക. മദ്യപാനവും പുകവലിയും വൃക്കകളെ ബാധിക്കും. ഇവ രണ്ടും നിയന്ത്രിക്കണം.

മാനസിക പിരിമുറുക്കം നിയന്ത്രിച്ച് സമാധാനത്തോടെയുള്ള ജീവിതം നേടാന്‍ വേണ്ടിയുള്ള മാറ്റങ്ങള്‍ സ്വീകരിക്കുക.

ഡോ. വിനു ഗോപാല്‍,

സീനിയര്‍ കണ്‍സല്‍ട്ടന്റ്,

സെന്റര്‍ ഫോര്‍ നെഫ്രോ-യൂറോ സയന്‍സസ്, സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍,

മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്

Tags:
  • Manorama Arogyam
  • Health Tips