Thursday 01 December 2022 02:21 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ കുഞ്ഞ് കണ്ണ് ഇടയ്ക്കിടെ അടച്ചു തുറക്കാറുണ്ടോ? ശ്രദ്ധിക്കുക ഈ ലക്ഷണങ്ങള്‍ കാഴ്ചപ്രശ്‌നങ്ങളുടെ തുടക്കമാകും

paedeye536

 ഇന്ന് കുട്ടികളിൽ ഏറ്റവും കൂടുതൽ കാണുന്ന കാഴ്ചാപ്രശ്നങ്ങൾ എന്തെല്ലാമാണ്? ഏതു പ്രായക്കാരിലാണ് ഇതു കൂടുതലും കാണുന്നത്?

കുട്ടികളിലെ നേത്രപ്രശ്നങ്ങളുടെ പ്രധാനകാരണങ്ങൾ റിഫ്രാക്ടിവ് എറർ (വെളിച്ചം റെറ്റിനയിൽ പതിക്കാതിരിക്കുക) , കോങ്കണ്ണ്, ഗ്ലോക്കോമ, തിമിരം, പീളസഞ്ചിയുടെ രോഗങ്ങൾ തുടങ്ങിയവയാണ്. വളരുന്ന പ്രായത്തിലാണ് ഇവ കൂടുതലായി കാണുന്നത്.

ഈ േരാഗങ്ങളുെട ചികിത്സ എങ്ങനെ? വിശദമാക്കാമോ?

കാഴ്ചക്കുറവിനു കാരണം റിഫ്രാക്ടിവ് എറർ ആണെങ്കിൽ അവർക്കു മതിയായ പരിശോധനകൾ നടത്തി കണ്ണടകൾ നൽകുകയാണ് പരിഹാരം. കോങ്കണ്ണ് കണ്ണടകൊണ്ടു മാറുന്നതാണെങ്കിൽ കണ്ണട നൽകും. അല്ലെങ്കിൽ വ്യായാമം നിർദേശിക്കും. ചിലപ്പോൾ ശസ്ത്രക്രിയ ആവശ്യമായി വരാം. തിമിരമാണ് കാരണമെങ്കിൽ അത് നീക്കം ചെയ്യുന്നതാണ് ചികിത്സ. ഗ്ലോക്കോമ എന്ന അസുഖത്തിന് മർദം കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിക്കും.  അല്ലെങ്കിൽ ശസ്ത്രക്രിയയിലൂെട പരിഹാരം കാണാം.

ജന്മനാലുള്ള കണ്ണിന്റെ പ്രശ്നങ്ങൾ എന്തെല്ലാമാണ്? ഇവയുെട ചികിത്സ എങ്ങനെ?

ജന്മനാതന്നെ കുട്ടികൾക്ക് തിമിരം ഉണ്ടാകാം. ഗ്ലോക്കോമയും വരാം. തിമിരമാണെങ്കിൽ അത് നീക്കം ചെയ്യുക. ഗ്ലോക്കോമയ്ക്കു മർദം കുറക്കാനുള്ള ശസ്ത്രക്രിയയും.

വളരെ ചെറുപ്പത്തിലെ  കണ്ണട വയ്ക്കേണ്ടി വരുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? കണ്ണട നിർദേശിച്ചിട്ടും അതു ഉപയോഗിക്കാതിരുന്നാൽ കാഴ്ച വീണ്ടും പ്രശ്നമാകുമോ?

ചെറുപ്രായത്തിൽ തന്നെ കണ്ണടകൾ വയ്ക്കുമ്പോൾ നമ്മൾ ആദ്യം ചെയ്യേണ്ടത് അതുവയ്‌ക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.  കൃത്യമായ ഫ്രെയിം ആണോ, വലിയ ഫ്രെയിം ആണോ എന്ന് ഉറപ്പുവരുത്തുക. കുട്ടി കണ്ണാടിയുടെ മുകളിലൂടെ നോക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക, എല്ലായ്പോഴും കണ്ണട വയ്ക്കുന്നതിനു പ്രോത്സാഹിപ്പിക്കുക. കണ്ണടകൾ ഡോക്ടർ നിർദേശിച്ചിട്ട് ചെയ്തില്ലെങ്കിൽ ചിലപ്പോൾ കാഴ്ചകുറവുള്ള കണ്ണ് ഉപയോഗിക്കാതെയായിപ്പോകാൻ സാധ്യതയുണ്ട്. അതുവഴി ലേസി ഐ/ അംബ്ലൈയോപിയ എന്ന കാഴ്ചക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. അത് കുട്ടിയുടെ വളർച്ചക്കും പഠനത്തിനും തടസ്സമായി വന്നേക്കാം.

 കുട്ടികളിൽ ഇടയ്ക്കിടെ കണ്ണിന്റെ കാഴ്ച ശക്തി പരിശോധിക്കേണ്ടതുണ്ടോ? ഏതു പ്രായം മുതൽ റുട്ടീൻ ഐ എക്സാമിൻ തുടങ്ങണം?

മറ്റുകുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ കുട്ടികളെ സ്കൂളിൽ പ്രവേശിക്കുന്നതിന് മുൻപ് കാഴ്ച പരിശോധിക്കണം.  അതിനു ശേഷം ഓരോ വർഷവും ഇത് ആവർത്തിക്കണം.

കുട്ടികളിൽ കാഴ്ച പ്രശ്നത്തിന്റെ ലക്ഷണങ്ങൾ വിശദമാക്കാമോ?

ടി വി അടുത്ത് പോയി നിന്ന് കാണുക, ബുക്ക് അടുത്ത് പിടിച്ചു വായിക്കുക, സ്കൂളിൽ പാഠങ്ങൾ നോട്ടിൽ എഴുതി പൂർത്തിയാക്കാൻ സാധിക്കാതെ വരുക, തല ചെരിച്ചു പിടിക്കുന്നതും, കോങ്കണ്ണ്, കണ്ണ് ചുരുക്കി പിടിക്കുക, കൂടെ കൂടെ കണ്ണുകൾ അടച്ചുതുറക്കുക –ഇവയെല്ലാം കാഴ്ച വൈകല്യത്തിന്റെ ലക്ഷണങ്ങളാണ്.

. േകാങ്കണ്ണ് എന്തുെകാണ്ടാണ് ഉണ്ടാകുന്നത്? ഇതിന്റെ ചികിത്സ എങ്ങനെ?

കോങ്കണ്ണിന്റെ ഏറ്റവും സാധാരണമായ കാരണം കാഴ്ചക്കുറവാണ്. അങ്ങനെയാണെങ്കിൽ കണ്ണട ഉപയോഗിച്ചാൽ അത് മാറും. അതല്ല കണ്ണിന്റെ പേശികളുടെ ശേഷിക്കുറവ് കാരണമാണെങ്കിൽ ശാസ്ത്രക്രിയയോ കണ്ണിന്റെ വ്യായാമത്തിലൂടെയോ അത് മാറ്റാൻ സാധിക്കുന്നതാണ്. ഇവ മാത്രമല്ല, കാഴ്ചക്കുറവിന്റെ കാരണങ്ങളായ തിമിരം, കൃഷ്ണമണിയിലെ പാടുകൾ തുടങ്ങിയവയും കോങ്കണ്ണായി പ്രകടമാവാം. അപൂർവമായി കണ്ണിലെ കാൻസറുകളും കോങ്കണ്ണായി പ്രത്യക്ഷമാകാം.

കുട്ടികൾക്കു വേണ്ടിയുള്ള കണ്ണട തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്??

കുട്ടികൾക്ക് ചേരുന്ന വലുപ്പമുള്ള കണ്ണടകൾ തിരഞ്ഞെടുക്കുക. വലിയ വിലകൂടിയ കണ്ണടകൾക്കു പോകാതെ പ്ലാസ്റ്റിക് കണ്ണടകൾ തിരഞ്ഞെടുക്കുന്നതാവും ഉചിതം.

 കുട്ടികളുെട കാഴ്ചശക്തിയെ പരിപോഷിപ്പിക്കുന്ന ഭക്ഷണപദാർഥങ്ങൾ എന്തെല്ലാമാണ്?

വർണ്ണശബളമായ പച്ചക്കറികളും, ഫലങ്ങളും കണ്ണിനു നല്ലതാണ്. കാരറ്റ്, ചീര, ആപ്പിൾ, ഓറഞ്ച് എന്നിവ.  വൈറ്റമിൻ സി, കരോട്ടിൻ, ല്യൂടീൻ, സിയാസാന്തിൻ എന്നീ ഘടകങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നു.

സ്കൂളുകളിലും മറ്റും ഉണ്ടാകുന്ന അപകടങ്ങൾ കാരണം കണ്ണിനു പ്രശ്നം (െപൻസിൽ േപാലുള്ളവ കണ്ണിൽ കുത്തികയറുക) വന്നാൽ കാഴ്ചയെ എങ്ങനെ ബാധിക്കും? കൃഷ്ണമണിക്കു പരിക്ക് പറ്റുമ്പോഴാണോ കാഴ്ചയ്ക്കു പ്രശ്നം വരുന്നത്?

സ്കൂളുകളിൽ സംഭവിക്കാനിടയുള്ള അപകടങ്ങൾ കാഴ്ചശക്തിയെ നല്ലരീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ആദ്യം തന്നെ പ്രാഥമിക ശുശ്രുഷ കൊടുക്കുക. അത് കഴിഞ്ഞ് അണുബാധ വരാതിരിക്കാനുള്ള ചികിത്സ ചെയ്യുക. തുടർന്ന് കണ്ണിന്റെ ഘടന നിലനിർത്താനുള്ള ശസ്ത്രക്രിയ ചെയ്യുക. ചിലപ്പോൾ ചെറിയ മുറിവുകളാണെങ്കിൽ പ്രാഥമിക ശുശ്രുഷയിൽ തന്നെ അതിനു പരിഹാരം ലഭിക്കും. അതല്ല ആഴത്തിലുള്ള മുറിവാണെങ്കിൽ ഒന്നോ രണ്ടോ ശസ്ത്രക്രിയകൾ വേണ്ടിവരും. യഥാസമയം കൃത്യമായി ചികിത്സിച്ചാൽ ഒരു പരിധി വരെ കാഴ്ച നിലനിർത്താൻ കഴിയും.

മങ്ങിയ വെളിച്ചത്തിലുള്ള വായന കുട്ടികളുെട കണ്ണിനെ എത്രത്തോളം ബാധിക്കും?

നല്ല വെളിച്ചത്തിൽ വായിക്കുന്നതാണ് എപ്പോഴും നല്ലത്. മങ്ങിയ വെളിച്ചം കണ്ണുകൾക്കു ക്ഷീണം ഉണ്ടാക്കും. ഇതു വഴി തലവേദന പോലുള്ള പ്രശ്നങ്ങൾ വരാം.

കുട്ടികളിൽ കണ്ണിന്റെ എന്തു പ്രശ്നങ്ങൾക്കാണ് ശസ്ത്രക്രിയ ആവശ്യമായി വരാറുള്ളത്?

കുട്ടികളിലെ ചിലതരം കോങ്കണ്ണ്, തിമിരം, ഗ്ലോക്കോമ, ചില ഞരമ്പിന്റെ അസുഖങ്ങൾ എന്നിവയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരാറുണ്ട്.

കുട്ടികളുെട കണ്ണിൽ ഐ േഡ്രാപ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

കുട്ടികളെ കിടത്തി, കുട്ടിക്ക് ഏറ്റവും അടുത്ത ആൾ (അമ്മ/ അച്ഛൻ ) തുള്ളിമരുന്ന് ഒഴിക്കുന്നതാകും നല്ലത്.  കൂടാതെ കൃത്യമായി തുള്ളിമരുന്ന് കണ്ണിൽ എത്തുന്നു എന്ന് ഉറപ്പു വരുത്തുക. മരുന്ന് ഒഴിച്ചതിനു ശേഷം പീളസഞ്ചി അമർത്തിപിടിച്ചാൽ മരുന്ന് കണ്ണിൽ നിന്നും മൂക്കിലേക്കും ശരീരത്തിലേക്കും എത്തുന്നത് തടയാം.

ടിവി, ഫോൺ, കംപ്യൂട്ടർ എന്നിവയുെട ഉപയോഗം കുട്ടികളുെട കണ്ണുകളുെട ആേരാഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട്? ഷോർട്ട് സൈറ്റ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കു

മോ? ഇവയുെട ഉപയോഗത്തിൽ െകാണ്ടുവരേണ്ട നിയന്ത്രണങ്ങൾ എന്തെല്ലാമാണ്? 

ഗാഡ്ജറ്റുകളുടെ അമിതമായ ഉപയോഗം കണ്ണിന്റെ വരൾച്ച, കണ്ണുകൾ എപ്പോഴും അടച്ചു തുറക്കാനുള്ള പ്രവണത, കംപ്യൂട്ടർ വിഷൻ സിൻഡ്രോം എന്നിവ വരുത്താൻ സാധ്യതയുണ്ട്.  ഹ്രസ്വദൃഷ്ടി ഇതുമൂലം ഉണ്ടാകില്ല മറിച്ച്ഹ്രസ്വദൃഷ്ടി ഉള്ള കണ്ണിൽ, ഗാഡ്ജറ്റുകളുടെ ഉപയോഗം, അത് പെട്ടെന്ന് കൂട്ടാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്: കുട്ടികളിൽ ഫോൺ ഉപയോഗം കുറക്കുക. വളരെ ചെറിയ കുട്ടികൾക്ക് ഫോൺ നിർബന്ധമായും കൊടുക്കാതിരിക്കുക. വലിയ കുട്ടികൾക്ക് ഒരു സമയ പരിധി കൊടുക്കുക (ദിവസത്തിൽ അരമണിക്കൂർ). കൂടാതെ മാതാപിതാക്കളും കുട്ടിയുടെ സാമീപ്യത്തിൽ ഫോൺ ഉപയോഗം കുറയ്ക്കുക.

ഡോ. നീന ആർ

കൺസൽറ്റന്റ് & െഹഡ്,
പീഡിയാട്രിക് ഒഫ്താൽമോളജി
ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട്, കടവന്ത്ര, െകാച്ചി

Tags:
  • Manorama Arogyam
  • Health Tips
  • Kids Health Tips