Saturday 01 April 2023 12:51 PM IST : By ഡോ. ഹമീദ് കാരശ്ശേരി

മനഃസമാധാനം തിരികെ കൊണ്ടുവരും, ഈ ദുഷ്ചിന്തകള്‍ കടന്നു വരില്ല: നോമ്പിന്റെ ആരും തിരിച്ചറിയാത്ത ഗുണങ്ങൾ

ramzan565656

പ്രാർത്ഥനയ്ക്കും ആരാധനാ കർമ്മങ്ങൾക്കും കൂടുതൽ സമയം കണ്ടെത്തുന്ന പുണ്യങ്ങളുടെ പൂക്കാലമാണ് റമസാൻ മാസം. മാനസികമായും ശാരീരികമായും ഒരു വ്യക്തിയെ പാകപ്പെടുത്തിയെടുക്കാൻ നോമ്പ് വളരെയേറെ ഉപകാരപ്പെടുന്നു. എല്ലാം ദൈവത്തിൽ സമർപ്പിച്ച് പ്രാർത്ഥിക്കുമ്പോൾ ഒരു വിശ്വാസിക്ക് മാനസിക നിയന്ത്രണവും മനഃസമാധാനവും ലഭിക്കുന്നു. പ്രാർത്ഥന നമ്മുടെ മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഉയരുന്ന ആത്മാർത്ഥമായ അഭിലാഷമാണ്.

പ്രാർത്ഥനയിൽ മുഴുകുമ്പോൾ മനസ്സിന്റെ ഭാരം കുറയുകയും മനോനിയന്ത്രണം കൈവരിക്കുകയും ചെയ്യുന്നു. നോമ്പിന് സദാസമയവും പ്രാർത്ഥനയിലൂടെ ആത്മശുദ്ധീകരണം നടത്തുന്നു. പ്രാർത്ഥന മനുഷ്യന് മനഃസമാധാനം പ്രദാനം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആധുനിക ജീവിത സാഹചര്യങ്ങളിൽ തകർന്ന മനസ്സിന് പ്രത്യാശയുടെ കിരണങ്ങൾ ഇത് മൂലം ലഭിക്കുന്നു. പ്രാർത്ഥനയിലൂടെ മനസ്സിൽ ഊർജ്ജം സംഭരിക്കുകയും ശാന്തി നേടുകയും ചെയ്യുന്നു. പ്രാർത്ഥന “ആത്മാവിന്റെ സ്നാനമാകുന്നു” എന്നാണ് ഗാന്ധിജി പറഞ്ഞത്. മനസ്സിനെ ശുദ്ധീകരിക്കാൻ ഭക്തിയും ബുദ്ധിയെ ശുദ്ധീകരിക്കാൻ യുക്തിയും ആത്മാവിനെ ശുദ്ധീകരിക്കാൻ ജ്ഞാനവുമാണ് വേണ്ടതെന്ന് അഷ്ടാംഗ യോഗയിൽ പറയുന്നു.

ഉപവാസത്തിന് പ്രകൃതി ചികിത്സയിലും യോഗയിലും വലിയ പ്രാധാന്യമാണ് നൽകുന്നത്. അഷ്ടമാർഗങ്ങളിൽ പ്രധാനപ്പെട്ട ‘പ്രത്യാഹാരം’ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് തന്നെ തന്നിലേക്ക് ഒതുങ്ങുക എന്നതാണ്. പ്രപഞ്ചത്തിന്റെ ഭാഗമായി സ്വന്തം അസ്ഥിത്വത്തെ കാണാനും തിരിച്ചറിയാനും ജീവിതത്തിന്റെ അർത്ഥവും അർത്ഥമില്ലായ്മയും തിരിച്ചറിയാനുമുള്ള കഴിവ് ഉപവാസം വഴി നേടേണ്ടതുണ്ട്. നോമ്പ് നാളുകളിൽ മനസ്സാ വാചാ കർമ്മണാ വ്യക്തി ദൈവ ചിന്തയിൽ കേന്ദ്രീകരിക്കുന്നു. ഉത്കൃഷ്ടമായ ചിന്തകൾ കൊണ്ട് ഇന്ദ്രിയങ്ങളെ നിരോധിക്കുവാൻ കഴിഞ്ഞാൽ സംശുദ്ധവും ശാന്തവുമായ മനസ്സ് രൂപപ്പെടുകയും അങ്ങനെ മനസ്സിന് ആത്മ സ്വരൂപത്തെ ഉൾക്കൊള്ളാൻ കഴിയുകയും ചെയ്യും.

നമ്മുടെ ചിന്തകളെ നിയന്ത്രിച്ച് നിർത്തുന്നതിന് നോമ്പിനോളം പ്രയോജനപ്പെടുന്ന മറ്റൊന്നില്ല. ദിവസവും ഏകദേശം മുപ്പത്തിയാറായിരത്തിലധികം ചിന്തകൾ മനസ്സിലൂടെ കടന്നു പോകുന്നതായി മനഃശാസ്ത്രജ്ഞന്മാർ പറയുന്നു. ഇതിൽ തൊണ്ണൂറ് ശതമാനവും ആവശ്യമില്ലാത്ത മേഖലകളെ കുറിച്ചാണ്. സത്ചിന്തകൾ (Positive thoughts) സ്നേഹത്തിലധിഷ്ഠിതവും ദുഷ്ചിന്തകൾ ഭയത്തിലധിഷ്ഠിതവുമാണ്. ലോകാരോഗ്യ സംഘടന 1994–ൽ എല്ലാ രോഗങ്ങളെ കുറിച്ചും പഠനം നടത്തി. അതിന്റെ റിപ്പോർട്ടിൽ തൊണ്ണൂറ് ശതമാനം രോഗവും മനോജന്യമാണെന്ന് (Phycho Somatic Disease) കണ്ടെത്തി. ഒരു വിപരീത ചിന്ത ഒരു നീണ്ട കാലയളവിൽ ആവർത്തിച്ചാവർത്തിച്ച് മനസ്സിലുയർന്നു വരുമ്പോൾ ആ ചിന്ത ഒരു രോഗത്തിന് കാരണമാവുന്നു. എല്ലാ ദിവസവും ശരീരത്തിലെ അഴുക്ക് നാം കളയും. മനസ്സിലെ അഴുക്ക് കുമിഞ്ഞ് കൂടി കിടക്കുന്നു.

ചിന്തകൾ നമ്മുടെ ശരീരത്തിലുള്ള പല തരത്തിലുള്ള രാസപദാർത്ഥങ്ങളും ഉണ്ടാക്കുന്നു. ദേഷ്യം വരുമ്പോൾ ‘അഡ്രിനാലിൻ’ ഉത്പാദിപ്പിക്കുന്നു. സന്തോഷം വരുമ്പോൾ തലച്ചോറിൽ ന്യൂറോ ട്രാൻസ്മിറ്റേഴ്സ് ഉണ്ടാക്കുന്നു. നോമ്പിലൂടെ വളരുന്ന സദ്ചിന്തകൾക്ക് ശരീരത്തിൽ മരുന്നുകൾ ഉണ്ടാക്കാൻ കഴിയും. ന്യൂറോസയൻസ് ഇതിനെ കുറിച്ച് പഠനം നടത്തി വരുന്നു. സദ് ചിന്തയിലൂടെ ഉണ്ടാവുന്ന രാസപദാർത്ഥങ്ങൾക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. Psycho Neuro Immunology എന്നു പറയുന്ന ഒരു ശാഖ അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ വളർന്നു കൊണ്ടിരിക്കുന്നു.

‘റെക്കി’ എന്ന ഔഷധ രഹിത ചികിത്സാ സമ്പ്രദായത്തിന്റെ അടിസ്ഥാനവും ഉപവാസമാണെന്ന് കാണാം. ഡോ: മികാവോ ഉസ്മയിയാണ് ഇതിന്റെ ഉപജ്ഞാതാവ്. ജപ്പാനിൽ തന്റെ വീടിനടുത്തുള്ള ‘കുറമയാമ’ എന്ന പർവതത്തിൽ കയറി തന്റെ ഉദ്ദേശ്യം മനസ്സിൽ വെച്ച് ഇരുപത്തിയൊന്ന് ദിവസം വെള്ളം മാത്രം കുടിച്ച് ഉറക്കമില്ലാതെ അവർ ധ്യാനിച്ചു. ഇരുപത്തിയൊന്നാം ദിവസം അദ്ദേഹത്തിന് അതീന്ദ്രിയാനുഭവമുണ്ടായി. അങ്ങനെ സ്നേഹോർജ്ജത്തെ പ്രയോഗിച്ച് രോഗ ചികിത്സ നടത്തുന്ന മാർഗം അദ്ദേഹം കണ്ടെത്തി. അതാണ് റെക്കി. നോമ്പിലൂടെ കൈവരിക്കേണ്ട പ്രവാചകൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അദ്ദേഹവും അനുവർത്തിക്കാൻ ആവശ്യപ്പെടുന്നത്.

റെക്കിയുടെ അഞ്ച് തത്വങ്ങൾ

  1. ഇന്ന് ഞാൻ ഒരു കാര്യത്തിലും ദേഷ്യപ്പെടുകയില്ല

  2. ഇന്ന് ഞാൻ ഒന്നിനേയും കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടുകയില്ല.

  3. ഇന്ന് ഞാൻ എല്ലാ കർമ്മങ്ങളും സത്യസന്ധതയോടെ നിർവഹിക്കും.

  4. ഇന്ന് ലഭിക്കുന്ന സൗഭാഗ്യങ്ങൾക്ക് ഞാൻ നന്ദിയുള്ളവനായിരിക്കും.

  5. ഇന്ന് എല്ലാ സഹജീവികളോടും ഞാൻ കരുണയുള്ളവനായിരിക്കും.

മനഃസമാധാനം വീണ്ടെടുത്ത് മാനസികാരോഗ്യം വളർത്താൻ നോമ്പ് വളരെയേറെ സഹായിക്കുന്നു. ഇത്രയും സംതൃപ്തമായ ഒരു മാസം വിശ്വാസിക്ക് വേറെയില്ല. “നോമ്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നൽകുന്നത് ഞാനാണ്” എന്ന് അള്ളാഹു പറയുമ്പോൾ വിശ്വാസിയെ സംബന്ധിച്ച് മറ്റൊന്നും ചിന്തിക്കാനില്ല. സർവസ്വവും ദൈവത്തിൽ സമർപ്പിച്ച് അവർ ആശ്വാസം കൊള്ളുന്നു. പ്രശ്നസങ്കീർണമായ ആധുനിക ലോകത്തെ മനുഷ്യർ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും സമ്പത്ത് നേടുന്നതിനും വേണ്ടിയുള്ള നേട്ടത്തിലാണ്.

മോഹങ്ങൾ സഫലീകരിക്കുന്നതിനും നേട്ടങ്ങൾ കൈവരിച്ച് ആർഭാഡ ജീവിതം നയിക്കുന്നതിനും എല്ലാവരും മത്സരത്തിലാണ്. ഇത് മൂലം മനുഷ്യരുടെ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. സംഘർഷഭരിതമായ മനസ്സോടെ ജീവിക്കുന്ന മനുഷ്യന് മനഃസമാധാനം ലഭിക്കാൻ നോമ്പ് സഹായിക്കുന്നു. മനഃസമാധാനം നേടാൻ പുരാതനകാലം തൊട്ട് മനുഷ്യൻ പലവഴിയും തേടിയിട്ടുണ്ട്. അതിപുരാതന കാലം മുതൽ തന്നെ നോമ്പും പ്രാർത്ഥനയും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നോമ്പുകാലത്ത് സദാസമയവും പ്രാർത്ഥനയാണ്.

നോമ്പുകാരൻ ഉള്ളു തുറന്നു പ്രാര്‍ത്ഥിച്ച് തന്റെ സങ്കടങ്ങൾ ഓരോന്നും ഏറ്റ് പറയുമ്പോൾ മനസ്സിലെ വലിയൊരു ഭാരമാണ് അവൻ ഇറക്കി വെക്കുന്നത്. തന്റെ പ്രാർത്ഥന ദൈവം കേൾക്കുകയും തന്റെ ഏത് ആഗ്രഹങ്ങളും നിറവേറ്റാൻ അവന് സാധിക്കുകയും ചെയ്യുമെന്ന വിശ്വാസം അവനിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. പ്രാർഥന മനഃസമാധാനം കൈവരിക്കുന്നതിന് ഏറെ പ്രയോജനകരമാണെന്നതിന് തർക്കമില്ല. ദൈവചിന്തയിൽ മുഴുകി പ്രാർത്ഥിക്കുമ്പോൾ നേടുന്ന പ്രയോജനങ്ങൾ കാണുക:

∙ മനസ്സ് ശാന്തമാകുന്നു

∙ രക്ത സമ്മർദ്ദം കുറയുന്നു

∙ മാനസിക സംഘർഷം അകറ്റുന്നു

∙ ഏകാഗ്രത വർദ്ധിപ്പിക്കുന്നു

∙ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

∙ മനസ്സിനെ ശുദ്ധീകരിക്കുന്നു

∙ അമിതമായ ഉത്കണ്ഠ കുറയ്ക്കുന്നു.

നോമ്പ് കാലത്ത് ഹിതവും മിതവുമായ ആഹാരവും നമസ്ക്കാരവും നിർവഹിക്കുമ്പോൾ മനസ്സിനും ശരീരത്തിനും ആരോഗ്യം വർദ്ധിപ്പിക്കുന്നു. ആയുർവേദത്തിന്റെ അടിസ്ഥാന പ്രമാണം കാണുക. “ആഹാരം പഥ്യമുള്ളതാണെങ്കിൽ ഔഷധത്തിന്റെ ആവശ്യമില്ല. ആഹാരം പഥ്യമുള്ളതല്ലെങ്കിൽ ഔഷധം കൊണ്ട് പ്രയോജനവുമില്ല.”

മനസ്സിലേക്ക് വരുന്ന ദുഷ്ചിന്തകളേയും വികാരങ്ങളേയും നിയന്ത്രിച്ച് നിർത്താൻ നോമ്പ് വളരെ പ്രയോജനപ്പെടുന്നു. നോമ്പു കാലം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ജീവകാരുണ്യപ്രവർത്തനങ്ങളുടെയും വസന്ത കാലമാണ്. ദാനധർമ്മങ്ങളും റിലീഫ് പ്രവർത്തനങ്ങളും നടത്തി പാവപ്പെട്ടവരെ സഹായിക്കാൻ വ്യക്തികളും സംഘടനകളും സജീവമായി രംഗത്തിറങ്ങുന്നു. മറ്റുള്ളവരുടെ അവസ്ഥ സ്വന്തം അവസ്ഥയായി ഉൾക്കൊണ്ട് എല്ലാവരോടും സ്നേഹത്തോടെ വർത്തിക്കുന്ന റമസാൻ കാലത്ത് പല കുടുംബ കലഹങ്ങൾക്കും ശത്രുതകൾക്കും പരിഹാരമാകുന്നു. രോഗശാന്തിയും മാനസികാരോഗ്യവും വർദ്ധിപ്പിക്കാൻ സ്നേഹത്തെപ്പോലെ ഉപയോഗപ്പെടുത്താൻ പറ്റിയ ഔഷധം വേറെയില്ല. വ്യക്തിബന്ധവും സ്നേഹവും നഷ്ടപ്പെട്ട ഇക്കാലത്ത് വേദനിക്കുന്നവരോടൊപ്പം വേദനിക്കാനും ത്യാഗം സഹിക്കുന്നവരോടൊപ്പം ത്യാഗം സഹിക്കാനും സ്വന്തം താല്പര്യങ്ങളോടൊപ്പം അപരന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനും ശ്രമിക്കേണ്ടതാകുന്നു.

വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കുന്ന കാലമാണ് റമസാൻ കാലം. സൗഹാർദ്ദ പൂർണവും, ആരോഗ്യകരവും പ്രയോജനപ്രദവുമായി സാമൂഹ്യ ബന്ധങ്ങൾ പുലർത്താനുള്ള കഴിവായ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കൽ (Inter personal relationship) മാനസികാരോഗ്യം വളർത്താൻ അനിവാര്യമാണ്.

മാനസിക സംഘർഷങ്ങളെ അതിജീവിക്കുകയും വികാരങ്ങളെ നിയന്ത്രിച്ച് നിർത്തുകയും ചെയ്യുന്നതിലൂടെ റംസാൻ കാലത്ത് മാനസികാരോഗ്യം വർദ്ധിക്കുന്നു. കോപം, ശത്രുത തുടങ്ങിയ വികാരങ്ങൾ മനുഷ്യന്റെ മാനസിക നില തെറ്റിക്കുന്നു. “കോപം അഗ്നിയെപ്പോലെ നാശത്തിന്റെ പാത തീർത്തുകൊണ്ടാണ് കെട്ടടങ്ങുന്നത്.” എന്നാണ് ഗാന്ധിജി പറഞ്ഞത്. കോപാഗ്നി മൂലം എത്രയെത്ര കുടുംബങ്ങളാണ് ശിഥിലമായതെന്നോർക്കുക. ഹിറ്റ്ലർ ചരിത്രത്തിൽ ഏറ്റവും ക്രൂരനായി വിധിയെഴുതിയതും അദ്ദേഹത്തിന്റെ അന്ധമായ കോപവും അതു മൂലം വരുത്തിവെച്ച കൂട്ടക്കൊലയുമാണ്. ജൂതന്മാരോടുള്ള അടങ്ങാത്ത പക ലക്ഷക്കണക്കിന് നിരപരാധികളുടെ കൂട്ടക്കൊലക്ക് കാരണമായി. ഹിറ്റ്ലറുടെ അയൽരാജ്യങ്ങളോടുള്ള പക രണ്ടാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചു.

‘ക്ഷമ’ വിശ്വാസത്തിന്റെ പകുതിയാണെന്നാണ് അല്ലാഹു പറയുന്നത്. നോമ്പിലൂടെ നേടേണ്ട ഏറ്റവും വലിയ കാര്യമാണിത്. കോപം നമ്മുടെ ശരീരത്തെ അസ്വസ്ഥമാക്കുമ്പോൾ ക്ഷമ നമ്മുടെ മനസ്സിനും ശരീരത്തിനും ശാന്തി നൽകുന്നു. മനസ്സിന് സന്തോഷവും സംതൃപ്തിയും പ്രദാനം െചയ്യുന്നു. വ്യക്തിത്വ വികസനത്തിനും ജീവിത വിജയത്തിനും ക്ഷമയും സഹനശക്തിയും വളർത്തിയെടുക്കണം. പെരുമാറ്റത്തിലും പ്രവൃത്തിയിലും സ്വയം നിയന്ത്രിതാവസ്ഥയും (Self Regulation) വൈകാരിക പക്വതയും ഉണ്ടാകണം. കോപം എല്ലാ പ്രശ്നത്തിനും കാരണമാവുമ്പോൾ ക്ഷമ സമാധാനപരമായി അന്തരീക്ഷം സൃഷ്ടിക്കുന്നു.

നോമ്പിലൂടെ നേടുന്ന മനോനിയന്ത്രണവും അത് വഴി നേടുന്ന മാനസികാരോഗ്യവും ഏറെ പ്രാധാന്യമർഹിക്കുന്നു. ഖുർആൻ പറയുന്നു: മനസ്സ് ശുദ്ധീകരിച്ചവൻ വിജയിച്ചിരിക്കുന്നു. മനസ്സ് മലിനമാക്കിയവൻ പരാജയപ്പെട്ടിരിക്കുന്നു. മനോനിയന്ത്രണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നിരവധി നബിവചനങ്ങളുണ്ട്. ഏതാനും ചിലത് താഴെ കൊടുക്കുന്നു:

“ഗുസ്തിയിൽ ജയിക്കുന്നവനല്ല ശക്തൻ കോപം വരുമ്പോൾ സ്വന്തം ശരീരത്തെ നിയന്ത്രിക്കുന്നവനാണ്.”

“ഏറ്റവും വലിയ ധർമ്മ സമരം സ്വന്തം ശരീരത്തോടുള്ള പോരാട്ടമാണ്.”

ചുരുക്കത്തിൽ നോമ്പുകാരൻ പരിശുദ്ധ റമസാൻ മാസത്തിൽ അന്നപാനീയങ്ങൾ ഒഴിവാക്കുക മാത്രമല്ല ചെയ്യുന്നത്, മനസ്സാ–വാചാ–കർമ്മണാ ആത്മ നിയന്ത്രണം നേടുകയും മനസ്സിനെയും ശരീരത്തേയും ശുചിയാക്കുകയും ചെയ്യണം. പ്രവാചകൻ ഇതിനെ കുറിച്ച് ഇപ്രകാരം പറഞ്ഞു: “ചീത്ത വാക്കും പ്രവൃത്തിയും ഒരാൾ ഉപേക്ഷിക്കുന്നില്ലെങ്കിൽ അവൻ അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല”.

ഡോ. ഹമീദ് കാരശ്ശേരി

ഗവ. ഒാഫ് ഇന്ത്യ സെർട്ടിഫൈഡ് സീനിയർ നാച്യുറോപതി ആൻഡ് യോഗ തെറപ്പിസ്റ്റ്

Tags:
  • Manorama Arogyam
  • Health Tips