Thursday 08 December 2022 05:07 PM IST : By സ്വന്തം ലേഖകൻ

‘രണ്ടു കണ്ണിലും ചൊറിച്ചിലും ചുവപ്പും സ്രവവും..’; ചെങ്കണ്ണ് ചികിത്സിക്കാതിരിക്കുകയോ സ്വയം ചികിത്സ നടത്തുകയോ ചെയ്യരുത്! അറിയേണ്ടതെല്ലാം

redeyee4rvhh

സ്കൂളുകളിലും  മറ്റും ഈ സീസണിൽ ചെങ്കണ്ണ് പടർന്നുപിടിക്കുന്നുണ്ട്. ചെങ്കണ്ണ് വളരെ പെട്ടെന്നു വ്യാപിക്കുമെങ്കിലും കാഴ്ചയെ ബാധിക്കാനോ മറ്റ് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാനോ സാധാരണ ഗതിയിൽ സാധ്യതയില്ല. പ്രത്യേകിച്ച് രോഗത്തിന്റെ തുടക്കത്തിലേ ചികിത്സയെടുത്താൽ. മാത്രമല്ല, വ്യക്തിശുചിത്വവും അകലം പാലിക്കലും വഴി രോഗവ്യാപനം വളരെയധികം കുറയ്ക്കാനും സാധിക്കും. കണ്ണിലെ കൺജങ്റ്റിവ എന്ന നേത്രാവരണത്തിന് വരുന്ന നീർവീക്കമാണ് കൺജങ്റ്റിവൈറ്റിസ് അഥവാ ചെങ്കണ്ണ്.   

പൊതുവേ ചെങ്കണ്ണിനെ രണ്ടായി തിരിക്കാം. അലർജി മൂലമുള്ളതും അണുബാധ മൂലം (ബാക്ടീരിയ/വൈറസ്) വരുന്നതും. ബാക്ടീരിയ അണുബാധയാണെങ്കിൽ കണ്ണിൽ മഞ്ഞനിറത്തിലുള്ള പഴുപ്പ് കാണും, വൈറസാണെങ്കിൽ ആദ്യം ഒരു കണ്ണിലാകും തുടങ്ങുക. വെള്ളം പോലെ സ്രവം ധാരാളമായി വരും. തുടർന്നു കണ്ണിനു ചുവപ്പു വരാം. വൈകാതെ തന്നെ അടുത്ത കണ്ണിലും ചുവപ്പും സ്രവവും വരാം. ബാക്ടീരിയ ആണെങ്കിലും വൈറസ് ആണെങ്കിലും  ആന്റിബയോട്ടിക് തുള്ളിമരുന്നുകൾ വേണ്ടിവരും. 

അലർജിക് ചെങ്കണ്ണ് ആണെങ്കിൽ രണ്ടു കണ്ണിലും ചൊറിച്ചിലും ചുവപ്പും സ്രവവും വരാം.  കൂടാതെ മൂക്കൊലിപ്പും മൂക്കു ചൊറിച്ചിലും കാണും. കുട്ടികൾ തമ്മിൽ ചേർന്നിരിക്കുന്നതുകൊണ്ടും ഇടയ്ക്കിടെ കൈ കൊണ്ട് കണ്ണിൽ പിടിക്കുകയും തിരുമ്മുകയും ഒക്കെ ചെയ്യുന്നതുകൊണ്ടും ക്ലാസ്സിൽ ഒരു കുട്ടിക്കു വന്നാൽ പെട്ടെന്നു തന്നെ ചെങ്കണ്ണു രോഗം എല്ലാവർക്കും പിടിപെടാം. അതുകൊണ്ടാണ് സ്കൂളുകളിലും മറ്റും രോഗവ്യാപനം കൂടുതലാകുന്നത്. എങ്കിലും ചില മുൻകരുതലുകൾ എടുത്താൽ വ്യാപനം കുറയ്ക്കാനാകും.  

∙ ചെങ്കണ്ണു വന്ന കുട്ടി മറ്റുള്ളവരുമായി ഇടപഴകാതെ ശ്രദ്ധിക്കണം. 

∙ പുസ്തകം, പേന, പെൻസിൽ, ടവൽ എന്നിങ്ങനെ അസുഖമുള്ള കുട്ടി ഉപയോഗിച്ച വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കരുത്. 

∙ ക്ലാസ്സിൽ ആർക്കെങ്കിലും ചെങ്കണ്ണ് ഉണ്ടെങ്കിൽ ചെറിയ കണ്ണു ചുവപ്പു കണ്ടാൽ പോലും കുട്ടിയെ ക്ലാസിൽ വിടാതിരിക്കുകയാണ് ഉത്തമം. 

 ∙ ചെങ്കണ്ണു പൂർണമായും മാറുന്ന മുറയ്ക്ക് അഥവാ  കുട്ടിയെ സ്കൂളിൽ വിടാമെന്നു ഡോക്ടർ പറയുന്നതു വരെ കുട്ടിയെ സ്കൂളിൽ വിടാതിരിക്കുക. 

∙ ഒരു കാരണവശാലും ചെങ്കണ്ണ് ചികിത്സിക്കാതിരിക്കുകയോ സ്വയം ചികിത്സ നടത്തുകയോ ചെയ്യരുത്. ബാക്ടീരിയ കൊണ്ടും വൈറസ് കൊണ്ടും രോഗം വരാമെന്നതിനാൽ ഒരു കുട്ടിക്ക് നൽകുന്ന മരുന്നു തന്നെ മതി മറ്റു കുട്ടികൾക്കും എന്നു കരുതരുത്. ചിലപ്പോൾ അണുബാധയല്ലാതെ മറ്റു കണ്ണുരോഗത്തിന്റെ ഭാഗമായും കണ്ണു ചുവപ്പ് വരാം. അതുകൊണ്ട് സ്വയം ചികിത്സ ഒഴിവാക്കുക.  ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കണ്ട്, നിർദേശിക്കുന്ന മരുന്ന് വാങ്ങി പറയുന്നത്ര ദിവസം ഒഴിക്കുക. 

∙ അസുഖം കുറഞ്ഞാലും മരുന്ന് ഡോക്ടർ പറഞ്ഞത്ര ദിവസം ഒഴിക്കണം.  

∙ കണ്ണ് ഇടയ്ക്കിടെ ശുദ്ധജലം കൊണ്ടു കഴുകുന്നത് അസ്വാസ്ഥ്യവും ചൊറിച്ചിലും കുറയ്ക്കും. 

∙ കണ്ണ് കഴുകിയശേഷവും കണ്ണിൽ സ്പർശിച്ചശേഷവുമൊക്കെ  കൈകൾ സോപ്പിട്ട് കഴുകുക. ഇതു വഴി രോഗി സ്പർശിക്കുന്ന വസ്തുക്കളിലേക്ക് രോഗാണു വ്യാപിച്ച്  മറ്റുള്ളവരിലേക്കുള്ള രോഗം വ്യാപിക്കുന്നതു  തടയാം. 

∙ ചിലർക്ക് പ്രകാശത്തിലേക്കു നോക്കുന്നത് ബുദ്ധിമുട്ടാകാം.  വായനയും സ്ക്രീൻ ഉപയോഗവും ഒഴിവാക്കി കണ്ണിനു വിശ്രമം കൊടുക്കുന്നത് അസുഖം എളുപ്പം മാറാൻ നല്ലതാണ്. 

കടപ്പാട്: മനോരമ ആരോഗ്യം ആർകൈവ്

Tags:
  • Manorama Arogyam