Thursday 01 September 2022 12:31 PM IST : By സ്വന്തം ലേഖകൻ

നാഡികൾക്ക് ശക്തി കൂട്ടാൻ സ്ട്രോബറി, മൂഡ് ഉണർത്തും ചോക്ലേറ്റ്: മികച്ച ലൈംഗികതയ്ക്ക് 7 ഭക്ഷണങ്ങൾ

sexfood4535

10 മികച്ച ലൈംഗിക ഭക്ഷണങ്ങൾ

ആരോഗ്യകാര്യത്തിൽ പ്രണയത്തിനും സെക്സിനുമുള്ള പങ്ക് വളരെ പണ്ടു മുതലേ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ലൈംഗികോത്തേജനത്തിനും സെക്സിന്റെ മൂഡ് രൂപപ്പെടുത്തുന്നതിലും ഭക്ഷണത്തെ എങ്ങനെ ഉപയോഗിക്കാം എന്നതിന് നിരവധി പഠനങ്ങൾ ലോകമെങ്ങും നടക്കുന്നുണ്ട്. ലൈംഗികശേഷി കൂട്ടാനും മനസ്സിൽ താൽപ്പര്യം ജനിപ്പിക്കാനും ചില പ്രത്യേക ഭക്ഷണങ്ങൾക്കാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സെക്സ് ഫുഡുകളെ പരിചയപ്പെടാം.

നാഡികൾക്ക് ശക്തി കൂട്ടാൻ സ്ട്രോബറി

പുരാതന റോമിൽ വീനസ് ദേവതയുടെ പ്രതീകമായാണ് ഈ ചെറിയ; ചുവന്ന പഴങ്ങളെ കണ്ടിരുന്നത്. ഫ്രാൻസിലെ നാട്ടുമ്പുറത്തു പതുതായി വിവാഹിതരായവരെ തണുത്ത സ്ട്രോബറി സൂപ്പു കൊടുത്തു സൽക്കരിച്ചിരുന്നു. അവരുടെ മധുവിധു ആനന്ദപ്രദമാക്കാൻ വിറ്റാമിൻ ‘സി’ യുടെ ഖനികളാണ് ഈ പഴങ്ങൾ. അവ നാഡികൾക്കു ശക്തി പകരുന്നു. ഇവയെ പ്രണയവും സെക്സും വാലന്റൈനുമായി ബന്ധപ്പെടുത്തിയാണ് എപ്പോഴും പാശ്ചാത്യ രാജ്യങ്ങളിൽ പരാമർശിക്കുന്നത്. ഒരു ബൗൾ നിറയെ സ്ട്രോബറികൾ എടുത്ത്, ഇണയുമൊത്ത് ഓരോന്നോരോന്നു ക്രീമിൽ മുക്കി കഴിക്കുന്നത് ഒന്നു ഭാവന ചെയ്തു നോക്കൂ – ആ സങ്കൽപ്പം തന്നെ താൽപ്പര്യമുണർത്തില്ലേ?

സുഗന്ധം നൽക്കാൻ ഏലക്ക

ഒരു ഒന്നാന്തരം ലൈംഗികോത്തേജക ആഹാരസാധനമാണ് ഏലക്ക എന്നാണ് ഇന്ത്യയിലെ ഏലക്ക യൂറോപ്പിൽ വിറ്റഴിച്ചിരുന്ന അറബികൾ അവിടെ പ്രചരിപ്പിച്ചത്. നല്ല മണമുള്ളതാണ് ഗ്യാസിനെതിരെ പ്രവർത്തിക്കുന്ന ഏലച്ചെടി. ലൈംഗികബന്ധത്തിനു മുമ്പ് അകത്താക്കാൻ പറ്റിയ സാധനം. ഭരതത്തിലെ ആദ്യത്തെ സെക്സോളജിസ്റ്റായ വാത്സ്യായൻ ചുംബനത്തിനു മുമ്പ് ഇണകൾ ഏലക്കാ കൂട്ടി മുറുക്കണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. ഏലക്കായും വെറ്റിലയും ചേർന്ന മിശ്രിതം വദനത്തെ സുഗന്ധപൂരിതമാക്കും.

ഉത്തേജനത്തിന് വെളുത്തുള്ളി

വെളുത്തുള്ളി പണ്ടുകാലം മുതൽക്കേ ഒരു നല്ല അഫ്രോഡിയാക് ആണെന്ന് (ലൈംഗികോത്തേജകവസ്തു) കരുതുന്നു. വെളുത്തുള്ളിയും മല്ലിയിലയും കൂടി ചതച്ചു വീഞ്ഞിൽ ചേർത്തു കഴിച്ചാൽ അത് നല്ല ഉത്തേജനം തരും. ഗ്രീക്ക് തത്വചിന്തകൻ അരിസ്േറ്റാഫനീസും വെളുത്തുള്ളിയുടെ ലൈംഗികോത്തേജന ഗുണങ്ങളെപ്പറ്റി പരാമർശിക്കുന്നുണ്ട്. പെലോപ്പനേഷിയൻ യുദ്ധവർണനയിൽ മെഗാരൻസ് വെളുത്തുള്ളി കഴിച്ചവരെപ്പോലെ ഉന്മത്തരായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ലിംഗോദ്ധാരണത്തിനു തടസ്സം നിൽക്കുന്ന വാതാധിക്യം വെളുത്തുള്ളി കുറയ്ക്കുന്നു എന്നാണ് ആയുർവേദം പറയുന്നത്. ലിംഗത്തിലെ രക്തധമനികളിലെ ബ്ലോക്കുകൾ നീക്കി ലിംഗോദ്ധാരണം സുഗമമാക്കാൻ വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളി പച്ചയ്ക്കു കഴിക്കുന്നതിനു പകരം 3-4 വെളുത്തുള്ളി എള്ളണ്ണയിലോ, പശുവിൻ നെയ്യിലോ വറുത്തു കഴിക്കണം.

മൂഡ് ഉണർത്താൻ ചോക്ലേറ്റ്

ആസ്ടെക് ഭരണാധിപൻ മൊണ്ടെസുമാ മുതൽ കാസനോവ വരെയുള്ള പല പ്ലേബോയ്മാരും ചോക്ലേറ്റ് അവരുടെ നിശാകേളികളെ കൊഴുപ്പിച്ചിട്ടുണ്ട് എന്നു പറഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രത്തിന് ഈ അഭിപ്രായത്തോടു വലിയ യോജിപ്പില്ല. പ്രണയിക്കുമ്പോൾ നമ്മളിൽ ഉൽപ്പാദിതമാകുന്ന PEA എന്ന അമിനോ ആസിഡ് ചോക്ലേറ്റിൽ ഉണ്ട്. പക്ഷേ, ചോക്ലേറ്റ് കഴിക്കുന്നതനുസരിച്ചു നമ്മുടെ ശരീരത്തിൽ PEA കൂടുകയില്ലെന്നു കണ്ടുപിടിച്ചിട്ടുണ്ട്. നമ്മളിലെ പ്രധാന ‘മൂഡ് ബൂസ്േറ്റഴ്സ്’ ആയ സെററ്റോണിനും ഡൊപ്പമിനും (തലച്ചോറിലെ രാസവസ്തുക്കളാണിവ) ചോക്ലേറ്റിൽ ഉണ്ടെന്നു വിദഗ്ധർ പറയുന്നു. പക്ഷേ, ചോക്ലേറ്റിലുള്ള ഈ രാസവസ്തുക്കൾക്കു ലൈംഗികോത്തേജനം ഉണ്ടാക്കാൻ കഴിയില്ലെന്നും ചോക്ലേറ്റ് ദോഷകരമാണെന്നും അഭിപ്രായങ്ങളുണ്ട്. എന്നാൽ, ആന്റി–ഓക്സിഡന്റ് ധാരാളമുള്ള ചോക്ലേറ്റ് ബാറുകൾ–പ്രത്യേകിച്ചു കറുത്തവ–കഴിക്കുന്നതിൽ അപാകതയില്ല.

ആസക്തി വളരാൻ ശതാവരി

ഇളം പച്ച നിറമുള്ള, വണ്ണം കുറഞ്ഞ ശതാവരിത്തണ്ടുകൾ മൂന്നു ദിവസം തുടർച്ചയായി പുഴുങ്ങി കഴിച്ചാൽ ആണിലും പെണ്ണിലും കാമാസക്തി വർധിക്കും എന്നു ഉത്തരേന്ത്യയിൽ വിശ്വാസമുണ്ട്. പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം, വിറ്റമിൻ ഇ, ഫോളിക് ആസിഡ് ഇവകൊണ്ടു സമ്പുഷ്ടമായ ശതാവരിത്തണ്ടിന്റെ ലിംഗസദൃശമായ ആകൃതിയാണ് അതിനെ ഒരു രതിബിംബമാക്കുന്നത്. പിത്തത്തെ (അത്യുഷ്ണം) കുറയ്ക്കാനും, അങ്ങനെ ആണിനെ ശാന്തനാക്കി അവന്റെ ലൈംഗികബന്ധം കൂട്ടാനും ശതാവരി സഹായിക്കുമെന്ന് ആയുർവേദത്തിൽ പരാമർശമുണ്ട്.

മോഹം കൂട്ടാൻ ഷെൽഫിഷ്

അനാദികാലം മുതൽ തന്നെ മുത്തുച്ചിപ്പിയുടെ (ഷെൽഫിഷ്) കാമവർധക സ്വഭാവത്തെപ്പറ്റി പരാമർശങ്ങളുണ്ട്. രണ്ടാം നൂറ്റാണ്ടിലെ റോമൻ ഹാസ്യ സാഹിത്യകാരൻ ജൂവനാൽ പറഞ്ഞിരിക്കുന്നതും പെണ്ണുങ്ങളുടെ അഴിഞ്ഞാട്ടത്തിനു കാരണം വീഞ്ഞുകുടിയും ഓയിസ്റ്റർ (മുത്തുച്ചിപ്പി) തീറ്റയുമാണെന്നാണ്. കാസനോവ ദിവസവും രാവിലെ ഡസൻ കണക്കിന് ഓയിസ്റ്റർ കഴിക്കുമായിരുന്നുവത്രേ. ‘‘പുരുഷന്റെയോ സ്ത്രീയുടെയോ ലൈംഗികാവയവങ്ങളുമായി സാദൃശ്യമുള്ള ആഹാരസാധനങ്ങൾ കാമവർധകമാണ് എന്നു കാലാകാലങ്ങളിൽ നാനാ സംസ്കാരങ്ങളും വിശ്വസിച്ചുപോന്നിരുന്നു. ഓയിസ്റ്ററും ആദ്യം പറഞ്ഞ ലിസ്റ്റിൽ പെടും. അവയ്ക്കു സ്ത്രീയുടെ ലൈംഗികാവയവുമായി സാമ്യമുണ്ടല്ലോ. മൃദുത്വവും.’’ ഡോ. പ്രകാശ് കോത്താരി പറയുന്നു. 2005-ൽ അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ മീറ്റിംഗിൽ വെളിപ്പെടുത്തിയ ഗവേഷണ ഫലമനുസരിച്ച് ഈ ബൈവാൽവ് മൊളസ്ക്കുകൾ (മുത്തുച്ചിപ്പികൾ) സിങ്കിനാൽ സമ്പന്നമാണ്. സിങ്ക് ടെസ്റ്റോസ് റ്റെറോൺ ഹോർമോൺ ഉൽപ്പാദനത്തിന് അനിവാര്യമാണ്. അങ്ങനെ അവ ആണിന്റെയും പെണ്ണിന്റെയും ലൈംഗികാസക്തി വർധിപ്പിക്കുന്നു. പക്ഷേ, പച്ച ഓയിസ്റ്റർ കഴിക്കുന്നതു സൂക്ഷിച്ചുവേണം. വെള്ളത്തിൽ നിന്നു പറ്റിപ്പിടിച്ചിട്ടുള്ള വിഷാംശങ്ങൾ അവയിലുണ്ടാകുമെന്നു ജോർജിയ, കാലിഫോർണിയ യൂണിവേഴ്സിറ്റികളിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഉത്സാഹം കൂട്ടാൻ പൂവമ്പഴം

വിറ്റാമിൻ ബിയും പൊട്ടാസ്യവും ധാരളം അടങ്ങിയിട്ടുള്ള പൂവമ്പഴം കാമവർധകമാണെന്നൊരു വിശ്വാസം പണ്ടുതന്നെയുണ്ട്. ഏദൻതോട്ടത്തിലെ വിലക്കപ്പെട്ട കനി ആപ്പിളല്ല, പൂവമ്പഴമാണ് എന്നു വിശ്വസിച്ച്, ഈ പഴം ഉർവരതാ ദേവതകൾക്കു വഴിപാടായി സമർപ്പിക്കുന്ന ഏർപ്പാട് ഇന്ത്യയിൽ ചില മതക്കാരുടെ ഇടയിൽ ഉണ്ട്. മധ്യ അമേരിക്കയിൽ ചുവന്ന വാഴയുടെ നീര് അഫ്രോഡിസിയാക്കായി കഴിക്കാറുണ്ട്. കേരളത്തിൽ വിവാഹാനന്തരം പൂവമ്പഴവും പാലും ദമ്പതികൾ പങ്കിട്ടു കുടിക്കുന്ന ചടങ്ങ് ഇപ്പോഴുമുണ്ടല്ലോ. പൂവമ്പഴത്തിൽ ധാരാളം പോഷകാംശവും വിറ്റാമിനുകളും ഉണ്ട്. അതിലെ ചില രാസവസ്തുക്കൾക്കു നമ്മുടെ ഉത്സാഹവും ആത്മവിശ്വാസവുമൊക്കെ വർധിപ്പിക്കുന്ന തരത്തിൽ തലച്ചോറിൽ പ്രവർത്തിക്കാൻ കഴിയുമെന്നും പറയുന്നു.

Tags:
  • Manorama Arogyam
  • Sex Tips