Friday 20 January 2023 04:57 PM IST

വെള്ളം കൂടുതൽ കുടിക്കാം, ഉപ്പിട്ട കഞ്ഞിവെള്ളവും കരിക്കിൻ വെള്ളവും ഗുണകരം: ചൂടിനെ നേരിടാൻ പ്രായോഗിക വഴികൾ

Asha Thomas

Senior Sub Editor, Manorama Arogyam

summer4545

ശരീരത്തിലെ സ്വാഭാവിക താപനിയന്ത്രണ സംവിധാനത്തിന്റെ മിടുക്കു മൂലമാണ് സാധാരണ ചൂട് നമുക്ക് പ്രശ്നമാകാത്തത്. എന്നാൽ, അന്തരീക്ഷ താപം പരിധിവിട്ട് ഉയരുമ്പോൾ ശരീരത്തിലെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം താറുമാറാകും. താപനിലയിലെ ഈ വർദ്ധനവ് ആളുകളെ മരണത്തിലേക്കുവരെ തള്ളിവിടാം. നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ കണക്കു പ്രകാരം 2015–ൽ മാത്രം കടുത്ത ചൂടുമായി ബന്ധപ്പെട്ടുണ്ടായത് 2422 മരണങ്ങളാണ്. 2008-ലേതിനേക്കാൾ നാലു മടങ്ങ് കൂടുതലാണിത്.

സാധാരണ അന്തരീക്ഷ താപത്തേക്കാളും മൂന്നു ഡിഗ്രി സെൽഷ്യസ് എങ്കിലും ചൂട് കൂടുകയും അത് 2-3 ദിവസം ഉയർന്നു നിൽക്കുകയും ചെയ്യുമ്പോഴാണ് അപകടമുണ്ടാകുക. അന്തരീക്ഷ താപം തുടർച്ചയായി രണ്ടു ദിവസത്തോളം 45 ഡിഗ്രി സെൽഷ്യസ് കൂടിനിന്നാലും അപായസൂചനയാണ്. ചൂട് കണക്കറ്റ് കൂടുന്നത് കടുത്ത തലവേദന, ക്ഷീണം തലകറക്കം. പൊള്ളൽ പോലുള്ള ഹ്രസ്വകാല പ്രശ്നങ്ങൾക്ക് മാത്രമല്ല ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കാം.

കടുത്ത ചൂട് ഏറ്റവുമധികം പ്രശ്നത്തിലാക്കുന്നത് പ്രായമായവരെയും ദീർഘകാല രോഗികളേയും ഡൈയൂററ്റിക്സ് പോലെ ചില മരുന്ന് കഴിക്കുന്നവരെയുമാണ്. ഇവരിൽ ഉണ്ടാകുന്ന ചെറിയ ക്ഷീണവും തളർച്ചയും പോലും നിസ്സാരമാക്കാതെ ശ്രദ്ധിക്കണം. ചൂടുമായി ബന്ധപ്പെട്ടു വരാവുന്ന രോഗാവസ്ഥകളെ കുറിച്ച് വ്യക്തമായ അവബോധം നൽകുകയും കൂടി ചെയ്താൽ കടുത്ത ചൂട് മൂലമുള്ള അപകടങ്ങള ഒരു പരിധിവരെ തടയാം.

പൊള്ളലും കുഴഞ്ഞുവീഴലും

∙ഹീറ്റ് സിങ്കോപ്പ്–സ്കൂൾ അസംബ്ലികളിലും പി. റ്റി. ട്രെയിനിങ് സമയത്തും മറ്റും കുട്ടികൾ തല ചുറ്റി വീഴുന്നത് കാണാറില്ലേ. ചൂടുകാലത്ത് ഇതിന്റെ തോത് വർധിക്കാം. കഠിനമായ ചൂടിൽ അധിക സമയം നിൽക്കുകയോ വ്യായാമം ചെയ്യുകയോ മൂലം ഉണ്ടാകുന്ന തലചുറ്റലും ബോധക്ഷയവുമാണ് ഹീറ്റ് സിങ്കോപ്. ശരീര താപനില വർദ്ധിക്കില്ല. പക്ഷേ നെഞ്ചിടിപ്പ് വർധിക്കും. പൾസ് ദുർബലമായിരിക്കും.

എത്രയും പെട്ടെന്നുതന്നെ ശരീരത്തിലേൽക്കുന്ന ചൂട് കുറയ്ക്കാനുള്ള നടപടികൾ ചെയ്യുക. തണലിലേക്കു മാറ്റുക. ലവണാംശമുള്ള വെള്ളം കുടിക്കാൻ നൽകുക.

ഹീറ്റ് ക്രാംപ്സ്

‌ചൂടുകാലത്ത് ശരീര പേശികൾക്ക് പ്രത്യേകിച്ച് കാലിലെയും വയറിലെയും പേശികൾക്ക് അനുഭവപ്പെടുന്ന മുറുക്കം അഥവാ കോച്ചിപ്പിടുത്തം. ഇതോടൊപ്പം വല്ലാതെ വിയർക്കുകയും ചെയ്യാം.

കോച്ചിപ്പിടിച്ച ഭാഗം ലഘുവായി മസാജ് ചെയ്യുക. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു നുള്ള് ഉപ്പിട്ടു കുടിക്കുന്നതും കരിക്കിൻവെള്ളമോ ഉപ്പു ചേർത്ത കഞ്ഞിവെള്ളമോ കുടിക്കുന്നതും ഗുണകരമാണ്.

സൂര്യാതപം

ദീർഘനേരം വെയിലേൽക്കുന്നതു മൂലം ചർമം ചുവന്നു വീർത്ത് വേദനയും പൊള്ളലും പോലെ വരാം. മിക്കവാറും കടുത്ത തലവേദനയാകും ആദ്യ ലക്ഷണം. പനിയും കാണാം. കഠിനമായ ചൂടിൽ അധ്വാനിക്കുന്ന കർഷകർ, കൺസ്ട്രക്ഷൻ ജോലിക്കാർ ട്രാഫിക് പോലീസ് എന്നിവർക്ക് പൊള്ളലേൽക്കാൻ സാധ്യത കൂടുതലാണ്.

കടുത്ത തലവേദനയും ചർമത്തിനു ചുവപ്പു കണ്ടാൽ തണുത്ത വെള്ളം ധാരയായി ഒഴിച്ച് സോപ്പും തേച്ച് കുളിക്കുക. പൊള്ളലുണ്ടെങ്കിൽ ആ ഭാഗം 10 മിനിറ്റ് വെള്ളത്തിൽ മുക്കിവയ്ക്കാം. എന്നിട്ട് ഉണങ്ങിയ വൃത്തിയുള്ള തുണികൊണ്ട് ഡ്രെസ്സ് ചെയ്യാം. ഉടൻ ആശുപത്രിയിൽ എത്തുക.

തളർച്ച (Heat Exhaustion)

വിയർത്തൊഴുകുക ഒപ്പം ക്ഷീണവും തലകറക്കവും അനുഭവപ്പെടും. ചർമം തണുത്തു മരവിക്കുക. വിളറുക. പൾസ് ദുർബലമാകുക ഇവയുമുണ്ടാകാം. ചിലരിൽ ഛർദ്ദിയും കാണാം.

തണലത്തേക്ക് മാറ്റിയശേഷം വസ്ത്രങ്ങള്‍ അയച്ചിടുക. തണുപ്പുള്ള നനഞ്ഞ തുണികൊണ്ട് ശരീരം തുടയ്ക്കുക. വെള്ളം സിപ് ചെയ്ത് കുടിക്കാൻ പറയുക. ഛർദ്ദിയുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.

സൂര്യാഘാതം (sun stroke)

പൊരി വെയിലത്ത് അധ്വാനിക്കുന്നവരിലും യാത്ര ചെയ്യുന്നവരിലും ശരീരം വീണ്ടും അമിതമായി ചൂടു പിടിച്ചാൽ രക്തസമ്മർദ്ദം താഴും. ശരീരം ചുട്ടുപൊള്ളുക, അതിവേഗമുള്ള നാടിമിടിപ്പ്, അബോധാവസ്ഥയിലാവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ആശയക്കുഴപ്പം ചർമ്മത്തിൽ പൊള്ളൽ പോലുള്ള കുമിളകൾ എന്നിവയും കാണാം.

ആതീവ ഗുരുതരമായ അവസ്ഥയാണ്. കൃത്യ സമയത്ത് വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ തലച്ചോറിനും വൃക്കയ്ക്കും ഹൃദയത്തിനുമൊക്കെ പ്രവർത്തനം തകറാറിലായി മരണം വരെ സംഭവിക്കാം. തണലിലേക്ക് മാറ്റി കിടത്തിയ ശേഷം പൊള്ളലറ്റിടത്ത് തുണി നനച്ചിടുകയോ തണുത്ത തുണികൊണ്ട് ഒപ്പുകയോ ചെയ്യാം. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.

കടുത്ത ചൂട് മൂലമുള്ള അപകടങ്ങൾ പ്രതിരോധിക്കാൻ ചെയ്യാവുന്നതും ചെയ്യരുതാത്തതതുമായ ചില കാര്യങ്ങളുണ്ട്.

ചെയ്യാവുന്നത്

∙ അയഞ്ഞ, നേർത്ത ഇളം നിറമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം.

∙ കയ്യിലും മുഖത്തും പുറത്തു കാണുന്ന ശരീര ഭാഗങ്ങളിലും എല്ലാം എസ് പി എഫ് 30-ൽ കൂടിയ ക്രീം പുരട്ടി അൾട്രാവയലറ്റ് റേഡിയേഷനെ പ്രതിരോധിക്കുക.

∙ ദാഹം തോന്നും മുൻപേ വെള്ളം കുടിക്കുക. പ്രത്യേകിച്ച് ലവണങ്ങൾ അടങ്ങിയ വെള്ളം ഇടയ്ക്കിടെ കുടിക്കാം. മോരുംവെള്ളം ലസ്സി, കരിക്കിൻവെള്ളം, നാരങ്ങാവെള്ളം എന്നിവ നല്ലത്.

∙ ദിവസവും പല തവണ കുളിക്കുക. കൂളിങ് എഫക്റ്റ് ഉള്ള സോപ്പുകൾ ഉപയോഗിക്കാം.

∙ ചൂടുകാലത്ത് ഭക്ഷണം കഴിക്കുന്നതിന്റെ അളവും കുറയുന്നത് മൂലം പോഷക നഷ്ടം വരാം. അതു തടയാൻ പഴങ്ങൾ കൂടുതൽ കഴിക്കുക, പ്രത്യേകിച്ച് ജലാംശം കൂടുതലുള്ള പഴങ്ങൾ, ജലാംശം ധാരാളമുള്ള കക്കിരി, കുമ്പളങ്ങ പോലുള്ള പച്ചക്കറികളും നല്ലത്.

∙ പകൽ നേരത്ത് ജനൽ അടച്ചിട്ട് മുറി ചൂടാകാതെ വയ്ക്കുക. രാത്രിയിൽ തുറന്നിടാം.

∙ മൃഗങ്ങളുടെ കൂട് ഉള്ളിടത്ത് തണൽ കിട്ടുന്നുവെന്ന് ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കാൻ നൽകുക.

ചെയ്യരുതാത്തത്

∙ രാവിലെ 11 മുതൽ വൈകിട്ട് 3 മണിവരെ കഴിവതും പുറത്ത് അധികനേരം ചെലവിടുകയോ വ്യായാമം ചെയ്യുകയോ അരുത്. സ്കൂളുകളിൽ ഈ സമയത്ത് കായിക പരിശീലനം ഒഴിവാക്കണം.

∙ ചായ, കാപ്പി, ശീതളപാനീയങ്ങൾ, മദ്യം ഒഴിവാക്കുക. ചെറിയ അളവ് കഫീൻ പോലും നിർജലീകരണ സാധ്യത വർദ്ധിപ്പിക്കും.

∙ നല്ല ചൂടുള്ളപ്പോൾ പാചകം ഒഴിവാക്കുക. അടുക്കളയിൽ വായുസഞ്ചാരമുണ്ടെന്ന് ഉറപ്പാക്കണം.

∙ ചൂടു കൂടുതലുള്ള പകൽ നേരത്ത് ചപ്പ് ചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കുക.

∙ എരിവും പുളിയും മസാലയും കുൂടിയ ഭക്ഷണം വേണ്ട.

കടപ്പാട്: മനോരമ ആരോഗ്യം ആർകൈവ്

Tags:
  • Manorama Arogyam
  • Health Tips