Monday 26 September 2022 04:15 PM IST

അമിത ഗാഡ്ജറ്റ് ഉപയോഗവും ഓൺലൈൻ പഠനവും കാഴ്ചയെ ബാധിക്കുന്നുണ്ടോ?

Shyama

Sub Editor

eye care

‘കണ്ണ് നന്നായി തുറന്ന് വായിക്ക് റയാൻ... വെറുതേയല്ല നീ വായിക്കുന്നതും നോക്കിയെഴുതുന്നതും ഒക്കെ തെറ്റുന്നേ...’

‘കണ്ണ് തുറന്ന് പിടിച്ചാൽ എനിക്ക് നന്നായി കാണുന്നില്ല പപ്പാ... കണ്ണിച്ചിരി ഇറുക്കിപ്പിടിക്കുമ്പോഴാ കാണുന്നേ...’ ഉടനെയെത്തി റയാന്റെ മറുപടി.  

 ‘ആർക്കാ കണ്ണടച്ചാൽ തെളിഞ്ഞു കാണുന്നേ? വെറുതേ തമാശ കളിക്കാതെ കണ്ണു തുറന്ന് പിടിച്ച് എഴുത് ചെക്കാ...’ പപ്പയുടെ ശകാരം.

കുറച്ച് ദിവസം കഴിഞ്ഞ് സ്കൂളിൽ നിന്ന് റയാന്റെ ടീച്ചർ വിളിച്ചു പറഞ്ഞു ‘റയാന്റെ കണ്ണ് പരിശോധിക്കുന്നത് നന്നായിരിക്കും.’

അതനുസരിച്ച് പരിശോധന നടത്തി. കാഴ്ചക്കുറവുണ്ട്. കണ്ണട വച്ച് റയാൻ സ്കൂളിലെത്തി.  ഇപ്പോൾ കണ്ണിറുക്കിപ്പിടിക്കാതെ റയാന് അക്ഷരങ്ങൾ തെളിഞ്ഞ് കാണാം.

പലപ്പോഴും കുട്ടികളുടെ വലുതും ചെറുതുമായ കാഴ്ച പ്രശ്നങ്ങൾ  ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. പ്രശ്നം ഗുരുതരമാകുമ്പോഴാണ് വീട്ടിലുള്ളവർ തന്നെ അത് ശ്രദ്ധിക്കുന്നത്.

തെളിഞ്ഞ കാഴ്ചയുടെ സന്ദേശങ്ങൾ തലച്ചോറിലേക്കെത്തിയാൽ മാത്രമേ കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ ക്രമമായി നടക്കൂ. തലച്ചോറിന്റെ വികാസം ഏ ഴ് – എട്ട് വയസ്സിനുള്ളിൽ ത്വരിതമായി നടക്കുന്നതു കൊണ്ട് ചെറിയ പ്രായത്തിൽ തന്നെ കാഴ്ചപ്രശ്നങ്ങൾ കണ്ടെത്തി പരിഹാരമാർഗങ്ങൾ തേടണം. കണ്ണിന്റെ ആരോഗ്യസംരക്ഷണത്തിൽ തുടക്കം മുതൽ ശ്രദ്ധ വേണം. ചികിത്സ വൈകുന്നത് കുട്ടിയുടെ ഭാവിജീവിതത്തെ തന്നെ ബാധിക്കുമെന്ന കാര്യം മറക്കരുതേ.   

എന്തൊക്കെ ലക്ഷണങ്ങൾ കണ്ടാലാണ് കുട്ടിയെ നേത്ര രോഗവിദഗ്ധനെ കാണിക്കേണ്ടത്?

കണ്ണ് വേദന, തലവേദന, കണ്ണിലൂടെ വെള്ളം വരിക, കണ്ണ് ചൊറിച്ചിൽ, രണ്ട് കണ്ണും ഒരേ ദിശയിലേക്ക് കേന്ദ്രീകരിക്കാൻ കഴിയാതെ വരിക,  കണ്ണ് ചുവന്നിരിക്കുക, കണ്ണിൽ ചെറിയ കുരുക്കൾ വരിക, കണ്ണ് മുഴുവൻ തുറക്കാതെ ഇറുക്കിപ്പിടിച്ച് നോക്കുക, മങ്ങലുണ്ടെന്ന് കുട്ടി തന്നെ പറയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ നേത്രരോഗ വിദഗ്ധരെ കണ്ട് ചികിത്സ തേടണം.   

kids_eye_care

കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന നേത്രരോഗങ്ങൾ ഏതൊക്കെയാണ്?

ഏറ്റവും കൂടുതലായി കുട്ടികളിൽ കാണുന്നത് ‘റിഫ്രാക്റ്റീവ് എറേഴ്സ്’ എന്ന കണ്ണടകൾ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ്. ഇതിൽ ഹ്രസ്വ ദൃഷ്ടി (ഷോർട് സൈറ്റ്/മയോപിയ), ദീർഘ ദൃഷ്ടി (ലോങ് സൈറ്റ്/ഹൈപ്പർ മെട്രോപിയ), വക്ര ദൃഷ്ടി (അസ്റ്റിഗ്‌മാറ്റിസം) എന്നിവയാണ് കൂടുതലായി കാണുന്നത്. കുട്ടികൾ കണ്ണട വയ്ക്കുമ്പോൾ കണ്ണിലേക്ക് എത്തുന്ന പ്രകാശ രശ്മികളെ കണ്ണടയിലെ ലെൻസ് നാഡിയിലേക്ക് ക്രേന്ദീകരിക്കാൻ സഹായിക്കും. അതോടെ കുട്ടിക്ക് നല്ല രീതിയിൽ കാണാൻ സാധിക്കും.

അടുത്തതായി കാണുന്ന പ്രശ്നമാണ് കൺകുരു. കണ്ണിന്റെ മുകളിലോ താഴെയൊ ഉള്ള പോളയിൽ വരുന്ന ചെറിയ കുരുക്കൾക്കാണ് കൺകുരു അഥവാ കലേസിയോൺ എന്ന് പറയുന്നത്.

കൺപോളയിലെ ഗ്രന്ധികളിൽ തടസ്സം വന്ന് അതിനകത്തുള്ള എണ്ണമയമുള്ള ദ്രാവകത്തിന് അണുബാധ വരികയും അതുവഴി പഴുപ്പുണ്ടാകുകയും ചെയ്യുന്നതാണ് കൺകുരു. പൊതുവേ ഇവയ്ക്ക് നല്ല വേദനയുണ്ടാകും.

ഡോക്ടർ നിർദേശിക്കുന്നതനുസരിച്ച് കണ്ണിലൊഴിക്കാനുള്ള തുള്ളിമരുന്നൊഴിച്ചോ ഓയിന്റ്മെന്റ് പുരട്ടി ചെറുചൂടുപിടിച്ചോ ഇവ സ്വയം വറ്റിപ്പോകാറാണ് പതിവ്. കണ്ണടകൾ വയ്ക്കുന്ന കുട്ടികൾ ശരിയായ പവറിലുള്ള കണ്ണടയല്ല വയ്ക്കുന്നതെങ്കിലും കൺകുരു വരാം.

രണ്ട് കണ്ണും നേരെ ഒരേ ദിശയിലേക്ക് നോക്കാൻ കഴിയാത്ത അവസ്ഥയാണ് കോങ്കണ്ണ്. ജന്മനാ ഉണ്ടാകുന്നത് കൂടാതെ ചില കുട്ടികൾക്ക് പ്രായം കൂടുമ്പോൾ ഇതു വരാം. കണ്ണടകൾ ആവശ്യമായ കുട്ടികൾ കണ്ണട വച്ചില്ലെങ്കിലും കോങ്കണ്ണ് വരാം.

എപ്പിഫോറ അഥവാ കണ്ണിൽ നിന്ന് സ്ഥിരമായി കണ്ണീർ വന്നു കൊണ്ടിരിക്കുക എന്നതാണ് മറ്റൊന്ന്. കണ്ണീർ ഗ്രന്ഥികളിലുണ്ടാകുന്ന കണ്ണീർ കണ്‍കോണിൽ നിന്ന് ചെറിയ സുഷിരത്തിലൂടെ സ്വതവേ മൂക്കിലേക്ക് പോകും. ഇത് മൂക്കിലേക്ക് പോകാതെ സുഷിരത്തിൽ തടസ്സമുണ്ടാകുന്ന അവസ്ഥയാണിത്.

നവജാത ശിശുക്കൾക്ക് കണ്ണിൽ നിന്നുള്ള വെള്ളമൊഴുക്കുണ്ടെങ്കിൽ നേത്രരോഗ വിദഗ്ധനെ കണ്ട് കൺകോണുകളിൽ മസാജ് ചെയ്തു കൊടുത്താൽ ചില അവസരങ്ങളിൽ ഇത് മാറാറുണ്ട്.

വളരെ അപൂർവമായി കുട്ടികൾക്ക് ജന്മനാ തിമിരം, ഗ്ലൂക്കോമ എന്നിവ കാണാറുണ്ട്. കാഴ്ച മങ്ങലുണ്ടെന്ന് സംശയം വന്നാലുടനെ നേത്രരോഗ വിദഗ്ധരെകൊണ്ട് പരിഹാരം തേടാം. 

കുട്ടികളിൽ സർവസാധാരണമായി കണ്ടു വരുന്നതാണ് ചെങ്കണ്ണ്. കണ്ണിന്റെ വെളുത്ത ഭാഗത്തുണ്ടാകുന്ന ചുവപ്പാണ് ലക്ഷണം. അണുബാധ കാരണമാണ് ഇത് വരുന്നത്. ബാക്റ്റീരിയ കൊണ്ടുള്ള ചെങ്കണ്ണ് മറ്റുള്ളവരിലേക്കും പകരാനുള്ള സാധ്യത കൂടുതലാണ്. കണ്ണ് ചുവക്കുന്നതിനൊപ്പം മഞ്ഞ നിറത്തിലുള്ള സ്രവം കൂടി വരുന്നതാണ് ലക്ഷണം.

അലർജി മൂലമുള്ള ചെങ്കണ്ണുമുണ്ട്. അതിന്റെ പ്രധാന ലക്ഷണം വെള്ളമൊലിപ്പും അതിയായ ചൊറിച്ചിലുമാണ്.

അമിത ഗാഡ്ജറ്റ് ഉപയോഗവും ഓൺലൈൻ പഠനവും കാഴ്ചയെ ബാധിക്കുന്നുണ്ടോ?

കോവിഡ് സാഹചര്യത്തിൽ പഠനത്തിനും കളികൾക്കുമായി ഗാ‍‍ഡ്ജറ്റ് ഉപയോഗം കൂടിയിട്ടുണ്ട്. കുട്ടികളില്‍ കൂടുതലായി കണ്ണ് വേദന, തലവേദന, കണ്ണിൽ നിന്ന് നിർത്താതെ വെള്ളം വരിക ഒക്കെ ഉണ്ടായ സമയം കൂടിയായിരുന്നു അത്. ചില കാര്യങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

1. കണ്ണട വയ്ക്കുന്ന കുട്ടികൾ ആറു മാസത്തിലൊരിക്കലെങ്കിലും  നേത്രരോഗ വിദഗ്ധരെ കാണുക.  കണ്ണിന്റെ ശരിയായ പവറിലുള്ള കണ്ണട തന്നയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്താം. പവർ മാറണമെങ്കിൽ അതും ചെയ്യാം.

2. മൊബൈലും കംപ്യൂട്ടറും ടിവിയും മറ്റും ഉപയോഗിക്കുന്ന സമയത്ത് തുടർച്ചയായി അതിൽ തന്നെ നോക്കാതെ ഒരോ അരമണിക്കൂറിലും കണ്ണിന് വിശ്രമം നൽകുക. വിദൂരതയിലേക്ക് നോക്കുക, കണ്ണടച്ചു പിടിക്കുക എന്നിവയൊക്കെ ചെയ്യാം. കണ്ണിലെ മസിലുകൾക്ക് വിശ്രമം കിട്ടും.

3. വായിക്കുന്ന/സ്ക്രീൻ നോക്കുന്ന മുറിയിലെ വെളിച്ചം ക്രമീകരിക്കേണ്ടതും അത്യാവശ്യമാണ്. കാണുന്ന സ്ക്രീനിലേക്ക് തീവ്ര വെളിച്ചം വീഴാതിരിക്കുന്നതാണ് നല്ലത്. വശങ്ങളിൽ നിന്ന് വെളിച്ചം വരുന്ന തരത്തിൽ വെളിച്ച–സ്രോതസ് വച്ചാൽ ഗ്ലെയർ മൂലമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാം. മറ്റ് പല കാര്യങ്ങളും ശ്രദ്ധിക്കുമ്പോഴും പലരും വിട്ടു പോകുന്ന കാര്യമാണ് കൃത്യമായ വെളിച്ച ക്രമീകരണം.

കുട്ടികൾക്ക് എന്തൊക്കെ നേത്ര പരിശോധനകളാണ് സാധാരണ ഗതിയിൽ ചെയ്യുന്നത്?

ഓരോ കണ്ണും അടച്ചും തുറന്നും രണ്ട് കണ്ണിനും ഒരേ പോലുള്ള കാഴ്ച തന്നെയാണോ എന്ന പരിശോധനയാണ് ആദ്യം ചെയ്യുക. കുട്ടിയുടെ കാഴ്ചശക്തി കംപ്യൂട്ടർ സ ഹായത്തോടെയോ സ്ട്രീക് റെറ്റിനോസ്കോപ് വച്ചോ അ ളക്കുന്നു. കണ്ണിൽ തുള്ളിമരുന്നൊഴിച്ച് കൃഷ്ണമണി വികസിപ്പിച്ചിട്ടാണ് ചെയ്യുന്നത്.

പിന്നീട് ഒഫ്താൽമോസ്കോപ് കൊണ്ട് കണ്ണിന്റെ റെറ്റിന പരിശോധിക്കുന്നു. കണ്ണിലെ തിമിരം, കൃഷ്ണമണിക്കുള്ള വളവ് എന്നിവ പരിശോധിക്കാനും മാർഗങ്ങളുമുണ്ട്. ട്രയൽ കേസ് വച്ച് ലെൻസുകൾ മാറി മാറിയിട്ട് കുട്ടിയുടെ കാഴ്ചശക്തിക്കു അനുസരിച്ചുള്ള ലെൻസ് വച്ച കണ്ണടകൾ ആവശ്യമെങ്കിൽ നൽകുകയും ചെയ്യും.

കുട്ടികളുടെ കണ്ണട തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

കണ്ണടയുടെ വലുപ്പം തന്നെയാണ് ആദ്യത്തെ ഘടകം. ദൃഷ്ടി മണ്ഡലം മറയ്ക്കാതെ കാഴ്ചകൾ തെളിഞ്ഞു കാണാൻ കഴിയണം. ഒരു പരിധിയിൽ കൂടുതൽ വീതി കൂടാനും പാടില്ല. അലർജിയുള്ള കുട്ടികൾ അലർജിയില്ലാത്ത പ്ലാസ്റ്റിക്കോ ലോഹമോ കൊണ്ടുള്ള കണ്ണട തന്നെ തിരഞ്ഞെടുക്കുക. കുട്ടികളുടെ മൂക്കിന് മുതിർന്നവരുടെയത്ര വളർച്ച വരാത്തതു കൊണ്ട് കണ്ണടയുടെ ബ്രിഡ്ജ് മൂക്കിൽ കൃത്യമായി ഇരിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താം.

കണ്ണടയുടെ കാലുകൾക്ക് ചെവിയോളം നീളം മതി. അ തിനും പിന്നിലേക്ക് നീളുന്ന കാലുകളുള്ള കണ്ണട ബുദ്ധിമുട്ടുകളുണ്ടാക്കും.

കുട്ടികളുടെ കണ്ണടകൾക്ക് പൊട്ടാത്ത പോളികാർബണേറ്റ് ലെൻസാണ് ഉത്തമം. ആന്റീ – റിഫ്ലെക്ടീവ് ലെൻസ് ഉപയോഗിച്ചാൽ കംപ്യൂട്ടർ, മൊബൈൽ പോലുള്ളവ ഉപയോഗിക്കുമ്പോൾ കണ്ണിലേക്കുള്ള റിഫ്ലെക്‌ഷൻ കുറയും. ആന്റീ–സ്ക്രാച് കോട്ടിങ് ഉള്ള ലെൻസുകൾ ഉപയോഗിച്ചാൽ പെട്ടെന്ന് ഉരസലും മറ്റും വന്ന് കണ്ണട ഉപയോഗശൂന്യമാകാതിരിക്കും. ഉരസൽ വന്ന കണ്ണടകൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

എത്ര നാള്‍ കൂടുമ്പോഴാണ് നേത്രപരിശോധന നടത്തേണ്ടത്?

നവജാത ശിശുവിന്റെ കണ്ണ് ആദ്യമേ ശിശുരോഗവിദഗ്ധർ പരിശോധിക്കാറുണ്ട്. ആവശ്യമെങ്കിൽ മാത്രം നേത്രരോഗ വിദഗ്ധർക്ക് റഫർ ചെയ്യും. കണ്ണിൽ പഴുപ്പോ, വെള്ളം വരലോ പോലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആദ്യം തന്നെ നേത്രരോഗവിദഗ്ധരുടെ സേവനം ഉറപ്പാക്കണം.  

അടുത്ത പരിശോധന കുട്ടിയെ സ്കൂളിൽ ചേർക്കും മുൻപ് നടത്താം. നാല്–അഞ്ച് വയസ്സിൽ കണ്ണിന്റെ പവർ പരിശോധിക്കുക. കൃത്യമായ ചികിത്സ ആവശ്യമെങ്കിൽ എടുക്കുക. അല്ലാത്ത പക്ഷം ഈ പ്രായത്തിൽ ഏതെങ്കിലും കണ്ണിന് കാഴ്ചക്കുറവുണ്ടെങ്കിൽ മങ്ങലുള്ള കണ്ണിന് സ്ഥായിയായ കാഴ്ചക്കുറവ് വരാം. ആംബ്ലിയോപ്പിയ അഥവ മടിയൻ കണ്ണ് എന്നാണ് ഈ അവസ്ഥയുടെ പേര്.  തീരെ ചെറുപ്രായത്തിൽ തലച്ചോറിൽ നിന്നു കണ്ണിലേക്കുള്ള നാഡികൾ നേരാം വണ്ണം ഉത്തേജിപ്പിക്കപ്പെടാത്തതുകാരണമാണ് ആംബ്ലിയോപ്പിയ വരുന്നത്. ഇക്കാരണത്താൽ ഒരു കണ്ണിലേക്ക് മാത്രം തലച്ചോർ ശ്രദ്ധ കേന്ദ്രീകരിക്കും.

കോങ്കണ്ണുള്ള കുട്ടിയെ ചികിത്സിച്ച് ഭേദപ്പെടുത്തിയില്ലെങ്കിൽ ത്രിമാന കാഴ്ച കുട്ടിക്ക് നഷ്ടമാകാം.  

കണ്ണിന് മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ അടുത്ത പരിശോധന പത്ത് വയസ്സിൽ ചെയ്താൽ മതി. പിന്നെ, 15–18 വയസ്സിൽ പരിശോധന നടത്താം.

ഇതിനിടയ്ക്ക് കണ്ണിനോ കാഴ്ച്ചയ്ക്കോ പ്രശ്നം വ ന്നാൽ ഡോക്ടറെ കാണാൻ മടിക്കരുത്. പ്രമേഹമുള്ളവർ മറ്റ് പ്രശ്നങ്ങൾ ഇല്ലെങ്കിൽ പോലും വർഷത്തിലൊരിക്കൽ നിർബന്ധമായി കണ്ണ് പരിശോധന നടത്തണം.

കണ്ണിന്റെ പൊതു ശുചിത്വം നിലനിർത്താൻ എന്തൊക്കെ ചെയ്യണം?

∙ ഒരാളുപയോഗിക്കുന്ന കൺമഷി, മറ്റ് മേക്കപ് വസ്തുക്കൾ, കണ്ണ് തുടയ്ക്കുന്ന ടവൽ, സ്പോഞ്ച് ഇവ ഒന്നും മ റ്റൊരാളുമായി പങ്കുവയ്ക്കരുത്.

∙ കൺമഷി, ഐലൈനർ, മസ്കാര തുടങ്ങിയ മേക്കപ് വസ്തുക്കളുടെ എക്സ്പയറി തീയതി നോക്കിവയ്ക്കുക. കാലാവധി കഴിഞ്ഞാൽ ഉടനെ മാറ്റണം.

∙ കണ്ണുകൾ ഇടയ്ക്കിടെ തിരുമ്മരുത്. കയ്യിലെ അണുക്കൾ കണ്ണിലെത്തി അണുബാധയ്ക്ക് കാരണമാകും.

∙ രാത്രി ഉറങ്ങും മുൻപ് കൺമഷിയടക്കമുള്ളവ പൂർണമായി നീക്കം ചെയ്ത് മുഖം വൃത്തിയായി കഴുകിയിട്ട് മാത്രം കിടക്കുക.

∙ കോൺടാക്റ്റ് ലെൻസ് ഉപയോഗിക്കുന്നവർ ഡോക്ടർ നിർദേശിക്കുന്നതനുസരിച്ച് എട്ടു–പത്ത് മണിക്കൂർ നേരം മാത്രം വയ്ക്കുക. കണ്ണിൽ ലെൻസ് വച്ച് കിടന്നുറങ്ങരുത്.

∙ തീയടുപ്പിൽ നിന്നോ, ബാർബിക്യു മെഷീനിൽ നിന്നോ ഒക്കെ കണ്ണിൽ തുടർച്ചയായി പുകയടിക്കുന്നത് ഒഴിവാക്കുക. ഇത് കണ്ണിന് വരൾച്ചയുണ്ടാക്കും.

∙ 20–20–20 റൂൾ പാലിക്കാം. ദീർഘ നേരം സ്ക്രീനിൽ നോക്കിയിരിക്കേണ്ടി വരുമ്പോൾ 20 മിനിറ്റ് ഇടവിട്ട് 20 നിമിഷം 20 അടി ദൂരത്തിലുള്ള മറ്റൊരിടത്തേക്ക് നോക്കുക.

∙ പടക്കം പൊട്ടിക്കുക, എന്തെങ്കിലും തരത്തിലുള്ള രാസ പരീക്ഷണങ്ങൾ ചെയ്യുക തുടങ്ങിയ സമയത്ത് കുട്ടികൾക്ക് പ്ലെയിൻ ഗ്ലാസ് വയ്ക്കാവുന്നതാണ്. വെയിലത്ത് പോകുമ്പോൾ സൺഗ്ലാസ് വയ്ക്കുന്നതും ശീലിക്കാം.

നേത്രപരിചരണ മേഖലയിലെ പുതുമകൾ ?

മറ്റെല്ലാ മേഖലയിലും എന്ന പോലെ നേത്രചികിത്സയിലും ധാരാളം പുരോഗതികൾ വരുന്നുണ്ട്. കണ്ണിന്റെ കോർണിയ മാപ് ചെയ്ത് അതിന്റെ  അളവും വളവും കൃത്യമായി മാപ് ചെയ്യാനുള്ള ഉപകരണങ്ങൾ നിലവിലുണ്ട്.

കണ്ണിന്റെ റെറ്റിന അളന്ന് നേരിയ വ്യത്യാസം പോലും അറിയാൻ പറ്റുന്ന സ്കാനിങ് ഉപകരണങ്ങളുമുണ്ട്. തിമിരം ഗ്ലൂക്കോമ എന്നിവയ്ക്കുള്ള ശസ്ത്രക്രിയക്കും പരിചരണത്തിനുമുള്ള നൂതന മാർഗങ്ങളും ഇപ്പോൾ ലഭ്യമാണ്.

കണ്ണിനുള്ള വ്യായാമം നിർബന്ധമാണോ?

കുട്ടികൾക്ക് അവരുടെ ദൈനംദിനപ്രവർത്തനങ്ങളി ൽ നിന്ന് തന്നെ ആവശ്യത്തിന് വ്യായാമം ലഭിക്കുന്നുണ്ട്. അതുകൊണ്ട് ചെറുപ്രായത്തിൽ കണ്ണിന് വേണ്ടി പ്രത്യേകമായൊരു വ്യായാമം വേണ്ടി വരില്ല.   

ചില കുട്ടികളിൽ കണ്ണിലെ കൃഷ്ണമണി മൂക്കിനോട് ചേർന്ന് വരുന്ന കൺവേർജൻസ് ഇൻസഫിഷ്യൻസി ഉണ്ടാകാറുണ്ട്.

അങ്ങനെയുള്ള കുട്ടിക്ക് ഡോക്ടർ പറഞ്ഞാൽ മാത്രം അതിനുള്ള വ്യായാമം ചെയ്യുക. കണ്ണുകൾക്കുള്ള വ്യായാമം കൊണ്ട് കണ്ണടയുടെ പവർ കൂട്ടാനോ കുറയ്ക്കാനോ സാധിക്കില്ല എന്നു മറക്കരുത്.

ഡോ. ദേവിൻ പ്രഭാകർ, കണ്‍സൽറ്റന്റ് ഒഫ്താൽമോളജിസ്റ്റ്, ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ, തിരുവനന്തപുരം

കുട്ടികൾക്ക് ബ്ലൂ റേ കണ്ണടകൾ ആവശ്യമോ ?

ഗാഡ്ജറ്റ്സിന്റെ ഉപയോഗം കൂടിയതോടെ ബ്ലൂറേ ക ണ്ണടകൾക്കും പ്രചാരമേറി. ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നുമൊക്കെയുള്ള നീല വെളിച്ചം കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.

പ്രകൃതിദത്തമായുള്ള നീല വെളിച്ചത്തെ കണ്ണുകൾക്ക് സ്വാഭാവികമായി തന്നെ തടയാൻ സാധിക്കുമെങ്കിലും കൃത്രിമമായുള്ളതിനെ അത്ര തടയാൻ സാധിക്കില്ല. നിരന്തരം ഇത്തരം നീല വെളിച്ചം കണ്ണിലടിച്ചാൽ കാഴ്ചത്തകരാറുകൾക്ക് പുറമേ മാനസിക പിരിമുറുക്കം, തലവേദന, ഉറക്കക്കുറവ് എന്നിവയ്ക്ക് വരെ കാരണമാകാം. മിക്ക ഫോണുകളിലും ലാപ്ടോപ്പിലും ഒക്കെ ഈ ബ്ലൂലൈറ്റ് ഫിൽറ്റർ ചെയ്യാനുള്ള ഒപ്ഷനുണ്ട്. രാത്രി പ്രത്യേകിച്ചും ഇത് ഓൺ ആക്കിയിടുക.

മുതിർന്നവർക്കാണ് ബ്ലൂ റേ ഗ്ലാസ് നിർബന്ധമായും വേണ്ടത്. കുട്ടികൾ ബ്ലൂ റേ ഗ്ലാസ് വയ്ക്കുന്നതിൽ ദോഷമില്ലെങ്കിലും അത്ര നിർബന്ധമല്ല. അവർക്ക് നിർബന്ധമായും വേണ്ടത് നിയന്ത്രിത സ്ക്രീൻ ടൈം ആണ്. കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ഫോണും മറ്റും നോക്കുന്ന ശീലം പാടെ ഒഴിവാക്കുക.

കണ്ണുകളുടെ ആരോഗ്യത്തിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ടവ എന്തൊക്കെ?

ല്യൂട്ടീൻ, തിയോ സാൻത്തീൻ, വൈറ്റമിൻ സി, എ, ഇ, സിങ്ക് എന്നിവയാണ് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉപയോഗപ്രദം.

വിവിധ നിറത്തിലുള്ള പഴങ്ങളും ഫലങ്ങളും കഴിക്കുന്നതാണ് ഉത്തമം. പലതരം ഭക്ഷ്യവസ്തുക്കൾ ഇടകലർത്തി ഡയറ്റ് തയാറാക്കാം.

ല്യൂട്ടീന്‍, തിയോ സാൻത്തീൻ അടങ്ങിയ ചില ഭക്ഷ്യവസ്തുക്കൾ : ഇലക്കറികൾ, മത്തങ്ങ, ഗ്രീൻ പീസ്, കാരറ്റ്, പിസ്ത, മുട്ടയുടെ മഞ്ഞ, മുന്തിരി, കിവി.

വൈറ്റമിൻ സി : നെല്ലിക്ക, ഓറഞ്ച്, നാരങ്ങ, കിഴങ്ങ്, തക്കാളി.

വൈറ്റമിൻ ഇ : പപ്പായ, കപ്പലണ്ടി, ചീര, ഒലിവ് ഓയിൽ, ബ്രോക്ക്‌ലി, അവക്കാഡോ, സൂര്യകാന്തി വിത്ത്, ബദാം 

സിങ്ക് :  മാംസം (റെഡ് മീറ്റ്), മുട്ട, ധാന്യങ്ങൾ, കശുവണ്ടി, പാൽ, ചീസ്, ടോഫു, ചെമ്മീൻ, കല്ലുമ്മക്കായ, കൂൺ.

വൈറ്റമിൻ എ : ചീര, മധുരക്കിഴങ്ങ്, കാരറ്റ്, പപ്പായ, കാപ്സിക്കം, മാങ്ങ, ഏപ്രിക്കോട്ട്.

കടപ്പാട്:

ഡോ. ദേവിൻ പ്രഭാകർ,
കണ്‍സൽറ്റന്റ്
ഒഫ്താൽമോളജിസ്റ്റ്,
ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ, തിരുവനന്തപുരം