Monday 13 June 2022 12:18 PM IST : By സ്വന്തം ലേഖകൻ

തൃപ്തിയാകാത്ത ഉറക്കം, ഭക്ഷണ വിരക്തി, ശ്വാസംമുട്ട്... കോവി‍ഡിനു ശേഷം കുട്ടികളിൽ മിസ്ക്! കരുതിയിരിക്കാം

misc

കുട്ടികളിൽ കോവിഡും കോവിഡാനന്തര(പോസ്റ്റ് കോവിഡ്) പ്രശ്നങ്ങളും മുതിർന്നവരിൽ കാണുന്നത്രയും കാണാറില്ല. കോവിഡ് വന്നു നാല് ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ മാറാതെ നിന്നാൽ അതിനെ ലോങ് കോവിഡ് എന്നു പറയുന്നു. കോവിഡിന്റെ കൂടെയോ, വന്നു മാറിയതിന് ശേഷമോ ആറാഴ്ച കഴിഞ്ഞിട്ടും സമാന ലക്ഷണങ്ങൾ മാറാതെ നിൽക്കുകയും ഈ ലക്ഷണങ്ങൾക്കു മറ്റൊരു കാരണം കണ്ടെത്താനുമാകുന്നില്ലെങ്കിൽ അതിനെ 'പോസ്റ്റ് കോവിഡ് സിൻഡ്രം ' ആയി കണക്കാക്കാം.

കോവിഡ് ബാധയുണ്ടായ, കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കുട്ടികളിൽ കൃത്യമായ പഠനങ്ങൾ വിരളമായിരുന്നു.നാലായിരത്തിൽപ്പരം കുട്ടികളിലായി നടന്ന ആറു പഠനങ്ങളിൽ പൊതുവായി പോസ്റ്റ് കോവിഡിന്റെ ലക്ഷണങ്ങൾ (NICE-SIGN 2022) വ്യക്തമായി. അമിതക്ഷീണം, തൃപ്തിയാകാത്ത ഉറക്കം, വൈകിയുള്ള ഉറക്കം, ഹൃദയമിടിപ്പിലുള്ള വ്യതിയാനങ്ങൾ, തലവേദന, വയറുവേദന, പേശീവേദന, ശ്വാസംമുട്ട്, മണം തിരിച്ചറിയാൻ സാധിക്കാതിരിക്കുക തുടങ്ങിയവ കോവിഡാനന്തരം കുട്ടികളിൽ കാണാറുണ്ട്. ഇതിനു പുറമേ ശ്രദ്ധക്കുറവ്, മാനസിക വിഭ്രാന്തി (delirium), തലചുറ്റൽ, തലയ്ക്കു ഭാരക്കുറവ്, ഭക്ഷണ വിരക്തി, ദേഹത്തു ചുവന്ന തടിപ്പുകൾ, രക്തം കട്ട പിടിക്കുന്നതിനാൽ രക്തയോട്ടം കുറയൽ, പക്ഷാഘാതം, വൃക്കകൾക്കു സംഭവിക്കുന്ന തകരാറ്, തൈറോയ്ഡ് ഹോർമോൺ കുറയൽ, പ്രമേഹം, മറവിയും മാനസിക പ്രശ്നങ്ങളും കാണാം.

കോവിഡിനു ശേഷം മിസ്ക് (MIS-C: മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം ഇൻ ചിൽഡ്രൻ) വന്ന കുട്ടികളിൽ നടക്കുവാനുള്ള ശേഷിക്കുറവും പേശികൾക്കു ബലക്കുറവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നാഡീവ്യൂഹത്തകരാറു മൂലം കണ്ണുകളുടെ ചലനത്തിലും തകരാർ സംഭവിക്കാം.

ലക്ഷണങ്ങൾക്കനുസരിച്ചുള്ള ടെസ്റ്റുകൾ ചെയ്തു നോക്കുന്നതു കൂടാതെ ഇതേ ലക്ഷണങ്ങൾ ഉണ്ടാക്കാവുന്ന മറ്റു മാരകരോഗങ്ങൾ അല്ല യഥാർത്ഥ വില്ലൻ എന്ന് ഓരോ കുട്ടിയിലും പരിശോധിച്ച് ഉറപ്പു വരുത്തുക എന്നതു പ്രധാനമാണ്. എല്ലാ ല ക്ഷണങ്ങളും കോവിഡാണെന്നു ധ രിച്ചാൽ മറ്റു രോഗാവസ്ഥകൾ അറിയാതെ പോകാം എന്ന അപകടവുമുണ്ട്.

ഉറക്കപ്രശ്നങ്ങളകറ്റാം

കോവിഡ് ബാധയ്ക്കു ശേഷം കുട്ടികളിൽ കൂടുതലായിക്കാണുന്ന ല ക്ഷണങ്ങളാണ് ക്ഷീണവും ഉറക്ക വ്യതിയാനങ്ങളും. ഉറക്കം കുറവുള്ളതിനു മരുന്നു കഴിക്കുന്നതിന് മുൻപ് ഇനി പറയുന്നവ ശ്രമിക്കാം.

∙കൃത്യസമയത്ത് ഉറക്കുകയും ഉ ണർത്തുകയും ചെയ്യാം. കുഞ്ഞിന്റെപ്രായത്തിനനുസരിച്ച് മണിക്കൂറുക ൾ ക്രമീകരിച്ച് ഉറക്കുന്നത് ക്ഷീണം കുറയ്ക്കാനും സഹായിക്കും.

∙ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപു തന്നെ നീല വെളിച്ചവും സ്ക്രീനും (ടിവി, കംപ്യൂട്ടർ) ഒഴിവാക്കണം.

∙ഉറങ്ങാൻ നേരം കഥാപുസ്തകങ്ങൾ വായിച്ചു കൊടുക്കുകയോ വായിക്കാൻ കൊടുക്കുകയോ ചെയ്യാം.

∙ കുഞ്ഞിനു താൽപര്യമെങ്കിൽ അര ഗ്ലാസ് പാൽ ഉറങ്ങുന്നതിന് ഒരു മ ണിക്കൂർ മുൻപു നൽകാം.

∙ ചോക്‌ലെറ്റ്, കാപ്പി, ചായ എന്നിവ കുറയ്ക്കുക.

∙ മങ്ങിയ വെളിച്ചവും മൃദുഗാനവും ഉറങ്ങാൻ സഹായിച്ചേക്കും.

∙ ഉറക്കഗുളികകൾ ഉപയോഗിക്കേണ്ടിവന്നാൽ ഒരു ഡോക്ടറുടെ നിർദ്ദേശത്തിൽ മാത്രമേ പാടുള്ളൂ

ക്ഷീണമകറ്റാൻ

കോവിഡിനു ശേഷം മൾട്ടി വൈറ്റമിൻ സിറപ്പ്, ഗുളിക എന്നിവ നിർബന്ധമില്ല. പഴങ്ങൾ പച്ചക്കറിസാലഡ് മുതലായവ കഴിക്കാൻ സാധിക്കുമെങ്കിൽ കൃത്യ അളവുകളിൽ അതു നൽകുന്നതാണ് നല്ലത്. വൈറ്റമിൻ ഡി അളവ് പരിശോധിച്ച് കുറവെങ്കിൽ മാത്രം കൃത്യമായ ഡോസിൽ നൽകാം. അനാവശ്യമായി അധികം നൽകിയാൽ വൈറ്റമിൻ ഡി ആപത്താണ് എന്നറിയുക.

കടുത്ത ക്ഷീണമുള്ള കുട്ടികൾക്ക് ഡോക്ടറുടെ അഭിപ്രായപ്രകാരം തൈറോയ്ഡ് ടെസ്റ്റ് ചെയ്തു നോക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവും നോക്കാം. ഈ രണ്ടവസ്ഥകളും കൃത്യമായി ചികിത്സിച്ചാൽ ക്ഷീണത്തിന് പരിഹാരമാകും.

രക്ത പരിശോധനകളിലൂടെ മറ്റവയവങ്ങളുടെ പ്രവർത്തനവും നീർ ർവീക്ക സാധ്യത (Inflammation) അറിയാൻ സിആർപി, ഡി ഡൈമർ എന്നീ പരിശോധനകളും ചെയ്യേണ്ടിവരാം.

വ്യായാമത്തിനിടയിൽ തളർച്ച

കോവിഡുവന്ന ചില കുട്ടികൾ പിന്നീടു വ്യായാമം ചെയ്യുമ്പോഴോ കളിക്കുമ്പോഴോ കാര്യമായ തളർച്ചയോ നെഞ്ച വേദനയോ ഉണ്ടായാൽ ഡോക്ടറെ കാണാൻ മടിക്കരുത്.ഹൃദയമിടിപ്പും ബിപിയും പരിശോധിക്കണം. മറ്റു ചില പരിശോധനകളും ആവശ്യമായിവരും. ഇരുന്ന ശേഷം എണീക്കുമ്പോൾ രക്തസമ്മർദം കുറയുകയും ഹൃദയമിടിപ്പും കൂടുകയും ചെയ്യുന്നുണ്ടോ (Orthostatic hypotension/ tachycardia) എന്ന് ഡോക്ടർ പരിശോധിച്ച് ഉറപ്പു വരുത്തണം. വ്യായാമത്തിനു മുൻപ് ഡോക്ടറുടെ നിർദേശം സ്വീകരിക്കണം. നെഞ്ചിടിപ്പിനു വ്യതിയാനം കാണുകയോ ഹൃദയത്തിനോ ധമനികൾക്കോ തകരാർ സംഭവിക്കുകയോ ചെയ്ത കുട്ടികൾക്കും അൽപാൽപമായി വ്യായാമം ചെയ്യാം.

വിഷാദം, വിഭ്രാന്തി, ആത്മഹത്യാ പ്രവണത എന്നിവ അടിയന്തരമായി ഒരു സൈക്യാട്രിസ്റ്റിനെ കാട്ടാൻ മടിക്കരുത്. ചിലരിൽ കൗൺസലിങ് മാത്രവും ചിലരിൽ മരുന്നും ഉപയോഗിച്ച് ഇത് നിയന്ത്രിക്കേണ്ടതാണ്.

മിസ്ക് ആണോ ഉറപ്പാക്കാം

കോവിഡ് വന്ന് 4-6 ആഴ്ചകൾക്കുള്ളിൽ കുട്ടികളെ ബാധിക്കുന്ന ഗുരുതര പ്രശ്നമാണ് MIS-C എന്ന മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം. ഈ അവസ്ഥ വരുന്നുണ്ടോ എന്നറിയാൻ ജാഗരൂകരാകണം. ഈ സമയപരിധിയിൽ ഉണ്ടാകുന്ന പനിയെ നിസാരമായി തള്ളിക്കളയാതെ ഒരു ഡോക്ടറെ കണ്ട് MIS-C ആണോ എന്ന് പരിശോധിപ്പിക്കുക തന്നെ വേണം. ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ള ആറു ഘടകങ്ങൾ മുഴുവനും ഉണ്ടെങ്കിൽ MIS-C ആണെന്ന് തീരുമാനിക്കാം.

∙ 1. 19 വയസ്സിൽ താഴെ പ്രായം. ∙ 2. മൂന്നോ അതിലധികമോ ദിവസം പനി. ∙3. ദേഹത്തു പാട്, പീളയില്ലാത്ത കണ്ണു ചുവപ്പ്, വായിലോ കൈപ്പത്തിയിലോ കാൽപ്പാദത്തിലോ പുണ്ണ്/നീർക്കെട്ട്, ബിപി കുറയുക, വയറിളക്കം, ഛർദി, വയറുവേദന, ഹൃദയത്തിന്റെ ആവരണത്തിനോ വാൽവിനോ ധമനികൾക്കോ പരിശോധനയിൽ തകരാറു കാണുക, ഡി ഡൈമർ ഉൾപ്പെടെയുള്ള പരിശോധനയിൽ തകരാറുകാണുക– ഇവയിൽ ഏതെങ്കിലും രണ്ടെണ്ണം ഉണ്ടായിരിക്കുക. ∙ 4. ഇഎസ്ആർ, സിആർപി, പ്രോകാൽസിടോണിൻ തുടങ്ങിയവ രക്തത്തിൽ കൂടുക. ∙ 5. ബാക്ടീരിയ മൂലമുള്ള പ്രശ്നമല്ലാതിരിക്കുക (ടിഎസ്എസ്). ∙ 6. കോവിഡ് വൈറസ് അണുബാധ നേരത്തേ ഉണ്ടായ പരിശോധനാഫലം അഥവാ കുടുംബത്തിലോ മറ്റോ കോവിഡ് ബാധിച്ച ആളുമായി സമ്പർക്കം

misc-1

മിസ്ക് പിടിപെട്ടാൽ

കോവിഡിനു ശേഷം മിസ്ക്– (മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം) ഉണ്ടായാൽ ചികിത്സ കൃത്യമായി നൽകിയാൽ മാത്രമേ ഭാവിയിൽ ഇത് സംബന്ധിച്ച ആരോഗ്യ പ്രശ്നങ്ങളെ തടയാനാവൂ.

കോവിഡ് വന്നു മാറി ഏകദേശം 6 ആഴ്ചയ്ക്കു ശേഷം പനിയോടു കൂടി മറ്റ് ലക്ഷണങ്ങളായി വയർവേദന, വയറിളക്കം, ഛർദി, ദേഹത്തു വരുന്ന പാടുകൾ, കൈകാലുകൾ തണുത്ത് നീല നിറം എന്നിവ കണ്ടാൽ ഡോക്ടറെ കാണിക്കുക.

ആദ്യമുണ്ടായ കോവിഡ് വൈറസ് വകഭേദങ്ങൾ രണ്ടു തരംഗങ്ങൾ കഴിഞ്ഞപ്പോഴേക്കും കുട്ടികളിലെ MIS-C കേസുകളും അവരിലെ പഠനങ്ങളും വളരെ കുറവായിരുന്നു. മൂന്നു പഠന റിപ്പോർട്ടുകളിലായി MIS-C ബാധിച്ച 880 ഓളം കുട്ടികളിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ലോകാരോഗ്യസംഘടന റിപ്പോർട്ടു തയാറാക്കിയത്.

ജനുവരിയിൽ ഒമിക്രോൺ ലോകമാകമാനം പടർന്നു പിടിച്ചു. എന്നാൽ 8 ആഴ്ച കഴിഞ്ഞപ്പോൾ ശ്വാസമടക്കി കാത്തിരുന്ന ശിശുരോഗ വിദഗ്ധർ ദീർഘനിശ്വാസം ഉതിർത്തു എന്നു വേണം പറയാൻ. ഏതായാലും ഇതു വരെ MIS-C കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് വലിയ ആശ്വാസമാണ്

വാക്സീൻ, ആശങ്ക വേണോ?

15–17 വയസ്സു പ്രായമുള്ള കുട്ടികളിൽ വാക്സീൻ നൽകി ഏതാണ്ട് രണ്ടുമാസം ആയിരിക്കുന്നു. ഭയപ്പെടേണ്ട ഒരു പാർശ്വഫലവും ഇതുവരെ ഉണ്ടായില്ല. കുട്ടികളിൽ കോവിഡ് തീവ്രത കൂടുന്നുമില്ല. അഥവാ മിസ്ക് ബാധിച്ചാലും കൃത്യമായ ചികിത്സ ലഭ്യവുമാണ്.കോവിഡ് മൂലമോ MIS-C മൂലമോ മരണനിരക്ക് കുട്ടികളിൽ വർധിച്ചിട്ടില്ല എന്നതും അടിവരയിട്ടു പറയാം എന്നിരുന്നാലും സർക്കാർ നിശ്ചയിക്കുന്ന വാക്സീൻ കുട്ടികൾക്കു നൽകാം.

കോവിഡിനെപ്പോലെ അതിനായി നൽകുന്ന വാക്സീനും ശരീരത്തിലെ പ്രതിരോധത്തിനെ അമിതമായി ഉദ്ദീപിപ്പിക്കുമോ? MIS-C ന് കാരണമാകുമോ? പഠനങ്ങൾ പൂർത്തിയാക്കാൻ കാലമേറെയെടുക്കാം.

എന്നാൽ ഓർക്കുക :"ഭയമല്ലവേണ്ടത്, ജാഗ്രതയാണ്; വേണ്ടി വന്നാൽ തത്സമയത്ത് വേണ്ട കർമ്മം ചെയ്യുക " എന്നതുമാണ്.