Friday 07 October 2022 02:44 PM IST

‘വരച്ച വരയിൽ നിര്‍ത്തി മര്യാദ പഠിപ്പിക്കും, ഒടുവിൽ സ്വാതന്ത്ര്യം കിട്ടുമ്പോൾ അവർ പകരം വീട്ടും’: ശീലിക്കണം പീസ്ഫുൾ പേരന്റിങ്

Shyama

Sub Editor

peaceful-parenting

എമ്മാതിരി പെട കിട്ടീട്ടാണെന്നോ ഞാനൊക്കെ വളർന്നത്. പറമ്പിലെ ഇലഞ്ഞിക്കമ്പ് വെട്ടിയടി, വേലിപ്പത്തലിനടി, എണ്ണപുരട്ടി മിനുസപ്പെടുത്തിയ ചൂരലിനടി, ഉണക്കാനിട്ട മടലിനടി, കറിക്കൈലിന്റെ പിടി കൊണ്ടടി, ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് വീടുചുറ്റി ഓടിച്ചിട്ടടി.’’ ഇങ്ങനെ പറഞ്ഞ് അടിയെയും അതിക്രമത്തെയും ഒക്കെ ‘മഹത്വപ്പെടുത്തുന്ന’ മുൻ‌തലമുറയെ നമ്മളൊക്കെ കണ്ടു കാണും.

എന്നാൽ അതൊക്കെ മനഃപൂർവമോ അറിവില്ലായ്മ കൊണ്ടോ നടന്ന ‘ബാഡ് പേരന്റിങ്’ ആണെന്ന് അറിയാവുന്നവരാണ് പുതുതലമുറ. അതുകൊണ്ട് അടി കിട്ടിയ കഥയൊന്നും പൊലിപ്പിച്ചു പറയാതിരിക്കുന്നതും അടിയുടെ ചരിത്രം ചെറുതായിട്ട് പോലും സ്വന്തം വീടുകളിൽ ആവർത്തിക്കാതിരിക്കുന്നതുമാണ് ബുദ്ധി.

സമാധാനത്തിന്റെ അടിത്തറ പാകാം

നേരം വെളുത്തെഴുന്നേൽക്കുമ്പോൾ മുതൽ ‘പീസ്ഫുൾ’ ആകാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. എന്നാൽ അ തിനായുള്ള ശ്രമങ്ങൾ നടത്തുക തന്നെ വേണം. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പീസ്ഫുൾ പേരന്റിങ്ങിന്റെ കാതലായ ഘടകങ്ങൾ:

1. മാതാപിതാക്കൾ തങ്ങളുടെ വികാരങ്ങളുടെ ഉയർച്ച താഴ്ചകളെ വരുതിയിൽ നിർത്തുക. അത് പ്രതിഫലിപ്പിക്കാനുള്ള ഉപകരണങ്ങളല്ല കുട്ടികൾ.

2. കുട്ടിയെ അവരുടെ തലത്തിൽ നിന്ന് മനസ്സിലാക്കാൻ ശ്രമിക്കുക.

3. നിയന്ത്രണത്തിന് പകരം മാർഗദർശനം നൽകുക.

അടിയും ഒച്ചപ്പാടും ബഹളവും ഒഴിവാക്കലാണ് ‘പീസ് ഫുൾ പേരന്റിങ്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനർഥം തെറ്റുകൾക്കുള്ള തിരുത്തൽ മാർഗങ്ങൾ ഇല്ലേയില്ലെന്നോ ഒരിക്കലും ശകാരിക്കാത്ത മാതാപിതാക്കൾ ഉ ണ്ടായി വരും എന്നൊന്നുമല്ല. പീസ്ഫുൾ പേരന്റിങ് നടപ്പാക്കണമെങ്കിൽ ആദ്യമേ ഗൃഹാന്തരീക്ഷം പോസിറ്റീവാക്കി വയ്ക്കണം. കുട്ടികൾക്ക് ക്വാളിറ്റി ടൈം നൽകുന്ന, നല്ല ആശയവിനിമയം സാധ്യമാകുന്ന വീട്ടന്തരീക്ഷമാണ് സമാധാനം നിറയുന്ന പേരന്റിങ്ങിനുള്ള അടിത്തറ. അതൊരുക്കുകയാണ് ആദ്യപടി.

കുട്ടികൾക്ക് കാമ്പുള്ള അനുഭവങ്ങൾ നൽകാൻ മാതാപിതാക്കൾക്ക് കഴിയണം. രാത്രി മാനം നോക്കി നക്ഷത്രങ്ങൾ കണ്ട് പറഞ്ഞ കഥകൾ. എന്നും മാതാപിതാക്കൾ കുട്ടിയുടെ വർത്തമാനം കേട്ടിരുന്ന പത്ത് നിമിഷം. അച്ഛ നോ അമ്മയോ എഴുതിയ കത്ത്. സങ്കടം കൊണ്ട് തകർ ന്നപ്പോൾ ‘ഞങ്ങളുണ്ട് കൂടെ’ എന്ന് തോന്നിപ്പിച്ച വാക്കോ പ്രവൃത്തിയോ. അതൊക്കെയാകും കുട്ടിക്ക് മറക്കാനാകാത്ത അനുഭവമായി ജീവിതത്തിൽ നിലനിൽക്കുന്നത്.

എല്ലാ ബന്ധങ്ങളെയും പോലെ പേരന്റിങ്ങും ബലപ്പെ ടുത്തുന്നത് സുതാര്യമായ ആശയവിനിമയത്തിലൂടെയാണ്. തിരക്കിന്റെ ഈ കാലഘട്ടത്തിൽ കുട്ടികളുമായി സംസാരിക്കാനുള്ള ടൈം ടേബിൾ ഉണ്ടാക്കി വയ്ക്കുന്നത് വി ലകുറഞ്ഞ കാര്യമെന്ന് കരുതല്ലേ. അത് ശ്രദ്ധയുടേയും ക രുതലിന്റേയും അടയാളം തന്നെയാണ്.

ഗൃഹാന്തരീക്ഷം ശാന്തമായാലേ പോസിറ്റീവ് ശിക്ഷകൾ പോലും പോസിറ്റീവായി കുട്ടി മനസ്സിലാക്കൂ. വീട്ടിൽ പരിഗണന കിട്ടാതെ വളരുന്ന കുട്ടിക്ക് പലപ്പോഴും ‘ഞാ ൻ തെറ്റു ചെയ്തു. അത് ആവർത്തിക്കാതിരിക്കാനാണ് എ ന്നെ കളിക്കാൻ വിടാത്തത്’ എന്ന് ചിന്തിക്കാൻ കഴിഞ്ഞെന്നു വരില്ല. പകരം വൈരാഗ്യബുദ്ധി തോന്നാം. അതുകൊണ്ട് മനസ്സൊരുക്കലാണ് എപ്പോഴും പ്രധാനം.

വേദനിക്കാൻ ആർക്കാണ് ഇഷ്ടം?

ശരീരം വേദനിക്കുന്നത് ആർക്കാണ് ഇഷ്ടം? മക്കൾ എന്നതിനപ്പുറം അവർക്കും ഒരു വ്യക്തിത്വമുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിയണം. മുതിർന്നൊരാൾക്കുള്ള അതേ അമർഷവും രോഷവും തന്നെയാണ് കുട്ടിക്കും ശരീരം നോവിച്ചാൽ തോന്നുക.

കുട്ടി എന്തെങ്കിലും തെറ്റ് ചെയ്താൽ അടിക്ക് പകരം പല തരത്തിൽ തെറ്റ് തിരുത്താനോ അത് തെറ്റാണെന്ന് ബോധ്യപ്പെടുത്താനോ ആകും.

എന്തു തെറ്റാണ് ചെയ്തതെന്നും അത് എന്തുകൊണ്ട് ആവർത്തിക്കരുതെന്നും കുട്ടിയെ ബോധ്യപ്പെടുത്തുക. ഉ ദാഹരണത്തിന് കുട്ടി മറ്റൊരു കുട്ടിയെ മോശം വാക്കുകൾ വിളിക്കുന്നു എന്നു കരുതുക. ‘നിന്നെ അങ്ങനെ വിളിച്ചാൽ നിനക്കും സങ്കടമാകില്ലേ?’ എന്ന് ചോദിക്കാം. ആരോടെങ്കിലും എതിർപ്പുണ്ടെങ്കില്‍ മോശം വാക്ക് പറയാതെയും വിമ ർശിക്കാം എന്നു പറയുക.

ഇതൊക്കെ പറയുമ്പോൾ മാതാപിതാക്കളും പൊട്ടിത്തെറിച്ചാൽ, മോശം വാക്ക് ഉപയോഗിച്ചാൽ പിന്നെ, കുട്ടിയെ ഉപദേശിച്ചിട്ട് കാര്യമില്ലെന്ന് ഓർത്ത് കഴിവതും ശാന്തമായി പെരുമാറുക.

കുട്ടി ചോദിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കാനും മറുപടി നൽകാനില്ലാത്തപ്പോഴും ആണ് പല മാതാപിതാക്കളും അക്രമത്തിലേക്ക് നീങ്ങുന്നത്. പലപ്പോഴും ഒരടിയുണ്ടാക്കുന്ന ഭവിഷ്യത്ത് ഒറ്റ ദിവസം കൊണ്ട് തീരില്ല. അതോർത്ത് കാലങ്ങളോളം വിഷമിക്കുന്ന/രോഷം സൂക്ഷിക്കുന്ന കുട്ടികളുണ്ട്.

കുട്ടി തെറ്റ് ആവർത്തിച്ചാൽ ഇന്ന് കുറച്ച് കൂടുതൽ പാത്രങ്ങൾ നീ കഴുകണം. നിന്റെ മുറിയും ഹാളും കൂടി നീ അ ടിച്ചു വാരി വൃത്തിയാക്കണം എന്ന മറ്റോ ഉള്ള തരത്തിലുള്ള അക്രമരഹിതമായ ശിക്ഷാനടപടിയെടുക്കാം.

ഇത് കൂടാതെ എന്തു കൊണ്ടായിരിക്കാം അച്ഛനോ അമ്മയോ താൻ ചെയ്ത കാര്യം തെറ്റാണെന്ന് പറഞ്ഞത് എന്ന് കുട്ടിയോടു തന്നെ ചോദിച്ച് അത് എഴുതി തരാൻ പ റയാം. കുട്ടി കൃത്യമായി തെറ്റ് മനസ്സിലാക്കിയെങ്കിൽ ഇനി ആവർത്തിക്കരുതെന്ന് സമാധാനപരമായി ഓർമിപ്പിക്കാം.

മറിച്ച് ‘എന്നെ ഇഷ്ടമല്ലാത്തതു കൊണ്ടാണ്’ എന്നൊക്കെ കാരണമായി എഴുതിയാൽ അത് തിരുത്തി യഥാർഥ തെറ്റ് പറഞ്ഞു മനസ്സിലാക്കാം. ‘‘നീ എനിക്ക് പ്രിയപ്പെട്ടത് തന്നെയാണ് പക്ഷേ, ഈ ചെയ്ത പ്രവർത്തി തെറ്റാണ്. അതു തിരുത്തി മേലിൽ ആവർത്തിക്കാതെ നോക്കണം.’’ എന്ന തരത്തില്‍ കുട്ടിയോടുള്ള ഇഷ്ടവും തെറ്റിനോടുള്ള അമർഷവും വേർതിരിച്ച് പറഞ്ഞു കൊടുത്തു വേണം മുന്നോട്ടു പോകാൻ.

അല്ലാതെ ചെറിയൊരു തെറ്റ് ചെയ്യുമ്പോഴേക്കും ‘നീയോരു തല്ലിപ്പൊളിയാണ്, നിഷേധിയാണ് എന്ന് പറഞ്ഞ് മോശമായി കുട്ടിയെ ബ്രാൻഡ് ചെയ്യുന്നത് കാലങ്ങളോളം മായാത്ത മുറിവായി മാറുമെന്നോർക്കാം. കുട്ടികളോട് സംസാരിക്കുമ്പോൾ അത് അധികാര സ്വരത്തിലുള്ള വാക്ക് തർക്കമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണം.

സോറി പറയാം, തുറന്ന് സംസാരിക്കാം

എത്രയൊക്കെ സമാധാനപരമായി പ്രവർത്തിക്കണമെന്നു കരുതിയാലും ഇടയ്ക്കൊക്കെ മാതാപിതാക്കൾ ചിലപ്പോൾ ഒച്ച വച്ചു പോയെന്നു വരാം. ദേഷ്യം മാറി കഴിഞ്ഞ് താൻ ചെയ്തത് തെറ്റായി പോയി എന്ന് കുട്ടിയോട് തന്നെ ഏറ്റു പറയാം. അല്ലാതെ മാതാപിതാക്കള്‍ കുട്ടിക്ക് മുന്നിൽ ‘താഴില്ല’ എന്ന മട്ടിലുള്ള വാശി വേണ്ട. ഇങ്ങനെ ചെയ്താലേ നാളെ കുട്ടിയൊരു തെറ്റ് ചെയ്താൽ മറ്റുള്ളവരോട് ‘സോറി’ പറയാനും ചെയ്തികൾ തിരുത്താനും മ നസ്സ് കാണിക്കൂ.

ദേഷ്യപ്പെട്ട ശേഷം സംസാരിക്കുമ്പോൾ കുട്ടിയോട് എന്തുകൊണ്ടാണ് ദേഷ്യപ്പെട്ടതെന്നതിന്റെ കാര്യം പറയുക. സ്വയം ന്യായീകരിക്കാതെ വേണം ഇത് പറയാൻ. ഇനി ആവർത്തിക്കാതിരിക്കാൻ നോക്കൂ എന്നും പറയുക. അ തോടൊപ്പം തന്നെ കുട്ടിയോട് ദേഷ്യപ്പെട്ടതിന് മാത്രമാണ് ക്ഷമ ചോദിച്ചതെന്നും അതിനു കാരണമായ, കുട്ടി ചെയ്ത തെറ്റ് ക്ഷമിക്കപ്പെട്ടു എന്ന് ഇതിന് അർഥമില്ലെന്നും വ്യക്തമായി പറയാം.

ജോലിത്തിരക്കും വീട്ടിലെ കാര്യങ്ങളും ഒക്കെ കാരണം മനപ്രയാസപ്പട്ട് കുറച്ച് സമയം ഒറ്റയ്ക്കിരിക്കണം ഒന്ന് കരയണം എന്നൊക്കെ തോന്നിയാലും അക്കാര്യങ്ങൾ പോലും കുട്ടികളോടു പറയാം. മറ്റാരേക്കാളും ന ന്നായി ചിലപ്പോൾ അവർ നിങ്ങളെ മനസ്സിലാക്കിയെന്നു വരാം.

കരയുന്നതും, ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്നതും, ഒ ക്കെ സ്വാഭാവികമായ കാര്യങ്ങളാണെന്ന് മാതാപിതാക്കളിലൂടെ തന്നെ കുട്ടിയും പഠിക്കട്ടേ. നിങ്ങളുടെ വിഷമമോ ദേഷ്യമോ കാരണം മറ്റൊരാൾക്ക് കൂടി ബുദ്ധിമുട്ട് വരുത്താതിരിക്കാൻ കഴിവതും ശ്രമിക്കണം എന്നും പറയാം.

തെറ്റുകൾ കാണാതിരിക്കുന്നതല്ല സൗമ്യത

അമിതമായി ലാളിച്ചു വളർത്തുക എന്നത് പീസ്ഫുൾ പേ രന്റിങ് അല്ല. നാളെയൊരു കാലത്ത് സ്വന്തം നിലയിൽ ജീവിക്കാൻ അവരെ പ്രാപ്തരാക്കേണ്ടതുണ്ട്. അല്ലാതെ അ ച്ഛനമ്മമാർക്ക് അവരുടെ ആഗ്രഹങ്ങൾ തീർക്കാനുള്ള ഉപാധികളല്ല കുട്ടികൾ.

ഉത്തരവാദിത്തങ്ങൾ അറിയിക്കാതെ വളർത്തിയ കുട്ടികൾ, അമിതസംരക്ഷണം കിട്ടിയവർ, തെറ്റുകൾ തിരുത്തപെടാതെ വളർന്നവർ ഇവരൊക്കെ ജീവിതത്തിലെ ചെറിയ പ്രതിസന്ധിക്കു മുന്നിൽ പോലും തളർന്നു പോകാം. ഉൾക്കരുത്ത് അവർക്ക് കുറവായിരിക്കും. പല തരം സ്വഭാവ വൈകല്യങ്ങളും ഇത്തരക്കാർക്കുണ്ടാകും. ആരെങ്കിലും ‘പറ്റില്ല’ എന്ന് പറഞ്ഞാലോ ഇഷ്ടമുള്ള കാര്യങ്ങൾ കിട്ടാതെ വന്നാലോ ഇക്കൂട്ടർക്ക് അത് താങ്ങാനാകില്ല.

അതുപോലെ തന്നെയാണ് ശ്വസിക്കാൻ കൂടി സമ്മതിക്കാതെ വീട്ടിൽ കുട്ടികളെ വരച്ച വരയിൽ നിർന്നുന്ന ‘റിജിഡ് പേരന്റിങ്ങിന്റെ’ കാര്യവും. ഇത്തരം സാഹചര്യത്തിൽ വളർന്ന കുട്ടികൾ ഭാവിയിൽ സ്വാതന്ത്യ്രം കിട്ടുമ്പോൾ പകരം വീട്ടുന്ന പോലെ ജീവിതം ജീവിച്ചു തീർക്കുന്ന രീതിയിലേക്ക് മാറാം. കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കേൾക്കാനുള്ള ഇടങ്ങളായി മാതാപിതാക്കൾ നിലനിൽക്കുന്നതാണ് എപ്പോഴും അഭികാമ്യം.

peaceful-parenting-2

കുട്ടികളിലെ മാറ്റങ്ങൾ അറിയാം

വളരെ ചെറിയ പ്രായത്തിൽ വീട്ടിൽ സൗമ്യമായി പെരുമാറുന്ന കുട്ടികൾ പോലും പുറത്തിറങ്ങിയാൽ വഴക്കാളികളും വാശിക്കാരുമായി മാറുന്നത് കാണാം. ശ്രദ്ധ കിട്ടാൻ വേണ്ടിയാകും ഇതിൽ മിക്ക കാര്യങ്ങളും ചെയ്യുന്നത്.

ചില സമയത്ത് ഉറക്കെയുള്ള കരച്ചിലുകൾക്ക് ഒട്ടും ശ്രദ്ധ കൊടുക്കാതിരുന്നാൽ തന്നെ കുട്ടികൾ അടങ്ങും. മറ്റു ചില അവസരങ്ങളിൽ എന്താണ് ശരിക്കും പ്രശ്നം എന്നു ചോദിച്ചു മനസ്സിലാക്കി കുട്ടിയെ കാര്യം പറഞ്ഞ് മനസ്സിലാക്കുന്നതാണ് ഗുണം ചെയ്യുക. ഉദാഹരണത്തിന് ഒരു പാവയ്ക്ക് വേണ്ടിയാണ് വാശി പിടിക്കുന്നതെങ്കിൽ ‘അതു പോലെ തന്നെയുള്ള പാവ വീട്ടിലുണ്ടല്ലോ, ഇനിയും വാങ്ങുന്നത് മോശമല്ലേ’ എന്നോ... ‘ഇപ്പോ കയ്യിൽ അത്രയും പണമില്ല, പൈസ കൂട്ടി വച്ച് വാങ്ങാം’ എന്നോ പറയാം.

മുതിർന്ന കുട്ടികളിലും പലതരം ഭാവമാറ്റങ്ങൾ വരാറുണ്ട്, പ്രത്യേകിച്ച് കൗമാരത്തിൽ. ഹോർമോൺ വ്യതിയാനങ്ങൾ നടക്കുന്ന സമയമാണിത്. ഈ പ്രായത്തിൽ നിങ്ങൾക്കും ഇത്തരം ഭാവമാറ്റങ്ങൾ വന്നിരുന്നു എന്നോർത്ത് പെരുമാറിയാൽ തന്നെ പകുതി വിജയിച്ചു.

കൗമാരകാലത്ത് കുട്ടികൾ മാതാപിതാക്കളിൽ നിന്ന് അകലം പാലിക്കാനുള്ള സാധ്യതയുണ്ട്. അവനവന്റെ സ്പേസിൽ ഇരിക്കാനുള്ള ആഗ്രഹം വർധിക്കും. കുട്ടിയുടെ വ്യക്തിപരമായ ഇടങ്ങളിലേക്കുള്ള അമിതമായ തള്ളിക്കയറ്റം വേണ്ട. കുട്ടിയിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാം, എ ന്നാൽ തുടക്കം മുതലേ എന്തിനും ഏതിനും അനാവശ്യ മായ ചോദ്യങ്ങൾ ചോദിച്ചും പ്രകോപിക്കുന്ന രീതിയിൽ സംസാരിച്ചും അകൽച്ച കൂട്ടാതിരിക്കാം.

കുട്ടിക്ക് എന്തും തുറന്നു പറയാവുന്ന സൗഹൃദാന്തരീക്ഷം വീട്ടിലൊരുക്കുകയാണ് വേണ്ടത്. നിങ്ങൾ ആവശ്യപ്പെട്ടിട്ടല്ലാതെ നിങ്ങളിലേക്ക് വാതിൽ തുറന്ന് വരാൻ അവർക്ക് തോന്നണം. കുട്ടികൾ സംസാരിക്കുമ്പോൾ കഴിവതും മുഴുവൻ ശ്രദ്ധയോടെ കേൾക്കുക.

ലഹരി പദാർഥങ്ങളേയും അവയുടെ ദൂഷ്യവശങ്ങളേയും കുറിച്ചും ലൈംഗികകാര്യങ്ങളെ പറ്റിയും പ്രായത്തിനനുസരിച്ചുള്ള ശാരീരിക– മാനസിക മാറ്റങ്ങളേയും ഒക്കെ പൊതുവായി തന്നെ വീടുകളിൽ ചർച്ച ചെയ്യാം. മോശം പ്രവൃത്തികൾ കൗമാരത്തിലെത്തിയ കുട്ടിയിൽ നിന്നുണ്ടായാൽ അവരെ എല്ലാവരുടെയും മുന്നിൽ വച്ച് അപമാനിക്കാതെ സ്വകാര്യത നിലനിർത്തി കാര്യങ്ങൾ പറഞ്ഞു കൊടുക്കാം. തെറ്റിനെ കുറിച്ച് ആവർത്തിച്ച് പറയരുത്. എന്നാൽ കുട്ടി അതാവർത്തിക്കാതിരിക്കാൻ നടത്തുന്ന ചെറുശ്രമങ്ങളെ പോലും അഭിനന്ദിക്കുക.

അതത് പ്രായത്തിലൂടെ കടന്നുപോകാനുള്ള രണ്ടാമൂഴമാണ് ഓരോ കുട്ടിയും മാതാപിതാക്കൾക്ക് തരുന്നത്. കുട്ടിക്കൊപ്പം മുതിർന്നവരും ശൈശവത്തിലൂടെയും ബാല്യത്തിലൂടെയും കൗമാരത്തിലൂടെയും വീണ്ടും മാനസികമായി കടന്നു പോകുന്നു. നമുക്ക് കിട്ടിയതിലും മെച്ചപ്പെട്ട കാലം വരും തലമുറയ്ക്കൊരുക്കാനാണ് ശ്രദ്ധിക്കേണ്ടത്. ശൈശവം വരെ കൊഞ്ചിച്ചിട്ട് പിന്നെ, വികാരങ്ങൾ പ്രകടിപ്പിക്കാത്ത ‘സിംബലുകൾ’ മാത്രമായി മാതാപിതാക്കൾ മാറരുത്.

പ്രശംസയല്ല പിശുക്കേണ്ടത്

ചെറിയൊരു തെറ്റ് പോലും തിരുത്താനും അതിന്റെ പേരിൽ കുട്ടിയെ ശിക്ഷിക്കാനും മുതിരുന്ന പല മാതാപിതാക്കളും കുട്ടിയുടെ നന്മയെ പലപ്പോഴും മുഖവിലയ്ക്കെടുക്കാറില്ല. കുട്ടി നല്ല മാർക്ക് വാങ്ങിയാൽ മാത്രം അഭിനന്ദിക്കുന്ന കാര്യമല്ല പറഞ്ഞുവന്നത്.

വഴിയിൽ വീണു കിടന്നൊരു കിളിക്കുഞ്ഞിനെ എടുത്ത് സുരക്ഷിതമായൊരു സ്ഥലത്തേക്ക് നീക്കി വച്ചാൽ, കളിച്ച് അപകടം പറ്റിയ സുഹൃത്തിനു വീട്ടിലേക്ക് പോകാൻ കൈത്താങ്ങു കൊടുത്താൽ, സ്വന്തമായി ഒരു ചെടി നട്ടാൽ, ആരും പറയാതെ തന്നെ ഒരു ചായയുണ്ടാക്കി എല്ലാവർക്കും നൽകിയാലൊക്കെ കുട്ടിയെ അഭിനന്ദിക്കാം. അതൊരു വലിയ ‘സംഭവ’മാണെന്ന തരത്തിലുള്ള അഭിനന്ദനമല്ല മറിച്ച് നല്ലൊരു മനുഷ്യജീവിയായി വളരുന്നതിനാവശ്യമായിട്ടുള്ള പ്രോത്സാഹനമാണ് കൊടുക്കേണ്ടത്. കുട്ടികളോട് വളരെ സൗമ്യമായി പെരുമാറിയിട്ട് പങ്കാളിയോട് മറ്റൊരു മുഖം കാണിച്ചാൽ ‘പീസ്ഫുൾ പേരന്റിങ്’ പാളിപ്പോകും.

ഒരേയാളുടെ രണ്ട് തരം സമീപനം കണ്ടു വളരുന്ന കുട്ടികൾക്ക് മറ്റുള്ളവരെ വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നാം. അഭിപ്രായവ്യത്യാസം മാന്യമായി ചർച്ചയിലൂടെ പരിഹരിക്കുന്ന മാതാപിതാക്കളെ കണ്ടുവളരാനുള്ള അവസരമാണ് കുട്ടിക്ക് ആവശ്യം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. സി. ജെ. ജോൺ

മാനസികാരോഗ്യ വിദഗ്ധൻ,

മെഡിക്കൽ ട്രസ്റ്റ്

ആശുപത്രി,

എറണാകുളം.