Thursday 01 June 2023 11:24 AM IST

തർക്കുത്തരം, സാധനങ്ങൾ വലിച്ചെറിയും, തല ഭിത്തിയിലിടിക്കും: കുട്ടികളുടെ മൊബൈല്‍ അഡിക്ഷനും അനന്തരഫലവും

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

mob32432

കുട്ടികൾ മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്നു എന്നതാണ് പുതിയ കാലത്തെ മാതാപിതാക്കളുടെ പ്രധാന പരാതി. കുട്ടിയുടെ മൊബെൽ ഫോൺ അഡിക്‌ഷൻ വളരെ തീവ്രതയുള്ളതായിരിക്കുന്നു എന്ന് എങ്ങനെയാണ് മാതാപിതാക്കൾ മനസ്സിലാക്കേണ്ടത് ?

കുട്ടി എത്ര സമയം മൊബൈൽ ഫോണിൽ ചെലവഴിക്കുന്നു എന്നതാണ് പ്രധാനമായും അറിയേണ്ട കാര്യം. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം പഠിക്കാനും കളിക്കാനും മറ്റുള്ളവരോട് ഇടപഴകാനും ഉറങ്ങാനുമെല്ലാം നിശ്ചിത സമയം കണ്ടെത്തുക എന്നതു പ്രധാനമാണ്. അതിനുള്ള സമയം കൂടി കുട്ടി മൊബൈൽ ഫോണിനു വേണ്ടി മാറ്റി വയ്ക്കുന്നുണ്ടോ എന്നതു ശ്രദ്ധിക്കണം. ആഹാരം കഴിക്കാതെ മൊബൈൽ ഫോൺ കാണുക, ഫോൺ കണ്ടിരിക്കുന്നതിനാൽ ഉറങ്ങാനുള്ള സമയം വളരെ വൈകുക, പഠിക്കാനുള്ള സമയത്തു കൂടി ഫോൺ കാണുക. ഇതിന്റെയൊക്കെ ഭാഗമായി സ്കൂളിൽ ക്ലാസുകൾ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുക... ഇങ്ങനെയാണ് കുട്ടിയുടെ മൊബൈൽ അഡിക്‌ഷന്റെ തീവ്രതയെ നാം മനസ്സിലാക്കിത്തുടങ്ങേണ്ടത്.

പഠനപരമായ ആവശ്യങ്ങൾക്കായാണ് കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങുന്നത് എങ്കിലും മൊബൈൽ ഫോൺ ഉപയോഗം നിർത്താൻ കുട്ടിക്കു തനിയെ സാധിക്കാതെ വരുന്നു. കുട്ടി സമയബോധമില്ലാതെ ഫോൺ ഉപയോഗിക്കുന്ന സ്ഥിതിയിലെത്തുന്നു. ഫോൺ ഉപയോഗം സമയപരിധികൾ ലംഘിച്ചു നീളുന്നു. ഇത്രയേറെ നേരമായി ഞാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ് എന്ന ഒരു ഇൻസൈറ്റ് അഥവാ ഉൾക്കാഴ്ച ഈ കുട്ടികൾക്ക് ഉണ്ടാകുന്നില്ല എന്നതാണു വാസ്തവം.

ഫോൺ ഉപയോഗം കുട്ടിക്ക് സ്വയം നിയന്ത്രിക്കാനാകാതെ വരുന്നു. ഇനി മാതാപിതാക്കളോ, മറ്റാരെങ്കിലുമോ, കുട്ടിയുടെ ഫോൺ ഉപയോഗത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന പക്ഷം പെരുമാറ്റ പ്രശ്നങ്ങൾ ഉടലെടുക്കുകയായി. ദേഷ്യം, സ്വഭാവവ്യതിയാനങ്ങൾ, തർക്കുത്തരം പറയുക , സാധനങ്ങൾ വലിച്ചെറിയുക, തല ഭിത്തിയിലിടിക്കുക, ആവശ്യങ്ങൾ ഉന്നയിക്കുന്ന സ്വഭാവം കൂടുക എന്നിവ പ്രകടമാകാം. ചില കുട്ടികൾ അമ്മമാരോടു മോശമായി പെരുമാറുകയും അവരെ ശാരീരികമായി ഉപദ്രവിക്കാനും മുതിരാം. സഹോദരങ്ങളോടു ദേഷ്യം തീർക്കുന്ന കുട്ടികളും ഉണ്ട്. ഇതെല്ലാം മൊബൈൽ ഫോൺ അഡിക്‌ഷന്റെ ലക്ഷണങ്ങൾ തീവ്രതയിലെത്തി എന്നാണു കാണിക്കുന്നത്.

മൊബൈൽ ഫോണിനായി വാശി കാണിക്കുന്ന കുട്ടിയുടെ കാര്യത്തിൽ മാതാപിതാക്കൾ വേറിട്ട സമീപനമാണു പുലർത്തേണ്ടത്. ഫോൺ ഉപയോഗം പൂർണമായും ഒഴിവാക്കുക എന്നത് ഇന്നത്തെക്കാലത്ത് പ്രായോഗികമല്ല. എന്തിനൊക്കെ ഫോൺ ഉപയോഗിക്കാം? എപ്പോഴൊക്കെ ഉപയോഗിക്കാം? എത്ര നേരം ഉപയോഗിക്കാം ? എന്നൊരു ‘ലിമിറ്റ് സെറ്റിങ് ’ ചെയ്യുകയാണ് ഇവിടെ പ്രധാനം. മാതാപിതാക്കൾക്ക് കുട്ടിയുടെ ഫോൺ ഉപയോഗത്തിൽ , കൃത്യമായി ഇടപെടാനും പരിധികൾ നിശ്ചയിക്കാനും സാധിക്കുന്നില്ലെങ്കിൽ അറിയുക , പേരന്റിങ്ങിലെ ചില പ്രശ്നങ്ങൾ, അതായത് കുട്ടിയോടുള്ള മാതാപിതാക്കളുടെ സമീപനത്തിലെ ചില പാളിച്ചകൾ അതിനു പിന്നിലുണ്ടാകാം. മാതാപിതാക്കളുടെ സമീപനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമെങ്കിൽ മനഃശാസ്ത്ര വിദഗ്ധരുടെ സേവനം കൂടി തേടാവുന്നതാണ്.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ജിറ്റി ജോർജ്

കൺസൽറ്റന്റ് സൈക്യാട്രിസ്‌റ്റ്

എസ്. എച്ച് . മെഡിക്കൽ സെന്റർ, കോട്ടയം.

Tags:
  • Manorama Arogyam
  • Health Tips
  • Kids Health Tips