Thursday 27 April 2023 04:36 PM IST : By സ്വന്തം ലേഖകൻ

ഇത്രയുംകാലം ആയിട്ടും ഒന്നും അറിയില്ല എന്ന ആറ്റിറ്റ്യൂഡ് ‘ഓവറാണ്’: സെക്സിൽ സ്ത്രീകൾ വരുത്തുന്ന 25 തെറ്റുകൾ

sex-column

ആ നിമിഷത്തിന്റെ ധന്യതയിൽ അവൻ അവളോടു പറഞ്ഞു; ‘പ്രിയേ... ലോകം ഉറങ്ങുകയാണ്. ഈ  ലോകത്ത് ഇപ്പോൾ രണ്ടുപേർ മാത്രമേയുള്ളു... ഞാനും നീയും’ അല്‍പം വിഹ്വലതയോെട ചുറ്റും േനാക്കി അവള്‍ പറഞ്ഞു, ‘അതെന്താ... ചേട്ടാ... ബാക്കിയുള്ളവരൊക്കെ എവിടെയാ? എനിക്കു പേടിയാകുന്നുണ്ട് കേട്ടോ... വെറുതെ അതുമിതും പറഞ്ഞ് എന്നെ പേടിപ്പിക്കല്ലേ...’

കാൽപനികതയുടെ ഏഴാം നിലയിൽ നിന്ന് പിടിവിട്ട് ആ പുരുഷൻ താഴേക്കു പതിച്ചു. പിന്നീട് ഒരിക്കലും അങ്ങനെയൊരു സാങ്കൽപിക ലോകത്തേക്ക് പങ്കാളിയെയും കൊണ്ട്  അയാൾ പോയിട്ടേയില്ല. ഇതൊരു കഥയാണെന്നു കരുതൂ. എന്നാലും ഇ തൊക്കെത്തന്നെയല്ലേ നമ്മുടെ കിടപ്പറയിലെ സ്വ കാര്യ നിമിഷങ്ങളിൽ സംഭവിക്കുന്നത്.

ലൈംഗികത പൂന്തോട്ടമാണെങ്കിൽ അവിടെ വിരിയുന്ന ഏറ്റവും മനോഹരമായ പൂവാണു സ്ത്രീ. എന്നാൽ ആ പൂവ്  വാടാതെ നിൽക്കണം. സ്നേഹത്തിന്റെ തേനും പൂമ്പൊടിയും അതിൽ എന്നും നിറയണം. അറിവില്ലായ്മയും അബദ്ധധാരണയും മൂലം അക്ഷരത്തെറ്റുകൾ നിറഞ്ഞാൽ െെലംഗികതയുടെ കാവ്യഭംഗി കുറയും. ജീവിത താളത്തിൽ ലൈംഗി കതയ്ക്ക് കൃത്യമായ സ്ഥാനവും ആവർത്തിയുമുണ്ട്. അത് ശരിയായ ക്രമത്തിൽ അല്ലെങ്കിൽ അസം തൃപ്തി രൂപപ്പെടാം. ദാമ്പത്യത്തിന്റെ താളം തന്നെ തെറ്റിക്കാം.

അബദ്ധധാരണകൾക്കൊപ്പം വിശ്വാസപരമായ കാരണങ്ങളും ചിലരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അനാരോഗ്യം മൂലമുള്ള പ്രശ്നങ്ങൾ മനസ്സിലാക്കുന്ന അലിവോടെ ഇത്തരം വാശികൾ പങ്കാളി ഉൾക്കൊള്ളണമെന്നില്ല.

ലൈംഗികബന്ധം മൗനവും നിശബ്ദതയും നിറഞ്ഞ അവാർഡ് സിനിമയല്ല. അതിൽ കൊമേഴ്സ്യൽ സിനിമയുടെ അതിഭാവുകത്വവും വർണപകിട്ടും വേണം. ചേരുവകൾ കൃത്യമെങ്കിൽ കാലമെത്ര കഴിഞ്ഞാലും  പുതുമയോടെ കാണാവുന്ന സൂപ്പർ ഹിറ്റ് സിനിമ പോലെയാകും അത്. ലൈംഗിക ജീവിതത്തിൽ സ്ത്രീകൾ പൊതുവെ വരുത്തുന്ന തെറ്റുകളും അബദ്ധ ധാരണകളും പരിഹാര നിർദേശങ്ങളുമാണ് ഈ പ്രത്യേക വിഭാഗത്തിൽ അവതരിപ്പിക്കുന്നത്. 

1. അങ്ങനെയൊക്കെ പറഞ്ഞാൽ എന്തു കരുതും?

ലൈംഗികതയെ സംബന്ധിച്ച് സ്ത്രീകൾ കൂട്ടിവച്ചിരിക്കുന്ന ഒരുപാട് സങ്കൽപങ്ങളുണ്ട്. കാൽപനികമായ ഭ്രമങ്ങളുടെ കളിയരങ്ങാണ് കിടപ്പറ. എന്നാൽ അരങ്ങുണർന്നു കഴിയുമ്പോൾ എല്ലാം മറന്നുപോകുന്നു. സ്വന്തം ശരീരത്തെയും മനസ്സിനെയും പരിഗണിക്കാതെയും സ്നേഹിക്കാതെയും നിങ്ങൾക്ക് കിടപ്പറയിൽ വിജയിക്കാൻ കഴിയില്ല. ആത്മവിശ്വാസം വളരെ പ്രധാനമാണ്.

ഇഷ്ട ആഹാരം, വേഷം, സ്ഥലം ഇങ്ങനെ പലതും പങ്കാളികൾക്ക് പരസ്പരം തുറന്നു പറയാനുണ്ടാകും. അതുപോലെ തന്നെ ഇഷ്ടപ്പെട്ട ലൈംഗികനിലകളെക്കുറിച്ചും രീതികളെക്കുറിച്ചും പറയാം. അത് കൂടുതൽ ഉത്തേജനത്തിനും ഹൃദ്യതയ്ക്കും കാരണമാകും.

അങ്ങനെ ഞാൻ പറഞ്ഞാൽ പങ്കാളി എന്തു കരുതും എ ന്നൊന്നും ചിന്തിക്കേണ്ട. ലൈംഗികത ജീവനുള്ളവയുടെ സ ഹജവാസനയാണ്. തുറന്നുപറച്ചിലുകൾ ബന്ധത്തിന്റെ ഇഴയടുപ്പം കൂട്ടും. രണ്ടു പേരും ഒരേ മൂഡിലായിരിക്കുമ്പോൾ നടത്തുന്ന ഹൃദയഭാഷണങ്ങളോളം മധുരതരമായി മറ്റൊന്നില്ല.

2. അഭിനയിക്കുയല്ലേ വഴിയുള്ളൂ?

‘അതൃപ്തിയുടെ വൻകരയാണു ഓരോ പുരുഷനും. പുരുഷനെ തൃപ്തിപ്പെടുത്താൻ ഒരുപാടു വിയർക്കേണ്ടി വരും.’ ഇത്തരം ധാരണ പുലർത്തുന്ന സ്ത്രീകൾ നിരവധി. ഒന്നാമതായി സദ്യ വിളമ്പുന്ന പരിപാടി അല്ല ലൈംഗികത എന്ന് മനസ്സിലാക്കുക. ഒരാൾ മാത്രം ആസ്വദിക്കുന്ന പ്രോഗ്രാം ആയി കാണുന്നതാണ് ഈ ടെൻഷന്റെ കാരണം. തുറന്നുള്ള സംസാരത്തിലൂടെ മാത്രമേ എന്തും പറയാനുള്ള സ്വാതന്ത്ര്യം പങ്കാളികൾക്കിടയിൽ ഉണ്ടാകൂ. ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അത്തരമൊരു അ ടുപ്പം ഉണ്ടാകണം. അങ്ങനെയെങ്കിലേ കാര്യങ്ങൾ പറയേണ്ട സമയത്ത് പറയാൻ കഴിയൂ.

ഉദാഹരണത്തിന് രതിമൂർച്ഛ പ്രതീക്ഷിച്ചുകിടക്കുന്ന സ്ത്രീയെ നിരാശപ്പെടുത്തിക്കൊണ്ട് പങ്കാളി ഇറങ്ങിപ്പോകുന്നു. ആ സമയത്ത് ‘നിങ്ങൾ ഓകെ ആയിരിക്കും. പക്ഷേ ,ഞാൻ അല്ല. എനിക്ക് ഇറങ്ങാനുള്ള സ്ഥലം ഇതല്ല. കുറച്ചുകൂടി മുന്നോട്ടു പോകണം.’ എന്ന് ധൈര്യത്തോടെ പറയുക. അങ്ങ നെയാണെങ്കിൽ പരസ്പരധാരണയും വിശ്വാസവും വളർത്തിയെടുക്കാൻ കഴിയും. അല്ലെങ്കിൽ പങ്കാളിയോട് ഉള്ളിൽ ദേഷ്യം സൂക്ഷിച്ചുകൊണ്ട് പുറമേ അഭിനയിക്കേണ്ടി വരും.

3. ഒാ... എന്നും ഇങ്ങനെയല്ലേ?

ക്ഷമയും അവധാനതയുമാണ് ഏതൊരു നല്ല പ്രവൃത്തിയുടെയും ലക്ഷണം. ലൈംഗികതയ്ക്കും ഇതൊക്കെ ആവശ്യമാണ്. എന്നാൽ ക്യൂവിൽ നിൽക്കാൻ മടിയുള്ളവരാണ് ചില പുരുഷന്മാർ. കാത്തുനിൽ ക്കാനുള്ള ക്ഷമയില്ല. വന്നപാടെ ഇടിച്ച് കയറുകയാണ്. അ  ത്തരക്കാരെ അച്ചടക്കമുള്ളവരാക്കി ക്യൂവിൽ നിർത്തിക്കാൻ  പ്രാപ്തിയുണ്ടാകണം സ്ത്രീകൾക്ക്. അതുചെയ്യാൻ മടിക്കുന്നവർക്കാണ് ലൈംഗികത ദുരിതവും ഷെഡ്യൂൾ അനുസരിച്ചുള്ള ജോലിയും ആയി മാറുന്നത്.

4. ഇത്തരം കാര്യങ്ങളൊക്കെ പറഞ്ഞിട്ടെന്തിന്?

പുരുഷന്മാരെപ്പോലെ പ്രവചനാതീതമായി വികാരം ഉണ്ടാകുന്നവരല്ല ഒരുപരിധി വരെ സ്ത്രീകൾ. ചില പ്രത്യേകഘട്ടങ്ങളിൽ തങ്ങളിൽ ലൈംഗികവികാരങ്ങൾ ഉണ്ടാകും എന്ന് മുൻകൂട്ടി പറയാൻ സ്ത്രീകൾക്ക് കഴിയും. മാസമുറയുടെ വിശ്രമദിനങ്ങളെക്കുറിച്ച് അ റിയാവുന്ന പുരുഷന് ഓവുലേഷൻ ദിനങ്ങളുടെ പ്രധാന്യവും പറഞ്ഞു കൊടുക്കാൻ സ്ത്രീ തയാറാകണം. ഈ വിവരങ്ങൾ പലരും പങ്കാളിക്കു കൈമാറുകയില്ല. ചുവപ്പു കൊടി മാത്രം പോര, പച്ചക്കൊടിയും വേണം. പ്രണയത്തിന്റെ ഈ ‘കാലാ വസ്ഥാ മുന്നറിയിപ്പുകൾ’ ഏത് പുരുഷനും ആഗ്രഹിക്കുന്നതാണെന്ന് മനസ്സിലാക്കുക.

5. നിങ്ങൾക്ക് സ്വന്തം കാര്യം മാത്രമല്ലേ ഉള്ളൂ...

ലൈംഗികത വൺവേ റോഡ് അല്ല എന്ന് നേരത്തെ പറഞ്ഞുവല്ലോ. പരസ്പരം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം കൊടി പിടിച്ച് സമരം ചെയ്തു  നേടേണ്ടതുമല്ല. ഇതു മനസ്സിലാക്കാതെ ഏകാധിപതിയെ    പ്പോലെ പെരുമാറുന്ന പുരുഷനെ നയത്തിൽ കാര്യങ്ങൾ പ റഞ്ഞു മനസ്സിലാക്കാൻ മടിക്കേണ്ട. വിജയം എന്ന് അയാൾ കരുതുന്നത് വെറുമൊരു തോന്നൽ മാത്രമാണെന്ന് ബോധ്യപ്പെടുത്തണം. ആ വാക്ക് ഹൃദയം കൊണ്ട് കേൾക്കുന്ന പങ്കാളി ശരിയായ ഫിനിഷിങ് പോയന്റിലേക്ക് ഒപ്പമെത്തും. ആ നിമിഷത്തിന്റെ ധന്യത ബോധ്യപ്പെടുത്തുന്ന സ്നേഹപ്രകടനങ്ങൾ ഹൃദയത്തിലടക്കി വയ്ക്കരുത്. പ്രകടിപ്പിക്കുക തന്നെ, വേണം.

ൈലംഗികത ആപ്പിൾ ആണെന്ന് സങ്കൽപിച്ചാൽ രണ്ടു പേ രും തുല്യമായി പങ്കിട്ടെടുക്കുമ്പോഴാണ് അത് ആസ്വാദ്യമാകുന്നത്. അല്ലാതെ ആപ്പിളിന്റെ കേടു വന്ന ഭാഗം ഭാര്യയ്ക്കും കേടില്ലാത്ത ഭാഗം ഭർത്താവിനും എന്ന രീതി ശരിയല്ല. ആസ്വാദ നത്തിന്റെ ആപ്പിൾ പങ്കിട്ട് കഴിക്കുക തന്നെ വേണം.

sex-misw3

6. എന്റെ വിധി, അനുഭവിച്ചല്ലേ പറ്റൂ...

പുരുഷന്മാർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും സ്ത്രീയുടെ ലൈംഗിക ജീവിതം അസഹ്യമാക്കാറുണ്ട്. മാനസികവും ശാരീരികവുമായ പീഡനങ്ങൾ മുതൽ ലഹരി ഉപയോഗം വരെ ഇതിൽ പെടുന്നു. ഇ തിനെ ഫലപ്രദമായി തരണം ചെയ്യാനോ നേരിടാനോ പല സ്ത്രീകൾക്കും കഴിയാറില്ല. ഒന്നുകിൽ നിശബ്ദയായി സഹിക്കുകയും ഭർത്താവിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങിക്കൊടുക്കുകയും െചയ്യുന്നു. അല്ലെങ്കിൽ ഭർത്താവിനെ ആജീവാനാന്ത ശത്രുവായി കണക്കാക്കുന്നു.

ഇതു രണ്ടും ശരിയായ സമീപനമല്ല. അടിമ മനോഭാവം കൂടുതൽ അടിച്ചമർത്തലുകൾക്ക് കാരണമാകും. ശത്രുത കുടുംബത്തിന്റെ ഇമ്പം ഇല്ലാതാക്കും. മധ്യമാർഗമാണു ശരി. തുറന്നു സംസാരിക്കുക.

ഇഷ്മല്ലാത്ത കാര്യങ്ങൾ ആവർത്തിച്ചു കൊണ്ട് മുന്നോട്ടു പോകുന്നത് എളുപ്പമായിരിക്കില്ല എന്ന് എല്ലാ തരത്തിലും നയപരമായി ബോധ്യപ്പെടുത്തുക. ബെഡ്റൂമിൽ ലഹരി ഉപയോഗത്തിനു ശേഷമെത്തുന്നത് അനിഷ്ടമാണെങ്കിൽ തുട  ക്കത്തിൽ തന്നെ തുറന്നു പറയാൻ മടിക്കരുത്. ‘സന്തോഷമുള്ള നിമിഷങ്ങളുടെ രസം കെടുത്താൻ എന്തിനാണിങ്ങനെ?’ എന്നു ചോദിക്കാൻ മടിക്കരുത്.

7. മുൻകൈ എടുക്കുന്നത് ശരിയാണോ?

ലൈംഗികതയ്ക്കു വേണ്ടി മുൻകൈയെടുക്കുന്നത് സ്ത്രീകളോ പുരുഷന്മാരോ? വിദേശത്തെ ചില യൂണിവേഴ്സിറ്റികൾ ഇതു സംബന്ധമായ പഠനം നടത്തി. ഒട്ടുമിക്ക രാജ്യങ്ങളിലും കാര്യമായ ആൺപെൺ വ്യതിയാനം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഇന്ത്യയിൽ മാത്രം സ്ഥിതി വ്യത്യസ്തമായിരുന്നു. താൽപര്യമുള്ള സമയത്ത് പോലും ഇംഗിതം വെളിപ്പെടുത്താൻ മടിയുള്ളവരാണ് ഇന്ത്യൻ സ്ത്രീകൾ.

ലൈംഗികതയെ സംബന്ധിച്ചുള്ള അബദ്ധധാരണകൾ പ ലർക്കും ഇനിയും മാറിയിട്ടില്ല എന്നു സാരം. സെക്സ് ആഗ്രഹിക്കുക എന്നത് മോശം കാര്യമല്ല. അതു പങ്കാളിയോടു തുറന്ന് പ്രകടിപ്പിക്കുന്നതിലൂടെ ആരും മോശക്കാരി ആകുകയുമില്ല. സ്പാർക് എന്നത് എപ്പോഴും ഒരു വശത്തു നിന്നു മാത്രം സംഭവിക്കേണ്ടതല്ല. പ്രണയത്തിന്റെ ഉലയിൽ തീപ്പൊരി ഇരുതുമ്പുകളിൽ നിന്നുമാകാം. അപ്പോൾ മാത്രമേ പതിവുകളിൽ നിന്നു വ്യത്യസ്തമായി മധുരിതമായ പുതിയ കാഴ്ചകൾ മിഴി തുറക്കൂ.

8. ഒന്നും അറിയില്ല എനിക്ക്...

ഒരു വികാരവും പ്രകടിപ്പിക്കാതിരിക്കുന്നതും  ലൈംഗികതയെക്കുറിച്ച് തികഞ്ഞ അജ്ഞത ഭാവിക്കുന്നതുമാണ് ‘കുലസ്ത്രീ’ ലക്ഷണം എന്ന അബദ്ധ ധാരണ പുലർത്തുന്നവർ ഇക്കാലത്തുമുണ്ട്. പക്ഷേ, ഈ അഭിനയം ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കാം.

ഇത്രയും കാലമായിട്ടും എനിക്ക് ഒന്നും അറിഞ്ഞുകൂടാ എന്ന മനോഭാവം കുറച്ച് ‘ഓവറാണ്’ എന്ന് തിരിച്ചറിയുക. എട്ടും പൊട്ടും തിരിയാത്ത ഇത്തരം രീതിയല്ല, സുഹൃത്തിനെപ്പോലെ പെരുമാറുന്ന വികാരവതിയായ പങ്കാളിയെ ആണ് പുരുഷൻ ആഗ്രഹിക്കുന്നത്. ഭിത്തിയിൽ ശക്തിയോടെ വന്നടിക്കുന്ന പന്ത് അേത ശക്തിയിൽ തിരികെ പോകണം. ഒറ്റ വാചകത്തിൽ പറഞ്ഞാൽ ‘ചേരുവകൾ പാകത്തിന്’ അതാണ് നല്ല ലൈംഗികതയുടെ രുചി സൂത്രം.

9. വീടൊന്ന് പെയ്ന്റ് ചെയ്യാറായി...

ലൈംഗികത വൈകാരിക അനുഭൂതിയാണ്. ആ നന്ദത്തിന്റെ നിമിഷങ്ങളുടെ നിറം കെടുത്തുന്ന ചിന്തകളോ ചർച്ചകളോ ആ സമയത്ത് ഉണ്ടാക രുത്. പക്ഷേ, അനുഭൂതിയിൽ മുങ്ങി നിൽക്കുമ്പോഴും അന്നത്തെ മറ്റ് പല പ്രശ്നങ്ങളും സ്ത്രീയുടെ മനസ്സിന്റെ അടിത്തട്ടിൽ ഇരമ്പുന്നുണ്ടാകും. പുരുഷനെപ്പോലെ അത് അടക്കി വയ്ക്കാൻ പല സ്ത്രീകൾക്കും കഴിയാറില്ല.

പല കാര്യങ്ങൾ ഒരേ സമയം ചിന്തിക്കാനും ചെയ്യാനുമുള്ള മിടുക്ക് പക്ഷേ, രതിയുടെ ആനന്ദ നേരങ്ങളിൽ വേണ്ട.

10. എന്നാലും അന്ന് അങ്ങനെയൊക്കെ പറഞ്ഞില്ലേ?

ദമ്പതികൾ തമ്മിൽ പകൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ രാത്രി കിടപ്പറയിലേക്ക് നീളാറുണ്ടോ? മറ്റു സമയങ്ങളിൽ ഭർത്താവിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എണ്ണിയെണ്ണി ചോദിച്ചതിനു ശേഷമാണോ നിങ്ങൾ കർത്തവ്യത്തിലേക്കു കടക്കുന്നത്. എങ്കിൽ അറിയുക ആ ലൈംഗികത ഹൃദ്യമായിരിക്കുകയില്ല. പലരും പങ്കാളിയെ വരുതിക്കു നിർത്താനുള്ള തുറുപ്പു ചീട്ടാ  യി അത് ഉപയോഗിക്കുന്നുണ്ട്. ഒരുപരിധി വരെ ആ തന്ത്രം വി ജയിക്കുമെങ്കിലും ദീർഘ നാളേത്തേക്കു അതു ഗുണം ചെയ്യില്ല. പങ്കാളിയുടെ അപ്രീതിക്ക് പാത്രമായി കിടപ്പറ ഒരു സംഘ ർഷഭൂമിയാക്കാനേ ഈ സ്വഭാവം ഉപകരിക്കു. ‘നിന്റെ കോപം സൂര്യൻ അസ്തമിക്കുന്നതുവരെ അല്ലെങ്കിൽ കിടപ്പറയിലേക്കു പോകുന്നതിനു മുൻപു വരെ’ എന്നാണ് പ്രമാണം.

sex-misw2

11. ഞാനെന്താ, ഗുസ്തിക്കാരിയോ?

സ്ത്രീയെ ഉത്തേജിപ്പിക്കുന്നത് പുരുഷന്റെ തൂവൽ സ്പർശങ്ങളാണ്. എന്നാൽ പുരുഷൻ സ്ത്രീയിൽ നിന്ന് അത്രയ്ക്കും ലോലമായ സ്പർശമല്ല പലപ്പോഴും പ്രതീക്ഷിക്കുന്നത്. ചില നേരങ്ങളിൽ എങ്കിലും   കുറച്ചു കൂടി കാഠിന്യം ഉണ്ടായിരുന്നെങ്കിലെന്ന് പുരുഷൻ ആഗ്രഹിക്കുന്നുണ്ട്. ചിലർ അത്തരം ചില സൂചനകൾ നൽകാറുമുണ്ട്. നിർഭാഗ്യവശാൽ സ്ത്രീകൾ ഇതറിയാതെ പോവുകയും പുരുഷൻ നിരാശപ്പെടുകയും െചയ്യുന്നു.

12. അതൊന്നും നടക്കില്ല കേട്ടോ...

പരസ്പരം താൽപര്യം  ഉണ്ടെങ്കിൽ ‘ഇല്ല’ എന്നൊരു വാക്ക് ലൈംഗികതയിൽ ഇല്ല. അതുകൊണ്ട് തന്നെ മുൻവിധികൾക്ക് ഇവിടെ സ്ഥാനം ഇല്ല.  ഓരോരുത്തരുടെയും ആരോഗ്യാവസ്ഥ മാത്രമാണ് ലൈംഗികതയുടെ മാനദണ്ഡം. എന്നാൽ ഭർത്താക്കന്മാരുടെ ചില ശ്ര മങ്ങൾക്ക് ആദ്യമേ തന്നെ തടയിടുന്നത് ഭാര്യമാരാണ്. അതൊന്നും നടക്കില്ലെന്ന് കർശനമായിട്ടങ്ങു പറയും. പൊരുത്തപ്പെടാവുന്നതോ എന്ന് പരീക്ഷിക്കുക പോലും ചെയ്യാതെ പറയുന്ന ‘നോ’ ദാമ്പത്യത്തിന്റെ ഊഷ്മളത കുറയ്ക്കും.

13. മൊബൈൽ ഒന്ന് എടുത്തതേയുള്ളൂ...

‘നീ ആ ഫോണൊന്നു മാറ്റിവച്ചിട്ട് വന്നേ...’ എ    ന്നു പങ്കാളിയെക്കൊണ്ടു പറയിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അ സ്വസ്ഥത വളരെ വലുതാണ്. ഭർത്താക്കന്മാരാണ് ഈ അ ബദ്ധം കൂടുതലായി കാണിക്കുന്നതെങ്കിലും പുതിയ തലമുറയിലെ പെൺകുട്ടികളും ഒട്ടും പിന്നിലല്ലെന്ന് പഠനങ്ങൾ. പക ൽ മുഴുവൻ വീട്ടിലെ തിരക്കും ജോലിഭാരവും. രാത്രി ഇത്തിരി നേരമല്ലേ മൊബൈൽ നോക്കാൻ കിട്ടുന്നുള്ളുവെന്ന ന്യായവും അവർ പറയും. പക്ഷേ, നിങ്ങൾ ഒരുമിച്ചു ചെലവിടുന്ന    കിടപ്പറനേരത്തിന്റെ ഷെയർ മൊബൈലിനു കൊടുക്കണോ എന്ന് ആലോചിച്ചു നോക്കൂ.

ചാറ്റിങ്ങും ഒാൺലൈൻ ഷോപ്പിങ്ങും മൊബൈലിൽ സിനിമ കാണലും അതിനിടയ്ക്ക് എപ്പോഴോ എന്ന തരത്തിൽ സംഭവിക്കേണ്ടതല്ല രതി. തുറന്നുള്ള സംസാരത്തിൽ തുടങ്ങി പ്രണയത്തിന്റെ അന്തരീക്ഷത്തിലാണത് സംഭവിക്കേണ്ടത്. ബെഡ്‌റൂമിൽ മൊബൈൽ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്.

14. കുളിക്കാനൊന്നും എനിക്ക് വയ്യ...

ആഗ്രഹിക്കുന്ന തരത്തിലുള്ള ശുചിത്വം പങ്കാളി പുലർത്താതു മൂലം ലൈംഗികത അറപ്പുള്ള അ നുഭവമായി മാറിയവരുണ്ട്. രണ്ടിലൊരാൾ മാത്രം പുലർത്തിയതു കൊണ്ടും കാര്യമില്ല. രണ്ടു പേരും ഒരേ പോലെ വ്യക്തി ശുചിത്വം പുലർത്തേണ്ടതുണ്ട്. വൃത്തി കാര്യത്തിൽ വ്യത്യസ്ത നിലപാടുകൾ ആകാം രണ്ടും പേർക്കും. സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിക്കുന്നതിൽ പോലും വ്യത്യസ്ത താൽപര്യങ്ങളായിരിക്കാം. ഇത് പരസ്പരം മനസ്സിലാക്കണം.

15. അപ്പുറത്തെ മുറിയിലുള്ളവർ ഉറങ്ങാതെ...

അനിഷ്ടങ്ങൾ എന്തായാലും പറയാൻ മടിക്കു  ന്നത് ലൈംഗികതയെ ദോഷകരമായി ബാധിക്കും. യഥാർഥ കാരണം പറയാനുള്ള മടി കാരണം മറ്റ് പലതും ഉയർത്തിയാകും കിടപ്പറ നിമിഷങ്ങളിൽ നി    ന്ന് ഒഴിവാകാൻ ശ്രമിക്കുന്നത്. അത്തരം സാഹചര്യങ്ങൾ തുടക്കത്തിലേ ഒഴിവാക്കുക. എനിക്ക് ഇഷ്ടമുള്ള അന്തരീക്ഷവും സാഹചര്യവും ഇതൊക്കെ എന്ന് പറഞ്ഞാൽ ഭൂരിപക്ഷം പുരുഷന്മാരും അത് ഉൾക്കൊള്ളാനുള്ള വിവേകം പ്രകടിപ്പിക്കും.

16. ഞാനൊരു ടെസ്റ്റ് ട്യൂബ് അല്ല, പരീക്ഷണത്തിന്..

പുതുമ എല്ലാവർക്കും ഇഷ്ടമാണ്. എന്തിനും ഏ തിലും പുതുമ തേടുന്നവരാണു കൂടുതലും.   ലൈംഗികതയുടെ കാര്യത്തിലും ഇത്തരം പുതുമകൾ മിക്കവരും ആഗ്രഹിക്കുന്നു. എന്നാൽ സ്ത്രീകൾ പൊതുവെ  പരീക്ഷണങ്ങളോട് താൽപര്യം കാണിക്കാറില്ല. മാത്രമല്ല, പലരും അതൊരുതരം  പീഡനമായി  കണക്കാക്കുകയും െചയ്യുന്നു.

17. പുള്ളിക്കാരനുണ്ടോ അറിയാൻ പോകുന്നു...

രതിമൂർച്ഛ ഉണ്ടാകാതെ ഉണ്ടെന്ന് അഭിനയിക്കുക. പല സ്ത്രീകളും ചെയ്യുന്ന ഗുരുതരമായ അബദ്ധമാണിത്. ഇതു പിന്നീട് രൂക്ഷമായ പ്രശ്നങ്ങൾക്കു വഴിതെളിക്കും. പലപ്പോഴും പങ്കാളിയെ സന്തോഷിപ്പിക്കാനാണ് സ്ത്രീകൾ ഇതിനു തുനിയുന്നത്. യഥാർഥത്തിൽ വേണ്ടത് സത്യസന്ധമായ കമ്യൂണിക്കേഷൻ ആണ്.

18. എനിക്കു വേണ്ട, നിങ്ങൾക്കു വേണമെങ്കിൽ..

രണ്ടു പുഴകൾ ഒരേ മനസ്സോടെ ഒന്നുേചർന്ന് ഒ ഴുകുന്നതാണ് ലൈംഗികത. ലൈംഗികതയ്ക്ക് ആദ്യം വേണ്ടത് പരസ്പരമുള്ള സമ്മതമാണ്. സൂചനകളിലൂടെ അനുവാദം ചോദിക്കുന്നുണ്ട് പങ്കാളികൾ. എന്നാൽ ബന്ധപ്പെടലിന് തയാറല്ലെങ്കിലും അനുകൂലമായ സൂചനകൾ കൊടുക്കുക എന്നത് ചില സ്ത്രീകളുടെ സ്ഥിരം അബദ്ധങ്ങളിൽ ഒന്നാണ്. ഇത്തരം മിക്സഡ് സിഗ്‌നലുകൾ പലപ്പോഴും ഇച്ഛാഭംഗങ്ങൾക്കും അതൃപ്തിക്കും കാര   ണമാകും. ശാരീരികവും മാനസികവുമായ കാലാവസ്ഥകൾ അനുകൂലമല്ല എന്ന് ബോധ്യപ്പെടുന്നെങ്കിൽ അത് തന്നെ ആ യിരിക്കണം പ്രകടിപ്പിക്കേണ്ടതും.

19. നിങ്ങൾ സന്തോഷമായി കണ്ടാൽ മതി...

രണ്ടുപേർ ചുംബിക്കുമ്പോൾ  ലോകം  മാറുന്നു എന്നാണ് കവി എഴുതിയത്. പക്ഷേ, സ്ത്രീകളിൽ പലരും സ്വന്തം സന്തോഷത്തിന്റെ പങ്ക് പൂർണമായി മനസ്സിലാക്കുന്നില്ല. രണ്ടു പേർ ഒരുപോലെ പാസ് ചെയ്തു മുന്നേറുകയും ഒരാൾ മാത്രം ഗോളടിക്കുകയും ചെ യ്യുന്ന രീതി അല്ല നല്ല ലൈംഗികതയുടേത്. രണ്ടു പേർ ചുംബിക്കുമ്പോൾ മാറുന്ന ലോകം അവർ രണ്ടു പേരുടേതുമാണ്. സന്തോഷവും രണ്ടു പേർക്കും അവകാശപ്പെട്ടതാണ്.

20. എനിക്കിഷ്ടമല്ല, ഈ എന്നെ...

അവയവ വലുപ്പത്തെ സംബന്ധിച്ച് പുരു ഷന്മാരെ പോലെ തന്നെ അബദ്ധ ധാരണകൾ സ്ത്രീകൾക്കുമുണ്ട്. ചിലരിൽ ഇത് മനോരോഗത്തോളം എത്താറുമുണ്ട്. മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തി ‘പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം... എന്തൊരു ഷേപ്പാണ്. അതൊക്കെ കാണുമ്പോഴാണ് നിന്നെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.’  എന്ന സിനിമാ ഡയലോഗ് തമാശയ്ക്കെങ്കിലും പറയുന്ന ആളാണ് പങ്കാളിയെങ്കിൽ സ്ഥിതി കൂടുതൽ വ ഷളാകും. നമ്മളെ കുറിച്ച് നമുക്ക് തന്നെ ആശങ്ക വേണ്ട. ഞാൻ ‘സൂപ്പറാ’ എന്ന് വിചാരിക്കുന്നതിൽ ഒരു തെറ്റുമില്ല. എല്ലാത്തിനും പ്ലസും മൈനസും ഉണ്ട്. അതു മനസ്സിലാക്കാതെ അപകർഷത പുലർത്തരുത്.

ഇനി അൽപം യന്ത്രങ്ങളുടെ പ്രവർത്തനം പറയാം. നല്ല രൂപഭംഗിയുള്ള പുതിയ കാർ കണ്ട് ഒരാൾ പറയുന്നു. ഹായ്, നല്ല കാർ. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോൾ മൈലേജ് വെറും പത്ത് കിലോമീറ്റർ. എല്ലാ റോഡുകളിലൂടെയും അനായാസം ഓടിക്കാനും കഴിയില്ല. കാറിന്റെ കാര്യമായാലും ലൈംഗികതയുടെ കാര്യമായാലും പ്രവർത്തനക്ഷമത, പ്രവർത്തന വൈദഗ്ധ്യം  ഇവ പ്രധാനമാണ്.

പ്രവർത്തന ക്ഷമതയ്ക്ക് വേണ്ടത് ആരോഗ്യമാണ്. അതിന് ആദ്യം വേണ്ടത് സ്വന്തം ശരീരത്തെ സ്നേഹിക്കാനുള്ള മനസ്സാണ്. കുടുംബ ഉത്തരവാദിത്തങ്ങൾക്കൊപ്പം സ്വന്തം ആരോഗ്യകാര്യങ്ങൾക്കും സൗന്ദര്യ പരിചരണത്തിനും പ്രഥമ സ്ഥാനം നൽകുക. കൃത്യമായ മെയിന്റൻസ് യന്ത്രങ്ങൾക്കു മാത്രമല്ല ശരീരത്തിനും ആവശ്യമാണെന്ന് തിരിച്ചറിയുക.

21. നിങ്ങൾക്ക് എപ്പോഴും പറ്റുമല്ലോ...

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന എടിഎം പോലെയാണ് പുരുഷ ലൈംഗികത എന്ന് കരുതുന്ന സ്ത്രീകളുണ്ട്. പക്ഷേ, എല്ലായ്പ്പോഴും സെക്സിനു തയാറെടുത്തു നിൽക്കുന്നവരാണ് പുരുഷൻ എന്ന ധാരണ ശരിയല്ല. ലൈംഗിക ഉണർവ് എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെങ്കിലും ബാഹ്യസമ്മർദങ്ങൾ ഇല്ലാതിരിക്കൽ പുരുഷനും ആവശ്യമാണ്. മാനസ്സികവും ശാരീരികവുമായ അനുകൂല ഘടകങ്ങൾ ചേർന്നു വരുമ്പോഴേ പൂർണമായി മുഴുകിയുള്ള ലൈംഗികതയിലേക്ക് പുരുഷനും എത്താൻ കഴിയൂ.

22. ആണുങ്ങൾ ഇതൊക്കെ അറിയേണ്ടേ...

sex-misw4

ലൈംഗികതയ്ക്ക് ഒരു വഴിയുണ്ട്. ദാമ്പത്യത്തിന്റെ തുടക്ക ദിവസങ്ങളിൽ ആ വഴി തെറ്റാൻ സാധ്യതയുള്ളവരാണു പുരുഷന്മാരിൽ പലരും. അത് മനസ്സിലാക്കി സമയോചിതമായി അവരെ നയിക്കാൻ പലപ്പോഴും സ്ത്രീകൾ തയാറാകില്ല. ഉത്തമബോധ്യമുള്ള കാര്യങ്ങൾ നയപരമായി പരസ്പരം ഉപദേശിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ദാമ്പത്യത്തിന് അത്യാവശ്യമാണ്.

23. ഇനി വയ്യ, തളർന്നുപോകുകയാണ്..

ലൈംഗികതയുെട ക്ലൈമാക്സിലാണ് ക്ഷീണവും തളർച്ചയും അനുഭവപ്പെടേണ്ടത്. രതിമൂർച്ഛയുടെ ആനന്ദ തീരത്തേക്ക് എത്താൻ പലർക്കും കഴിയാത്തതിനു പിന്നിൽ നിര വധി കാരണങ്ങളുണ്ട്.

പൊണ്ണത്തടിയും വ്യായാമക്കുറവും അതിൽ പ്രധാനമാണ്. നല്ല രക്തസഞ്ചാരം, മതിയായ വിശ്രമം ഇതൊക്കെ ശരീരത്തിന്റെ ഉന്മേഷത്തെയും ലൈംഗിക ജീവിതത്തെയും സ്വാധീനിക്കുന്ന  ഘട കങ്ങളാണ്. ഭക്ഷണ ശീലത്തിലും വ്യായാമത്തിലും പുലർത്തുന്ന ചിട്ടകൾ ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് ആവശ്യമാണെന്ന് അറിയുക. അല്ലെങ്കിൽ കുതിപ്പ് തുടങ്ങുമ്പോൾ തന്നെ കിതപ്പും ആരംഭിക്കും.

24. ക്ഷമ അത്രയ്ക്ക് വേണ്ട...

ലൈംഗികതയിൽ മുഴുകാൻ എടുക്കുന്ന കാലതാമസം പല സ്ത്രീകൾക്കും പ്രശ്നമാകാറുണ്ട്. ശരീരത്തെ ഉണർത്തിയെടുത്ത് മുന്നൊരുക്കം നടത്താൻ പലരും തയാറാകില്ല. കൂടുതൽ ഉദ്ദീപനങ്ങൾക്കായുള്ള കാത്തിരിപ്പ് പലപ്പോഴും അബദ്ധമാകുകയും ചെയ്യും. ഇത് പതിവാകുമ്പോൾ  ലൈംഗിക ജീവിതത്തിൽ മടുപ്പ് അനുഭവപ്പെടാം.

വരുന്ന ബസിൽ കയറാതെ അടുത്ത ബസിനു വേണ്ടി കാത്തിരിക്കുന്നു. എന്നാൽ അടുത്ത ബസ് വരാതെ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ബോധപൂർവമായ ശ്രമം വേണം. മനസ്സും ശരീരവും ആവശ്യപ്പെടുന്ന സമയത്തെ ലൈംഗിക ബന്ധമാണ് ഏറ്റവും ആസ്വാദ്യകരമാകുന്നത്. ആ സമയം പരസ്പരം തിരിച്ചറിയാൻ കഴിയുന്നതാണ് ദാമ്പത്യത്തിലെ ഏറ്റവും മധുരതരമായ ആശയവിനിമയം.

25. ജോലി ചെയ്ത് മടുത്തു വരുമ്പോൾ...

മിക്കവാറും പുരുഷന്മാരാണ് ഓഫിസിലെയും മറ്റും സമ്മർദ്ദങ്ങളുമായി കിടപ്പറയിലെത്തുന്നത്. എന്നാൽ പുതിയ കാലത്ത് സ്ത്രീകളും തുല്യനിലയിൽ തന്നെ ജോലി െചയ്യുന്നവരും അത്തരം സമ്മർദ്ദങ്ങൾ പേറുന്നവരുമാണ്. എന്നാൽ പഠനങ്ങൾ പറയുന്നത് ജോലിയുടെ സമ്മർദ്ദവുമായി കിടപ്പറയിലെത്തുന്ന സ്ത്രീകളിൽ നല്ലൊരു ശതമാനത്തിനും ലൈംഗികത ഒരു ചടങ്ങ് മാത്രമായി മാറുന്നു എന്നാണ്. പുരുഷന്മാരിൽ ഇങ്ങനെ ചടങ്ങു തീർക്കുന്നവർ ധാരാളം ഉണ്ടെങ്കിലും ജോലിയുടെ സമ്മർദ്ദം സ്ത്രീകളെ കൂടുതൽ വിരക്തിയുള്ളവരാക്കുന്നു. ഈ വിരക്തി പിന്നീട് പല പ്രശ്നങ്ങളിലേക്കും നയിക്കാം.

വിവരങ്ങൾക്ക് കടപ്പാട്: കലാ ഷിബു. കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസിലർ. മാർ ഈവനിയോസ് കോളജ്, തിരുവനന്തപുരം

Tags:
  • Health Tips
  • Vanitha Sex
  • Glam Up