Wednesday 21 December 2022 02:40 PM IST : By സ്വന്തം ലേഖകൻ

കോവിഡ് വീണ്ടും തലപൊക്കുന്നു, ഇന്ത്യയും ഭീതിയിൽ, ജാഗ്രതയുടെ ഭാഗമായി ജീനോം സീക്വൻസിങ്

covid-test-1.jpg.image.845.440 പ്രതീകാത്മക ചിത്രം

വിദേശരാജ്യങ്ങളിൽ കോവിഡിന്റെ ഭീഷണി വീണ്ടും തലപൊക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതവേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ജപ്പാൻ, അമേരിക്ക, ചൈന, ബ്രസീൽ, കൊറിയ എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ പൊടുന്നനെ വീണ്ടും മുളപൊട്ടുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ തുടക്കത്തിലേയുള്ള രോഗനിർണയം, ഐസൊലേഷൻ, പരിശോധന, സംശയമുള്ളതും കോവിഡാണെന്ന് ഉറപ്പിച്ചതുമായ രോഗികളുടെ തുടർന്നുള്ള ചികിത്സ, മറ്റുള്ളവരിലേക്ക് രോഗം പൊട്ടിപ്പുറപ്പെടാതെ നിയന്ത്രിച്ചു നിർത്തുക എന്നിക്കാര്യങ്ങളെല്ലാം വീണ്ടും സജീവമാക്കുക വേണം. മാത്രമല്ല, നിലവിലുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ രീതികളും നിരീക്ഷിക്കേണ്ടതുണ്ട്– കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറയുന്നു.

ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും പൊസിറ്റീവായ രോഗികളുടെ സാധ്യമായ സാംപിളുകൾ ജീനോം സീക്വൻസിങ് ലാബുകളുടെ കൂട്ടായ്മയായ ഇന്ത്യൻ സാർസ് കോവ് 2 ജീനോമിക്സ് കൺസോർഷ്യത്തിലേക്ക് (INSACOG) അയയ്ക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിരിക്കുകയാണ്. പുതിയ വകഭേദങ്ങളെ നേരത്തെ തന്നെ കണ്ടെത്താനും മതിയായ പ്രതിരോധ–നിയന്ത്രണ നടപടികളെടുക്കാനും ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷ.

പരിശോധന– പൊസിറ്റീവ് കേസുകളെ ട്രാക്ക് ചെയ്ത് ചികിത്സ ലഭ്യമാക്കുക, വാക്സിനേഷൻ എന്നീ വഴികളിലൂടെയും കോവിഡ് പ്രതിരോധ നടപടികളിലൂടെയും ആഴ്ചയിൽ 1200 കേസുകൾ എന്ന നിലയിലേക്ക് കോവിഡിനെ നിയന്ത്രിക്കാൻ ഇന്ത്യക്കു സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പുതുതായി വരുന്ന കേസുകളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ലോകമാകെ നോക്കിയാൽ ആഴ്ചതോറും 35 ലക്ഷം എന്ന കണക്കിലാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.