Tuesday 25 October 2022 05:39 PM IST : By ഡോ. സുനിൽ മൂത്തേടത്ത്

കണ്ണിൽ നോക്കി ഹൃദ്രോഗസാധ്യത അറിയാം; പുതിയ പരിശോധന ഇങ്ങനെ

eyetest455656

കണ്ണിൽ നോക്കിയാൽ ഹൃദ്രോഗ സാദ്ധ്യത കണ്ടെത്താമോ?

സാധിക്കും എന്നാണ് ബ്രിട്ടണിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ പറയുന്നത്. ഹൃദ്രോഗസാദ്ധ്യത കണ്ടെത്താൻ പ്രധാനമായും രക്തപരിശോധനകളും എക്കോ പരിശോധനകളും ഇ.സി.ജി,യുമൊക്കെയാണ് സാധാരണ ഉപയോഗിക്കാറ്. എന്നാൽ കണ്ണിൽ നോക്കി ഹൃദ്രോഗ സാദ്ധ്യത കണ്ടെത്താമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. കണ്ണിലെ റെറ്റിന എന്ന ഭാഗം സ്കാൻ ചെയ്ത് അവിടെയുള്ള ചെറിയ രക്തക്കുഴലുകളുടെ ഭിത്തികളുടെ കനം നിർണയിച്ചാണ് ഇത് സാധിക്കുന്നത്. രക്തചംക്രമണത്തിലെ പ്രശ്നങ്ങളാണ് ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. റെറ്റിനയിലെ രക്തധമനികളുടെ ഭിത്തി കട്ടി കൂടുന്നതും തകരാർ സംഭവിക്കുന്നതും ഹൃദയം ഉൾപ്പെടെ ശരീരത്തിലെ ഭാഗങ്ങളിലെ രക്തക്കുഴലുകളുടെ നാശത്തിന്റെ സൂചനയായി കണക്കാക്കിയാണ് ഇവർ ഈ നിഗമനത്തിൽ എത്തിയത്. 88,000 ബ്രിട്ടീഷ് പൗരന്മാരിൽ നടത്തിയ പഠനത്തിൽ 54% കൃത്യതയോടെ ഹൃദ്രോഗത്തന്റെയും പക്ഷാഘാതത്തിന്റെയും സാദ്ധ്യതയും 58% കൃത്യതയോടെ ഇവ മൂലമുള്ള മരണസാദ്ധ്യതയും കണക്കാക്കാൻ സാധിച്ചു എന്ന് ഇവർ അവകാശപ്പെടുന്നു. ശരീരത്തിന് ക്ഷതമേൽപ്പിക്കാത്ത ഒരു ലളിതമായ പരിശോധനയിലൂടെ ഹൃദ്രോഗസാദ്ധ്യത മുൻകൂട്ടി അറിയാൻ പറ്റിയാൽ അത് നല്ലതല്ലേ?

ഡോ. സുനിൽ മൂത്തേടത്ത്, പ്രഫസർ

അമൃത കോളജ് ഒാഫ് നഴ്സിങ്, കൊച്ചി

Tags:
  • Manorama Arogyam
  • Health Tips