Friday 20 January 2023 05:11 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

ഇറച്ചിയും മീനും മിതമാക്കാം, ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം: വേനലിലെ ഭക്ഷണത്തിൽ ശ്രദ്ധിക്കാൻ

fruits565656

ചൂടുകാലത്ത് ദഹനപ്രശ്നങ്ങൾ വർധിക്കാം. കഞ്ഞി, തൈര് സാദം പോലുള്ള എളുപ്പം ദഹിക്കുന്നതും ചൂട് കുറയ്ക്കുന്നതുമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.

∙ മാംസാഹാരം പ്രത്യേകിച്ച് വറുത്തതും പൊരിച്ചതും ഈ ചൂടിൽ നല്ലതല്ല. അച്ചാർ, പപ്പടം, പൊറോട്ട നല്ല എരിവും പുളിയും മസാലയുമുള്ള ഭക്ഷണം എന്നിവയും കുറയ്ക്കുക. ചായ, കാപ്പി എന്നിവ അമിതമായി കുടിക്കരുത്.

∙ ഈ ചൂടിൽ പാചകം ചെയ്ത ഭക്ഷണം എളുപ്പം കേടാകാം. ആവശ്യമുള്ളത്ര മാത്രമുണ്ടാക്കി അന്നു തന്നെ കഴിച്ചുതീർക്കുക. മാംസവും മീനും ഫ്രിഡ്ജിൽ അധിക ദിവസം വച്ച് ഉപയോഗിക്കരുത്.

∙ പുറത്തുപോകുമ്പോൾ ഒരു കുപ്പി വെള്ളം കരുതുക. പുറമേ നിന്നുള്ള വെള്ളം സുരക്ഷിതമാകാണമെന്നില്ല വഴിവക്കിലെ കരിക്കിൻവെള്ളമായാലും കരിമ്പിൻ ജ്യൂസ് ആയാലും ഗ്ലാസുകൾ വഴിയും മറ്റും അണുക്കൾ പകരാം. ശീതളപാനീയങ്ങളിൽ സോഡിയം കൂടുതലാണ്. സോഡിയം കൂടുന്നത് ശരീരത്തിനു നല്ലതല്ല. മാത്രമല്ല, ഇതിലെ കൃത്രിമമധുരം ശരീരത്തിലെ ഉള്ള ജലാംശം കൂടി നഷ്ടമാകാൻ ഇടയാക്കാം.

∙ നാരുകൾ അധികം നഷ്ടപ്പെടാതെ അടിച്ചെടുക്കുന്ന ഫ്രഷ്ജ്യൂസ് നല്ലത്. ധാരാളം പൊട്ടാസ്യം അടങ്ങിയതിനാൽ കരിക്കിൻ വെള്ളം കണ്ണുമടച്ച് കുടിക്കാം. തണ്ണിമത്തൻ ജ്യൂസും നല്ലതാണ്. ഇതിൽ ജലാംശത്തോടൊപ്പം ധാരാളം ധാതുക്കളുമുണ്ട്. ചൂടു കുറയ്ക്കുന്നതിനൊപ്പം നിർജലീകരണം മൂലമുള്ള ക്ഷീണവുമകറ്റും.

നാരകത്തില, ഇഞ്ചി, ചുക്ക് എന്നിവ ചേർത്തുണ്ടാക്കുന്ന സംഭാരം പണ്ടത്തെ പ്രിയപ്പെട്ട വേനൽ പാനീയമായിരുന്നു. മോരിൽ ഇഞ്ചിയും കറിവേപ്പിലയും മുളകും ചതച്ചിട്ട് ഉപ്പു ചേർത്തു കുടിക്കുന്നത് സംഭാരത്തിന്റെ ഗുണം ചെയ്യും.

∙ നറുനീണ്ടി സർബത്ത് പോലുള്ളവ ചൂടിനെ ചെറുക്കാൻ നല്ലതാണെങ്കിലും മധുരം അമിതമാകരുത്. പ്രിസർവേറ്റീവുകളും രാസപദാർത്ഥങ്ങളും ചേർക്കുന്നവയും ഒഴിവാക്കണം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ടി.എസ്. ഫ്രാൻസിസ്

പ്രൊഫസർ, മെഡിസിൻ വിഭാഗം, എംഎസ്‌സി

മെഡിക്കൽ കോളജ്, കോലഞ്ചേരി.

Tags:
  • Manorama Arogyam
  • Diet Tips