Tuesday 21 March 2023 12:53 PM IST

മുതിർന്നവർക്ക് എട്ടു ഗ്ലാസ്‌; വീട്ടിൽ കുരുന്നുകൾ എത്ര അളവിൽ വെള്ളം കുടിക്കണം? അറിയാം...

Ammu Joas

Sub Editor

drinking-water

മുതിർന്നവർ ഒരു ദിവസം എട്ട് ഗ്ലാസ്സ്‌ വെള്ളമെങ്കിലും കുടിക്കണം എന്ന് മിക്കവർക്കും അറിയാം. വീട്ടിലെ കുരുന്നുകൾ ഒരു ദിവസം എത്ര അളവിൽ വെള്ളം കുടിക്കണം എന്നറിയാമോ?



> കുഞ്ഞ് ജനിച്ച് ആദ്യ മൂന്നു ദിവസങ്ങളിൽ അമ്മയ്ക്ക് പാൽ കുറവായിരിക്കും. എന്നുകരുതി തിളപ്പിച്ചാറിയ വെള്ളമോ മറ്റോ നൽകേണ്ടതില്ല. ആറു മാസം വരെ മുലപ്പാൽ മാത്രം മതി.

> പാലൂട്ടുന്ന അമ്മമാർക്ക് കുഞ്ഞിന് പാൽ തികയുന്നുണ്ടോ എന്ന് സംശയമുണ്ടാകാം. ചൂടുകാലത്ത് മുലപ്പാൽ നേർത്തിരുന്നാലും വേറെ വെള്ളം കൊടുക്കരുത്. വയർ നിറച്ച് പാൽ കൊടുത്താൽ തന്നെ കുഞ്ഞിന് ആവശ്യമായ വെള്ളം ഉള്ളിലെത്തും. വെള്ളം വേറെ കുടിക്കുമ്പോൾ പാൽ കുടിക്കാനുള്ള താൽപര്യം കുറയും. മുലപ്പാലും കുറയും.

> ആദ്യ ദിവസങ്ങളിൽ മുലപ്പാൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും രണ്ട് മണിക്കൂർ ഇടവിട്ട് കുഞ്ഞിനെ പാലൂട്ടണം. പിന്നീട് കുഞ്ഞിന്റെ വിശപ്പനുസരിച്ച് മൂന്ന് - നാല് മണിക്കൂർ ഇടവിട്ട് പാൽ നൽകിയാൽ മതി.

> ഒരു വയസ്സ് മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികൾക്ക് ഒരു ദിവസം രണ്ടു - നാലു ഗ്ലാസ്സ് വെള്ളം നൽകണം. നാല് വയസ്സിനു മേൽ പ്രായമുള്ള കുട്ടികൾക്ക് അഞ്ച് മുതൽ എട്ട് ഗ്ലാസ് വരെ വെള്ളം നൽകണമെന്നാണ് കണക്ക്.

> കഠിനമായ ചൂട് മൂലം കുട്ടികൾക്ക് തലചുറ്റലും ബോധക്ഷയവും വരാം. ചൂടുകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നത് മൂലമുണ്ടാകുന്ന നിർജലീകരണമാണ് ഇതിനു കാരണം. അതിനാൽ കളിച്ച് ഉല്ലസിച്ചു നടക്കുന്ന മക്കൾക്ക് ആവശ്യത്തിന് വെള്ളം നൽകണം.

> സ്കൂളിൽ പോകുമ്പോൾ മാത്രമല്ല, വീട്ടിൽ ഇരിക്കുമ്പോഴും വാട്ടർ ബോട്ടിലിൽ വെള്ളം നിറച്ചു നൽകാം. ഇടയ്ക്കിടെ വെള്ളം കുടിക്കാൻ ഓർമിപ്പിക്കുകയും ചെയ്യാം.

> വെള്ളം, പാൽ, കരിക്കിൻ വെള്ളം, പഴച്ചാറുകൾ എന്നിവ കുട്ടികൾക്ക് നൽകാം. കഞ്ഞിവെള്ളം നൽകുന്നതും നല്ലതാണ്. നാരങ്ങാ വെള്ളം, ഓറഞ്ച് ജ്യൂസ് എന്നിങ്ങനെ വൈറ്റമിൻ സി അടങ്ങിയവ നൽകിയാൽ പ്രതിരോധ ശേഷിയും കൂടും.

> ജലാംശം ഉള്ളിലെത്തിക്കോട്ടെ എന്ന് കരുതി പാക്ക്‌ഡ് ഫ്രൂട്ട് ജ്യൂസ് വാങ്ങി നൽകല്ലേ. ഇതിൽ അടങ്ങിയിരിക്കുന്ന അമിത മധുരം നിർജലീകരണത്തിന് കാരണമാകും.

കടപ്പാട് : Dr. M. Muraleedharan
Consultant paediatrician,
General hospital, mahe