Tuesday 20 December 2022 03:40 PM IST : By സ്വന്തം ലേഖകൻ

കൊളസ്ട്രോളിനും പ്രമേഹത്തിനും കഴിക്കുന്ന മരുന്നുകൾ കാഴ്ചശക്തി വർധിപ്പിക്കുമോ?

cholmed67667

കൊളസ്ട്രോളിനും പ്രമേഹത്തിനുമൊക്കെ മരുന്നുകൾ കഴിക്കുന്ന ആളുകളുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കൊളസ്ട്രോളിനു മരുന്നു കഴിച്ചാൽ കാഴ്ച ശക്തി കൂടുമെന്നൊന്നും ആരും അവകാശപ്പെടുന്നില്ലെങ്കിലും ജർമ്മനിയിലെ ബോൺ സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ അടുത്തകാലത്ത് പുറത്തുവിട്ട ഒരു പഠന റിപ്പോർട്ട് ഏറെ കൗതുകം നിറഞ്ഞതാണ്. കൊളസ്ട്രോൾ കുറയ്ക്കാനുള്ള സ്റ്റാറ്റിൻ മരുന്നുകളും പ്രമേഹ ചികിത്സയ്ക്കുള്ള ഇൻസുലിനും ഉപയോഗിക്കുന്ന ആളുകളിൽ ഇവ ഉപയോഗിക്കാത്തവരേക്കാൾ പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ചക്കുറവിന്റെ തോത് കുറവാണെന്നായിരുന്നു ആ റിപ്പോർട്ട്.

കൊളസ്ട്രോൾ മരുന്നുകളും ഇൻസുലിനും ഉപയോഗിക്കുന്ന 50 വയസ്സു പിന്നിട്ട 40,000 ആളുകൾ ഉൾപ്പെട്ട 14 ഗവേഷണ റിപ്പോർട്ടുകൾ ക്രോഡീകരിച്ചാണ് ഇവർ ഇത്തരമൊരു നിഗമനത്തിലെത്തിയത്. യുകെ, ഫ്രാൻസ്, ജർമനി, ഗ്രീസ്, അയർലണ്ട്, ഇറ്റലി, നോർവേ, പോർച്ചുഗൽ, റഷ്യ എന്നിവിടങ്ങളിലെ വ്യത്യസ്തരായ ജന വിഭാഗങ്ങളിലാണ് ഈ പഠനങ്ങൾ നടന്നത്. ഇവരുടെ പഠന റിപ്പോർട്ട് പ്രകാരം സ്റ്റാറ്റിൻ മരുന്നു കഴിക്കുന്നവരിൽ 15 ശതമാനത്തോളവും ഇൻസുലിൻ എടുക്കുന്നവരിൽ 22 ശതമാനത്തോളവും കുറഞ്ഞ തോതിൽ മാത്രമേ പ്രായാധിക്യം മൂലമുള്ള ഏയ്ജ് റിലേറ്റഡ് മാക്യുലാർ ഡീജെനറേഷൻ ( Age related Macular Degeneration –AMD) എന്ന കാഴ്ചക്കുറവുണ്ടാക്കുന്ന രോഗാവസ്ഥ കണ്ടെത്തിയുള്ളൂ.

കാഴ്ചക്കുറവ് പരിഹരിക്കാൻ സ്റ്റാറ്റിൻ മരുന്നുകൾ കഴിക്കണമെന്നു പറയാനാകില്ലെങ്കിലും ഇവ കഴിക്കുന്നവർക്ക് കിട്ടുന്ന ഒരു അധിക ആനുകൂല്യമായി ഇതിനെ കണക്കാക്കാമെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്.

തയാറാക്കിയത്

ഡോ. സുനിൽ മൂത്തേടത്ത്

പ്രഫസർ, അമൃത കോളജ് ഒാഫ് നഴ്സിങ് , കൊച്ചി

Tags:
  • Manorama Arogyam