Thursday 16 February 2023 11:52 AM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

കണ്ണുകൾ കുഴിയും, മുഖം വലിഞ്ഞുമുറുകി പ്രേതസമാനമാകും: പേടിപ്പിക്കുന്ന മാബർഗ് വൈറസ്: വേണം കരുതൽ

marburg-virus-feature

ഏതാനും വർഷങ്ങളായി നമ്മളെ ആശങ്കയിലാഴ്ത്തിയിരുന്ന കൊറോണ വൈറസ് ഭീതിയിൽ നിന്ന് ഏതാണ്ടൊക്കെ മുക്തരായി കഴിഞ്ഞതേയുള്ളു. അപ്പോഴേക്കും പുതിയൊരു വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്ക കടന്നുവരുന്നു. മാബർഗ് വൈറസ് (Marburg Virus) ബാധയെക്കുറിച്ചുള്ള ആശങ്കയേക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഇക്വിറ്റോറിയൽ ഗിനിയയിൽ ആദ്യത്തെ മാബർഗ് വൈറസ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന റിപ്പോർട്ടു ചെയ്യുന്നു. ഇവിടുത്തെ പടിഞ്ഞാറൻ കീ ടേം പ്രോവിൻസിൽ മരണമടഞ്ഞ ഒൻപത് പേരിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. രോഗം രാജ്യാതിർത്തികൾ ഭേദിച്ചെത്തുമോ എന്ന ആശങ്കയിലാണ് ഗവേഷകരും ലോകനേതാക്കളും.

എന്താണ് മാബർഗ് വൈറസ്?

അതിമാരകമായ എബോള വൈറസ് ഉൾപ്പെടുന്ന ഫിലോവിരിഡെ (Filoviridae) അഥവാ ഫിലോ വൈറസ് കുടുംബത്തിൽപെട്ട വൈറസാണ് മാബർഗ് വൈറസ്. രണ്ടും രണ്ട് വൈറസുകളാണെങ്കിലും ഈ രണ്ടുരോഗങ്ങൾക്കും സമാനമായ ക്ലിനിക്കൽ ലക്ഷണങ്ങളാണ് ഉള്ളത്. മാബർഗ് വൈറസ് രോഗം വളരെ പെട്ടെന്നു പടർപിടിക്കുന്നതും ഉയർന്ന മരണനിരക്ക് ഉള്ളതുമാണ്. 1967 ൽ ജർമനിയിലെ ഫ്രാങ്ക് ഫർട്ടിലും മാർബർഗിലും സെർബിയയിലും ബെൽഗ്രേഡിലും സംഭവിച്ച രോഗവ്യാപനത്തിലാണ് ആദ്യമായി ഈ പനിയെ തിരിച്ചറിയുന്നത്.2008 ൽ ഉഗാണ്ടയിൽ റോസെറ്റസ് വവ്വാലുകൾ തങ്ങിയിരുന്ന ഒരു ഗുഹ സന്ദർശിച്ച രണ്ടു യാത്രികരിലും രോഗം റിപ്പോർട്ടു ചെയ്തിരുന്നു.

പകരുന്ന വഴി

നേരിട്ടു മനുഷ്യർ തമ്മിലുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. ശ്ലേഷ്മ സ്രവങ്ങൾ വഴിയോ ചർമത്തിലെ മുറിവുകൾ വഴിയോ നേരിട്ടും വൈറസ് ബാധിച്ച മനുഷ്യരുടെ രക്തം, ശരീരസ്രവങ്ങൾ എന്നിവ വഴിയും രോഗം പകരാം. രോഗബാധിതരിൽ നിന്നുള്ള സ്രവങ്ങൾ പുരണ്ട പ്രതലം വഴിയും രോഗപ്പകർച്ചയ്ക്കു സാധ്യതയുണ്ട്.

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിൽ കടന്നു ലക്ഷണങ്ങൾ പ്രകടമാകാൻ രണ്ടു മുതൽ 21 ദിവസം വരെ സമയമെടുക്കാം. ഇതു പലരിലും പല കാലയളവാണ് കാണിക്കുന്നത്.

ശക്തമായ പനി, കടുത്ത തലവേദന, പേശീവേദന, കഠിനമായ ക്ഷീണം എന്നിവയാണ് പൊതുവായി കാണുന്നത്. വെള്ളംപോലെ വയറ്റിൽ നിന്നു പോവുക, വയറുവേദന, തലചുറ്റൽ, ഛർദി എന്നിവയും പതിയെ പ്രകടമാകാം. വയറിളക്കം ഒരാഴ്ച വരെ നീണ്ടുനിൽക്കാം.

ഈ ഘട്ടത്തിൽ രോഗിയുടെ കണ്ണുകൾ കുഴിഞ്ഞു താണും മുഖം വലിഞ്ഞുമുറുകി നിർവികാരമായും കാണപ്പെടറുണ്ട്. രോഗിയുടെ ഈ രൂപഭാവങ്ങളെ ‘പ്രേതസമാനം’ എന്നാണ് വിശേഷിപ്പിക്കുന്നത്.

രക്തസ്രാവം വരാം

അഞ്ചു മുതൽ ഏഴ് ദിവസത്തിനിടയിൽ ശക്തമായ രക്തസ്രാവത്തിന്റേതായ ലക്ഷണങ്ങൾ പ്രകടമാകാം. ചർദിയിലും മലത്തിലും രക്തം കാണാം. രോഗം തീവ്രമായിക്കഴിഞ്ഞാൽ ശക്തമായ പനി നീണ്ടുനിൽക്കുകയും കേന്ദ്രനാഡീവ്യൂഹം അഥവാ തലച്ചോറിനെ ബാധിക്കുകയും ചെയ്ത് ആശയക്കുഴപ്പം, അസ്വസ്ഥത തുടങ്ങി അക്രമ സ്വഭാവത്തിലേക്കു വരെ പോവുകയും ചെയ്യാം.

രോഗനിർണയവും ചികിത്സയും

മറ്റു വൈറസുകളിൽ നിന്നും മാബർഗ് വൈറസിനെ തിരിച്ചറിയുക പ്രയാസമാണ്. എലീസാ പരിശോധന, സീറം ന്യൂട്രലൈസേഷൻ പരിശോധനകൾ, ആർടി പിസിആർ പരിശോധന എന്നിവയൊക്കെയാണ് രോഗനിർണയത്തിനു സഹായിക്കുന്നത്.

നിലവിൽ മാബർഗ് വൈറസ് രോഗത്തെ തടയാൻ വാക്സീനുകളോ ചികിത്സയ്ക്ക് പ്രത്യേക ആന്റിവൈറൽ മരുന്നുകളോ ലഭ്യമല്ല. പാനീയ ചികിത്സ, ഐവി ആയി ദ്രവങ്ങൾ നൽകുക എന്നിവ വഴി വയറിളക്കത്തിലൂടെയും ഛർദിയിലൂടെയും ശരീരത്തിൽ നിന്നും നഷ്ടമാകുന്ന ജലാംശം വീണ്ടെടുക്കുക, പനി പോലുള്ള ലക്ഷണങ്ങൾക്ക് അനുസൃതമായ ചികിത്സ നൽകുക എന്നതാണ് ഇപ്പോൾ ചെയ്യുന്നത്.

Tags:
  • Manorama Arogyam
  • Health Tips