Saturday 14 January 2023 03:51 PM IST : By സ്വന്തം ലേഖകൻ

രക്താദിസമ്മർദത്തെ വരുതിയിലാക്കാം... വരുന്നു പുതിയ മരുന്ന്

bp54446

രക്താതിസമ്മർദവും അതിനു മരുന്നു കഴിക്കുന്നവരുടെ എണ്ണവുമൊന്നും ഈ പുതിയ കാലത്ത് ഒട്ടും പുതുമയല്ല. ആഹാര നിയന്ത്രണങ്ങൾകൊണ്ടും ജീവിതശൈലീ പരിഷ്കാരങ്ങൾ കൊണ്ടും മാത്രം ഈ രോഗാവസ്ഥയെ നിയന്ത്രിച്ചു നിറുത്താൻ കഴിയാതെ വരുമ്പോൾ മരുന്നുകൾ മാത്രമേ രക്ഷയുള്ളൂ. എന്നാൽ ചുരുക്കം ചിലരിലാകട്ടെ മരുന്നുകൾ യാതൊരു മാറ്റവും ഉണ്ടാക്കുകയില്ല എന്നതും വാസ്തവമാണ്.

ഇത്തരത്തിൽ‍ മരുന്നുകളോടു പ്രതികരിക്കാത്ത രക്താതിസമ്മർദം ഉള്ളവർക്ക് ഏറെ പ്രതീക്ഷയുണർത്തുന്ന ഒരു വാർത്തയാണ് ലണ്ടനിലെ ക്യൂൻമേരി യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. ബാക്സ്ഡ്രോസ്റ്റാറ്റ് (Baxdrostat) എന്ന ഒരു പുതിയ മരുന്നാണ് പരീക്ഷണഘട്ടത്തിൽ പ്രതീക്ഷയുണർത്തുന്ന ഫലം തന്നിരിക്കുന്നത്.

ശരീരത്തിൽ ഉപ്പിന്റെ സാന്നിധ്യം ഉയർത്തി നിർത്തുന്ന ആൽഡോസ്‌റ്റെറോൺ (aldosterone) എന്ന ഹോർമോണിന്റെ ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നതാണു പുതിയ മരുന്ന്. അമിതമായ അളവിൽ ആൽഡോസ്‌റ്റെറോൺ ഉത്പാദിപ്പിക്കപ്പെടുന്നവരിൽ സ്വാഭാവികമായും രക്തസമ്മർദവും ഉയർന്നിരിക്കും. പരീക്ഷണ ഘട്ടത്തിൽ 248 പേരിലാണ് 12 ആഴ്ചത്തേക്ക് മരുന്നു പരീക്ഷണം നടത്തിയത്. മരുന്നുപയോഗിക്കുന്നവരേക്കാൾ ഈ ഹോർമോണിന്റെ അളവും രക്തസമ്മർദവും മരുന്ന് കഴിച്ചവരിൽ ഗണ്യമായ തോതിൽ കുറഞ്ഞതായി കണ്ടെത്തി എന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്തായാലും വലിയ തോതിലുള്ള തുടർപഠനങ്ങൾ ഇക്കാര്യത്തിൽ ആവശ്യമുണ്ടെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

തയാറാക്കിയത്

ഡോ. സുനിൽ മൂത്തേടത്ത്

പ്രഫസർ , അമൃത കോളജ് ഒാഫ് നഴ്സിങ് , കൊച്ചി

Tags:
  • Daily Life
  • Manorama Arogyam