Tuesday 02 May 2023 01:51 PM IST : By സ്വന്തം ലേഖകൻ

തൈര് തേൻ ചേർത്ത്; ഇളനീരും സംഭാരവും നാരങ്ങാവെള്ളവും: ചൂട് കുറയ്കക്ാൻ ഈ വഴികൾ

heat445

പ്രകൃതിയിലെ മാറ്റങ്ങൾക്കനുസരിച്ച് മനുഷ്യശരീരത്തിലും മാറ്റങ്ങൾ സംഭവിക്കുന്നു. അത് ആരോഗ്യസ്ഥിതിയേയും ബാധിക്കുമെന്നു വളരെക്കാലം മുൻപുതന്നെ വൈദ്യ പണ്ഡിതന്മാർ മനസ്സിലാക്കിയിരുന്നു. ദിനചര്യകളിലും ആഹാരശീലങ്ങളിലും വേണ്ട മാറ്റങ്ങൾ വരുത്തി കാലാവസ്ഥയെ പ്രതിരോധിച്ച് ആരോഗ്യം നില നിർത്താമെന്ന് ആയുർവേദത്തിൽ അനുശാസിക്കുന്നുണ്ട്. കേരളത്തിൽ മാർച്ച്, ഏപ്രിൽ, മേയ് എന്നീ മാസങ്ങളിലാണ് ചൂടു കൂടുതൽ അനുഭവപ്പെടുന്നത്. ഈ കാലത്തു ശരീരോഷ്മാവ് വർദ്ധിക്കുന്നു. സ്വേദഗ്രന്ഥികൾ കൂടുതൽ പ്രവർത്തിക്കുന്നു. മൂത്രം കുറയുന്നു. നിർജ്ജലീകരണം മൂലം ശരീരത്തിനു ക്ഷീണം അനുഭവപ്പെടുന്നു. ഈ കാലത്ത് ആരോഗ്യ രക്ഷയ്ക്കു വേണ്ട ചില നിർദേശങ്ങൾ താഴെ കൊടുക്കുന്നു.

∙ നിർജ്ജലീകരണം അനുഭവപ്പെടാതിരിക്കാൻ വെള്ളം ധാരാളം കുടിക്കേണ്ടതാണ്. ദിവസവും 2-3 ലീറ്റർ വരെ വെള്ളം ഇടവേളകളിൽ കുടിക്കുന്നത് നന്നായിരിക്കും. നന്നാറി, രാമച്ചം എന്നിവയിട്ടു തിളപ്പിച്ച് ആറിയ വെള്ളമാണു കൂടുതൽ നല്ലത്.

∙ എളുപ്പത്തിൽ ദഹിക്കാവുന്നതും ജലാംശം കൂടുതൽ ഉള്ളതുമായ ആഹാരങ്ങൾ 4-5 പ്രാവശ്യമായി കഴിക്കുന്നതു നന്ന്.

∙ എരിവും ഉപ്പും കുറഞ്ഞ തോതിൽ മാത്രം ഉപയോഗിക്കാം.

∙ പുറത്തു നിന്നുള്ള ആഹാരം കഴിക്കുന്നതും ഒഴിവാക്കണം.

∙ പുറത്തു പോകുമ്പോൾ സൂര്യതാപം ഏൽക്കാതിരിക്കാൻ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കേണ്ടതാണ്. ശുദ്ധമായ ജലം കുടിക്കുന്നതിനായി കരുതണം.

∙ വെയിലിൽ ജോലി ചെയ്യുമ്പോൾ മദ്ധ്യാഹ്ന സമയം (11മുതൽ 3 മണിവരെ) ഒഴിവാക്കേണ്ടതാണ്.

∙ പുറത്തുപോയി വന്നശേഷം കാലും മുഖവും കൈകളും തണുത്ത വെള്ളത്തിൽ കഴുകേണ്ടതാണ്. തലയിലെ വിയർപ്പ് ആറിയ ശേഷമെ കുളിക്കാവൂ.

∙ ഇളനീര്, ഉപ്പിട്ട കഞ്ഞിവെള്ളം, ഇഞ്ചിയും കറിവേപ്പിലയും ഉപ്പും ചേർത്ത മോര്, നാരങ്ങാവെള്ളം എന്നിവ കുടിക്കുവാൻ ഉപയോഗിക്കാം.

∙ മാതളം, തണ്ണിമത്തൻ, പഴുത്ത മാങ്ങ, മുന്തിരി, സപ്പോട്ട, ആപ്പിൾ എന്നിവ കൊണ്ടുള്ള പഴച്ചാറുകൾ നല്ലതാണ്.

∙ ജലാംശം കൂടുതലുള്ള പച്ചക്കറികൾ, വെള്ളരി, കുമ്പളം, മത്തൻ, പടവലം, തക്കാളി, കാരറ്റ്, പച്ചപ്പയർ എന്നിവ ഉൾപ്പെടുത്തേണ്ടതാണ്. മസാലകളും ചുവന്ന മുളകും പരമാവധി കുറയ്ക്കണം.

∙ തൈര് സ്വൽപ്പം പഞ്ചസാരയോ തേനോ ചേർത്ത് കഴിക്കുന്നത് നന്നായിരിക്കും.

∙ ചൂടു കുറയ്ക്കുവാൻ ഏസി ഉപയോഗിക്കാം; എന്നാല്‍ 24 ഡിഗ്രിയിൽ കുറച്ച് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. (പ്രത്യേകിച്ച് വാതസംബന്ധമായ രോഗമുള്ളവരും വാർധക്യജന്യമായ വിഷമങ്ങൾ ഉള്ളവരും)

∙ മിതമായി വ്യായാമം ചെയ്യേണ്ടതാണ്. തണലുള്ള സ്ഥലങ്ങൾ ഇതിനായി തെരഞ്ഞെടുക്കണം. രാവിലെ 8 മണിക്ക് മുൻപു തന്നെ വ്യായാമം ചെയ്യുന്നതു നന്നായിരിക്കും. നീന്തൽ, നടത്തം എന്നിവ ഈ കാലത്ത് കൂടുതൽ നല്ല വ്യായാമങ്ങളാണ്.

∙ വളരെ ലളിതമായതും അയഞ്ഞതും പരുത്തി (കോട്ടൻ) കൊണ്ടുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് നന്ന്. വെള്ള, മഞ്ഞ, ഇളം പച്ച, ഇളം നീല വസ്ത്രങ്ങളാണ് കൂടുതൽ നല്ലത്.

∙ ചർമത്തിനു വരൾച്ച അനുഭവപ്പെടാതിരിക്കാൻ എണ്ണ തേച്ചു കുളിക്കുന്നതു നന്ന്. മെഴുക്കിളക്കാൻ ചെറുപയറ് പൊടി കഞ്ഞിവെള്ളത്തിലോ നാളികേരപ്പാലിലോ ചേർത്തു തേയ്ക്കുന്നതു ചർമത്തിന്റെ വരൾച്ച കുറയാൻ നല്ലതാണ്.

∙ പഞ്ചഗന്ധ ചൂർണ്ണം പാലിലോ, പനിനീരിലോ ചേർത്ത് ഫെയ്സ് പാക്ക് ആയി ഉപയോഗിക്കുന്നതു മുഖത്തിന്റെ വരൾച്ച കുറയ്ക്കുവാൻ നല്ലതാണ്.

∙ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ രണ്ടു നേരവും തണുത്ത വെള്ളത്തിൽ കുളിക്കേണ്ടതാണ്.

∙ ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കുവാൻ ഫ്രിജ് ഉപയോഗിക്കാം. പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ 2 ദിവസത്തിലധികം സൂക്ഷിക്കുന്നത് നല്ലതല്ല. അതാത് സമയത്ത് ആവശ്യമുള്ളത് മാത്രം എടുത്ത് ചൂടുവെള്ളത്തിൽ ഇറക്കിവെച്ച് ചൂടാക്കേണ്ടതാണ്.

∙ മദ്യപാനം, പുകവലി എന്നിവ പൂർണ്ണമായും വർജിക്കണം.

ചന്ദനാസവം, ഉശീരാസവം, ശാരിബാദ്യാസവം, പ‍ഞ്ചഗന്ധ ചൂർണ്ണം, ശതാവരീഗുളം, ആമ്രസാര രസായനം, പരൂഷകാദി ലേഹം, ദ്രാക്ഷാദി കഷായം, ഷഡംഗം കഷായം, ഗോപീചന്ദനാദി ഗുളിക, ശതധൗതഘ‍ൃതം എന്നീ മരുന്നുകൾ വൈദ്യ നിർദേശപ്രകാരം ഈ കാലത്ത് ഉപയോഗിക്കുന്നതു നല്ലതാണ്.

ഡോ. സി. വി. അച്ചുണ്ണി വാര്യർ

റിട്ട. ഡെപ്യൂട്ടി ചീഫ് ഫിസിഷൻ

കോട്ടയ്ക്കൽ ആര്യവൈദ്യശാല, മലപ്പുറം

Tags:
  • Manorama Arogyam