Saturday 10 December 2022 04:39 PM IST : By സ്വന്തം ലേഖകൻ

ലോകാരോഗ്യസംഘടനയിൽ നിന്നുള്ള പ്രതിനിധികൾ ഇതാദ്യമായി: ഒൻപതാം ലോക ആയുർവേദ കോൺഗ്രസിന് ഗോവയിൽ തുടക്കം

herbsayurrrr01

വിദേശങ്ങളിലുൾപ്പെടെ ആയുർവേദത്തിന്റെ കീർത്തി വർധിച്ചിരിക്കുന്ന സമയത്താണ് ലോക ആയുർവേദ കോൺഗ്രസ് നടക്കുന്നതെന്നത് ഏറെ പ്രസക്തമാണെന്നും ഈ ആരോഗ്യശാസ്ത്രത്തിന്റെ ഗുണങ്ങളെക്കുറിച്ച് പ്രചരിപ്പിക്കേണ്ടതു നമ്മുടെ കടമയാണെന്നും ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത്. ഗോവയിലെ പനാജിയിൽ നടക്കുന്ന ഒൻപതാമത് ലോക ആയുർവേദ കോൺഗ്രസിന്റെ ഉദ്ഘാടനവേളയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇതു പറഞ്ഞത്.

വെറും രോഗചികിത്സയ്ക്ക് അപ്പുറമാണ് ആയുർവേദത്തിന്റെ പ്രാധാന്യമെന്നും ശരിയായ ജീവിതരീതികളെക്കുറിച്ചുള്ള ആശയങ്ങളാണ് ഈ വൈദ്യശാസ്ത്രം പങ്കുവയ്ക്കുന്നതെന്നും കേന്ദ്ര മന്ത്രി ശ്രീ ശ്രീപദ് യെസ്സോ നായിക് ചൂണ്ടിക്കാട്ടി.

2020 ൽ കോവിഡ് ലോകത്തെയാകമാനം ആശങ്കയിലാഴ്ത്തിയപ്പോഴും ഇന്ത്യയുടെ പരമ്പരാഗത വൈദ്യസമ്പ്രദായമായ ആയുർവേദം നോവൽ കൊറോണ വൈറസിനെ തടയുന്നതിൽ പങ്കുവഹിച്ചതായി ആയുഷ് മന്ത്രാലയം സെക്രട്ടറി ശ്രീ രാജേഷ് കോട്ച ഒാർമിപ്പിച്ചു. കോവിഡിനെ നേരിടുന്നതിൽ ആയുർവേദമുൾപ്പെടെയുള്ള സമാന്തര വിഭാഗങ്ങൾ ഫലപ്രദമായിരുന്നെന്നും 90 ശതമാനത്തോളം ജനങ്ങളും സമാന്തര മരുന്നുകളെ ആശ്രയിച്ചതായും അദ്ദേഹം പറഞ്ഞു. 2014 ൽ ആയുഷിനു തുടക്കമിട്ടപ്പോൾ പരമ്പരാഗത വൈദ്യശാസ്ത്രങ്ങൾക്കായി 691 കോടിയായിരുന്നു ബജറ്റെന്നും ഇന്ന് അത് 3600 കോടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പരമ്പരാഗത വൈദ്യമേഖലയിൽ കൂടുതൽ തീവ്രമായ സഹകരണത്തിനും പരസ്പര ബന്ധത്തിനും ആഹ്വാനം ചെയ്താണ് ആയുർവേദ കോൺഗ്രസ് ആരംഭിച്ചത്. ഒൻപതാമത് ലോക ആയുർവേദ കോൺഗ്രസ് & ആയുർവേദ എക്സ്പോ ഡിസംബർ 8 മുതൽ 11 വരെ പനാജിയിലെ കല അക്കാദമിയിലാണ് നടക്കുന്നത്. കോൺഗ്രസ്സിന്റെ സമാപന ദിനമായ 11–ാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി എയിംസിന്റെ മാതൃകയിലുള്ള രാജ്യാന്തര ആയുർവേദ ചികിത്സാ–ഗവേഷണ കേന്ദ്രം ഗോവയിൽ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി എത്തുന്നുണ്ട്. ഇതേ മാതൃകയിൽ ഗാസിയാബാദിൽ യുനാനിക്കും ഡെൽഹിയിൽ ഹോമിയോയ്ക്കുമുള്ള കേന്ദ്രങ്ങളുടെ ഔപചാരിക ഉദ്ഘാടനവും ഈ വേദിയിൽ വച്ചു തന്നെ നടത്തുമെന്നാണ് പ്രതീക്ഷ.

ആയുർവേദ കോൺഗ്രസ്സിന്റെ സമ്മേളനത്തിൽ ഇതാദ്യമായി ലോകാരോഗ്യസംഘടനയിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കാനെത്തും. 53രാജ്യങ്ങളിൽ നിന്നായി 400 വിദേശ പ്രതിനിധികളും ലോകാരോഗ്യസംഘടനയിൽ നിന്നുള്ള പത്തോളം പ്രതിനിധികളും ആയുർവേദ കോൺഗ്രസ്സിൽ പങ്കെടുക്കുന്നു.

മേളയുടെ ഭാഗമായുള്ള ആയുർവേദ എക്സ്പോയിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല, തൈക്കാട് മൂസ് വൈദ്യരത്നം ഔഷധശാല , എസ്എൻഎ ഔഷധശാല പോലെ കേരളത്തിലെ പ്രധാന ആയുർവേദ മരുന്നു നിർമാതാക്കൾ ഉൾപ്പെടെ 215 പ്രധാനപ്പെട്ട ആയുർവേദ മരുന്ന് നിർമാതാക്കളും വൈദ്യരത്നം, ശ്രീധരീയം, എംയിസ് പോലുള്ള പ്രമുഖ ആയുർവേദ ആശുപത്രികളുടെ പ്രതിനിധികളും പങ്കെടുക്കുന്നു. എക്സ്പോയുടെ ഭാഗമായി സൗജന്യ ഒപി സർവീസും ലഭ്യമാക്കുന്നു. സയൻസ് –സിനിമ ഫെസ്റ്റിവൽ എന്നിവയും മേളയുടെ ഭാഗമായുണ്ട്.

മനോരമ ആരോഗ്യം സീനിയർ കോ–ഒാഡിനേറ്റർ അനിൽ മംഗലത്ത് മേളയിൽ നിന്ന് തത്സമയം സംസാരിക്കുന്നതു കാണാം.

Tags:
  • Manorama Arogyam