Saturday 14 May 2022 12:15 PM IST : By സ്വന്തം ലേഖകൻ

ഇരുപതു കഴിഞ്ഞെത്തുന്ന നരയെ ഇങ്ങനെ തോൽപ്പിക്കാം: വയസായി എന്ന തോന്നൽ ഇനി വേണ്ടേ വേണ്ട

grey-hair-

20 വയസ്സു കഴിയുമ്പോൾ, യൗവനകാലത്തിന്റെ തിളക്കത്തിൽ മുങ്ങിനിൽക്കുമ്പോൾ തന്നെ മുടി നരച്ചു തുടങ്ങിയാലോ? വയസ്സായി എന്ന തോന്നൽ അതു ജനിപ്പിക്കും. ഇതു പലപ്പോഴും മാനസികസമ്മർദത്തിലേക്കു വരെ കൊണ്ടെത്തിക്കും.

20 വയസ്സാകുമ്പോൾ മുടി നരയ്ക്കുകയാണെങ്കിൽ അതിനെ അകാലനര എന്നാണ് പറയുന്നത്. 40 വയസ്സു കഴിഞ്ഞാല്‍ മുടിയുടെ കോശങ്ങളിൽ നിറം ഉണ്ടാകുന്ന പ്രക്രിയ മന്ദീഭവിക്കുകയും പതുക്കെ മുടി നരയ്ക്കാൻ തുടങ്ങുകയും ചെയ്യും. മെലാനോസൈറ്റ് എന്ന കോശങ്ങളുടെ രാസപ്രക്രിയ കുറഞ്ഞു വരുകയും മെലാനിൻ പിഗ്മെന്റ് ഉണ്ടാകാതിരിക്കുകയും ചെയ്യുമ്പോഴാണ് മുടിയുടെ നിറം വെളുക്കാൻ തുടങ്ങുന്നത്. പക്ഷേ, അകാലനര ഉണ്ടാകുന്നത് പ്രധാനമായും ജനിതക വ്യതിയാനങ്ങൾ മൂലമാണ്.

കാരണങ്ങൾ പലത്

1. ജനികത കാരണങ്ങൾ: ജനിതക രോഗങ്ങളായ പ്രൊജീറിയ (Progeria) വെർനേഴ്സ് സിൻഡ്രം (Werner’s Syndrome) ബുക്സ് സിൻഡ്രം (Book’s Syndrome) മയോടോണിക് ഡിസ്ട്രോഫി (Myotonic Dystrophy) ഇവ ഉള്ള രോഗികളില്‍ അകാലനര ഒരു ലക്ഷണമാണ്. എന്നാൽ മറ്റുചില ജനിതക രോഗങ്ങളായ റോത്‌മണ്ട് തോംസൻ സിൻഡ്രം (Rothmund Thomson Syndrome) അറ്റാക്സിയ ടിലാൻജെക്റ്റേസിയ (Ataxia Telangiectasia) ഇവയിൽ അകാലനര ചിലപ്പോൾ പ്രത്യക്ഷപ്പെട്ടേക്കാം.

2. ഒാട്ടോ ഇമ്യൂൺ രോഗങ്ങൾ (Auto Immune disease) : ഈ ഗണത്തിൽ പെടുന്ന രോഗങ്ങളായ പെർണിഷ്യസ് അനീമിയ (Pernicious Anemia) ഹൈപ്പോ തൈറോയ്ഡിസവും ഹൈപ്പർ തൈറോയ്ഡിസവും (Hypo Thyroidism, Hyper Thyroidism) തുടങ്ങിയ അവസ്ഥകളിൽ അകാലനര പ്രത്യക്ഷപ്പെടുന്നു.

3. മരുന്നുകൾ : ക്ലോറോക്വിൻ (Cloroquin), മെഫനസിൻ (Mefenesin) തുടങ്ങിയ മരുന്നുകളുെട ഉപയോഗവും അകാലനരയ്ക്കു കാരണമാകാം

4. അണുബാധ: ഉദാ: എച്ച്ഐവി അണുബാധ

5. ഞരമ്പിനെയും പേശികളെയും ബാധിക്കുന്ന രോഗങ്ങൾ കാരണവും ഈ അവസ്ഥ വരാം. ഉദാ: ഫേഷ്യൽ ഹെമി അട്രോഫി (Facial Hemi Aatrophy)

ചില ഭാഗങ്ങൾ മാത്രം

തലമുടിയുടെ ചില ഭാഗങ്ങൾ മാത്രം നരച്ചു കാണപ്പെടുന്നതിനെ പോളിയോസിസ് (Poliosis) എന്നു പറയുന്നു. ചിലപ്പോൾ മുൻവശം മാത്രം നര കാണപ്പെടും. ചിലപ്പോൾ ഒരു വശം മാത്രം നരയുണ്ടാകും. തലയോട്ടിയുടെ ചർമവും ആ ഭാഗത്ത് വെളുത്തിരിക്കും. വെള്ളപ്പാണ്ട് ഉള്ളവർക്കും ഈ രോഗം വരാം. മിക്കവാറും ഒാട്ടോ ഇമ്യൂൺ രോഗങ്ങളുള്ളവർക്കാണ് ഇത് ഉണ്ടാകുന്നത്. മുടിയുടെ ഒരു ഭാഗം മാത്രം നരച്ചതായി കാണപ്പെട്ടാൽ കൂടുതൽ പരിശോധനകൾ വേണ്ടിവരും.

കാരണം കണ്ടെത്തി ചികിത്സ

അകാലനരയുടെ കാരണങ്ങൾ കണ്ടുപിടിക്കാനുള്ള പരിശോധനകളാണ് ആ ദ്യം ചെയ്യേണ്ടത്. ആ രോഗങ്ങൾക്കുള്ള ചികിത്സ നൽകുമ്പോൾ അകാലനരയും കുറഞ്ഞുവരാൻ സാധ്യതയുണ്ട്. ചില മരുന്നു കഴിക്കുമ്പോൾ അത് വരുന്നതായി കാണപ്പെട്ടാൽ ആ ഔഷധങ്ങൾ നിർത്താമോ എന്നു നോക്കുക.

പാരാഅമിനോ ബെൻസോയിക് ആസിഡ് അടങ്ങിയ ഔഷധങ്ങൾ കഴിച്ചാൽ 82ശതമാനം രോഗികളിലും നര കുറയുന്നതായി കണ്ടുവരുന്നു. 2–4 മാസങ്ങൾ ചികിത്സ തുടരണം.

കാത്സ്യം പാൻതോനിനേറ്റ് എന്ന മരുന്നും ഫലപ്രദമായി കണ്ടു വരുന്നു. PUVASOL എന്ന ഫോട്ടോതെറപ്പി ചികിത്സാ രീതിയും കുറച്ചൊക്കെ നല്ല ഫലം നൽകുന്നുണ്ട്.