Friday 18 March 2022 04:29 PM IST : By മനോരമ ആരോഗ്യം ആർകൈവ്

കൂടുതൽ വിയർക്കുന്നവർക്ക് അലൂമിനിയം ക്ലോറൈഡ് അടങ്ങിയ ഡിയോഡറന്റുകൾ; ക്ഷാരസ്വഭാവമുള്ള സോപ്പ് ഒഴിവാക്കാം

csdce324

തിരക്കേറിയ ദൈനംദിന ജീവിതത്തിനിടയിലും എപ്പോഴും പ്രസന്റബിൾ (Presentable) ആയിരിക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ രൂപസൗകുമാര്യം പോലെ പ്രധാനമാണ് ശരീരഗന്ധവും. അസഹ്യമായ ശരീരദുർഗന്ധം നമ്മുടെ ആത്മവിശ്വാസത്തെ തകർക്കുന്നതിനൊപ്പം തന്നെ മറ്റുള്ളവരോട് ഇടപഴകുന്നതിനും വിലങ്ങു തടിയാകാറുണ്ട്. അനിയന്ത്രിതമായ വിയർപ്പുണ്ടാകുമ്പോൾ ഈ പ്രശ്നം കൂടുതൽ രൂക്ഷമാകും. ഈ പ്രശ്നത്തിൽ നിന്നു കരകയറാനുള്ള ഉപാധി എന്ന നിലയിലാണു നാം സാധാരണയായി ഡിയോഡറന്റുകൾ ഉപയോഗിക്കുന്നത്.

ശരീരദുർഗന്ധം വരുന്ന വഴി

നമ്മുടെ ശരീരത്തിൽ രണ്ടുതരം സ്വേദഗ്രന്ഥി (വിയർപ്പു ഗ്രന്ഥി) കളുണ്ട്. അവയിൽ എക്രൈൻ (Eccrine sweat gland) എന്ന സാധാരണ വിയർപ്പുഗ്രന്ഥികൾ, കൈപ്പത്തിയും കാൽപ്പാദവും ഒഴികെ ശരീരം മുഴുവൻ കാണുന്നു. ഇവ കൂടാതെ കക്ഷം, ഗുദത്തിനും ചുറ്റുമുള്ള ചർമം, മൂലക്കണ്ണിനു ചുറ്റുമുള്ള കറുത്ത ഭാഗം (Areola) എന്നീ ഭാഗങ്ങളിൽ കാണുന്ന ഗ്രന്ഥികളാണ് അപ്പോക്രൈൻ വിയർപ്പു ഗ്രന്ഥികൾ (Apocrine sweat glands). പ്രായപൂർത്തി ആകുമ്പോഴാണു ഇവ വലുതാകുകയും പ്രവർത്തനം തുടങ്ങുകയും ചെയ്യുന്നത്.

ഈ ഗ്രന്ഥികളിൽ നിന്നുള്ള നേരിയ എണ്ണമയമുള്ള സ്രവത്തിനു സാധാരണയായി ഗന്ധമൊന്നും ഉണ്ടാവില്ല. നമ്മുടെ ചർമ്മത്തിലുള്ള വിവിധതരം ബാക്ടീരിയകൾ ഈ സ്രവവുമായി പ്രതിപ്രവർത്തിച്ചു ചില രാസവസ്തുക്കൾ (Trans-3-methyl-hexanoic acid പോലുള്ള) ഉൽപ്പാദിപ്പിക്കും. ഇവയാണു ശരീരഗന്ധത്തിന്റെ പ്രധാന ഉറവിടം. ഇതോടൊപ്പം സ്നേഹഗ്രന്ഥികളിൽ (sebaceous glands) നിന്നുള്ള സ്രവവും ചെറിയ തോതിൽ ഗന്ധമുണ്ടാക്കാറുണ്ട്.

നമ്മുടെ ചർമ്മത്തിനു പൊതുവെ അമ്ലസ്വഭാവമാണുള്ളത് (pH6.4). എന്നാൽ ക്ഷാരഗുണമുള്ള സോപ്പുകളുപയോഗിക്കുമ്പോൾ ഈ അമ്ലസ്വഭാവം നഷ്ടപ്പെടുകയും വിവിധതരം ബാക്ടീരികൾക്കു യഥേഷ്ടം വളരാനുള്ള സാഹചര്യം ഉളവാകുകയും ചെയ്യും. അങ്ങന അസഹ്യമായ ശരീരദുർഗന്ധം ഉണ്ടാകാം.

ദുർഗന്ധം ഒഴിവാക്കാം

അപ്പോക്രൈൻ ഗ്രന്ഥികളിൽ നിന്നു ചർമ്മത്തിന്റെ ഉപരിതലത്തിൽ എത്തുന്ന സ്രവത്തിൽ ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ മാത്രമേ ബാക്ടീരിയ പ്രവർത്തിച്ചു തുടങ്ങുകയുള്ളൂ. ഇടയ്ക്കിടയ്ക്ക് ഈ സ്രവം കഴുകി കളയുകയാണെങ്കിൽ ദുർഗന്ധം ഉണ്ടാകുന്നതു തടയാം. അപ്പോക്രൈൻ ഗ്രന്ഥികളിൽ നിന്നുണ്ടാകുന്ന സ്രവത്തെ കക്ഷത്തിലുള്ള രോമം കേശികത്വം (capilary action) വഴി വലിച്ചെടുത്തു ചർമം നനവില്ലാത്തതായി നിലനിർത്തും. ഈ രോമത്തിൽ ബാക്ടിരിയയ്ക്കു വളരാൻ പ്രയാസമാണ്.

ഇതു കൂടാതെ ക്ഷാരഗുണമുള്ള സോപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതും ന്യൂട്രൽ
അല്ലെങ്കിൽ അമ്ലത ഉള്ള സോപ്പുപയോഗിക്കുന്നതും ചർമത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഇത്തരം സോപ്പുകൾ മെ‍ഡിക്കൽ സ്േറ്റാറുകളിൽ ലഭ്യമാണ്.

ഡിയോഡറന്റുകൾ

പ്രധാനമായും രണ്ടുതരം ഡിയോഡറന്റുകളാണുള്ളത്. (1) ഡോക്ടറുടെ നിർദ്ദേശം കൂടാതെതന്നെ ലഭിക്കുന്ന ഡിയോഡറന്റുകൾ കോസ്മെറ്റിക് വിഭാഗത്തിൽ പെടുന്നവയാണ്. ഇവ ബാക്ടീരിയയുടെ പ്രവർത്തനത്തെ താൽക്കാലികമായി ഇല്ലായ്മ ചെയ്തു ദുർഗന്ധം ഉണ്ടാകുന്നതു തടയുന്നു. ഒപ്പം സുഗന്ധം നൽകുന്ന ചില പദാർഥങ്ങളും അവയിലുണ്ടാകും. എന്നാൽ ഇവയ്ക്കു വിയർപ്പിന്റെ ഉൽപ്പാദനത്തെ കറുയ്ക്കാൻ കഴിയില്ല.

1. ആന്റി പേഴ്സ്പിരിന്റെ് (Anti-perspirants) എന്നറിയപ്പെടുന്ന ചിലതരം മരുന്നുകളുണ്ട്. ഇതിലെ രാസവസ്തുക്കൾ വിയർപ്പിലെ ഘടകങ്ങളുമായി പ്രതിപ്രവർത്തിച്ചു ഗ്രന്ഥികളിൽ നിന്നു സ്രവം പുറത്തോട്ടു വരുന്നതു തടയുന്നു. സ്പ്രേകൾ, റോൾ ഓൺ, സ്റ്റിക്, ജെൽ, ലിക്വിഡ്, പൗഡർ തുടങ്ങി പല തരത്തിൽ ഡിയോഡറന്റുകൾ ലഭ്യമാണ്. സ്റ്റിക്, പൗഡർ തരത്തിലുള്ള ഡിയോഡറന്റുകൾ ഉപയോഗിച്ചാൽ നനവ് ഉണ്ടാകാറില്ല. അതുകൊണ്ട് അവ ഡ്രൈ ഡിയോഡറന്റുകൾ എന്നറിയപ്പെടുന്നു. സ്റ്റിക് ഡിയോഡറന്റുകൾ ചർമത്തിൽ സ്പർശിച്ചു രണ്ടോ മൂന്നോ തവണ വിവിധ ദിശകളിൽ ചലിപ്പിക്കണം.

ക്രീം രൂപത്തിലുള്ള ഡിയോഡറന്റ് വിരലുപയോഗിച്ചു പുരട്ടാവുന്നതാണ്. റോൾ ഓൺ ഡിയോഡറന്റ് ഉപയോഗിക്കുമ്പോള്‍ കുപ്പിയുടെ മുകൾഭാഗത്തുള്ള ചെറിയ പന്തുപോലുള്ള ഭാഗം ഉരുളുകയും ഡിയോഡറന്റിലെ ദ്രാവകം നന്നായി ചർമ്മത്തിൽ പുരളുകയും ചെയ്യും. സ്പ്രേ ഡിയോഡറന്റ് ഉപയോഗിക്കുമ്പോൾ ചർമത്തിനു വളരെ ചേർത്തുവച്ച് ഉപയോഗിക്കരുത്. കാരണം ചർമ്മത്തിന്റെ താപനില സാധാരണയിൽനിന്ന് പെട്ടെന്നു വളരെ കുറഞ്ഞ് ഒരുതരം പൊള്ളൽ (Frost bite) ഉണ്ടാകുന്നതിനിടയുണ്ട്. അതിനാൽ 10 മുതൽ 15 സെ. മീറ്റർ വരെ ചർമത്തിൽ നിന്ന് അകറ്റി വേണം സ്പ്രേ ചെയ്യാൻ.

അലർജി: ചിലർക്ക് ഡിയോഡറന്റുകളിലെ രാസവസ്തുക്കളോട് അലർജി ഉണ്ടാകാം. ചൊറിച്ചിൽ, നീറ്റൽ, ചുവന്നു തടിച്ച പാടുകൾ എന്നിവയാണ് അലർജിയുടെ ലക്ഷണങ്ങള്‍. അലർജി കണ്ടാൽ ആ ഡിയോഡറന്റ് തുടർന്ന് ഉപയോഗിക്കരുത്.

ചർമം കാക്കാം വേനലിലും

സ്ത്രീകളെപ്പോലെയോ അതിനേക്കാളുമോ സൗന്ദര്യ സംരക്ഷണത്തിൽ ശ്രദ്ധാലുവാണ് പുരുഷനിപ്പോൾ.

പുരുഷൻ ആഗ്രഹിക്കുന്ന സൗന്ദര്യം അനുദിനം ലളിതമായ ചർമ സംരക്ഷണ രീതികളിലൂടെ ഇപ്പോൾ സാധ്യമാണ്. പുകവലിയും സൂര്യരശ്മികളുമാണു ചർമ്മത്തിന്റ ഏറ്റവും വലിയ ശത്രുക്കൾ. ചർമസംരക്ഷണം നിലനിർത്താൻ ആദ്യം ചെയ്യേണ്ടത് പുകവലി നിർത്തുകയും സൂര്യാഘാതത്തിൽനിന്നും രക്ഷപ്പെടാൻ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുകയുമാണ്. അതിനു പുറമേ സൗന്ദര്യം മെച്ചപ്പെടുത്താനും നിലനിർത്താനും അറിഞ്ഞിരിക്കേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്.

സോപ്പും സൺസ്ക്രീനും

പുരുഷന്മാർ സാധാരണയായി ലിക്വി‍ഡ് ക്ലെൻസറിനെക്കാളും സോപ്പാണ് ഉപയോഗിക്കുന്നത്. നിറവും മണവും നോക്കിയാണു സാധാരണയായി ഇവ തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഇളം നിറങ്ങളോടും പൂക്കളുടെ മണങ്ങളോടും സ്ത്രീകളുടെയത്ര താൽപ്പര്യം പുരുഷന്മാർ കാണിക്കാറില്ല. സോപ്പ് ഉപയോഗിക്കുമ്പോൾ മോയിസ്ചറൈസർ, ഒലിവ് ഓയിൽ, ജോജോബ ഓയിൽ, വിറ്റാമിൻ ഇ, ഗ്ലിസറിൻ തുടങ്ങിയവ അടങ്ങിയതു തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

രാവിലെ പുറത്തിറങ്ങുന്നതിന് അര മണിക്കൂർ മുമ്പായി സൺസ്ക്രീൻ ഉപയോഗിക്കണം. സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ബ്രോഡ് സ്പെക്ട്രം അൾട്രാ വയലറ്റ് രശ്മികളെ തടയുന്ന SPF-30 എങ്കിലും ഉള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കണം. സൂര്യപ്രകാശം ഏൽക്കേണ്ടി വരുന്നവർ ദിവസവും മൂന്നു മണിക്കൂർ ഇടവിട്ടു സൺസ്ക്രീൻ ഉപയോഗിക്കണം. അമിതമായി വിയർക്കുന്നവരും നീന്തൽ കഴിഞ്ഞു വരുന്നവരും വീണ്ടും സൺസ്ക്രീൻ ഉപയോഗിക്കണം.

വിയർപ്പുഗന്ധം മാറ്റാം.

പുരുഷന്മാർ കൂടുതൽ വിയർക്കുന്നവരാണ്. പലർക്കും വിയർപ്പിന്റെ ഗന്ധം വലിയൊരു തലവേദനയാണ്. സാധാരണ വാങ്ങാൻ കിട്ടുന്ന ഡിയോഡറന്റുകൾ ഇതിനു പരിഹാരമാകും. എന്നാൽ അമിതമായി വിയർക്കുന്നവർ ക്ലിനിക്കൽ സ്ട്രെങ്ത് ഡിയോഡറന്റ് മെഡ‍ിക്കൽ സ്േറ്റാറിൽ നിന്നും വാങ്ങണം. നല്ല സംരക്ഷണം കിട്ടണമെങ്കിൽ അലൂമിനിയം ക്ലോറൈഡ് അടങ്ങിയതു തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. പകൽ ഉപയോഗിച്ചിട്ട് ഫലം കാണാത്തവർ രാത്രിയിൽ ഉപയോഗിക്കണം. ഇതു രാത്രിയിൽ വിയർപ്പുഗ്രന്ഥികൾക്ക് അകത്തു പ്രവേശിച്ചു പകൽ സമയത്ത് ആവശ്യമായ സംരക്ഷണം നൽകുന്നു. പക്ഷേ അലൂമിനിയം ക്ലോറൈഡ‍് ചർമത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നതിനാൽ രാവിലെ തന്നെ കഴുകിക്കളയണം. പകൽ സാധാരണ ഡിയോഡറന്റ് ഉപയോഗിച്ചാൽ മതിയാകും. ഇതുകൊണ്ടും വിയർപ്പ് ഗന്ധം മാറാത്തവർക്ക് ബൊട്ടോക്സ് ഇൻജക്ഷൻ ഉൾപ്പെടെയുള്ള നൂതന ചികിത്സാരീതികൾ നിലവിലുണ്ട്.

ഡോ. സിമി എസ്. എം

ഡെർമറ്റോളജിസ്റ്റ്

ശ്രീഗോകുലം മെഡി. കോളജ്, തിരുവനന്തപുരം

Tags:
  • Mens Health
  • Manorama Arogyam