Friday 18 June 2021 05:01 PM IST

പ്രതിരോധശേഷിക്ക് നല്ല ബാക്ടീരിയകളുടെ കൂട്ടുപിടിക്കാം: ഭാരം കുറയ്ക്കാനും സൂപ്പറാണ് ഈ മൈക്രോബയോം ഡയറ്റ്

Asha Thomas

Senior Sub Editor, Manorama Arogyam

micro435345

ഡയറ്റുകളുടെ കൂട്ടത്തിലെ പുതുതലമുറക്കാരനാണ് മൈക്രോബയോം ഡയറ്റ്. നമ്മുടെ ആരോഗ്യത്തിന് ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും അതുവഴി കുടലിന്റെ ആരോഗ്യം മെച്ചമാക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയുമാണ് ഈ ഡയറ്റ് ചെയ്യുന്നത്. ശരീരത്തിന്റെ മെറ്റബോളിസം അഥവാ ഉപാപചയ പ്രക്രിയകളുടെ തോതു വർധിപ്പിക്കുന്നതിനാൽ ഈ ഡയറ്റ് ഭാരം കുറയ്ക്കാനും സഹായകമാണ്.

നമ്മുടെ ശരീരം, പ്രത്യേകിച്ച് കുടൽ കോടിക്കണക്കിന് ബാക്ടീരിയകളുടെയും മറ്റു സൂക്‌ഷ്മ അണുക്കളുടെയും ആവാസസ്ഥലമാണ്. ഇതിൽ ശരീരസൗഹാർദകാരികളായ ബാക്ടീരിയകളുണ്ട്. ശരീരത്തിനു ദോഷകാരികളായ സൂക്ഷ്മാണുക്കളുമുണ്ട്. നല്ല സൂക്ഷ്മാണുക്കളുടെയും അനാരോഗ്യകരമായ സൂക്ഷ്മാണുക്കളുടെയും അനുപാതം നിശ്ചിത നിരക്കിൽ നിലനിർത്തേണ്ടത്, നമ്മുടെ ദഹനപ്രക്രിയയും മെറ്റബോളിസവുമൊക്കെ ശരിയായി നടക്കാൻ അത്യാവശ്യമാണ്. നമ്മൾ അനാവശ്യമായി ആന്റിബയോട്ടിക്കുകളും വേദനാസംഹാരികളും അന്റാസിഡുമൊക്കെ കഴിക്കുമ്പോൾ അത് ബാക്ടീരിയകളുടെ സന്തുലനാവസ്ഥയെ തകർക്കുന്നു. നല്ല ബാക്ടീരിയകളുടെ എണ്ണം കുറയുന്നത് പിന്നീട് പലതരം രോഗാവസ്ഥകൾക്ക് വഴിവയ്ക്കാം.

മൂന്നു ഘട്ടമായാണ് ഈ ഡയറ്റ് ചെയ്യേണ്ടത്.

ആദ്യത്തെ ഘട്ടം 21 ദിവസം നീളുന്നതാണ്. ഈ ഘട്ടത്തിൽ ശരീരത്തിലുള്ള ദോഷകാരികളായ ബാക്ടീരിയകളെയും സൂക്ഷ്മാണുക്കളെയും നീക്കംചെയ്യുന്നു. അതിനായി സംസ്കരിച്ച ഭക്ഷണം, കീടനാശിനികളും ഹോർമോണുകളും അടങ്ങിയ ഭക്ഷണങ്ങൾ, ടിന്നിലടച്ച ഭക്ഷമം എന്നിങ്ങനെയുള്ള കൃത്രിമ രാസപദാർഥങ്ങളുടെ സാന്നിധ്യമുള്ള എല്ലാത്തരം ഭക്ഷണവും കഴിയുന്നത്ര ഒഴിവാക്കുന്നു. കാലാവസ്ഥയ്ക്കനുസരിച്ച്, ഒാരോ പ്രദേശത്തും ലഭ്യമായ വിഷാംശം കലരാത്ത പഴങ്ങളും പച്ചക്കറികളും മാത്രം ഉപയോഗിക്കുന്നു. കഴിയുന്നത്ര സസ്യഭക്ഷണം തന്നെ കഴിക്കാൻ ശ്രമിക്കണം. ആരോഗ്യത്തിന് ഗുണകരമായ മസാലകളും ഔഷധഗുണമുള്ള ചേരുവകളും ഭക്ഷണത്തിൽ ഉൾച്ചേർക്കുക. പ്രീബയോട്ടിക് അഥവാ നല്ല ബാക്ടീരിയകൾക്ക് ഗുണകരമായ ഭക്ഷണങ്ങളും (ഉദാ: ശതാവരി, ചുവന്നുള്ളി, വെളുത്തുള്ളി, ബാർലി, ഒാട്സ്, ആപ്പിൾ, മുസമ്പി, ബെറി പഴങ്ങൾ ) പ്രോബയോട്ടിക് അഥവാ നല്ല ബാക്ടീരിയകളുള്ള ഭക്ഷണങ്ങളും (ഉദാ: യോഗർട്ട്, ഇഡ്‌ലി, ദോശ പോലുള്ള പുളിപ്പിച്ച ഭക്ഷണം) പോലുള്ളവ) ധാരാളം ദിവസവും കഴിക്കുക. സിങ്ക്, വൈറ്റമിൻസി , വൈറ്റമിൻ ഡി എന്നീ സപ്ലിമെന്റുകളും ആവശ്യമെന്നു തോന്നിയാൽ കഴിക്കാം.

ഈ ഘട്ടത്തിൽ മുട്ട, ഗ്ലൂട്ടനുള്ള ധാന്യങ്ങൾ, അന്നജം അമിതമായുള്ള ഭക്ഷണം, മുട്ട, ശീതളപാനീയങ്ങൾ, ട്രാൻസ് ഫാറ്റ്, അമിതമായി ഉപ്പു ചേർന്ന ഭക്ഷണം, ഉണക്കപഴങ്ങൾ, പഴച്ചാറ്, എന്നിവ ഒഴിവാക്കണം. നെയ്യും വെണ്ണയും ഒഴിച്ച് ബാക്കി പാലുൽപന്നങ്ങളും ഒഴിവാക്കണം. പായ്ക്കറ്റ് ഭക്ഷണം, വറുത്തതും പൊരിച്ചതും , മധുരം, കൃത്രിമനിറങ്ങൾ, കൊഴുപ്പ്, മീൻ, മാംസം എന്നിവയും വേണ്ടെന്നു വയ്ക്കുക.

മോശം സൂക്ഷ്മാണുക്കളെ നീക്കം ചെയ്ത്, കുടലിലെ പ്രശ്നങ്ങളെ പരിഹരിച്ച് ആമാശയ അമ്ലത്തെയും എൻസൈമുകളെയും എല്ലാം പുതുക്കി, നല്ല ബാക്ടീരിയകളെ കൊണ്ട് കുടലിനെ നിറയ്ക്കുകയാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്.

രണ്ടാംഘട്ടം –

28 ദിവസം അഥവാ നാല് ആഴ്ച നീളുന്ന ഈ ഘട്ടം കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ തോത് മെച്ചപ്പെടുത്താനുള്ള സമയമാണ്. ഫേസ് ഒന്നിലെ അത്ര കർശനമായ നിയന്ത്രണമില്ല. ഗ്ലൂട്ടൻ ഇല്ലാത്ത ധാന്യങ്ങളും മുട്ടയും പയർവർഗ്ഗങ്ങളുമൊക്കെ കഴിച്ചുതുടങ്ങാം. ഏതാണ്ടെല്ലാത്തരം പഴങ്ങളും കഴിക്കാം. ഉപ്പും എരിവും കുറച്ച് വീട്ടിലുണ്ടാക്കുന്ന അച്ചാർ കഴിക്കാം. മെർക്കുറി ഇല്ലാത്ത ചെറുമത്സ്യം കഴിക്കാം. പക്ഷേ, കൃത്രിമ മധുരവും ഭക്ഷണവും മാംസവും ഒന്നും വേണ്ട.

മൂന്നാംഘട്ടം

ഭാവി ജീവിതകാലത്തിലേക്ക് ഈ ഡയറ്റിനെ ഉറപ്പിച്ചുചേർക്കാനുള്ള ഘട്ടമാണിത്. അതായത് ഈ ഡയറ്റ് പാളിപ്പോകാതെ നിലനിർത്താൻ ശീലിക്കുന്ന ഘട്ടം. ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർക്ക് ആഗ്രഹിക്കുന്നത്ര ഭാരം കുറയുന്നതുവരെ ഈ ഘട്ടത്തിലെ ഭക്ഷണരീതിയിൽ തുടരാം. ആദ്യ ഘട്ടത്തിൽ ഒഴിവാക്കാൻ പറഞ്ഞ ഭക്ഷണങ്ങളുടെ 70 ശതമാനവും ഒഴിവാക്കി തന്നെ മുന്നോട്ടു പോവുക. 30 ശതമാനം നിങ്ങൾക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാം.

ദോഷകാരികളായ സൂക്ഷ്മാണുക്കൾ അമിതവണ്ണത്തിന് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് പ്രധാന കാരണമാണെന്ന പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ നോക്കിയാൽ ഈ ഡയറ്റ് വണ്ണം കുറയ്ക്കാൻ നല്ലതാണ്. മാത്രമല്ല സൂക്ഷ്മാണുക്കൾ ഉൽപാദിപ്പിക്കുന്ന ചിലതരം ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ മെറ്റബോളിസത്തെ ഊർജവത്താക്കും. മൂഡ് നന്നാകാനും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനുമെല്ലാം നല്ല സൂക്ഷ്മാണുക്കൾ സഹായകമാണെന്നാണ് പഠനങ്ങൾ പറയുന്നത്. എല്ലാറ്റിലുമുപരി പ്രതിരോധശേഷി മെച്ചപ്പെടുവാനും സസ്യഭക്ഷണത്തിലൂന്നിയ ഈ ഡയറ്റ് സഹായിക്കും.

Tags:
  • Manorama Arogyam
  • Diet Tips
  • Health Tips