Thursday 27 January 2022 12:46 PM IST : By സ്വന്തം ലേഖകൻ

‘എക്സർസൈസിലും ഡയറ്റിലും കുറയാത്ത തടി പുഷ്പം പോലെ കുറച്ചു: 3 മാസം കൊണ്ട് 15 കിലോ കുറച്ച മാജിക്

sanal

കോവിഡ് കാലത്ത് നെഗറ്റീവ് അടിച്ച് ലോക്‌ഡൗ‌ണിനെ പഴിച്ച് ഇരിക്കുന്നവരിൽ നിന്നും വ്യത്യസ്തനായി ജീവിതത്തിൽ പൊസിറ്റീവായ ഒരു മാറ്റത്തിന് ശ്രമിച്ചയാളാണ് കൊച്ചി ഇളംകുളം സ്വദേശിയായ സനൽ സി ആന്റണി. അമിതശരീരഭാരം കുറച്ച് ആരോഗ്യം തിരികെ പിടിക്കാനുള്ള ആദ്യ ചുവട് വച്ചത് കോവിഡ് കാലത്താണ്. പക്ഷേ, ശ്രമം തുടങ്ങി വൈകാതെ തന്നെ ലോക്‌ഡൗൺ വന്നു. ജിമ്മുകൾ അടച്ചു. വ്യായാമം മുടങ്ങി. പക്ഷേ, സനൽ പിന്മാറിയില്ല. കഴിഞ്ഞ മൂന്നു മാസം കൊണ്ട് 97 കിലോയിൽ നിന്ന് 82 കിലോയിലേക്ക് സനലെത്തി. മൂന്നു മാസം കൊണ്ട് 15 കിലോ കുറച്ചു എന്നതിനേക്കാളുപരി നല്ല ആരോഗ്യം ഫീൽ ചെയ്യുന്നു എന്നതാണ് സന്തോഷം നൽകുന്നതെന്ന് സനൽ പറയുന്നു. അമിത ശരീരഭാരം കുറച്ച് ആരോഗ്യവും ഫിറ്റ്നസ്സും തിരികെ പിടിച്ച വഴികളേക്കുറിച്ച് സനൽ വിശദമാക്കുന്നു.

‘‘ പണ്ടുമുതലേ നല്ല ഭക്ഷണപ്രിയനാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങളൊന്നും വച്ചിരുന്നില്ല. അങ്ങനെ തടി കൂടിക്കൂടി 97 കിലോയിൽ എത്തി. പലപ്പോഴായി സ്വന്തമായി ഡയറ്റ് നോക്കിയും നടക്കാൻ പോയുമൊക്കെ വണ്ണം കുറയ്ക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ, ഒന്നും പൂർണമായി വിജയിച്ചില്ല. വണ്ണം കൂടിയതോടെ പടികൾ കയറിയിറങ്ങുമ്പോഴും കുറച്ച് വേഗത്തിൽ നടക്കുമ്പോഴുമൊക്കെ കിതപ്പ് അനുഭവപ്പെട്ടിരുന്നു. മുട്ടിനു വേദന വന്നു.

2021–ൽ ആണ് ശരീരഭാരം കുറയ്ക്കാനുള്ള ഗൗരവകരമായ ശ്രമങ്ങൾ തുടങ്ങുന്നത്. ആദ്യം തന്നെ കൊച്ചിയിലെ ഗ്ലാഡിയേറ്റർ ജിമ്മിൽ ചേർന്നു. ജിമ്മിലെ വികാസ് ആശാനാണ് എന്തൊക്കെ വ്യായാമങ്ങൾ, എങ്ങനെയൊക്കെ വേണമെന്ന് ഒരു രൂപരേഖയുണ്ടാക്കാൻ സഹായിച്ചത്. കാർഡിയോ വ്യായാമങ്ങളും സ്കിപ്പിങ്ങും ഭാരം എടുത്തുള്ള വ്യായാമങ്ങളുമൊക്കെയായി ദിവസവും ഒന്നര–രണ്ട് മണിക്കൂർ ജിമ്മിൽ അധ്വാനിച്ചിരുന്നു. ഒാരോ ദിവസവും വ്യത്യസ്തമായ വ്യായാമങ്ങൾ ആണ് ചെയ്തിരുന്നത്.

ഡയറ്റ് ക്രമീകരണത്തിന്റെ ഭാഗമായി മധുര ഭക്ഷണങ്ങൾ പാടെ ഒഴിവാക്കി. കാപ്പി വലിയ ഇഷ്ടമായിരുന്നു. അതും വേണ്ടെന്നുവച്ചു. അരി ഭക്ഷണം വളരെ മിതമാക്കി. വെള്ളം സാധാരണയിലും കൂടുതൽ കുടിക്കാനാരംഭിച്ചു.

രാവിലെ ആറ്–ആറര ആകുമ്പോൾ ജിമ്മിൽ പോകും. അതിനു മുൻപായി മൂന്നു മുട്ടയുടെ വെള്ള കഴിക്കും. രാവിലെ ഒൻപത് ഒക്കെയാകുമ്പോഴാണ് പ്രാതൽ. പലതരം പച്ചക്കറികൾ അരിഞ്ഞു ചേർത്ത സാലഡ് ആണ് പ്രധാനം. കൂടെ ചിലപ്പോൾ മുട്ടയുടെ വെള്ള കഴിക്കും. ചിലപ്പോൾ മീൻ കറിവച്ചത് കഴിക്കും. കോവയ്ക്ക, പീച്ചിങ്ങ, ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവയെല്ലാം സാലഡിൽ ഉണ്ടാകും. ചിലപ്പോൾ ഒാറഞ്ചും ഗ്രീൻ ആപ്പിളും കൂടി കഴിക്കും.

ഉച്ചയ്ക്ക് കുറച്ചു മാത്രം ചോറ്, കൂടെ പലതരം പച്ചക്കറികൾ അരിഞ്ഞുചേർത്ത സാലഡ്, അല്ലെങ്കിൽ പച്ചക്കറികൾ വഴറ്റിയത്, കൂടെ ചില ദിവസം മീൻ കറി, ചിലപ്പോൾ ചിക്കൻ. ബീഫ് ഭയങ്കര ഇഷ്ടമാണെങ്കിലും ഡയറ്റിങ് സമയത്ത് ഒഴിവാക്കിയിരുന്നു.

sanal-1

നാലുമണിക്ക് സ്നാക്സ് കഴിക്കാറില്ല. വൈകുന്നേരം അധികം താമസിക്കാതെ ഭക്ഷണം കഴിക്കും. അപ്പോഴും സാലഡും കൂടെ മുട്ടവെള്ളയോ ചിക്കനോ അൽഫാമോ ഒക്കെ കഴിക്കും.

മൂന്നു മാസം കൊണ്ടു തന്നെ രൂപത്തിൽ പ്രകടമായ വ്യത്യാസം വന്നു. നല്ല മാറ്റമുണ്ടെന്നു സുഹൃത്തുക്കളൊക്കെ പറഞ്ഞു. അതിലുപരി ആരോഗ്യത്തിന്റെ കാര്യത്തിലും സ്റ്റാമിനയുടെ കാര്യത്തിലും വന്ന മാറ്റം എനിക്ക് തന്നെ മനസ്സിലാകുന്നുണ്ടായിരുന്നു. ജിമ്മിലെ ആദ്യത്തെ ദിവസങ്ങളിലൊക്കെ ഒരു പുഷ് അപ് എടുക്കുമ്പോഴേക്ക് ക്ഷീണിച്ചു പോകുമായിരുന്നു. ഇപ്പോൾ ഒറ്റ സ്ട്രെച്ചിൽ പുഷ്പം പോലെ 53 എണ്ണം വരെയെടുക്കും. കിതപ്പില്ല, ക്ഷീണമില്ല, മുട്ടുവേദനയില്ല.

ചിലർ പക്ഷേ, കാണുമ്പോൾ ചോദിക്കും ‘ആകെ ക്ഷീണിച്ചുപോയല്ലൊ, ഷുഗർ വല്ലതുമാണോ എന്ന്... നമ്മൾ എത്ര കഷ്ടപ്പെട്ടാണ് ഇത്ര മെലിഞ്ഞതെന്ന് അവരറിയുന്നില്ലല്ലോ? എന്തായാലും ഈ മാറ്റത്തിൽ സന്തോഷം മാത്രമേയുള്ളൂ. എന്തുകൊണ്ട് ഈ ബുദ്ധി എനിക്കു നേരത്തെ തോന്നിയില്ല ദാസാ...? എന്ന ഒറ്റ സംശയം മാത്രമേയുള്ളൂ. ’’ ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ സനൽ പറഞ്ഞുനിർത്തുന്നു.