Friday 02 December 2022 12:35 PM IST : By സ്വന്തം ലേഖകൻ

ചതവിനു മുരിങ്ങയില ക്രീം; മുറിവിന് എണ്ണ: വീട്ടിലുണ്ടാക്കാം ആയുർവേദ ക്രീമും എണ്ണയും

ayurvedae2343

കാലിൽ ചെറിയൊരു ചതവുണ്ടായാൽ, ഗ്യാസിന്റെ വൈഷമ്യം അനുഭവപ്പെട്ടാൽ, ചെറിയൊരു മൂക്കടപ്പും ജലദോഷവും വന്നാൽ ലഘുവായ വീട്ടുമരുന്നുകൾ തിരയുകയാണ് പൊതുവേ നമ്മളാദ്യം ചെയ്യുക. പണ്ടൊക്കെ വീട്ടിലെ പ്രായം ചെന്നവരോടാണ് ചോദിച്ചിരുന്നതെങ്കിൽ . ഇപ്പോൾ ആ തിരച്ചിൽ ഇന്റർനെറ്റിലും യൂ ട്യൂബിലും ഒക്കെയായെന്നു മാത്രം. അതു പക്ഷേ, അശാസ്ത്രീയമായ പരിഹാരങ്ങളിലേക്കെത്തിക്കാനും വഴിയുണ്ട്. ഇതാ ചെറിയ തോതിലുള്ള പൊള്ളലിനും ചതവിനും പ്രാഥമികമായി ഉപയോഗിക്കാവുന്ന, വീട്ടിൽ തന്നെ തയാറാക്കാവുന്ന ആയുർവേദ ക്രീമുകളും ഒായിൻമെന്റുകളും ആയുർവേദ വിദഗ്ധൻ ഡോ. എം. എൻ. ശശിധരൻ (കോട്ടയം) നിർദേശിക്കുന്നു.

ചതവിനു പുരട്ടാൻ ആയുർവേദക്രീം

∙ മുരിങ്ങയില ജലസ്പർശമില്ലാതെ ഉപ്പുപൊടി ചേർത്തരച്ചു െപയ്സ്റ്റാക്കി ചതവിനു പുറമേ ഇട്ടാൽ ചതവുമാറും.

∙ മുയൽച്ചെവിയനും ചങ്ങലംപരണ്ടയും സമമെടുത്ത് കാടിയിൽ അരച്ചു ക്രീമാക്കി പുറമേയിട്ടാൽ ചതവു മാറും.

പൊള്ളലിന് മരുന്ന്

∙ തണുത്ത പച്ചമോര് (െെതരല്ല) ഒരു മണിക്കൂർ ധാര തുടർച്ചയായി കോരുക.

∙ മുക്കുറ്റി സമൂലം അരച്ചു പെയ്സ്റ്റാക്കി ആവണക്കെണ്ണയിൽ കുഴച്ചു പുറമേ ഇടുക.
വലിയ പൊള്ളലുകളാണെങ്കിലോ മുഖം പോലെ വളരെ മൃദുവായ സ്ഥലങ്ങളിലേറ്റ പൊള്ളലുകളാണെങ്കിലോ ഉടനെ ആശുപത്രിയിലെത്തിക്കണം.

മൂക്കടപ്പ് മാറാൻ മൂക്കിലൊഴിക്കാൻ

∙ ചതച്ച പച്ചമഞ്ഞളിട്ടു വെള്ളം തിളപ്പിച്ച് അതിൽ കൃഷ്ണതുളസിയില ഇട്ടു വാട്ടിയെടുക്കുക. ഈ ഇല ഞെരടിപ്പിഴിഞ്ഞ നീരു മൂന്നു തുള്ളി വീതം രണ്ടു നാസാദ്വാരങ്ങളിലും ഇറ്റിക്കുക. മൂക്കടപ്പ് മാറും.

ആവി പിടിക്കാൻ െെതലം, മരുന്ന്

∙ പച്ചക്കർപ്പൂരം 10 ഗ്രാം 200 മി.ലി. വെളിച്ചെണ്ണയിൽ ഇട്ടു ലയിപ്പിക്കുക. തുളസിയില, പച്ചമഞ്ഞൾ ചതച്ചത്, ഉപ്പ്, കുരുമുളക് ഇവ ചതച്ച് ഒരു ലീറ്റർ വെള്ളത്തിൽ ഇട്ടു നന്നായി തിളയ്ക്കുമ്പോൾ അതിലേക്കു മേൽപ്പറഞ്ഞ കർപ്പൂരവെളിച്ചെണ്ണ രണ്ടു സ്പൂൺ ചേർത്ത് അതിൽ നിന്നു വരുന്ന ആവി ശ്വസിക്കുക. പനി, ജലദോഷം, തലവേദന, കഫക്കെട്ട് ഇവ മാറും. ഇതേ വെള്ളത്തിൽ തന്നെ തുണി മുക്കിപ്പിഴിഞ്ഞു വേദനയുള്ള ഭാഗങ്ങളിൽ എല്ലാം ആവി പിടിക്കുക. വേദനകൾ മാറും.

∙ ചുക്ക്, തുളസിയില, പനിക്കൂർക്കയില, പുളിയില, ആവണക്കില, പച്ചമഞ്ഞൾ ഇവയിട്ടു തിളപ്പിച്ച വെള്ളത്തിൽ ഉപ്പുകല്ലുകൾ കൂടി ഇട്ട് ആവി പിടിക്കുക. വേദനകളും നീർക്കെട്ടും മാറും.

വേദന കുറയ്ക്കാൻ ബാം

അരത്ത, കുരുമുളക്, ചുക്ക് ഇവ തുല്യാംശവും ഇതിന്റെ നേർപകുതി കാഞ്ഞിരത്തിൻ തൊലിയും ചതച്ചു കഷായം ഇട്ടു വറ്റിച്ച് നാലിലൊന്നാക്കിയെടുക്കുക. തുല്യം ശുദ്ധമായ കടുകെണ്ണയും ചേർത്ത് അടുപ്പേൽ വച്ചു തീയെരിച്ച് വറ്റിച്ചു കടുകെണ്ണ മാത്രമാക്കുക. ഇത് അരിച്ചെടുത്ത് 100 ഗ്രാം കർപ്പൂരവും ശുദ്ധമായ പൊൻമെഴുക് അര കിലോയും ചേർത്ത് ഉരുക്കി അതിൽ അരിച്ചെടുത്ത എണ്ണ ചേർത്തു യോജിപ്പിച്ചു ബാം പാകത്തിലാകുമ്പോൾ ചെറിയ പാത്രങ്ങളിൽ നിറച്ചു സൂക്ഷിക്കുക. ഈ ബാം വേദനകൾക്കും നീരിനും ഉത്തമം.

ഗ്യാസിന്

ഏലത്തരിയും ജീരകവും തുല്യ അളവിൽ എടുത്ത് ഉണക്കി നനുത്തതായി പൊടിച്ചെടുക്കുക. വായുവിന്റെ പ്രശ്നം ഉണ്ടാകുമ്പോൾ ഒരു ടീസ്പൂൺ പൊടി കരിക്കിൻ വെള്ളത്തിലോ ചൂടുവെള്ളത്തിലോ കലക്കി കുടിക്കുക.

മുറിവെണ്ണ

എരിക്കിന്റെ ഇലയും കീഴാർനെല്ലി സമൂലവും മുക്കൂറ്റി സമൂലവും തുല്യ അളവിൽ അരച്ചു ചേർത്തു കാച്ചിയെടുത്ത ശുദ്ധമായ വെളിച്ചെണ്ണ മുറിവിൽ പുരട്ടിക്കൊടുത്താൽ മുറിവു കരിയും.

ഡോ. എം. എൻ. ശശിധരൻ

അപ്പാവു വൈദ്യൻ ആയുർവേദിക് മെഡിക്കൽസ്, കോട്ടയം

Tags:
  • Manorama Arogyam