Saturday 18 March 2023 10:44 AM IST

ആർത്തവ വിരാമത്തിനു ശേഷം സംഭവിക്കുന്ന രക്തസ്രാവം എന്തിന്റെ സൂചന: ശരീരം നൽകുന്ന സൂചനകൾ

Tency Jacob

Sub Editor

menopouse

നാൽപ്പതു കഴിയുന്നതോെട സ്ത്രീകള്‍ ഒന്നു സൂക്ഷിച്ചു തുടങ്ങണം. ആർത്തവവിരാമ കാലഘട്ടം തെളിച്ചമുള്ളതാക്കി മാറ്റാം

ഋതുമതികളാകുന്ന കാലം പെൺകുട്ടികളുടെ ജീവിതയേടുകളിൽ തെളിഞ്ഞു

കിടക്കും. സ്നേഹവാത്സല്യങ്ങളും പരിചരണവും ആരോഗ്യ പരിരക്ഷയുമെല്ലാമായി വീട്ടുകാരും ബന്ധുക്കളും ആ കൗമാര ദിവസങ്ങൾ വർണാഭമാക്കുന്നതാണ് അതിനു കാരണം.

ഋതുഭേദങ്ങൾ മാറിമറിഞ്ഞു വന്നെത്തുന്ന ആർത്തവവിരാമ കാലഘട്ടമാകട്ടെ ഇരുണ്ടു മങ്ങിയിരിക്കും. കൂടെയുള്ളവർ അതു തിരിച്ചറിഞ്ഞെന്നു പോലും വരില്ല. ‘ഇതെന്താണ് ഇവൾക്കിത്ര ദേഷ്യം’, ‘എപ്പോഴും ക്ഷീണമാണല്ലോ’, ‘ലോകത്ത് മറ്റാര്‍ക്കും ആർത്തവവും വേദനകളുമില്ലേ’ എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകളും മുഖം ചുളിക്കലുകളും അവളെ മെല്ലെ വിഷാദത്തിലേക്കു തള്ളിവിടും. ആർത്തവവിരാമത്തോടനുബന്ധിച്ചു ശരീരത്തിനും മനസ്സിനും സംഭവിക്കുന്ന മാറ്റങ്ങളറിയാതെ അവളും അമ്പരപ്പിലാണ്.

ഋതുമതികൾ മാത്രം മനസ്സിലാക്കിയാൽ പോര

ആ മാറ്റങ്ങൾ. ജീവിതപങ്കാളിയും ഉറ്റവരും ചുറ്റുമുള്ള സമൂഹവും ആർത്തവവിരാമത്തെ കുറിച്ചു വ്യക്തമായി മനസ്സിലാക്കണം. സ്ത്രീകൾ ആ സമയത്തെടുക്കുന്ന ആത്മഹത്യ ചിന്തകളിൽ നിന്നു

പിന്തിരിപ്പിക്കാനും അവരുടെ മാനസികാരോഗ്യം വീണ്ടെടുക്കാനും അതു സഹായകമാകും.

എന്താണ് ആർത്തവ വിരാമം?

അണ്ഡാശയത്തിലെ അണ്ഡോത്പാദനം നിലച്ച് ആ ർത്തവം എന്ന പ്രക്രിയ ഇല്ലാതാകുന്നതാണു ലളിതമായി പറഞ്ഞാല്‍ ആര്‍ത്തവവിരാമം. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ ഹോർമോണുകളുടെ ഉത്പാദനവും അതോടെ ഇല്ലാതാകുന്നു.

സാധാരണ ഒരു സ്ത്രീയിൽ ആർത്തവം ആരംഭിക്കുന്നത് ഒന്‍പതു മുതൽ പതിമൂന്നു വയസ്സിനിടയിലാണ്. ആഹാരരീതിയിലും ജീവിതശൈലിയിലും വന്ന മാറ്റം, അ മിതവണ്ണം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയവ മൂലം ഇപ്പോൾ പല കുട്ടികളും ഒൻപതു വയസ്സിനു മുൻപേ ഋതുമതികളാകുന്നു. നേരത്തേ ആർത്തവം തുടങ്ങിയാൽ, നേരത്തെ ആർത്തവവിരാമം ഉണ്ടാകും എന്നുള്ളതു തെറ്റായ ധാരണയാണ്. സാധാരണഗതിയില്‍ ആർത്തവവിരാമം സംഭവിക്കുന്നത് 47 – 55 വയസ്സിന് ഇടയിലാണ്. ആർത്തവവിരാമം നടക്കുന്ന ശരാശരി പ്രായം 52 ആണെന്നു ചില പഠനങ്ങൾ പറയുന്നു. 40 വയസ്സിനു മുൻപുണ്ടാകുന്ന ഋതുവിരാമം, പ്രീമെച്വർ മെനൊപോസ് എന്നാണ് അറിയപ്പെടുന്നത്.

പെരിമെനൊപോസ്

ആർത്തവവിരാമ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന കാലഘട്ടം മുതൽ ആർത്തവിരാമത്തിനു ശേഷമുള്ള ഒരു കൊല്ലം വരെ ‘പെരി മെനൊപോസൽ പിരീയിഡ്’ എന്നറിയപ്പെടും. സ്ത്രീകളില്‍ ഏതാണ്ടു 35 വയസ്സു മുതലേ ഓവറിയുടെ പ്രവർത്തനങ്ങൾ കുറഞ്ഞുതുടങ്ങും. എന്നാൽ, അന്നുമുതൽ പെരിമെനൊപോസ് എന്നു പറയാനാകില്ല. ആർത്തവവിരാമത്തിനു നാലഞ്ചു വർഷം മുൻപും അതിനുശേഷവുമാണ് ആർത്തവവിരാമ ലക്ഷണങ്ങൾ പ്രകടമാകുക. വ്യക്തികളുടെ ശാരീരികനിലയനുസരിച്ച് അതിനു വ്യതിയാനങ്ങളുണ്ടാകാം.

ഈസ്ട്രജൻ ഹോർമോണിന്റെ അഭാവം മൂലം ശരീരത്തിൽ മാറ്റങ്ങൾ അനുഭവപ്പെടുന്നതാണു തുടക്കം. ദേഹം മുഴുവൻ കുറച്ചുനേരം മാത്രം ചൂട് അനുഭവപ്പെടുന്ന അവസ്ഥയായ ഹോട്ട് ഫ്ലാഷസാണ് അതിൽ പ്രധാനം. അതിന്റെ ഭാഗമായി നെഞ്ചിടിപ്പും കൂടാം. ഇതു രാത്രിയിലും ഉ ണ്ടാകുമെന്നതു കൊണ്ട് ഉറക്കക്കുറവ് അനുഭവപ്പെടാം.

എല്ലുകളുടെ ആരോഗ്യക്കുറവാണ് ആർത്തവവിരാമമുണ്ടാക്കുന്ന മറ്റൊരു ശാരീരികപ്രശ്നം. പുരുഷന്റെയും സ്ത്രീയുടെയും ശരീരത്തിൽ ഏകദേശം 30 വയസ്സു വരെയാണ് എല്ലുകൾക്ക് ആരോഗ്യമുണ്ടാകുന്നത്. പിന്നീടുണ്ടാകുന്ന എല്ലുതേയ്മാന പ്രശ്നങ്ങൾ സ്ത്രീകളിൽ ഒരു പരിധിവരെ തടഞ്ഞുനിർത്തുന്നത് ഈസ്ട്രജൻ ഹോർമോണാണ്. അതില്ലാതാകുന്നതോടെ എല്ലുതേയ്മാനമുണ്ടാക്കുന്ന ഓസ്റ്റിയോപൊറോസിസ് എന്ന അസുഖം പ്രത്യക്ഷപ്പെടാം. അതുപോലെ, സ്ത്രീകളുടെ ഹൃദയത്തെ ‘ഹാർട്ട് അറ്റാക്ക്’ വരാതെ കാത്തു സൂക്ഷിക്കുന്നതും ഈസ്ട്രജൻ ഹോർമോൺ ആണ്. ആർത്തവവിരാമശേഷം ആ ആനുകൂല്യം ലഭിക്കില്ലെന്നുള്ളതുകൊണ്ടു ഹൃദയാരോഗ്യ പ്രശ്നങ്ങളും തലപൊക്കി തുടങ്ങും. ആർത്തവവിരാമശേഷം സ്ത്രീകൾക്കും പുരുഷന്മാർക്കും ഹൃദയാഘാത സാധ്യത ഒരുപോലെയാണ്.

യോനീഭാഗത്തുണ്ടാകുന്ന വരൾച്ചയും ആർത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രധാന പ്രശ്നമാണ്. യോനീഭാഗത്തു ചൊറിച്ചിൽ, അണുബാധകൾ, ലൈംഗികബന്ധത്തിനു ബുദ്ധിമുട്ട്, ബന്ധപ്പെടുമ്പോഴുള്ള വേദന എന്നിവയെല്ലാം അനുഭവപ്പെടും. മറ്റൊരു പ്രധാന പ്രശ്നം മൂത്രംചുടിച്ചിലാണ്. എപ്പോഴും മൂത്രമൊഴിക്കണമെന്നും പുകച്ചിലുമൊക്കെ തോന്നും. അതു മൂത്രാശയ അണുബാധയല്ല. ആൻഡ്രജൻ ഹോർമോണിന്റെ കുറവു മൂലം മുടി കൊഴിയുന്നതും കണ്ടുവരുന്നുണ്ട്.

ഇവ ആർത്തവവിരാമ ലക്ഷണങ്ങളല്ല

രണ്ടു ദിവസം മുതൽ ഏഴു ദിവസം വരെയാണു പൊതുവെ ആർത്തവ ദിവസങ്ങൾ. ഓരോരുത്തരുടെ ശരീരപ്രകൃതിയനുസരിച്ച് അതു വ്യത്യാസപ്പെട്ടിരിക്കും. അമിതരക്തസ്രാവം ആർത്തവവിരാമ ലക്ഷണമായി കരുതുന്നവരുണ്ട്. അമിതരക്തസ്രാവവും ഒരു മാസം ഒന്നിൽക്കൂടുതൽ തവണ ആർത്തവം കാണുന്നതും ഗർഭാശയ സംബന്ധമായ പ്രശ്നങ്ങളുണ്ടാകുമ്പോഴാണ്.

ആർത്തവ ക്രമക്കേടു സ്ഥിരമായി സംഭവിച്ച് ആർത്തവം പതിയെ നിന്നു പോകുന്നതാണ് ആർത്തവവിരാമത്തിന്റെ രീതി. അതുകൊണ്ട്, ആർത്തവം ക്രമം തെറ്റി വരുന്നത് മെനൊപോസിന്റെ ലക്ഷണമായി കണക്കാക്കാം. ഹോർമോണിന്റെ അളവു കുറയുന്നതു മൂലം അണ്ഡോത്പാദനം നടക്കാതെ വരുമ്പോൾ ആ മാസം ആർത്തവം ഉണ്ടായെന്നു വരില്ല. സാഹചര്യങ്ങൾ ഒത്തുവരുന്ന മാസം ഉണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെയാണ് ആർത്തവം ക്രമമല്ലാതെ വരുന്നത്. ആർത്തവവിരാമത്തിനു ശേഷം അപൂർവമായി സംഭവിക്കുന്ന രക്തസ്രാവം ഗൗരവത്തിലെടുക്കേണ്ടതാണ്. പത്തിൽ ഒൻപതു പേർക്ക് ഹോർമോൺ അസ്ഥിരത കാരണമാണു ബ്ലീഡിങ് ഉണ്ടാകുന്നതെങ്കിൽ, ഒരാൾക്ക് അതു ഗർഭാശയ കാൻസറിന്റെ ലക്ഷണമായിരിക്കും. ഡോക്ടറെ കണ്ടു വിദഗ്ധ പരിശോധന നടത്തി അർബുദമല്ല എന്നുറപ്പിക്കണം.

ആർത്തവവിരാമ ചികിത്സകൾ

30 വയസ്സു മുതൽ ഗർഭാശയ കാൻസർ പരിശോധന നടത്തുന്നത് നല്ലതാണ്. ആർത്തവവിരാമശേഷം സ്തനാർബുദം കണ്ടെത്തുന്നതിനുള്ള മാമോഗ്രാമും ഗർഭാശയഗള കാൻസറിനുള്ള പരിശോധനകളും മൂന്നു വർഷം കൂടുമ്പോൾ നടത്തണം. ഹോട്ട് ഫ്ലാഷസ് ആർത്തവവിരാമ ത്തിന്റെ പ്രധാന ലക്ഷണമാണെങ്കിലും ഹൈപ്പർ തൈറോയ്ഡ് ഉള്ളവർക്കും ഇത് അനുഭവപ്പെടാറുള്ളതുകൊണ്ടു വൈദ്യപരിശോധന നടത്തുന്നതാണു നല്ലത്. യോനീ ഭാഗത്തെ അസ്വസ്ഥതകൾക്ക് ഈസ്ട്രജൻ ക്രീമുകൾ ലഭ്യമാണ്.

ആരോഗ്യകരമായ ജീവിതശൈലി, കാത്സ്യം സപ്ലിമെന്റേഷൻ, ആവശ്യമെങ്കിൽ ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി (എച്ച്ആർടി) എന്നിവയും പരിഹാര മാർഗങ്ങളാണ്.

ഹോർമോൺ റീപ്ലേസ്മെന്റ്, വജൈനൽ ടാബ്‌ലറ്റുകളായും റിങ്ങുകളായും പാച്ചസുകളായും ക്രീമുകളായും ഇപ്പോൾ ലഭ്യമാണ്.

ചെറുപ്പത്തിലേ തുടങ്ങാം ഒരുക്കം

പെൺകുട്ടി ഋതുമതിയാകുമ്പോൾ പലതരം മരുന്നുകളും നാട്ടുവൈദ്യവും മികച്ച ഭക്ഷണവും നൽകി പരിരക്ഷ നൽകാറുണ്ട് പലരും. പക്ഷേ, അതിൽ വലിയ കഴമ്പില്ല എന്നതാണു യാഥാർഥ്യം. പെൺകുട്ടികൾക്കു ചെറുപ്പത്തിലേ ആർത്തവകാലത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങണം. മുപ്പതു വയസ്സു വരെയാണു നമ്മുടെ ശരീരത്തിനു കാൽസ്യം ഉൽപാദിപ്പിക്കാനുള്ള കഴിവുള്ളത്. നേരത്തെ മുതൽ കാൽസ്യം കൂടുതലായടങ്ങിയ ഭക്ഷണങ്ങൾ നൽകിത്തുടങ്ങാം. രക്തക്കുറവ് ഉണ്ടാകാതിരിക്കാൻ അയൺ ഗുളികകളും നൽകാം. െമലിഞ്ഞ കുട്ടികളെ മരുന്നുകളിലൂെട തടി വയ്പ്പിക്കാൻ നോക്കുന്നത് പിസിഒഡി പോലെയുള്ള രോഗങ്ങൾക്കു കാരണമാകുമെന്നും ഒാര്‍ക്കുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സതി എം. എസ്
അഡീ. പ്രഫസർ,
ഡിപാർട്മെന്റ് ഓഫ് ഒബിജി
ഗവ.മെഡിക്കൽ കോളജ്,
കോട്ടയം