Friday 17 March 2023 11:33 AM IST : By സ്വന്തം ലേഖകൻ

സ്ഥിരമായി മദ്യപിക്കുന്നവര്‍ വീട്ടിലുണ്ടോ?; വിത്ഡ്രോവൽ സിൻഡ്രോം വരും മുമ്പ് വീട്ടുകാർ അറിയണം ഇക്കാര്യങ്ങൾ

liquor-addic

കോവിഡ് 19 രോഗവ്യാപന പശ്ചാത്തലത്തിൽ കേരളത്തിൽ ബാറുകളും ബീവറേജസ് കോർപറേഷൻ ഔട്ട്ലറ്റുകളും അടച്ചു പൂട്ടിയതിന്റെ അനന്തര ഫലം ആയി അതീവ ഗുരുതരമായ അവസ്‌ഥ സംജാതമായിരിക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായ പ്രചാരണം നടന്നു. പല തരത്തിലുള്ള അഭിപ്രായങ്ങളും ഓരോരുത്തരുടെ മനോധർമവും രാഷ്ട്രീയവുമൊക്കെ അനുസരിച്ചു പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ എന്താണ് മദ്യപാനത്തിന്റെ ശാസ്ത്രീയ വസ്തുത? മദ്യപാനം എന്ന രോഗത്തിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങൾ, അവയ്ക്കിന്നുള്ള ശാസ്ത്രീയമായ ചികിത്സാരീതികൾ എന്നിവയെ കുറിച്ചുമുള്ള അറിവില്ലായ്മയാണ് ഇത്തരം പ്രചാരണങ്ങൾക്ക് കാരണം. മദ്യപാനം ഒരു രോഗമാണ്. മദ്യപാനി അനുതാപം അർഹിക്കുന്ന ഒരു രോഗിയും. മറ്റു രോഗങ്ങളിൽ എന്ന പോലെ ഇവിടെയും രോഗിയെ കുറ്റം പറയാൻ പാടില്ല.

മദ്യം ലഭിക്കാതെ വന്നാൽ?

സ്‌ഥിരം മദ്യപാനികളിൽ ഒരു ചെറിയ ശതമാനം ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം (Alcohol Withdrawal Syndrome) എന്ന രോഗാവസ്‌ഥയിലേക്കും അവരിൽ വളരെ ചെറിയ ഒരു എണ്ണം ഡെലിറിയം ട്രെമെൻസ് (Delirium Tremens) എന്ന, അത്യാവശ്യമായി ചികിത്സ വേണ്ട, അവസ്‌ഥയിലേക്കും പോകാം. പക്ഷെ ഇവരുടെ എണ്ണം വളരെ വളരെ കുറവായിരിക്കും എന്നോർക്കുക.

സ്‌ഥിരമായി മദ്യപിക്കുന്നവരിൽ മദ്യം കിട്ടാതെ വരുമ്പോൾ അവസാനം കുടിച്ചതിനു ശേഷം ആറു മുതൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ പ്രത്യക്ഷപ്പെടുന്ന അസാധാരണ രോഗലക്ഷണങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്. ചിലരിൽ ഇത് പിന്നെയും നീണ്ടെന്നിരിക്കും. വിറയൽ, ഉത്ക്കണ്ഠ, ഓക്കാനം, ഛർദി, തലവേദന, കൂടിയ നെഞ്ചിടിപ്പ്, അമിതമായി വിയർക്കൽ, ഉറക്കമില്ലായ്മ, ശ്രദ്ധക്കുറവ്, പെട്ടെന്ന് കോപം വരിക, പേടിസ്വപ്നങ്ങൾ, ഉയർന്ന രക്തസമ്മർദം എന്നിങ്ങനെ പോകുന്നു ലക്ഷണങ്ങൾ. ചികിത്സിക്കാതെ ഇരുന്നാൽ ഈ ലക്ഷണങ്ങൾ രണ്ടു മൂന്നു ദിവസത്തേക്ക് വഷളായി കൊണ്ടിരിക്കും.

ഡെലിറിയം ട്രെമെൻസ് എന്ന ഗുരുതരമായ അവസ്‌ഥയിൽ ഇല്ലാത്ത ചൊറിച്ചിൽ , പുകച്ചിൽ മുതലായവ ഉണ്ടെന്നു തോന്നുകയും, ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നു എന്നും ഇല്ലാത്ത കാഴ്ചകൾ കാണുന്നു എന്ന് തോന്നുകയും ഒക്കെ ഉണ്ടാകുന്നു. ഇവയിൽ പലതും പേടിപ്പെടുത്തുന്നവ ആയിരിക്കുകയും ചെയ്യും. പനി, ജന്നി തുടങ്ങിയ പേടിപ്പെടുത്തുന്ന രോഗലക്ഷണങ്ങളും ആത്മഹത്യാ പ്രവണതയും വരെ ഉണ്ടായെന്നു വരാം. പക്ഷെ ഓർക്കുക , ഇവയൊക്കെ വളരെ ചെറിയ ഒരു വിഭാഗത്തിൽ മാത്രമേ ഉണ്ടാകാൻ സാധ്യത ഉള്ളൂ.

ചികിത്സ വേണ്ടത്

വിത്ഡ്രോവൽ സിൻഡ്രോം വരുന്നവരിൽ ഭൂരിഭാഗത്തിനും ആശുപത്രിയിൽ കിടത്തി ചികിത്സ ആവശ്യമില്ല. വീട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നുമൊക്കെയുള്ള സാമൂഹിക സഹായം ലഭ്യമാണെങ്കിൽ ഇവരെയൊക്കെ വീട്ടിൽ വച്ച് തന്നെ ചികിൽസിക്കാം. സാധാരണ നിലയിൽ നമ്മുടെ വീടുകളിൽ ഇതിനാവശ്യമായ ആളുകൾ ഇല്ല എന്നതാണ് മുഖ്യ പ്രശ്നം. എന്നാൽ എല്ലാവരും വീട് അടച്ചിരിക്കുന്ന ഈ അവസ്‌ഥയിൽ അത് തികച്ചും സാധ്യമാണ് താനും. ഡോക്ടർ കണ്ടു, രോഗതീവ്രത സ്‌ഥിരീകരിച്ചു കഴിഞ്ഞാൽ ഇവർക്ക് നൽകാൻ വിവിധ തരത്തിലുള്ള മരുന്നുകൾ ഇന്ന് ലഭ്യമാണ്. അപകടകരമാകാവുന്ന രോഗലക്ഷണങ്ങളെ കുറിച്ച് കൂട്ടിരിപ്പുകാർക്ക് ബോധവൽക്കരണം നൽകി രോഗിയെ വീട്ടിൽ തന്നെ മരുന്നുകൾ നൽകി ചികിത്സിക്കാം.

വളരെ കുറഞ്ഞ ഒരു വിഭാഗം രോഗികൾ അപകടകരമായ അവസ്‌ഥയിൽ എത്താം. ഇവിടെയും പ്രമേഹം, ഹൃദ്രോഗം, രക്താതിമർദം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ മറ്റു രോഗാതുരതകൾ ഉള്ളവരിലാണ് അപകട സാധ്യത കൂടുതൽ. ഇവർക്ക് ആശുപത്രികളിൽ തീവ്രപരിചരണം ആവശ്യമായി വരും. എന്നാൽ ഇവരുടെ എണ്ണം വളരെ കുറവായിരിക്കും.

ഇന്ന് ഈ പ്രശ്നങ്ങൾ ചികിത്സിക്കാൻ പാർശ്വഫലങ്ങൾ വളരെ കുറവുള്ള ധാരാളം ഔഷധങ്ങൾ ഉണ്ട്. മദ്യാസക്തി എന്ന പോലെ മദ്യം നിർത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾക്കും ഹേതുവായ തലച്ചോറിലെ രാസവസ്തുക്കളെക്കുറിച്ചു വ്യക്തമായ അറിവ് ഇന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രീയമായ ചികിത്സ നൽകുന്നത്. ഇതിൽ ഒരിടത്തും മദ്യം നൽകിയുള്ള ചികിത്സ ഇല്ല.

ലക്ഷണങ്ങൾ ഉണ്ടെങ്കിൽ

മദ്യപാനം നിർത്തിക്കുന്ന ഡി അഡിക്ഷൻ (Deaddiction) ചികിത്സയെപ്പറ്റികൂടി ആലോചിക്കേണ്ടതാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന പോലെ അനിതര സാധാരണമായ അവസ്‌ഥ ഒന്നും ഇവിടെ ഉണ്ടായിട്ടില്ല. സ്‌ഥിരമായി മദ്യപിച്ചിരുന്നവർ വീട്ടിലുണ്ടെങ്കിൽ, അവരിൽ അസ്വാഭാവികമായ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ ബന്ധപ്പെടുക. നേരത്തെ സൂചിപ്പിച്ച തീവ്രലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആശുപത്രിയിൽ എത്തിക്കുക.

ചെറിയ അസ്വസ്‌ഥതകൾ ഉള്ളവർക്ക് ചെറിയ ചികിത്സ മതി. ഈ അടച്ചിരിപ്പ് അവസാനിക്കും മുൻപ് തന്നെ അവരിൽ ഭൂരിഭാഗവും നോർമൽ ആയിക്കഴിഞ്ഞിരിക്കും. അവരിൽ ഒരു വലിയ വിഭാഗം മദ്യപാനത്തിലേക്കു മടങ്ങി പോയില്ല എന്നും വരാം. ഓർക്കുക, ശാസ്ത്രീയ ചികിത്സാരീതികളിൽ മദ്യം വീണ്ടും കൊടുത്തുള്ള ചികിത്സ എന്നൊന്നില്ല.