Monday 20 February 2023 02:24 PM IST : By സ്വന്തം ലേഖകൻ

സ്ട്രെസ് വരുമ്പോൾ വാരിവലിച്ചു തിന്നുന്ന സ്വഭാവം നിങ്ങൾക്കുണ്ടോ: നിയന്ത്രിക്കാൻ 10 എളുപ്പവഴികൾ

stress

സ്ട്രെസ് വരുമ്പോഴേക്കും എന്തെങ്കിലും കഴിക്കാൻ തോന്നുന്ന സ്വഭാവം നിങ്ങൾക്കുണ്ടോ. സ് ട്രെസ് ഈറ്റിങ് പലരും നേരിടുന്ന പ്രശ്നമാണ്. ഓഫീസ് പ്രശ്നങ്ങൾ, വീട്ടുകാര്യങ്ങൾ, ബന്ധങ്ങളിലെ സംഘർഷം, കുന്നു കൂടുന്ന ജോലികൾ, സാമ്പത്തിക പ്രശ്നം, എന്തും പെർഫെക്ട് ആയി ചെയ്യാനുള്ള വാശി .. ഇതെല്ലാം പലപ്പോഴും സമ്മർദത്തിനു കാരണമാകാം. സ്ട്രെസ് മനസ്സിനെ ബാധിച്ചാൽ പിന്നെ എന്തെങ്കിലും കഴിക്കാൻ അമിതമായി ആർത്തി തോന്നുന്നതാണ് സ്ട്രെസ് ഈറ്റിങ്.  ചിലർ ബോറടിയോ ദു:ഖമോ വല്ലാതെ ബാധിച്ചാലും അതിനെ മറി കടക്കാൻ ഭക്ഷണം വാരി വലിച്ചു കഴിക്കുന്നു. ഇങ്ങനെ ഭക്ഷണം കഴിക്കുന്നതിലൂടെ ഒരു തരം ആശ്വാസം കണ്ടെത്തുന്നു. യഥാർത്ഥത്തിലുള്ള വിശപ്പു കാരണമല്ല,  വൈകാരികമായ തോന്നലിന് അടിമപ്പെട്ടാണ് ഇങ്ങനെ വരുമ്പോൾ ഭക്ഷണം കഴിക്കുന്നത്. ഇത് ഇമോഷനൽ ഈറ്റിങ് എന്നും പറയപ്പെടുന്നു.  ലോക്ഡൗൺ സമയത്തനുഭവപ്പെടുന്ന സമ്മ‍ർദത്തിൽ നിന്നും ഉൽക്കണ്ഠയിൽ നിന്നും രക്ഷ തേടാനായി  ഇങ്ങനെ ആർത്തി തോന്നുന്ന ഭക്ഷണം അമിതമായി കഴിക്കുന്ന ശീലവും ഇപ്പോൾ പലരിലും കാണുന്നുണ്ട്.

സ്ട്രെസ് വരുമ്പോഴുള്ള നെഗറ്റീവ് വികാരങ്ങൾ മനസ്സിൽ ഒരു തരം ശൂന്യത സൃഷ്ടിക്കുന്നു. അത് മാറ്റാൻ വേണ്ടിയാണ് പലരും ഇങ്ങനെ ഭക്ഷണത്തിന്റെ നേരേ തിരിയുന്നത്. ഭക്ഷണം കഴിക്കുമ്പോൾ ആ ശൂന്യത നിറയുന്നതായി തോന്നും. സമ്മർദം വല്ലാതെ കൂടുമ്പോൾ ശരീരത്തിലുണ്ടാകുന്ന കോർട്ടിസോൾ ഹോർമോണും ഇങ്ങനെ വിശപ്പ് തോന്നാൻ കാരണമാകുന്നുണ്ടത്രേ.

സ്ട്രെസ് ഈറ്റിങ് ഉള്ളവർക്ക് മിക്കപ്പോഴും ആർത്തി തോന്നുന്നത് ചില പ്രത്യേക തരം ഫൂഡിനോടായിരിക്കും. കൊഴുപ്പ് കൂടിയ ആഹാരം, മധുരം കൂടിയ ആഹാരം, വറുത്തതും പൊരിച്ചതും... ഇതിനോടൊക്കെ. ഇങ്ങനെ തോന്നുന്ന ആർത്തി, യഥാർത്ഥത്തിലുള്ള ശാരീരികമായ വിശപ്പല്ലെന്ന് തിരിച്ചറിയണം. ഹെൽത്തി ആയ ഫൂഡിനെക്കാളും വല്ലാത്ത കൊതി മധുരം കൂടിയ ഡെസേർട്ടിനോടും ഫാസ്റ്റ് ഫൂഡിനോടും ഒക്കെ തോന്നുകയാണെങ്കിൽ അത്  ഇമോഷനൽ ഈറ്റിങ് ആണ്. പെട്ടെന്നാണ് ഇത്തരം വിശപ്പ് തോന്നുന്നത്. ഭക്ഷണം കഴിച്ചു കഴിയുമ്പോൾ ചിലർക്ക് ഒരു തരം കുറ്റബോധവും തോന്നാം.

സ്ട്രെസ് ഈറ്റിങ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. അമിത വണ്ണത്തിനും രോഗങ്ങൾക്കും വഴിതെളിക്കാം. അതു കൊണ്ട് ഇതിനെ തിരിച്ചറിയുകയും സ്വയം നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്.

സ്ട്രെസ് ഈറ്റിങ്ങിനെ അകറ്റാൻ ഈ വഴികൾ ഒന്നു പരീക്ഷിച്ചു നോക്കൂ.

 1. സ്ട്രെസ് ഈറ്റിങ് ഒഴിവാക്കാൻ ആദ്യം ചെയ്യണ്ടത് നിങ്ങൾക്ക് സമ്മർദമുണ്ടാക്കാനുള്ള കാരണങ്ങൾ തിരിച്ചറിയുകയെന്നതാണ്. ആ സാഹചര്യങ്ങളെ പൊസിറ്റീവായി നേരിടുകയും ഒഴിവാക്കുകയും ചെയ്യുക.  

2. വ്യായാമം സ്ട്രെസ് കുറയ്ക്കും. സ്ഥിരമായ വ്യായാമം ദിവസവും കൃത്യമായി ചെയ്യുക. ഇത് ശരീരത്തിൽ നല്ല ഹോർമോണുകളെ ഉണ്ടാക്കുന്നു. വ്യായാമത്തിനായി ജിമ്മിലൊന്നും പോകാൻ  സാധിക്കുന്നില്ലെങ്കിൽ ശാരീരികമായ അധ്വാനം വരുന്ന ജോലികൾ- ഗാർഡനിങ്, ക്ലീനിങ്, നടത്തം ഇതെല്ലാം പതിവാക്കാം. ഒരു തരത്തിലും സമ്മർദം നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ സൈക്കോളജിസ്റ്റിന്റെ സേവനം തേടാം. നല്ല സുഹൃത്തുക്കളോട് മനസ്സു തുറന്ന് സംസാരിച്ച് പോംവഴി ആരായാം.

3. മൈൻഡ്ഫുൾനെസ് ശീലിക്കാം. മനസ്സിനെ ശാന്തമാക്കാനും നിയന്ത്രിക്കാനും യോഗയിലൂടെയും മെഡിറ്റേഷനിലൂടെയും സാധിക്കും. ഡീപ് ബ്രീത്തിങ് കുറച്ചു സമയം ചെയ്യുന്നത് പതിവാക്കാം. പതുക്കെ മൈൻഡ് ഫുൾനെസ് സ്വായത്തമാക്കാനാവും. അപ്പോൾ എന്തു കാര്യം ചെയ്താലും പൂർണ മനസ്സോടെ ചെയ്യാൻ കഴിയും. വൈകാരികമായ  ക്രേവിങ് തോന്നി ഭക്ഷണം കഴിക്കുന്ന ശീലം അങ്ങനെ അകറ്റാൻ സാധിക്കും.

4.   നെഗറ്റീവ് ഫീലിങ്സ്, നെഗറ്റീവ് സെൽഫ് ടോക്ക് ഇവ പൂ‍ർണമായും ഒഴിവാക്കുക. നെഗറ്റീവ് ഫീലിങ്സ് വരുമ്പോൾ അതിനിടകൊടുക്കാതെ പൊസിറ്റീവ് കാര്യങ്ങളിലേക്ക് തിരിയുക. പാട്ടു കേൾക്കുക, പൊസിറ്റീവ് വിഡിയോസ് കാണുക, വായിക്കുക ഇതൊക്കെ നല്ലതാണ്. വെറുതെയിരിക്കാതെ ഗുണകരമായ ആക്ടിവിറ്റികളിൽ മുഴുകുക. ദിവസവും ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്ത് ജേർണൽ എഴുതുക. ഭാവിയിലേക്കുള്ള കാര്യങ്ങളും പ്ലാൻ ചെയ്യുക.

5. ഫൂഡ് ഡയറി എഴുതാം.

നിങ്ങൾ എപ്പോൾ ഫൂഡ് കഴിക്കുന്നു, എന്തു കഴിക്കുന്നു.. ആ ഫൂഡ് കഴിച്ചത് പെട്ടെന്നുള്ള ആർത്തി കൊണ്ടാണോ ഇതെല്ലാം രേഖപ്പെടുത്തി ഒരു ഫൂഡ് ഡയറി എഴുതി നോക്കൂ. പോഷക ഗുണമില്ലാത്ത ആഹാരം കഴിക്കുന്നതും ആർത്തി കൊണ്ട് കഴിക്കുന്നതും എല്ലാം ഈ ഡയറി പിന്നീട് വായിച്ചു നോക്കിയാൽ മനസ്സിലാക്കാം. ഇത് തെറ്റായ ആഹാരശീലം തിരുത്താൻ സഹായിക്കും. മനസ്സിന്റെ പെട്ടെന്നുള്ള  തോന്നലുകൾക്കു  വഴങ്ങി ഭക്ഷിക്കാതെ, ശരീരത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാനായി ഭക്ഷണം കഴിക്കാൻ അങ്ങനെ സാധിക്കും.

6. ഹെൽത്തി ഡയറ്റ് ശീലമാക്കുക.

7. പ്രലോഭനം തോന്നുന്ന, അമിത കൊഴുപ്പും മധുരവുമുള്ള സാധനങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ്, ചിപ്സ് ഇതെല്ലാം വീട്ടിൽ നിന്ന് ഒഴിവാക്കുന്നത് നല്ലതാണ്.

8. ഇമോഷനൽ സ്ട്രെസ് ഉള്ള സമയത്ത് കടയിൽ പോയാലും ഇങ്ങനെ കൊതി തോന്നുന്ന ആഹാരം വാങ്ങി കൂട്ടാം. അതു കാരണം അത്തരം സമയത്ത് ഗ്രോസറി ഷോപ്പിൽ പോകാതിരിക്കുക.

9.  ടി വി കണ്ടും സിനിമ കണ്ടും ചിപ്സും ജങ്ക് ഫൂഡും ഡെസേർട്ടുമൊക്കെ നിയന്ത്രണമില്ലാതെ കഴിക്കുന്നതും ഒഴിവാക്കുക. ആഹാര സമയത്ത് അതിൽ തന്നെ മനസ്സിന്റെ ശ്രദ്ധ കൊടുക്കുക. വല്ലപ്പോഴും ഇവ കഴിച്ചാലും  കുറഞ്ഞ അളവിൽ മാത്രം കഴിക്കുക.

10. കുറ്റബോധം,  നാണക്കേട് ഇങ്ങനെയുള്ള തോന്നലുകളെല്ലാം അമിതമാകുന്നത് ഇമോഷനൽ ഈറ്റിങ്ങിലേക്ക് തിരിയാൻ പ്രേരിപ്പിക്കാറുണ്ട്. ഇത്തരം കാര്യങ്ങൾ മനസ്സുറപ്പോടെ ഒഴിവാക്കി, സെൽഫ് കെയറിനു പ്രാധാന്യം നൽകുക.