Monday 20 February 2023 02:19 PM IST : By സ്വന്തം ലേഖകൻ

ടിവിയിൽ വരുന്ന ബലാത്സംഗ–പീഡന വാർത്തകളെ കുറിച്ച് കുഞ്ഞുങ്ങൾ സംശയം ചോദിച്ചാൽ എന്ത് മറുപടി പറയണം

kids-sex

ബലാത്സംഗം, പീഡനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള കൊച്ചുകുട്ടികളുടെ സംശയങ്ങൾക്ക് എന്തു മറുപടി നൽകണം?

A ഒരു ദിവസം 90 പെൺകുട്ടികൾ റേപ്പ് ചെയ്യപ്പെടുന്നുവെന്നാണ് 2017–ലെ ഇന്ത്യയിലെ കണക്ക്. അതുകൊണ്ട് ഇത്തരം വാർത്തകൾ ഒരു അവസരമാണ്. പെൺകുട്ടികളോട് സ്വയം സുരക്ഷയെക്കുറിച്ച് പറഞ്ഞുകൊടുക്കാനുള്ള അവസരം. പ്രായത്തിന് അനുസൃതമായ രീതിയില്‍ അവരുടെ ആകാംക്ഷ നിറഞ്ഞ സംശയങ്ങള്‍ക്ക് (ഉദാ: പീഢനം, ബലാല്‍സംഗം) ഉത്തരം പറയുക. കൊച്ചുകുട്ടികളാണെങ്കിൽ ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ നല്ല സ്പര്‍ശനം, ചീത്ത സ്പര്‍ശനം എന്നിവയെപ്പറ്റി ആവര്‍ത്തിക്കുക, മുതിർന്ന പെൺകുട്ടികളോട് സമൂഹത്തിലുള്ള ചതിക്കെണികളെ കുറിച്ച് സംസാരിക്കുക. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കരുത് എന്നു പറയുക.

Qമകൾക്ക് 12 വയസ്സ്. അവൾക്ക് എന്തൊക്കെ കാര്യങ്ങളാണ് ഈ പ്രായത്തിൽ പറഞ്ഞുകൊടുക്കേണ്ടത്?

A12–17 പ്രായത്തില്‍ െെലംഗികതയെ പറ്റിയും പ്രത്യുല്‍പാദനത്തിനെ പറ്റിയും ഉള്ള അടിസ്ഥാന വിദ്യാഭ്യാസം കുട്ടികള്‍ക്കു സ്കൂളില്‍ നിന്നുതന്നെ ലഭിച്ചിട്ടുണ്ടാകും. അനുദിനം മാറുന്ന ശാരീരികായവങ്ങളും മാനസികാവസ്ഥയും ലൈംഗികതയെപ്പറ്റി കുട്ടികളെ കൂടുതല്‍ ജിജ്ഞാസുക്കള്‍ ആക്കാറുണ്ട്. അമ്മമാര്‍ ആര്‍ത്തവത്തെയും ആര്‍ത്തവശുചിത്വത്തെയും, മാറിവരുന്ന ശാരീരിക അവസ്ഥയെയും പറ്റി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. ഇതിനെപ്പറ്റി വ്യക്തമായ ഒരു ധാരണ അമ്മമാര്‍ക്ക് ഉണ്ടായാലേ പറഞ്ഞുകൊടുക്കാനാകൂ. അങ്ങനെ പറഞ്ഞുകൊടുക്കാനുള്ള അറിവില്ലെങ്കിൽ കുട്ടിയുടെ ടീച്ചറിന്റെ സഹായം തേടാം. അല്ലെങ്കിൽ ഒരു ഡോക്ടറുടെ സഹായവും തേടാം. ശരിയായ വിവരങ്ങൾ പകർന്നുകൊടുക്കുക എന്നത് പ്രധാനമാണ്.

kids-sex-3

Qആർത്തവമായ പെൺകുട്ടിയോട് ഗർഭധാരണത്തിന്റെ സാധ്യതയെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നത് അധിക വിവരം നൽകലാകുമോ?

Aഒരിക്കലുമില്ല. തീർച്ചയായും പറഞ്ഞുകൊടുക്കുകയാണ് വേണ്ടത്. ആർത്തവം എന്നത് അമ്മയാകാനുള്ള ശരീരത്തിന്റെ മുന്നൊരുക്കമാണെന്നും ഈ ഘട്ടമെത്തുന്നതോടെ ശരീരം പ്രത്യുൽപാദനക്ഷമമായ അവസ്ഥയിലാണെന്നും മനസ്സിലാക്കി കൊടുക്കുക. ലൈംഗികമായി പ്രവർത്തികളിൽ ഏർപ്പെടുന്നത് ഗർഭധാരണത്തിന് ഇടയാക്കിയേക്കാമെന്നും പറയുക. വിവാഹത്തിനു മുൻപുള്ള ലൈംഗികബന്ധത്തിന്റെ വരുംവരായ്കകളെ കുറിച്ചും സാമൂഹിക വീക്ഷണത്തെക്കുറിച്ചും സംസാരിക്കാം.

kids-sex-1

ലൈംഗിക വിദ്യാഭ്യാസം എപ്പോൾ?

അവസരങ്ങൾ ഒത്തുവരുന്നത് അനുസരിച്ച് പ്രായത്തിനു യോജിച്ച രീതിയിൽ അറിവു പകർന്നുകൊടുക്കാം. കുഞ്ഞുകുട്ടികളോട് ലൈംഗികാവയവങ്ങളുടെ ശാസ്ത്രീയനാമം പറഞ്ഞുകൊടുക്കേണ്ടതില്ല. പ്രത്യുൽപാദന വ്യവസ്ഥയെക്കുറിച്ച് സ്കൂളിൽ പഠിപ്പിക്കുമ്പോൾ മനസ്സിലാക്കി കൊള്ളും. ലൈംഗികത മോശപ്പെട്ട കാര്യമാണെന്ന രീതിയിൽ സംസാരിക്കരുത്. അതിനെ വിവാഹവും ധാർമികതയും സ്നേഹവുമായുമൊക്കെ ബന്ധപ്പെടുത്തി സംസാരിക്കുക. ഇതിൽ സമൂഹത്തിന്റെ നിലപാടുകളെ കുറിച്ചും സംസ്കാരത്തിന്റെ സ്വാധീനത്തെക്കുറിച്ചുമെല്ലാം പറയാം

വിവരങ്ങൾക്ക് കടപ്പാട്;

1. ഡോ. മിനു ജയൻ
കൺസൽറ്റന്റ്
സൈക്യാട്രിസ്റ്റ്
മേയ്ത്ര ഹോസ്പിറ്റൽ
കോഴിക്കോട്

2. ഡോ. രേഷ്മ റഷീദ്
കൺസൽറ്റന്റ്
ഗൈനക്കോളജിസ്റ്റ്
മേയ്ത്ര ഹോസ്പിറ്റൽ