Wednesday 23 November 2022 11:12 AM IST

ഇരട്ടക്കുട്ടികളുടെ അമ്മ പ്രസവശേഷം കുറച്ചത് 22 കിലോ; വണ്ണം കുറയ്ക്കാനുണ്ട് ചില സീക്രട്ടുകൾ

Asha Thomas

Senior Sub Editor, Manorama Arogyam

52

പ്രസവശേഷം വണ്ണം കുറയ്ക്കുന്നത് ഹിമാലയം കയറുന്നതുപോലെ പ്രയാസമുള്ള കാര്യമാണ് സ്ത്രീകൾക്ക്. എന്നാൽ തൃശൂർ സ്വദേശിനിയായ റിൻസി തന്റെ രണ്ടു പ്രസവങ്ങൾക്കു ശേഷവും വണ്ണം കുറച്ചത് സ്വയം കണ്ടുപിടിച്ച ചില പൊടിക്കൈകളിലൂടെയാണ്.

ജിമ്മിൽ പോവുകയോ പ്രത്യേക ഡയറ്റ് നോക്കുകയോ ചെയ്തിരുന്നില്ല. രണ്ടാമത്തേത് ഇരട്ടഗർഭം ആയിട്ടുകൂടി ഒന്നര വർഷം കൊണ്ട്  ഇരുപത്തിരണ്ടു കിലോ ശരീരഭാരം കുറച്ചു. ഭാരം കുറയ്ക്കാൻ റിൻസി സ്വീകരിച്ച വഴികളെന്തൊക്കെയെന്നു നോക്കാം.

ആദ്യമായി ഗർഭിണി ആയപ്പോൾ ഏതാണ്ട് 63 കിലോയായിരുന്നു ശരീരഭാരം.  ആദ്യത്തെ കൺമണിക്കുവേണ്ടി നിയന്ത്രണമില്ലാതെ ഭക്ഷണം കഴിച്ച്  പ്രസവമടുക്കാറായപ്പോഴേക്കും 80 കിലോയിലധികമായി ഭാരം.  അതു കുറയ്ക്കാനായി വലിയ അധ്വാനമൊന്നും വേണ്ടിവന്നില്ല. ഭക്ഷണത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി. രാത്രി ഭക്ഷണം ബ്രെഡ്ഡും പച്ചക്കറികളും ചേർന്ന സാൻവിജ് ആക്കി.  കുഞ്ഞുറങ്ങുന്ന സമയങ്ങളിൽ ക്രഞ്ചസ് പോലുള്ള വയറിനു വേണ്ടിയുള്ള വ്യായാമങ്ങൾ ചെയ്തു. അങ്ങനെ വീണ്ടും ഭാരം കുറഞ്ഞുതുടങ്ങി. ആ സമയത്ത് ഒരു സ്വകാര്യബാങ്കിൽ ജോലി ചെയ്യുന്നുമുണ്ടായിരുന്നു.  

arogyam-weight-loss001

രണ്ടാമത്തേത് ഇരട്ടഗർഭമായിരുന്നു.  യാത്രകൾക്ക് ഡോക്ടർ വിലക്കു പറഞ്ഞതോടെ ജോലി രാജിവച്ചു. ഇരട്ടക്കുട്ടികളായതുകൊണ്ട് ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ യാതൊരു പിശുക്കും കാട്ടിയില്ല. അതോടെ ശരീരഭാരം  85 കിലോ കടന്നു.  പ്രസവം കഴിഞ്ഞതോടെ അത് 80 കിലോയായി. ആദ്യ പ്രസവശേഷം ചെയ്തപോലെ ഭക്ഷണ നിയന്ത്രണങ്ങളെടുത്തില്ല ഇത്തവണ. ഇരട്ടക്കുട്ടികൾക്കു പാലു നൽകണമല്ലോ. പതിയെ വണ്ണം കുറച്ചാൽ മതിയെന്നു തീരുമാനിച്ചതുകൊണ്ട് ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങളേ വരുത്തിയുള്ളു.

ചോറ് കുറച്ചു, എണ്ണയും

ചോറിന്റെ അളവു കുറയ്ക്കുകയാണ് ആദ്യം ചെയ്തത്. കറികളുടെ അളവു കൂട്ടി വിശപ്പിനെ പിടിച്ചുകെട്ടി. ഇതുകൊണ്ട് പാൽ കുറയാതിരിക്കാൻ പതിവായി പാലക്കും ചെറുപയറും കറികളാക്കി കഴിച്ചു. സ്വദേശം തൃശൂരാണെങ്കിലും ഇപ്പോൾ താമസം ബാംഗ്ലൂരിലാണ്. അതുകൊണ്ട് പാലക്ക് ചേർത്ത് കന്നഡ രീതിയിലുള്ള വിഭവങ്ങളുണ്ടാക്കി കഴിക്കുമായിരുന്നു.  പൊതുവേ പാചകത്തിന് എണ്ണ വളരെക്കുറച്ചാണ് ഉപയോഗിച്ചിരുന്നത്.

ഭർത്താവ് അജോ കൂടുതലും സസ്യഭക്ഷണമാണ് കഴിക്കുന്നത്. അതുകൊണ്ട്  ആഴ്ചയിലൊരിക്കലാണ് മാംസം വാങ്ങുക. അതും ചിക്കൻ. വണ്ണം കുറയ്ക്കലിന് അതും ഗുണം ചെയ്തു. മുട്ട ഇഷ്ടഭക്ഷണമായതുകൊണ്ട് അത് ഒഴിവാക്കിയിരുന്നില്ല.

പ്രാതലിന് തനി കേരളീയ വിഭവങ്ങളാണ്. പുട്ടോ ഇഡ്‌ലിയോ ദോശയോ...ഏതായാലും അളവു നിയന്ത്രിച്ചാണ് കഴിക്കുക. ഡിന്നറിനു മുൻപ് ഏതെങ്കിലും ഒരു പഴം കഴിക്കും. അധികം പഴുക്കാത്ത വാഴപ്പഴമോ  മുന്തിരിയോ...വീട്ടിൽ ഉള്ളതെന്താണെന്നു വച്ചാൽ അത്.  ഇടനേരങ്ങളിൽ ചായയും ബിസ്‌കറ്റ് അല്ലെങ്കിൽ റസ്ക്. ബ്രഡ് ആണെങ്കിൽ ഗോതമ്പ് ബ്രഡായിരിക്കുവാൻ ശ്രദ്ധിക്കും.

ആഴ്ചയിൽ ഒരിക്കൽ ചീറ്റ് ഡേ ആണ്. അന്ന് കഴിക്കാൻ തോന്നുന്നതെന്തും കഴിക്കും. ഷവർമയാണ് എന്റെ പ്രിയപ്പെട്ട വിഭവം. മാസത്തിൽ ഒരിക്കൽ അതും കഴിക്കുമായിരുന്നു. നന്നായി വെള്ളം കുടിക്കുമായിരുന്നു. കഴിയുമെങ്കിൽ എട്ടു ലീറ്റർ വെള്ളമെങ്കിലും കുടിക്കും. കുപ്പിയിലെടുത്തുവച്ച് അളവു നോക്കിയാണ് കുടിക്കുക.

കളി തന്നെ വ്യായാമം

സിസേറിയനായിരുന്നെങ്കിലും ഡോക്ടറോട് ചോദിച്ച് പ്രസവംകഴിഞ്ഞ ഒന്നര മാസം മുതൽ ബെൽറ്റ് കെട്ടിയിരുന്നു വയറിന്.  ഉറങ്ങുമ്പോൾ മാത്രമാണ് അതഴിച്ചു വച്ചിരുന്നത്. അതുകൊണ്ട് വയർ ചാടിയത് കുറഞ്ഞുവന്നു. രണ്ടുപേർക്കും മുലയൂട്ടുന്നതു കൊണ്ടു തന്നെ ധാരാളം കാലറി എരിഞ്ഞുപോയി. 

വണ്ണം കുറയ്ക്കാൻ ശരീരം അനങ്ങേണ്ടതിന്റെ പ്രാധാന്യം എനിക്കു ബോധ്യമായതു തന്നെ ഇരട്ടക്കുട്ടികളുടെ പിറകേ ഒാടാൻ തുടങ്ങിയപ്പോഴാണ്. ഒരാൾക്ക് ഭക്ഷണം കൊടുത്ത് സ്പൂണും കൊണ്ട്  അടുത്ത മുക്കിലേക്ക് ഒാടണം അടുത്തയാൾക്ക് ഭക്ഷണം നൽകാൻ. ഈ നിലയ്ക്കാത്ത ഒാട്ടം തന്നെ നല്ലൊരു വ്യായാമമായിരുന്നു.

ഇടയ്ക്ക് കുട്ടികളെയും കൊണ്ട് പാർക്കിൽ പോകും, അവിടെ അവരോടൊപ്പം ഒാടിക്കളിക്കും.  കുട്ടികളെ വളർത്തുന്നതു കൊണ്ട് മറ്റൊന്നിനും സമയം കിട്ടാത്ത സ്ത്രീകൾക്ക് ഇങ്ങനെ കുട്ടികളോടൊപ്പമുള്ള കളി തന്നെ വ്യായാമമാക്കാം.  

തനിച്ച് കുറച്ചു സമയം കിട്ടുമ്പോൾ പ്രിയപ്പെട്ട ഏതെങ്കിലും സിനിമാഗാനം വച്ച് നൃത്തം ചെയ്യും. പഠിച്ചിരുന്ന കാലം മുതലേ വലിയ പാഷനായിരുന്നു ഡാൻസ്.
ഇപ്പോൾ ചെറിയ കുട്ടികൾക്ക് ഒന്നര വയസ്സാകുന്നു.  80 ൽ നിന്നും 58 കിലോ ആയി ശരീരഭാരം. 

കോളജിൽ പഠിച്ചിരുന്ന കാലത്തു പോലും എപ്പോഴും 59–60കിലോയായിരുന്നു ഭാരം.  കുട്ടികളൊക്കെ വലുതായതോടെ വെറുതെയിരിക്കാൻ മടിയായി. പണ്ടേ മേക്കപ്, സൗന്ദര്യപരിചരണ കാര്യങ്ങളിൽ താൽപര്യമുണ്ട്. അങ്ങനെയാണ് വണ്ണം കുറയ്ക്കലിനെയും മേക്കപ്പിനെയും കുറിച്ചുള്ള എന്റെ ചിന്തകൾ പങ്കുവയ്ക്കാനായി യുആർ ബ്യൂട്ടിഫുൾ എന്ന യൂ ട്യൂബ് ചാനൽ തുടങ്ങിയത്.

വണ്ണം കുറയുന്നില്ലെന്ന് പരാതിപ്പെടുന്ന അമ്മമാരോട് എനിക്ക് ഇത്രയേ പറയാനുള്ളൂ.  മക്കളെ നന്നായി പാലൂട്ടുക. അവരോടോപ്പം ഒാടിക്കളിക്കുക. ഒപ്പം ചോറ്
കുറച്ച് പച്ചക്കറികളും പഴങ്ങളും കൂടുതൽ കഴിക്കുക. നിങ്ങളിലടിഞ്ഞ അമിതഭാരം  ഉരുകിയൊലിച്ചുപോകാൻ ഇത്രമതി.

arogyam-weight-loss2