Friday 11 November 2022 10:59 AM IST

അമ്മയ്ക്ക് പിസിഒഎസ് ഉണ്ടെങ്കിൽ മകൾക്ക് വരാനുള്ള സാധ്യതയുണ്ടോ?: ഡയറ്റും പ്രധാന ഘടകം അറിയേണ്ടതെല്ലാം

Shyama

Sub Editor

pcod

അമ്മയ്ക്ക് പിസിഒഎസ് ഉണ്ടെങ്കിൽ മകൾക്ക് വരാനുള്ള സാധ്യതയുണ്ടോ?: ഡയറ്റും പ്രധാന ഘടകം അറിയേണ്ടതെല്ലാം



മുഖത്ത് പുരുഷന്മാരുടേതുപോലെ രോമം വളരുന്നു. ഒപ്പം ആർത്തവം ക്രമം തെറ്റി ഒന്നര – രണ്ടു മാസം കൂടുമ്പോൾ വരുന്നു. അമിതവണ്ണവും അടിക്കടി മൂഡ് സ്വിങ്സും ഉണ്ട്. ഇതെല്ലാം ആരോടെങ്കിലും തുറന്നു പറഞ്ഞാൽ ‘ഇനി പിസിഒഡി ആയിരിക്കുമോ’ എന്നാകും മറു ചോദ്യം. ‘ആഹ്, പിസിഒഡി. ഞാൻ കേട്ടിട്ടുണ്ട്’ എന്ന് നമ്മൾ മറുപടി പറഞ്ഞേക്കാം. പക്ഷേ, പിസിഒഡി, പിസിഒഎസ് എന്നൊക്കെ വിളിക്കുന്ന അവസ്ഥ എന്താണെന്ന് ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ?

ഹോർമോണുകളുടെ വ്യതിയാനം കാരണം വരുന്ന സങ്കീർണതകളെയാണ് പിസിഒഡി എന്നും പിസിഒഎസ് എന്നുമൊക്കെ നമ്മൾ വിളിക്കുന്നത്. പിസിഒഎസ് (പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം) എന്ന അവസ്ഥ 10 മുതൽ 45 വയസ്സ് വരെയുള്ള ആർത്തവമുള്ള സ്ത്രീകൾക്കും ട്രാൻസ്‌വ്യക്തികൾക്കും വരാം.

ഏറ്റവും കൂടുതലായി ഈ അവസ്ഥ കണ്ടുവരുന്നത് 20 മുതൽ 35 വയസ്സുവരെയുള്ള പ്രത്യുൽപാദന കാലഘട്ടത്തിലാണെങ്കിലും ഇപ്പോൾ പല കാരണങ്ങൾ കൊണ്ടും 10 മുതൽ 19 വയസ്സു വരെയുള്ളവരിൽ പിസിഒഎസ് കൂടുന്നതായി കാണുന്നു. കൃത്യമല്ലാത്ത ആഹാരരീതി, വ്യായാമക്കുറവ് തുടങ്ങി ജീവിതശൈലീ മാറ്റങ്ങൾ ഒക്കെ ഉയരുന്ന കണക്കുകളെ സ്വാധീനിക്കുന്നുണ്ട്.

ശരീരത്തിന് പൂർണമായും വളർച്ചയെത്താത്ത 10 മുതൽ 19 വരെയുള്ള പ്രായത്തിൽ (ശരീരഘടന, ഹോർമോണൽ പ്രവർത്തനങ്ങൾ പക്വമായിട്ടില്ല) പിസിഒഎസ് വരുന്നത് വലിയ ആശങ്കയുണ്ടാക്കും. എന്നാൽ കൃത്യമായ ഭക്ഷണരീതിയും വ്യായാമവും തുടർന്നാൽ വലിയ പ്രതിസന്ധികളില്ലാതെ പിസിഒഎസ് നിയന്ത്രിച്ചു നിർത്താം.

എന്താണ് പിസിഒഎസ്?

പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പിസിഒഡി) എന്നതിനെ കുറച്ചു കൂടി നന്നായി വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം എന്നത്. പിസിഒഡി എന്നു പറയുമ്പോൾ അതൊരു അസുഖമാണ്, മരുന്ന് കഴിച്ചാൽ മാറുമെന്നുള്ള ധാരണ വരുന്നു.

എന്നാൽ മരുന്ന് കൊണ്ടും ചികിത്സ കൊണ്ടും മാത്രം മാറ്റിയെടുക്കാവുന്ന ‘അസുഖമല്ല’ ഇത്. അതുകൊണ്ട് പിസിഒഎസ് എന്നത് തന്നെയാണ് ശരിയായ ഉപയോഗം.

എല്ലാ മനുഷ്യരിലും ഹോർമോണുകളുടെ ഉൽപാദനവും പ്രവർത്തനവും നടക്കുന്നുണ്ട്. പക്ഷേ, ഇത് ഒരുപോലെയല്ലെന്നു മാത്രം. പലരിലും സ്ത്രീ പുരുഷ ഹോർമോണുകൾ ഉണ്ടാകുന്ന അളവിൽ വ്യത്യാസങ്ങളുണ്ടാകും. പെൺശരീരം പൊതുവേ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ‌ എന്നിവയ്ക്കൊപ്പം ടെസ്റ്റോസ്റ്റിറോണും ഉണ്ടാക്കാറുണ്ട്. ഇവ ആർത്തവചക്രത്തെ സ്വാധീനിക്കുന്നവയാണ്.

ഇത്തരം പ്രത്യുൽപാദന ഹോർമോണുകളിൽ വരുന്ന ക്രമം തെറ്റലാണ് പിസിഒഎസ്സിനു കാരണം. ഇതു മൂലം ആർത്തവസംബന്ധമായ പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ആര്‍ത്തവ പ്രശ്നങ്ങൾ കൂടാതെ ഉപാപചയ വൈകല്യങ്ങളായ അമിതവണ്ണം, ഹൈപ്പർടെൻഷൻ, പ്രമേഹം എന്നിവയും ഒപ്പം വരാം. പ്രത്യുൽപാദന ഹോർമോണുകളുടെ ക്രമം തെറ്റൽ കാരണം അണ്ഡാശയത്തിന് ശരിയായ വിധത്തിൽ പ്രവർത്തിക്കാൻ പറ്റാതാകുന്നു.

ഗർഭപാത്രത്തിന് ഇരുവശത്തുമായി രണ്ട് അണ്ഡാശയങ്ങളാണ് ഉള്ളത്. ഓരോ മാസവും ആർത്തവം കഴിഞ്ഞ് അണ്ഡോൽപാദനം നടക്കുന്നത് ഈ രണ്ട് ഓവറികളിൽ ഏതെങ്കിലും ഒന്നിൽ നിന്നാണ്. ഹോർമോണൽ പ്രശ്നങ്ങൾ കാരണം അണ്ഡോൽപാദനം തടസ്സപ്പെടുന്നു. പകരം ചെറിയ മാംസക്കെട്ടുകൾ അണ്ഡാശയത്തിന് ചുറ്റും രൂപം കൊള്ളും. അണ്ഡാശയത്തിന് പുറമെ കാണുന്ന ഇത്തരം മാംസക്കെട്ടുകളെയാണ് സിസ്റ്റുകൾ എന്ന് പറയുന്നത്. കൃത്യമായ പരിചരണമില്ലെങ്കിൽ ഇവ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. സ്ത്രീ ഹോർമോണുകൾക്ക് പകരമായി സിസ്റ്റുകൾ പുരുഷ ഹോർമോണുകൾ കൂടുതലായി പുറപ്പെടുവിക്കും. ഇത് ആവർത്തനമായി മാറും.

teen-pcod

പിടികിട്ടാത്ത കാരണങ്ങൾ

എന്ത് കാരണം കൊണ്ടാണ് പിസിഒഎസ് വരുന്നത് എന്നതിന് ഇതുവരെ കൃത്യമായ ഉത്തരം ലഭ്യമല്ല. പല ഘടകങ്ങൾ ഇതിന് കാരണമാകുന്നു എന്നാണ് അനുമാനിക്കുന്നത്. അമിതവണ്ണം, ജനിതകഘടകങ്ങൾ, അമിതമായ ഇൻസുലിൻ ഉൽപാദനം, ജീവിതശൈലീ മാറ്റം തുടങ്ങി പല കാര്യങ്ങൾ പരിഗണിക്കപ്പെടുന്നുണ്ട്.

ലോക്ഡൗൺ സമയത്ത്, വ്യായാമമില്ലായ്മ കൊണ്ടും തെറ്റായ ഭക്ഷണക്രമം കൊണ്ടും വലിയൊരു ശതമാനം പേർക്കും വണ്ണം കൂടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ലോക്ഡൗണിനു മുൻപ് 45 കിലോ ഉണ്ടായിരുന്ന കുട്ടി ലോക്ഡൗൺ കഴിഞ്ഞപ്പോൾ 10–15 കിലോയോളം ഭാരം കൂടി 55– 60ൽ ഒക്കെ എത്തുന്നതും സംഭവിച്ചു.

വീട്ടിലിരിക്കുന്ന മുതിർന്നവരോട് ‘വ്യായാമം ചെയ്യൂ’ എന്ന് പ്രചോദനം നൽകുമ്പോൾ പോലും കുട്ടികളോട് പലരും അത് പറയാറില്ല. കുട്ടികൾ വീട്ടിലിരിക്കുമ്പോൾ പ്രധാന ഭക്ഷണം കൂടാതെ ഇടയ്ക്കൊക്കെ എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുന്നതും, ഓർഡർ ചെയ്ത് ഫാസ്റ്റ് ഫൂഡ് കഴിക്കുന്നതും കൂടിയിട്ടുണ്ട്. ഇതൊക്കെ പൊതുവായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

9–15 ശതമാനം കൗമാരപ്രായക്കാർക്ക് പിസിഒഎസ് ഉ ണ്ട് എന്നാണ് നിലവിലെ മെഡിക്കൽ കണക്കുകൾ സൂചിപ്പിക്കുന്നത്.

pcod-new

ലക്ഷണങ്ങൾ പലർക്കും പലത്

ആണ്‍ ഹോർമോണുകളുടെ അളവു കൂടുന്നതു കാരണവും മറ്റും കൃത്യമല്ലാത്ത ആർത്തവം, നെഞ്ചിലും മേൽച്ചുണ്ടിലും മുഖത്തും വയറ്റിലും തുടയിലും അമിത രോമവളർച്ച, മുഖക്കുരു, അമിതമായ മുടി കൊഴിച്ചിൽ, കഷണ്ടി ഇവയൊക്കെയാണ് പ്രകടമായി കാണുന്ന ലക്ഷണങ്ങൾ. ഇതു കൂടാതെ അൾട്രാസൗണ്ട് സ്കാനിങ്ങിൽ കാണുന്ന സിസ്റ്റുകൾ, രക്ത പരിശോധനയിൽ കാണുന്ന ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയും ലക്ഷണങ്ങളാണ്.

ആർത്തവക്രമം തെറ്റൽ തന്നെ പലവിധത്തിൽ ഉണ്ടാകാറുണ്ട്. ചിലയാളുകൾക്ക് ഒന്നരമാസത്തിലൊരിക്കൽ മാത്രം ആർത്തവം. ചിലർക്ക് രണ്ട് മാസം കൂടുമ്പോൾ. മറ്റു ചിലർക്ക് ആറുമാസത്തിലൊരു തവണ. ഗുളിക കഴിച്ചാൽ മാത്രം ആർത്തവം വരുന്ന അവസ്ഥയുള്ളവരുമുണ്ട്.

ആർത്തവം വന്നാൽ തന്നെ ചിലർക്ക് രക്തസ്രാവം വ ളരെ കൂടുതലാകും. ചിലർക്ക് പേരിനു മാത്രമാകാം. ഇങ്ങനെ ലക്ഷണങ്ങളിൽ തന്നെ ധാരാളം വ്യത്യാസങ്ങളുണ്ട്. ക്രമം തെറ്റിയ ആർത്തവത്തിൽ പൊതുവേ കാണുന്നത് വൈകി വരുന്ന ആർത്തവമാണ്. എന്നാൽ ചിലർക്ക് 15–20 ദിവസത്തെ ഇടവേളയിൽ ആർത്തവം വന്നുകൊണ്ടിരിക്കും.

മറ്റൊന്ന് ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ്. പിസിഒഎസ് ഉള്ളവരിൽ 70 ശതമാനം പേർക്കും അനോവുലേഷൻ (അണ്ഡോൽപാദനം നടക്കാത്ത അവസ്ഥ) ഉണ്ട്. ശരിയായ രീതിയിൽ അണ്ഡോൽപാദനം നടക്കാത്തതാണ് ഗർഭധാരണത്തിനുള്ള പ്രധാന തടസ്സമായി മാറുന്നത്. പിസിഒഎസ് ഉള്ളവർ ഗർഭം ധരിക്കുമ്പോൾ ഗർഭത്തോടനുബന്ധിച്ചുള്ള പ്രമേഹവും രക്തസമ്മർദവും കൂടുതലായി കാണാറുണ്ട്.

പിസിഒഎസ് ഉള്ളവർ 35 വയസ്സ് കഴിഞ്ഞു എന്നതിനാ ൽ വ്യായാമം ചെയ്യാതിരിക്കരുത്. സമീകൃതാഹാരം കഴിക്കുകയും വേണം. അല്ലാത്ത പക്ഷം മെറ്റബോളിക് സിൻഡ്രം വരാനുള്ള സാധ്യതയുണ്ട്. അതായത് പ്രമേഹം, ര ക്താതിസമ്മർദം, കൊളസ്ട്രോൾ പോലുള്ളവ കൂടുന്ന അവസ്ഥ.

മറ്റൊന്ന് വളരെ നാൾ ക്രമം തെറ്റിയ ആർത്തവം കാരണം അധിക രക്തസ്രാവം സംഭവിക്കുന്നവർക്ക് എൻഡോമെട്രിയൽ കാൻസറും എന്‍ഡോമെട്രിയൽ ഹൈപ്പർ പ്ലേസിയയും വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അൽപം കൂടുതലാണ് എന്നുള്ളതും ഒാർക്കുക.

ഹോർമാൺ വ്യതിയാനം കാരണം പിസിഒഎസ് ഉള്ളവർക്ക് പൊതുവേ ഉറക്കക്കുറവും വിഷാദരോഗ സാധ്യതയും കൂടുതലാണ്. അതേപോലെ അമിത വണ്ണം– പ്രധാനമായും അരക്കെട്ടിൽ കൊഴുപ്പു കൂടുക, കഴുത്തിലും കക്ഷത്തിലും മറ്റും ചർമം ഇരുണ്ടു കട്ടികൂടുക എന്നതൊക്കെയും പിസിഒഎസിന്റെ പ്രധാന ലക്ഷണങ്ങളാണ്.

എങ്ങനെ പരിഹരിക്കാം?

രോഗമല്ലാത്തതു കൊണ്ടു തന്നെ പിസിഒഎസ് മരുന്ന് മാത്രം കഴിച്ച് മാറ്റാം എന്ന ധാരണ തെറ്റാണ്. തുടക്കം മുതലേ ഭക്ഷണത്തിലും വ്യായാമത്തിലും ചിട്ടയുണ്ടാക്കണം.

മിക്കവരും ആർത്തവം ക്രമം തെറ്റുമ്പോൾ ഡയറ്റും വ്യായാമവും കൃത്യമായി ചെയ്ത് അത് വരുതിയിലാക്കും. പ ക്ഷേ, ക്രമമായി എന്നു കണ്ടാലുടനെ ചിട്ടകൾ മറക്കും. അങ്ങനെയാകുമ്പോൾ പിസിഒഎസ്സിന്റെ ബുദ്ധിമുട്ടുകൾ വഷളാകും. പരിഹാര മാർഗങ്ങൾ ചെറിയ കാലയളവിലേക്കല്ല എന്നോർക്കാം.

∙ ഓട്ടം, സൈക്ലിങ്, നീന്തൽ... എന്ത് തരം വ്യായാമം ചെയ്താലും അത് ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ചെയ്യുക. 30–40 മിനിറ്റു നേരം ചെയ്യാം.

∙ ആർത്തവം ക്രമപ്പെടുത്താനുള്ള ഹോർമോണൽ ട്രീറ്റ് മെന്റുകൾ നിലവിലുണ്ട്.

∙ അമിത രോമവളർച്ച, മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങളുള്ളവർക്ക് സൈക്ലിക്കിൽ ഹോർമോണൽ തെറാപി ചെയ്യാം. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നും സ്വീകരിക്കാം.

∙ ഗർഭധാരണത്തിന് ബുദ്ധിമുട്ടുള്ളവർക്ക് വന്ധ്യത ഇ ല്ലാതാക്കാനുള്ള തെറപ്പികളുമുണ്ട്. പങ്കാളിയെ കൂടി പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് ഗർഭധാരണത്തി നുള്ള ചികിത്സകൾ ആരംഭിക്കുന്നത്.

പാരമ്പര്യ ഘടകങ്ങളും ഡയറ്റും

∙ പിസിഒഎസ്സിന്റെ കാര്യത്തിൽ പാരമ്പര്യഘടങ്ങളുടെ സ്വാധീനം ഉണ്ടാകാം. അമ്മയ്ക്ക് പിസിഒഎസ് ഉണ്ടെങ്കിൽ മകൾക്ക് വരാനുള്ള സാധ്യത കൂടുതലാണ്.

∙ പിസിഒഎസ് ഉള്ളവർ കീറ്റോ ഡയറ്റ് പോലുള്ളവ പരീക്ഷിക്കരുത്. ‌ഡയറ്റീഷ്യന്റെ നിർദേശപ്രകാരം ഉള്ള ഡയറ്റ് മാത്രം സ്വീകരിക്കുക.

∙ പിസിഒഎസ് ലൈംഗികബന്ധത്തിന് തടസ്സമുണ്ടാക്കുന്നില്ല. എങ്കിലും അമിതവണ്ണം പോലുള്ള പ്രശ്നങ്ങ ൾ പലരിലും അപകർഷതാ ബോധം ഉണ്ടാക്കാം. അത്തരം കാര്യങ്ങൾ പങ്കാളിയോട് തുറന്നു സംസാരിക്കാം. ആവശ്യമെങ്കിൽ കൗൺസലിങ് സഹായം തേടാം.

∙ ലക്ഷണങ്ങളില്ലെങ്കിലും വർഷത്തിലൊരിക്കൽ പരിശോധനകൾ ചെയ്യാം. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവയും പരിശോധിക്കുക.

എൻഡോമെട്രിയത്തിന്റെ ആരോഗ്യസ്ഥിതി അറിയാൻ ഡോക്ടറുടെ നിർദേശപ്രകാരം അൾട്രാസൗണ്ട് സ്കാനിങ് ചെയ്യാം.

∙ എല്ലാ സ്ത്രീകൾക്കും പിസിഒഎസ് കാരണം മാനസിക പിരിമുറുക്കം ഉണ്ടാകണമെന്നില്ല. എന്നാലും ചിലർക്ക് ഹോർമോൺ വ്യതിയാനങ്ങളും മറ്റ് കൃത്യമായി കണ്ടുപിടിക്കാത്ത കാരണങ്ങൾ കൊണ്ടും മാനസിക സമ്മർദം ഉണ്ടാകാറുണ്ട്. അത്തരക്കാർ വീട്ടുകാരോടും പങ്കാളിയോടും സുഹൃത്തുക്കളോടും അതു തുറന്ന് ചർച്ച ചെയ്യണം. നിയന്ത്രണാതീതമായ മൂഡ് സ്വിങ്സ്, ഉത്കണ്ഠ, വിഷാദാവസ്ഥ ഇവ വന്നാൽ മടി കൂടാതെ വൈദ്യസഹായം തേടുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. നിത്യ ചെറുകാവിൽ,
കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്
ആൻഡ് ഒബ്സ്റ്റട്രീഷൻ,
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി,
കടവന്ത്ര, കൊച്ചി.